Sunday 12 February 2017

തീപ്പൊള്ളലേറ്റാൽ- പ്രഥമ ശുശ്രൂഷ - INFOCLINIC TEAM

തീപ്പൊള്ളലേറ്റാൽ- പ്രഥമ ശുശ്രൂഷ
എഴുതിയത്: Dr. Jimmy Mathew, Dr. Jithin T Josephh, Dr. Purushothaman Kuzhikkathukandiyil & Dr. Jinesh PS

നമ്മുടെ നാട്ടിൽ നടക്കുന്ന അസ്വാഭാവിക മരണങ്ങളിൽ ഏതാണ്ട് 10 ശതമാനവും പൊള്ളൽ മൂലമാണ്. അതിൽ ഏതാണ്ട് 45 - 50 ശതമാനം ആത്മഹത്യകളും ഏതാണ്ടത്ര തന്നെ അപകട മരണങ്ങളുമാണ്, വളരെ ചെറിയ ഒരു ശതമാനം മാത്രമാണ് കൊലപാതകങ്ങൾ. ഭർത്താവിനെയോ ബന്ധുക്കളെയോ ഭയപ്പെടുത്താൻ വേണ്ടി മാത്രം അഭിനയിച്ചതാണ് എന്ന് പറഞ്ഞവരെയും കണ്ടിട്ടുണ്ട്.
തീനാളം, കത്തുന്ന ഇന്ധനങ്ങൾ, ചുട്ടുപഴുത്ത ലോഹങ്ങൾ, വീര്യമേറിയ ആസിഡ്-ആൽക്കലി, തിളച്ച വെള്ളം തുടങ്ങിയവയിൽ നിന്നെല്ലാം പൊള്ളലേൽക്കാവുന്നതാണ്. ശരീരത്തിലേറ്റ പൊള്ളലിന്റെ വ്യാപ്തി അനുസരിച്ചാണ് രക്ഷപെടാനുള്ള സാധ്യത കണക്കാക്കുന്നത്.
ഉപരിതലത്തില്‍ മാത്രമുള്ളതും ആഴത്തിൽ ബാധിച്ചതും എന്നിങ്ങനെ പൊള്ളലിനെ രണ്ടായി തിരിക്കാം. ആഴത്തിലുള്ള പൊള്ളലാണ് കൂടുതൽ അപകടകരമെങ്കിലും ഉപരിതലത്തിൽ മാത്രമുള്ള പൊള്ളലിനാണ് വേദനകൂടുതൽ.
പൊള്ളലിന്റെ വ്യാപ്തി കൂടുന്നതനുസരിച്ച് തീവ്രതയും കൂടുമെന്നു പറഞ്ഞല്ലോ. 20 ശതമാനത്തിൽ കൂടിയ പൊള്ളലുകളെല്ലാം അപകടകരമാണ്. അമ്പതു ശതമാനത്തിനു മേലെയാണ് പൊള്ളലെങ്കിൽ മരണപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. "Rule of 9" രീതി അവലംബിച്ചായിരുന്നു പൊള്ളലിന്റെ വ്യാപ്തി കണക്കാക്കിയിരുന്നത്. ഇതനുസരിച്ച് തല, കൈ, കാലിന്റെ മുൻഭാഗം, കാലിന്റെ പിൻഭാഗം, നെഞ്ചിന് മുൻഭാഗം, നെഞ്ചിന് പിൻഭാഗം, വയറിന് മുൻഭാഗം, വയറിന് പിൻഭാഗം എന്നിങ്ങനെ ഓരോ ഭാഗത്തെയും ശരീരത്തിന്റെ 9 ശതമാനമായി കണക്കാക്കുന്നു. ബാക്കിയുള്ള ഒരു ശതമാനം ബാഹ്യ ലൈംഗികാവയവങ്ങളുടേതാണ്. (ചിത്രം: https://goo.gl/lE2ex6, 1st comment)
തല, മുഖം, കഴുത്ത്, ലൈംഗികാവയവങ്ങൾ എന്നിവയിലുണ്ടാവുന്ന പൊള്ളൽ കൂടുതൽ അപകടകരമാണ്. സ്ത്രീകളെയും കുട്ടികളെയും കൂടുതൽ അപകടകരമായി ബാധിക്കുന്നു.
ശിശുക്കളിലും കുട്ടികളിലും തലയുടെ ഉപരിതല വിസ്തീര്‍ണ്ണത്തിന്റെ ശതമാനം മുതിർന്നവരേക്കാൾ കൂടുതലാണ്. അതുകൊണ്ട് "Rule of 9" അവരിൽ ഉപയോഗിക്കാനാവില്ല. Lund and Browder's എന്ന താരതമ്യേന പുതിയ കണക്കുകൂട്ടൽ രീതിയാണ് ഇപ്പോൾ അവലംബിക്കുന്നത്. ഇതനുസരിച്ച് ശരീരഭാഗങ്ങളുടെ വിസ്തൃതി കണക്കാക്കുന്ന രീതി ചിത്രത്തിൽ വിവരിച്ചിരിക്കുന്നു. ഒരു വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളുടെ തല 18 ശതമാനവും ഓരോ കാലുകൾ 13.5 ശതമാനവും ആണ്. പിന്നീട് ഓരോ വയസ് കഴിയുമ്പോളും തലയിൽ നിന്നും ഒരു ശതമാനവും കാലുകളിൽ നിന്ന് 0.5 ശതമാനവും കുറഞ്ഞുവരുന്നു. (ചിത്രം: https://goo.gl/BHiiLZ, 2nd comment)
പൊള്ളലേറ്റവർക്ക് പല കാരണങ്ങൾ മൂലം മരണം സംഭവിക്കാം. കാർബൺ ഡയോക്‌സൈഡ്, കാർബൺ മോണോക്‌സൈഡ് എന്നിവ ശ്വസിക്കുന്നത് മൂലമുണ്ടാകുന്ന ശ്വാസം മുട്ടല്‍ (Suffocation), ശ്വാസനാളത്തിലുണ്ടാവുന്ന നീർവീക്കം (Laryngeal spasm and glottic edema), നിർജലീകരണം (Hypovolemic shock due to dehydration), Neurogenic shock എന്നിവ മൂലം പൊള്ളലേറ്റ് 48 മണിക്കൂറിനകം മരണം സംഭവിക്കാം. അണുബാധ, വൃക്കകളുടെയും കരളിന്റെയും പ്രവർത്തനം നിലക്കുക, ടെറ്റനസ് തുടങ്ങിയവ മൂലം 48 മണിക്കൂറിന് ശേഷവും മരണം സംഭവിക്കാം.
നമ്മുടെ നാട്ടിലെ തീപൊള്ളലിന്റെ ചികിത്സ അത്ര മികച്ചതല്ല. അതിനാൽ പൊള്ളലേൽക്കുന്നത് തടയുകയാണ് ഏറ്റവുംഅഭികാമ്യം. എന്നാൽ പലപ്പോഴും നമ്മൾ അപകടങ്ങൾ ക്ഷണയിച്ചുവരുത്തുകയാണ് പതിവ്.

