Thursday 2 February 2017

ലാബ്‌ പരിശോധനകള്‍ എന്ത് , എന്തിനു- DR. NELSON JOSEPH, DR.SHIMNA AZYZ

പൊതുജനത്തിനും പത്രപ്രവർത്തകർക്കും ഒരുപോലെ ഉപകാരപ്പെടുമെന്ന് തോന്നുന്നു. മെഡിക്കൽ കോളേജിന്റെ പടി എങ്കിലും പഠിക്കാൻ കയറിയവർക്ക് അറിയാവുന്ന കാര്യങ്ങൾ മാത്രമേ ഉൾപ്പെടുത്തുന്നുള്ളൂ..
ഒരു പാട് തവണ കേട്ടിട്ടുള്ള ചോദ്യമാണ് എന്ത് കൊണ്ട് ഡോക്ടര്‍മാര്‍ ടെസ്റ്റ്‌ എഴുതുന്നു എന്നത്.ടെസ്‌റ്റുകൾ എല്ലായെപ്പോഴും ഡോക്‌ടറുടെ തീരുമാനത്തിന്റെ ദിശ നിർണ്ണയിക്കാനുള്ള ഒരു സഹായി മാത്രമാണ്‌.അല്ലാതെ ടെസ്‌റ്റ്‌ റിസൽറ്റ്‌ മാത്രം നോക്കിയല്ല ഒരു ഡോക്‌ടറും ചികിത്സ നിശ്‌ചയിക്കുന്നത്‌.
മെഡിക്കൽ കോളേജിലായാലും സ്വകാര്യ ആശുപത്രിയിലായാലും രോഗികളുടെ ആധിക്യവും ഡോക്റ്റർമാരുടെ അഭാവവും ചേർന്ന് സൃഷ്ടിക്കുന്ന തിരക്കുമൂലം ഈ ചോദ്യങ്ങളും സംശയങ്ങളും ദുരീകരിക്കാനുള്ള സാവകാശമോ അവസരമോ ലഭിക്കണമെന്നില്ല. അമിതലാഭത്തിനായും മറ്റ് ക്രമക്കേടുകൾക്കായും എഴുതുന്ന ടെസ്റ്റാണെന്ന ധാരണയിലേക്ക് എത്തുന്നതിനു മുൻപ് ഒന്ന് വായിച്ചേക്ക്.
ടെസ്റ്റുകള്‍ എഴുതുന്നതിനുള്ള പൊതുവായ കാരണങ്ങള്‍ ഇവയാണ്.
*രോഗിയുടെ നിലവിലുള്ള ആരോഗ്യസ്ഥിതി മനസ്സിലാക്കാന്‍.
*സമാനസ്വഭാവമുള്ള ഒന്നിലേറെ അസുഖങ്ങളില്‍ നിന്ന് ഏതാണ് രോഗിയുടെ അസുഖമെന്നു തിരിച്ചറിയാന്‍.
*തുടര്‍ന്നുള്ള ചികിത്സ തീരുമാനിക്കാന്‍/നടന്നു കൊണ്ടിരിക്കുന്ന ചികിത്സ ഫലപ്രദമാണോ എന്നറിയാന്‍.
*ശസ്ത്രക്രിയകള്‍ക്കും മറ്റു മെഡിക്കല്‍ പ്രോസീജിയറുകള്‍ക്കും മുന്‍പ് അപകടങ്ങള്‍ മുന്‍കൂട്ടി കാണാന്‍ വേണ്ടിയുള്ള 'routine investigations'.
1. കുറച്ചു നാൾ മുൻപ് ഒരു മലയാള ഓൺ ലൈൻ ന്യൂസ് പേപ്പറിൽ അവയവദാനവുമായീ ബന്ധപ്പെട്ട് വന്ന ഒരു ന്യൂസിന്റെ ഒരു ഭാഗമാണ് ചിത്രത്തിലെ ആദ്യ ഭാഗം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രോഗിയുടെ എച്ച്.ഐ.വി ടെസ്റ്റ് നടത്തിയതും ലിവർ - റീനൽ ഫങ്ങ്ഷൻ ടെസ്റ്റുകൾ നടത്തിയതുമാണ് ലേഖകനു ദുരൂഹതയായി തോന്നിയത്.
