Thursday 15 December 2016

സ്തനാര്‍ബുദം (Breast Cancer)എങ്ങനെ കണ്ടെത്താം?ചികിത്സിക്കാം - DR.DEEPU SADASIVAN

                       സ്തനാര്‍ബുദം മൂലം ഉണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങളിലേക്ക് ശ്രദ്ധ ആകര്‍ഷിക്കാനും,സ്തനാര്‍ബുദം നേരത്തെ കണ്ടു പിടിക്കുന്നതിനും/ ചികിത്സിക്കുന്നതിനും ഒക്കെ ഉതകുന്ന ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒക്ടോബര്‍ മാസം"സ്തനാര്‍ബുദ ബോധവല്‍ക്കരണ മാസം" ആയി ആചരിക്കപ്പെടുന്നു.
നേരത്തെ കണ്ടെത്തി ചികില്‍സ നേടിയാല്‍ വലിയ ഒരു വിഭാഗം രോഗികളിലും പരിപൂര്‍ണ്ണമായും ഭേദമാക്കാവുന്ന ഒരു അര്‍ബ്ബുദം ആണ് സ്തനാര്‍ബുദം.ഇതാണ് വസ്തുത എങ്കിലും, വളരെ താമസിച്ചു രോഗത്തിന്റെ മൂര്ധന്യാവസ്ഥയില്‍ മാത്രം വൈദ്യ സഹായം തേടി എത്തുന്ന സ്ത്രീകള്‍, വിദ്യാസമ്പന്നര്‍ ആയ കേരള സമൂഹത്തില്‍ പോലും അപൂര്‍വ സംഭവം അല്ല.ഏറ്റവും ഖേദകരം ആയ വസ്തുത ഈ സമയം കൊണ്ട് പലപ്പോളും അര്‍ബ്ബുദം സ്തനങ്ങളില്‍ നിന്നും ശരീരത്തിന്റെ മറ്റു ഭാഗത്തേക്ക് കൂടി വ്യാപിചിട്ടുണ്ടാവും,ആയതിനാല്‍ തന്നെ ജീവന്‍ രക്ഷപെടുത്താന്‍ പറ്റുന്ന അവസ്ഥയില്‍ ആയിരിക്കില്ല.

            രോഗത്തെ കുറിച്ചും,രോഗ ലക്ഷണങ്ങളെ കുറിച്ചുള്ള അജ്ഞത,രോഗ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാലും ഡോക്ടറുടെ അടുത്തു പോയി പരിശോധിക്കപ്പെടാന്‍ ഉള്ള വിമുഖത,രോഗം കണ്ടു പിടിക്കപ്പെട്ടാല്‍ അതിനുള്ള ചികില്‍സ കടുത്തത് ആയിരിക്കും എന്നുള്ള തോന്നലില്‍ നിന്നുടലെടുക്കുന്ന ഒരു തരം നിഷേധാല്‍മകത,എന്നിങ്ങനെ പല വ്യക്തിഗത കാരണങ്ങള്‍ കൊണ്ടും വൈദ്യ സഹായം തേടാന്‍ താമസം ഉണ്ടാവുന്നുണ്ട്.ഇത്തരം അനഭിലഷണീയമായ സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ രോഗത്തെക്കുറിച്ചുള്ള വ്യക്തമായ അറിവ് സഹായകമാവും ആയതിനാല്‍ ഇത്തരം അറിവുകള്‍ ആര്‍ജ്ജിക്കുകയും പ്രിയപ്പെട്ടവരുമായി പങ്കു വെക്കുകയും ചെയ്യുക.

എന്താണ് സ്തനാര്‍ബുദം ?
സ്തനങ്ങളിലെ കോശങ്ങള്‍ക്ക് ഉണ്ടാവുന്ന അനിയന്ത്രിതവും അസ്വാഭാവികവും ആയ വളര്‍ച്ച ആണ് ഈ കാന്‍സറിനു കാരണമാവുന്നത്.മുലപ്പാല്‍ പുറപ്പെടുവിക്കുന്ന ഗ്രന്ഥികളും,അവയില്‍ നിന്ന് മുല ഞെട്ടിലേക്ക് പാല്‍ കൊണ്ട് പോവുന്ന വാഹിനികളും,ഇവയ്ക്ക് ഇടയില്‍ ഉള്ള ബന്ധിപ്പിക്കുന്ന കോശങ്ങളും കൊഴുപ്പും മറ്റും ചേര്‍ന്നതാണ് സ്തനങ്ങളുടെ ഘടന.ഇവയില്‍ ഏതു ഭാഗത്തെ കോശങ്ങള്‍ ആണ് കാന്‍സര്‍കോശങ്ങള്‍ ആയി മാറുന്നത് എന്നതനുസരിച്ച് പല വിധത്തില്‍ ഉള്ള സ്തനാര്‍ബുദങ്ങള്‍ ഉണ്ട്.സാധാരണയായി ഈ കാന്‍സര്‍, മുഴയുടെ (ട്യുമര്‍) രൂപത്തില്‍ ആണ് പ്രത്യക്ഷപ്പെടുക. 