2. " ഗ്യാസ്ട്രൈറ്റിസ് " പ്രോബ്ലവുമായി ഒരു സ്പെഷ്യലിസ്റ്റ് ഡോക്റ്ററെ കാണാൻ ചെന്ന രോഗിക്ക് എഴുതിക്കൊടുത്ത ടെസ്റ്റുകളുടെ കൂട്ടത്തിലെ ടെസ്റ്റുകളാണ് അടുത്തത്. എച്ച്.ഐ.വി, എച്ച്.ബി.എസ്.എ.ജി & എച്ച്.സി.വി രോഗിക്ക് ഈ ടെസ്റ്റുകൾ എന്തിനാണെന്ന് സംശയം തോന്നി. സ്വഭാവികം.
ഒന്നാമത്തെ ഉദാഹരണത്തിലേക്ക് വരാം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉയർന്ന ചികിൽസാസംവിധാനമുള്ള ആശുപത്രിയിലെത്തിച്ചു എന്ന് വാർത്തയിലുള്ളതുകൊണ്ട് ശസ്ത്രക്രിയ വേണ്ടിവന്നേക്കാം എന്ന് ന്യായമായും ചിന്തിക്കാം. ഒട്ടുമിക്ക ആശുപത്രികളിലും - സർക്കാർ/സ്വകാര്യ - ട്രയാജ് അല്ലെങ്കിൽ അക്യൂട്ട് കെയർ റൂം എന്നിങ്ങനെ പല പേരുകളിൽ വിളിക്കുന്ന പ്രഥമ ശുശ്രൂഷാ സ്ഥാനങ്ങളിൽ വച്ച് തന്നെ അത്യാവശ്യമായി ചെയ്യേണ്ടുന്ന രക്ത പരിശോധനകൾ അയയ്ക്കാറുണ്ട്. പരിശോധനയുടെ ഫലം ലഭിക്കാനുള്ള കാലതാമസം രോഗിക്ക് ദോഷമാകാതിരിക്കാനാണ് ഇങ്ങനെ ചെയ്യാറുള്ളത്.
അപകടത്തിൽ പെട്ട് എത്തുന്നവരോ ശസ്ത്രക്രിയയോ മറ്റ് ഇൻ വേസീവ് പ്രൊസീജിയറുകളോ ആവശ്യമായി എത്തുന്നവരോ ആയ രോഗികൾക്ക് സാധാരണയായി അയയ്ക്കാറുള്ള ടെസ്റ്റുകൾ ഇവയാണ്. CBC, LFT, RFT, RBS, ELECTROLYTES, PT-INR/APTT, HIV,HBsAg, Anti HCV, Grouping & Cross matching. Scans/X rays. ആശുപത്രികളും ചിലപ്പൊ യൂണിറ്റുകളിലെ പ്രോട്ടോക്കോളുകളും അനുസരിച്ച് വ്യത്യാസം വന്നേക്കാം
CBC - ബ്ലഡ് റുട്ടീൻ എന്ന് ഓമനപ്പേരിൽ അറിയപ്പെടുന്നു. കമ്പ്ലീറ്റ് ബ്ലഡ് കൗണ്ട് അതായത് ഹീമോഗ്ലോബിൻ, ശ്വേതരക്താണുക്കൾ, പ്ലേറ്റ്ലറ്റുകൾ പിന്നെ അല്ലറചില്ലറ വിവരങ്ങളും നൽകുന്ന ഈ ടെസ്റ്റ് ചെയ്യാത്തവരായി ആരും തന്നെ കാണില്ല. ആക്സിഡന്റാണെങ്കിൽ രക്തം എത്രത്തോളം നഷ്ടപ്പെട്ടു എന്നും മറ്റ് ചില അവസരങ്ങളിൽ ഇൻഫെക്ഷനുകൾ ഉണ്ടോ എന്നും ഉണ്ടെങ്കിൽ ഏത് തരമാകാമെന്നും ഒക്കെയുള്ള വിലപ്പെട്ട വിവരം നൽകുന്ന ഒരു സിമ്പിൾ ടെസ്റ്റ്. പ്ലേറ്റ്ലെറ്റ് കുറഞ്ഞോ എന്ന് നോക്കുന്നതിനെക്കുറിച്ച് പറയേണ്ടതില്ലല്ലോ അല്ലേ?