സ്തനാര്‍ബുദം - ചില സ്ഥിതി വിവരക്കണക്കുകള്‍
     ലോകമെമ്പാടും ഉള്ള കണക്കുകള്‍ നോക്കിയാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രത്യക്ഷമാവുന്ന കാന്‍സര്‍ രോഗങ്ങളില്‍ രണ്ടാം സ്ഥാനം ആണ് സ്തനാര്‍ബുദത്തിന്. മരണഹേതു ആവുന്ന കാന്‍സര്‍ രോഗങ്ങളുടെ പട്ടിക നോക്കിയാല്‍ അഞ്ചാമതും.സ്ത്രീകളില്‍ ഏറ്റവും സാധാരണമായ കാന്‍സര്‍ സ്തനാര്‍ബുദം തന്നെ. ഒരു സ്ത്രീയുടെ ജീവിത കാലയളവില്‍ സ്തനാര്‍ബുദം ഉണ്ടാവാന്‍ ഉള്ള സാധ്യത ഏകദേശം പത്തു ശതമാനത്തിനു അടുത്താണ്. ഇന്ത്യയിലെ കണക്കെടുത്താല്‍ സ്ത്രീകളിലെ കാന്‍സര്‍ ബാധകളില്‍ രണ്ടാം സ്ഥാനത്താണ് സ്തനാര്‍ബുദം. 2008 ല്‍ അമേരിക്കയില്‍ 1,82,000 സ്തനാര്‍ബുദ രോഗികള്‍ കണ്ടു പിടിക്കപ്പെട്ട സ്ഥാനത്ത് ഇന്ത്യയില്‍ 1,15,000 പുതിയ രോഗികളെ ആണ് കണ്ടു പിടിച്ചത്. ജനസന്ഖ്യാനുപാതം നോക്കിയാല്‍ ഇന്ത്യയില്‍ രോഗബാധ മൂലം ഉള്ള ആരോഗ്യ പ്രശ്നം ചെറുതെന്ന് തോന്നാം. എന്നാല്‍ മറ്റൊരു താരതമ്യം നോക്കിയാല്‍, കണ്ടു പിടിക്കപ്പെട്ട രോഗികളിലെ മരണ നിരക്ക് അമേരിക്കയില്‍ 20% ല്‍ താഴെ ആണ്.ഇന്ത്യയില്‍ ഈ മരണനിരക്ക് 80% ത്തോളം ഉയരുന്നു എന്നത് സൂചിപ്പിക്കുന്നത് ഇവിടെ രോഗം കണ്ടെത്തുന്നതില്‍ കാലതാമസം ഉണ്ടാവുന്നു അതോടൊപ്പം മരണ നിരക്ക് കുത്തനെ ഉയരുന്നു എന്ന വസ്തുതയെ ആണ്. താരതമ്യേന കുറവാണ് എങ്കിലും സ്തനാര്‍ബുദം പുരുഷന്മാരിലും ഉണ്ടാവുന്ന രോഗം ആണ്.
രോഗലക്ഷണങ്ങള്‍
  • സ്തനങ്ങളില്‍ അല്ലെങ്കില്‍ കക്ഷത്തില്‍ പുതിയതായി ഉണ്ടാവുന്ന തടിപ്പ്/മുഴ/വീക്കം എന്നിവ.
  • സ്തനത്തിന്റെ ആകൃതിയിലും വലിപ്പത്തിലും പെട്ടന്നുണ്ടാവുന്ന വത്യാസം.
  • സ്തനങ്ങളില്‍ വേദന.
  • സ്തനങ്ങളുടെ തൊലിപ്പുറത്ത് ഉണ്ടാവുന്ന മാറ്റങ്ങള്‍- നിറത്തില്‍ ഉള്ള വത്യാസം/ചുക്കി ചുളിയല്‍ (dimpling)/അസാധാരണമായ ചൊറിച്ചില്‍.
  • മുല ഞെട്ടില്‍ നിന്ന് സ്രവങ്ങള്‍/രക്തം എന്നിവ വരുക.
  • മുല ഞെട്ടു ഉള്ളിലേക്ക് വലിഞ്ഞു പോവുക.
  • മുലക്കണ്ണില്‍ ഉണ്ടാവുന്ന നിറം മാറ്റം/വൃണങ്ങള്‍
എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍.
ഓര്‍ത്തിരിക്കേണ്ട കാര്യം മേല്‍പ്പറഞ്ഞതില്‍ ചില ലക്ഷണങ്ങള്‍ മറ്റു ചില രോഗങ്ങളിലും ഉണ്ടാവാം ഉദാ: എല്ലാ മുഴയും കാന്‍സര്‍ ആവണം എന്നില്ല.ചിലപ്പോള്‍ രോഗമില്ലാത്ത അവസ്ഥയിലും ഇതിലെ ചില ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം ഉദാ: മാസമുറയ്ക്ക് മുന്‍പ് സ്തനങ്ങളില്‍ വേദന,തടിപ്പ് എന്നിവ കാണപ്പെടാം.ആയതിനാല്‍ എന്തെങ്കിലും സംശയം ഉള്ളപ്പോള്‍ അമിത ആകാംഷയുടെ ആവശ്യം ഇല്ല പക്ഷെ സംശയ നിവാരണത്തിന് ഒരു ഡോക്ടറുടെ സഹായം തേടണം.


സ്തനാര്‍ബുദ രോഗബാധയെ സ്വാധീനിക്കുന്ന ചില ഘടകങ്ങള്‍
  • പ്രായം - പ്രായം കൂടുന്തോറും രോഗ സാധ്യത കൂടുന്നു.50 വയസ്സിനു മുകളില്‍ രോഗ സാധ്യത ഗണ്യമായി ഏറുന്നു.
  • ഹോര്‍മോണുകളുടെ സ്വാധീനം -ദീര്‍ഘകാലം സ്ത്രീ ഹോര്‍മോണുകള്‍ ആയ ഈസ്ട്രജെന്‍,പ്രോജെസ്ട്രോന്‍ എന്നിവയുടെ ഉയര്‍ന്ന അളവില്‍ ഉള്ള സാന്നിധ്യം രോഗ സാധ്യത കൂട്ടും.
താമസിച്ചു വിവാഹം കഴിക്കുന്നവരില്‍,നേരത്തെ മാസമുറ തുടങ്ങുന്നവരില്‍,താമസിച്ചു ആര്‍ത്തവവിരാമം ഉണ്ടാവുന്നവരില്‍ (55 നു ശേഷം ),അവിവാഹിതകളില്‍,കുട്ടികള്‍ ഇല്ലാത്തവരില്‍,വളരെ താമസിച്ചു ആദ്യ കുട്ടി ഉണ്ടാവുന്നവരില്‍(30 വയസ്സിനു ശേഷം),കുട്ടികള്‍ക്ക് അധിക കാലം മുലപ്പാല്‍ കൊടുക്കാത്തവരില്‍,ദീര്‍ഘകാലം ഈസ്ട്രജെന്‍,പ്രോജെസ്ട്രോണ്‍ ഹോര്‍മോണ്‍ ഗുളികകള്‍ കഴിച്ചവരില്‍ ഒക്കെ ഇക്കാരണത്താല്‍ സ്തനാര്‍ബുദ സാധ്യത കൂടുതല്‍ ആയിരിക്കും.
  • ജനിതകപരം/പാരമ്പര്യം- പൊതുവില്‍ സ്തനാര്‍ബുദം ഒരു പാരമ്പര്യ രോഗം അല്ല എങ്കിലും അടുത്ത ബന്ധുക്കളില്‍ കാന്‍സര്‍ വന്നവര്‍ ഉണ്ടെങ്കില്‍ അത്തരക്കാര്‍ക്ക് സാധ്യത കൂടുതല്‍ ആയിരിക്കും.ഇത്തരം ജനിതകപരം ആയ സാധ്യത പത്തു ശതമാനത്തില്‍ താഴെയേ ഉള്ളൂ.
ജനിതക വ്യതിയാനം ഉണ്ടായിട്ടുള്ള ബ്രസ്റ്റ് കാൻസർ ജീനുകളുള്ളവർ(BRCA 1,2 എന്നീ ജീനുകള്‍)
  • ജീവിത ശൈലി -അമിത വണ്ണം/വ്യായാമത്തിന്റെ അഭാവം, മദ്യപാനം എന്നിവ സ്തനാര്‍ബുദ സാധ്യത കൂട്ടുന്നു.
  • അണുവികിരണം - അണുവികിരണം/റേഡിയെഷന്‍ എല്ക്കപ്പെട്ടവരില്‍ രോഗ സാധ്യത കൂടുന്നു.
എങ്ങനെ രോഗം കണ്ടു പിടിക്കാം?