LFT - ലിവർ ഫങ്ങ്ഷൻ ടെസ്റ്റ്. കരളിനു ശരീരത്തിൽ പല കർത്തവ്യങ്ങളുമുണ്ട്. സൃഷ്ടി - സ്ഥിതി - സംഹാരം പോലെ ഒട്ടേറെ വസ്തുക്കളുടെ ഉത്പാദനവും വിതരണവും സൂക്ഷിച്ചുവയ്ക്കലും അല്പസ്വല്പം വിഷം നിർവീര്യമാക്കലുമെല്ലാമായി അരങ്ങുതകർക്കുന്ന അവയവമാണു കരൾ. കരളിന്റെ വിഷമങ്ങൾ കരൾ നമ്മളോട് പറയുന്നത് ഇത്തരം വസ്തുക്കളിലെ ഏറ്റക്കുറച്ചിലുകൾ കൊണ്ടാകും. അതിനു വേണ്ടി ചെയ്യുന്ന ബിലിറുബിൻ, ലിവർ എൻസൈമുകൾ തുടങ്ങിയ ടെസ്റ്റുകൾക്ക് ഒന്നിച്ച് പറയുന്ന പേരാണിത്.
കരൾ രോഗമുള്ളവർക്ക് മാത്രമേ / ഉണ്ടാകാനിടയുള്ളവർക്ക് മാത്രമേ ഇത് ചെയ്യാവൂ എന്നില്ല. അപകടങ്ങൾ നടന്നിടത്ത് ചിലപ്പോൾ രോഗിയുടെ വിവരങ്ങൾ അറിയാവുന്നവരുണ്ടാകില്ല. അത്തരം സന്ദർഭങ്ങളിൽ കരളിനെക്കുറിച്ച് സൂചന തരാൻ ഇതിനു കഴിയും.
ചില മരുന്നുകളും ചികിൽസകളും ആരംഭിക്കുന്നതിനു മുൻപ് ബേസ് ലൈൻ ആയും LFT ചെയ്യാറുണ്ട്. മരുന്നുകളുടെ പ്രവർത്തനം കരളിനെ ബാധിക്കുന്നുണ്ടോ എന്ന് വിലയിരുത്താൻ ഫോളോ അപ് ചെയ്യേണ്ടിവരാറുണ്ട്. ചില മരുന്നുകളുടെ ഡോസുകൾ കരൾ രോഗമുണ്ടാകുവാനിടയുള്ളവർക്ക് മോഡിഫൈ ചെയ്യേണ്ടതായി വരും. കരൾ രോഗമുള്ളവർ ഒഴിവാക്കേണ്ട മരുന്നുകളുണ്ട്.
( യാതൊരു ദുശ്ശീലങ്ങളും ഇല്ലാത്തയാൾക്ക് ചെയ്തു എന്നും പരാതി വേണ്ട. രണ്ട് കാരണം.ഒന്ന്- മറ്റൊരാളെ പൂർണമായി അറിയാൻ കഴിയുമെന്ന് വാശിപിടിക്കരുത്....രണ്ട്- ദുശ്ശീലമില്ലാത്തവർക്കും വരാവുന്ന കരൾ രോഗമുണ്ട് - eg; NASH)
RFT - റീനൽ ഫങ്ങ്ഷൻ ടെസ്റ്റ് - വൃക്കയാണു ശരീരത്തിലെ വേസ്റ്റ് കളയുന്ന ഒരു അവയവം. നൈട്രോജീനസ് വേസ്റ്റുകൾ - അതിൽ രണ്ടാണു യൂറിയയും ക്രിയാറ്റിനിനും - വൃക്കയുടെ പ്രവർത്തനം ശരിയല്ലെങ്കിൽ ശരീരത്തിൽ അടിഞ്ഞൂകൂടാം. അത് കണ്ടെത്താനാണ് RFT. ആക്സിഡന്റിൽ കരളിന്റെ കാര്യത്തിൽ പറഞ്ഞ ഒട്ടുമിക്ക കാര്യങ്ങളും ഇതിനും ബാധകമാണ്.
മനസിലായില്ലേ..അതൊരു സ്റ്റാൻഡാർഡ് പ്രോട്ടോക്കോൾ പിന്തുടരുന്നതാണ്. അല്ലാതെ കരളും കിഡ്നിയും അടിച്ചുമാറ്റാൻ പറ്റുമോ എന്ന് നോക്കുന്നതല്ല
PT-INR/APTT - ശസ്ത്രക്രിയ - പ്രത്യേകിച്ച് അടിയന്തിരമായി വേണ്ടപ്പോൾ - ബ്ലീഡിങ്ങ് എത്രത്തോളമുണ്ടാകാം, എത്ര വേഗം കട്ടപിടിക്കും എന്നെല്ലാം മനസിലാക്കാനുള്ള ടെസ്റ്റുകൾ. കൂടുതൽ വിശദീകരണം ആവശ്യമില്ലെന്ന് കരുതുന്നു.