സ്തനാര്‍ബുദത്തെ നേരിടാന്‍ ഏറ്റവും ഫലപ്രദം ആയ മാര്‍ഗ്ഗം,നേരത്തെ രോഗം കണ്ടെത്തി ചികില്‍സ നേടുക എന്നതാണ്.ആയതിനാല്‍ രോഗലക്ഷണങ്ങള്‍ എന്തൊക്കെ എന്ന് ഓരോ സ്ത്രീയും അറിഞ്ഞിരിക്കേണം,ആ അവബോധം മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കണം.ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും പെട്ടന്ന് ഡോക്ടറുടെ സഹായം തേടണം.

സ്വയം പരിശോധന -ഏതു പ്രായത്തില്‍ ഉള്ള സ്ത്രീയ്ക്കും സ്വയം പരിശോധനയിലൂടെ സ്തനങ്ങളില്‍ ഉണ്ടാവുന്ന വ്യതിയാനങ്ങള്‍ ഒരു പരിധി വരെ കണ്ടെത്താന്‍ കഴിയും.അതിനാല്‍ മാസത്തില്‍ ഒരിക്കല്‍ എങ്കിലും ഇത് ചെയ്യുന്നത് ശീലമാക്കുക.
കിടന്നു കൊണ്ടും കണ്ണാടിയുടെ മുന്നില്‍ നിന്ന് കൊണ്ടും ഇത് ചെയ്യാവുന്നതാണ്.ആദ്യം സ്തനത്തിന്റെ ആകൃതിയിലും വലിപ്പത്തിലും വത്യാസമുണ്ടോ,നിറ വത്യാസം ഉണ്ടോ,തൊലിപ്പുറത്ത് മാറ്റങ്ങള്‍ ഉണ്ടോ എന്നൊക്കെ കണ്ണാടിയില്‍ നോക്കി നിരീക്ഷിക്കാവുന്നതാണ്. അതിനു ശേഷം തള്ള വിരല്‍ ഒഴികെ ഉള്ള നാല് വിരലുകള്‍ ഉപയോഗിച്ച് സ്തനം പരിശോധിക്കാം.ആര്‍ത്തവം കഴിഞ്ഞു പത്തു ദിവസത്തിനു ശേഷം ആണ് ഇത് ചെയ്യേണ്ടത്.ഇടതു കൈ വിരലുകള്‍ കൊണ്ട് മൃദുവായി അമര്‍ത്തി വൃത്താകൃതിയില്‍ ചലിപ്പിച്ചു വലത്തെ സ്തനം പരിശോധിക്കാം,ഇതേ പോലെ വലത്തെ കൈ കൊണ്ട് ഇടത്തെ സ്തനവും.കൂടാതെ കക്ഷത്തില്‍ തടിപ്പുണ്ടോ എന്നും പരിശോധിക്കണം.മലര്‍ന്നു കിടന്നു പരിശോധന നടത്തുമ്പോള്‍ തോളിനു അടിയില്‍ ഒരു തലയണ വെയ്ക്കുന്നത് കൂടുതല്‍ സൗകര്യപ്രദം ആയിരിക്കും.


 ഡോക്ടറുടെ ക്ലിനിക്കല്‍ പരിശോധന - നാല്പതു വയസ്സിനു മുകളില്‍ ഉള്ള സ്ത്രീകള്‍ വര്‍ഷത്തില്‍ ഒരിക്കല്‍ ഡോക്ടറെ കണ്ടു സ്തന പരിശോധന നടത്തേണ്ടതാണ്.രോഗ സാധ്യത കൂടുതല്‍ ഉള്ളവര്‍ ആ പ്രായത്തിനും മുന്‍പ് തന്നെ ഡോക്ടറുടെ സഹായം തേടേണ്ടതാണ്.

സ്ക്രീനിംഗ് ടെസ്റ്റുകള്‍ - ഏറ്റവും പ്രധാനം ആയ സ്ക്രീനിംഗ് ടെസ്റ്റ്‌ (അതായത് രോഗ ലക്ഷണം ഉണ്ടാവുന്നതിനു മുന്‍പ് പോലും രോഗ സാധ്യത കണ്ടെത്താന്‍ ഉദ്ദേശിച്ചു നടത്താവുന്ന പരിശോധന) ആണ് മാമ്മോഗ്രാം.

ചെറിയ മുഴകള്‍ പോലും കണ്ടെത്താന്‍ സാധിക്കുന്ന ഒരു തരം എക്സ് േറ പരിശോധന ആണ് ഇത്.നാല്‍പ്പതു വയസ്സ് കഴിഞ്ഞ സ്ത്രീകള്‍ രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ എങ്കിലും ഈ പരിശോധന നടത്തേണ്ടതാണ്.വളരെ കുറച്ചു സമയത്തേക്ക് അല്പം അസ്വസ്ഥത ഉണ്ടാകാം എങ്കിലും അധികം വേദന ഒന്നും ഇല്ലാത്ത പരിശോധന ആണ് ഇത്. ഒരു സ്ക്രീനിംഗ് ടെസ്റ്റ്‌ ആയതിനാല്‍ നൂറു ശതമാനം രോഗികളെയും കൃത്യമായി കണ്ടു പിടിക്കാന്‍ മാമ്മോഗ്രാമിനും കഴിയണം എന്നില്ല. അതിനാല്‍ രോഗ ലക്ഷണം ഉള്ളവരില്‍ ആവശ്യം എങ്കില്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന പ്രകാരം അള്‍ട്രാസൗണ്ട്,എം ആര്‍ ഐ,ബയോപ്സി,FNAC തുടങ്ങിയ പരിശോധകളും ചെയ്യേണ്ടതായി വന്നേക്കാം. മുന്‍പ് പ്രതിപാദിച്ച BRCA ജീനുകളുടെ സാന്നിധ്യം കണ്ടെത്തുന്ന പരിശോധനകളും നിലവില്‍ ഉണ്ട്



ചികില്‍സാ വിധികള്‍

ഏതു തരം സ്തനാര്‍ബുദം ആണെന്നതും,എത്രത്തോളം വ്യാപിച്ചു എന്നതും,സ്ത്രീയുടെ പ്രായവും ഒക്കെ കണക്കില്‍ എടുത്താണ് ചികില്‍സാ രീതി നിര്‍ണയിക്കുന്നത്.
  • ശസ്ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്യല്‍.
  • ശസ്ത്രക്രിയയിലൂടെ സ്തനം നീക്കം ചെയ്യല്‍(ഭാഗികമോ/പൂര്‍ണമോ).
  • റേഡിയേഷന്‍ ചികില്‍സ.
  • കീമോതെറാപ്പി.
എന്നിവയെല്ലാം വിദഗ്ധ ഡോക്ടറുടെ തീരുമാനത്തിന് വിധേയമായി രോഗിയുടെ അവസ്ഥ അനുസരിച്ച് നടപ്പിലാക്കേണ്ടി വന്നേക്കാം.
രോഗം വരുന്നത് തടയാന്‍ ചില മുന്‍കരുതലുകള്‍
പൂര്‍ണ്ണ പ്രതിരോധം അസാധ്യം ആണെങ്കിലും ചില മുകരുതലുകള്‍ രോഗസാധ്യതകള്‍ കുറയ്ക്കുന്നു.
  • അമിത വണ്ണം ഒഴിവാക്കുക.
  • നിത്യേന ഉള്ള വ്യായാമം.
  • മദ്യപാനശീലം ഒഴിവാക്കുക.
  • പോഷകമൂല്യം ഉള്ള ഭക്ഷണക്രമം.
രോഗ സാധ്യത വളരെ കൂടുതല്‍ ഉള്ളവരില്‍ പ്രതിരോധ നടപടി ആയി ശസ്ത്രക്രിയയിലൂടെ സ്തനങ്ങള്‍ മുറിച്ചു മാറ്റി കൃത്രിമ സ്തനം വെച്ച് പിടിപ്പിക്കുന്നത് വികസിത രാജ്യങ്ങളില്‍ ഒക്കെ നടപ്പിലായി വരുന്നുണ്ട്.അടുത്ത കാലത്ത് പ്രമുഖ ഹോളിവുഡ് നടി ആന്‍ജലിന ജോലി ഇത്തരം ശസ്ത്രക്രിയയ്ക്ക് വിധേയമായത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നുവല്ലോ. നേരത്തെ കണ്ടെത്തിയാല്‍ പൂര്‍ണ്ണമായും ഭേദമാക്കാവുന്ന ഒരു കാന്‍സര്‍ ആണ് സ്തനാര്‍ബുദം. എന്നാല്‍ വൈകിയാണ് കണ്ടെത്തുന്നത് എങ്കില്‍ മാരകം ആവുകയും ചെയ്യാം എന്നൊരു കരുതല്‍ എല്ലാ സ്ത്രീകള്‍ക്കും അവരുടെ ഉറ്റവര്‍ക്കും ഉണ്ടാവേണ്ടതുണ്ട്. 

No comments:

Post a Comment