RBS : റാൻഡം ബ്ലഡ് ഷുഗർ. പ്രമേഹമുണ്ടോ എന്ന് അറിയാൻ മാത്രമല്ല. അബോധാവസ്ഥയിലായി വരുന്ന ആളുടെ ജീവൻ വരെ രക്ഷിക്കാനാവുന്ന ഒരു സിമ്പിൾ ടെസ്റ്റാണിത്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് താഴ്ന്നുപോകുന്ന അവസ്ഥ കൂടുന്നതിനെക്കാൾ ഗുരുതരമാണ്. ഉടനടി ചികിൽസിക്കേണ്ടതും. ആക്സിഡന്റുണ്ടായവർക്ക് എന്ത് ഷുഗർ എന്ന് ചോദിക്കേണ്ട. ഷുഗർ താഴ്ന്ന് പരിസരവുമായുള്ള ബന്ധമറ്റ ആ നിമിഷത്തിലാണ് ആക്സിഡന്റുണ്ടായതെങ്കിലോ? അത് മാത്രമല്ല മുറിവുണങ്ങുന്നതിനെയും ഉയർന്ന ഗ്ലൂക്കോസ് അളവ് ബാധിക്കുമെന്ന് അറിയാമല്ലോ...
രണ്ടു ദിവസം മുന്നേ ഷുഗര്‍ നോക്കിയതാണ്, ഇന്ന് പിന്നെയും നോക്കുന്നത് എന്തിനു എന്നൊക്കെ ചോദിക്കുന്നത് കേട്ടിട്ടുണ്ട്‌. രക്തത്തിലെ പഞ്ചസാരയുടെ അളവ് ദിവസവും പല തവണ മാറുന്നതാണ്. അത് കൂടുതലോ കുറവോ എന്നുള്ളത് രോഗിയുടെ ജീവനോളം തന്നെ വിലയുള്ള ഒരു സംഗതിയാണ്. നാല്‍പതു രൂപ ലാഭിക്കുമ്പോള്‍ ചിലപ്പോള്‍ നഷ്ടപ്പെടുന്നത് ജീവന്‍ ആയിരിക്കും. ഒരു ഡോക്ടറും ആ റിസ്ക്‌ എടുക്കാന്‍ തയ്യാറാകില്ല.
ELECTROLYTES : രക്തത്തിലെ ലവണങ്ങൾ, ഇവന്മാർ കൂടിയാലും കുറഞ്ഞാലും പ്രശ്നക്കാരാണ്. അളവുകൾ മാറുന്നതനുസരിച്ച് ഇടേണ്ട ഡ്രിപ്പ് തുടങ്ങി രോഗനിർണയം വരെ മാറിമറിഞ്ഞേക്കാം.
Grouping & Cross matching : വിശദീകരണം വേണ്ടാത്ത മറ്റൊരു ടെസ്റ്റ്. ബ്ലഡ് ഗ്രൂപ്പിങ്ങ് നടത്തുന്നതും നൽകേണ്ട രക്തം ക്രോസ് മാച്ച് ചെയ്ത് റിയാക്ഷൻ ഉണ്ടാകില്ല എന്ന് ഉറപ്പ് വരുത്തേണ്ടതും എന്തിനാണെന്ന് പറയേണ്ടതുണ്ടോ?
HIV, HBsAg, Anti HCV - യഥാക്രമം എച്ച്. ഐ.വി, ഹെപ്പറ്റൈറ്റിസ് ബി , ഹെപ്പറ്റൈറ്റിസ് സി എന്നിവയ്ക്കുള്ള ടെസ്റ്റുകളാണിവ. എയിഡ്സിന്റെ ടെസ്റ്റുകളെക്കുറിച്ച് വിശദമായെഴുതണമെങ്കിൽ ആവശ്യപ്പെട്ടാൽ പിന്നീടാവാം. ഇവ സ്ക്രീൻ ചെയ്യാനാണ് ഉപയോഗിക്കുന്നത്.
നൂറു കണക്കിന് രോഗികളുമായി സമ്പർക്കത്തിൽ വരുന്നവരാണ് ആരോഗ്യ പ്രവർത്തകർ. അതുകൊണ്ടുതന്നെ സമൂഹത്തെക്കാൾ പല മടങ്ങ് രോഗാണുക്കളുമായും അവർക്ക് സമ്പർക്കത്തിൽ ഏർപ്പെടേണ്ടിവരുന്നു.എന്നിട്ടും രോഗം ഉണ്ടാകാതെ അവർ എങ്ങനെ മുന്നോട്ട് പോകുന്നു എന്ന് അറിഞ്ഞിരിക്കുന്നത് പൊതുജനത്തിനും മാതൃകയാക്കാവുന്നതാണ്. (അതും വലിയ ഒരു ടോപ്പിക് ആണ്. യൂണിവേഴ്സൽ പ്രിക്കോഷൻ, സെപ്റ്റിക് റൂം, ബയോമെഡിക്കൽ വേസ്റ്റ് മാനേജ്മെന്റ് എല്ലാം ഉൾപ്പെടുന്ന ടോപ്പിക്). ചികിൽസ പരിമിതമായ ചില രോഗങ്ങൾ വരാതിരിക്കാനുള്ള മുൻ കരുതൽ അവർ സ്വീകരിക്കുന്നുണ്ട്.
രോഗിയോടുള്ള വിശ്വാസക്കുറവോ സംശയമോ ഒന്നുമല്ല ഈ മൂന്ന് അക്ഷരങ്ങളുടെ പിന്നിൽ മറഞ്ഞിരിക്കുന്ന ചേതോവികാരം. .പൊതു സമൂഹത്തിൽ സ്റ്റിഗ്മ ഉള്ള രോഗങ്ങളെപ്പോലും ചികിൽസിക്കാതെയോ അതുള്ളവരെ പരിചരിക്കാതെയോ ആരോഗ്യപ്രവർത്തകർ മാറ്റിനിർത്താറില്ല. പക്ഷേ രോഗം തങ്ങളിലേക്കും മറ്റുള്ളവരിലേക്കും പകരാതിരിക്കാൻ അവർ ശ്രദ്ധിക്കാറുണ്ട്. സാധാരണയായി ശസ്ത്രക്രിയകൾ, പ്രസവങ്ങൾ, എൻഡോസ്കോപ്പി,കൊളോണോസ്കോപ്പി പോലെയുള്ള പ്രൊസീജിയറുകൾ തുടങ്ങിയവ ചെയ്യുന്നതിനു മുൻപ് ഈ പരിശോധനകൾ ചെയ്യിക്കുന്നതിന്റെ ഒരു കാരണം അതാണ്. രണ്ടാമത്തെ കാരണം മുൻ കരുതലുകൾ എടുത്തിരുന്നാൽ പോലും ഏതെങ്കിലും കാരണവശാൽ രോഗാണു ശരീരത്തിൽ പ്രവേശിച്ചെന്ന് (സൂചി കൊണ്ടുള്ള കുത്ത് പോലെ) സംശയമുണ്ടായാൽ ശരിയായ ചികിൽസ ഏറ്റവും നേരത്തെ സ്വീകരിക്കാൻ അത് സഹായിക്കും.
ആ ആറോ ഏഴോ വാക്കുകളെക്കുറിച്ച് വളരെ ചുരുക്കിപ്പറഞ്ഞാൽ ഇത്രയുമാണ്.ഇതുതന്നെ അപൂർണവുമാണ് സാഹചര്യങ്ങളനുസരിച്ച് മറ്റ് സ്പെസിഫിക് ടെസ്റ്റുകളും സ്കാൻ/എക്സ് റേ അടക്കമുള്ള പരിശോധനകളും വേണ്ടിവന്നേക്കാം...
ഒരു രക്തപരിശോധനയും സ്വയം രോഗനിര്‍ണയത്തിനായി ഉപയോഗിക്കരുത്. ഇവയില്‍ ഓരോന്നും ഡോക്ടര്‍ രോഗിയെ ശരീരപരിശോധന നടത്തി ഉറപ്പിച്ചാല്‍ മാത്രമേ ചികിത്സക്ക് യോഗ്യമായ രോഗമായി കണക്കാനാവൂ. ലാബുകള്‍ക്ക് തെറ്റ് പറ്റുന്നത് അപൂര്‍വ്വമല്ല.. സ്ഥിരമായി പരിശോധന നടത്തേണ്ടുന്നവര്‍ എല്ലായെപ്പോഴും ഡോക്റ്ററെ കാണേണ്ടതില്ലെങ്കില്‍ കൂടിയും, പരിശോധനഫലങ്ങളില്‍ മാറ്റം കാണുന്ന മുറക്ക് നിര്‍ബന്ധമായും തുടര്‍നടപടികള്‍ ചെയ്യേണ്ടതാണ്.

1 comment:

  1. Sir ee accident aayi born facture vannal enthina hiv test just ariyanan

    ReplyDelete