ശ്രദ്ധിക്കേണ്ട കുറച്ചുകാര്യങ്ങൾ:

1. സ്വയം തീ കൊളുത്തുന്നതിനെപ്പറ്റി തമാശക്ക് പോലും ആലോചിക്കാതിരിക്കുക.
2. പാചകം ചെയ്യുമ്പോഴും തീയുമായി അടുത്തിടപഴകുമ്പോളും വളരെ സൂക്ഷിക്കുക. സാരി, ഷാൾ, തട്ടം, മുണ്ട് എന്നിവ തീയിൽ വീഴാവുന്ന രീതിയിലായിരിക്കരുത്.
3. ചെറിയ കുട്ടികളെ അടുക്കളയിൽ തനിയെ പാചകം ചെയ്യാൻ അനുവദിക്കരുത്.
4. പാചകം ചെയ്യുമ്പോൾ ഗ്യാസിന്റെ ഗന്ധം അനുഭവപ്പെട്ടാൽ വന്നാൽ സിലിണ്ടറിന്റെ പ്രവർത്തനം പൂർണമായും നിർത്തുക. വൈദ്യുതി സ്വിച്ചുകൾ ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യരുത്. ജനലും വാതിലും മണം പോകുന്നത് വരെ തുറന്നിടുക. എത്രയും വേഗത്തിൽ റിപ്പയറിനു വിദഗ്ദ്ധരെ വിളിക്കുക.
5. സിഗരറ്റ്, കത്തുന്ന തീപ്പെട്ടി എന്നിവ കെടുത്തി എന്നുറപ്പു വരുത്തിയതിനു ശേഷം മാത്രം കളയുക.
6. തിളച്ച വെള്ളം ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക. കുട്ടികളിലെ നല്ലൊരു ശതമാനം പൊള്ളലും തിളച്ച വെള്ളം മൂലമുണ്ടാവുന്നതാണ്. കുളിക്കാനും മറ്റും ബക്കറ്റിൽ ചൂടുവെള്ളം എടുത്തുവെക്കുമ്പോൾ സൂക്ഷിക്കുക.
7. വൈദ്യുതി ഉപകരണങ്ങൾ ശ്രദ്ധയോടെ ഉപയോഗിക്കുക; പ്രത്യേകിച്ചും തേപ്പുപെട്ടി പോലുള്ള ഉപകരണങ്ങൾ.
8. ഹൈ ടെൻഷൻ ലൈനുകളിൽ തട്ടി ഉണ്ടാകുന്ന പൊള്ളലുകളോളം അപകടകാരി മറ്റൊന്നില്ല. പറ്റിയാൽ മരണം അഥവാ ഗുരുതര അംഗവൈകല്യം ഉറപ്പാണ്. വളരെ ആഴത്തിലുള്ള പൊള്ളലുകൾ എല്ലിലും രക്തക്കുഴലിലും മറ്റും ബാധിക്കുന്നതിനാൽ കൈ, കാൽ ഒക്കെ മുറിച്ചു മാറ്റേണ്ടി വരുന്നത് സാധാരണമാണ് . മരങ്ങളിൽ കായ് പറിക്കാൻ നീളത്തിലുള്ള തോട്ടികൾ ഉപയോഗിക്കുന്നത് മൂലമുള്ള ഗുരുതര വൈദ്യുത ആഘാതങ്ങൾ വളരെ കൂടി വരുന്നു. അത്തരം സാഹചര്യങ്ങളിൽ വളരെയധികം ശ്രദ്ധിക്കുക.
9. പടക്കം, പൂത്തിരി തുടങ്ങിയ വസ്തുക്കൾ സൂക്ഷിച്ചുപയോഗിക്കുക. കൈയിൽ വച്ച് പൊട്ടിക്കുക, പൊടി കൂട്ടിയിട്ടു കത്തിക്കാൻ ശ്രമിക്കുക തുടങ്ങിയുള്ള വീരസ്യങ്ങൾ ഒഴിവാക്കുക.
10. ഉത്സവങ്ങളിലും മറ്റുമുള്ള വെടിക്കെട്ടുകൾ സുരക്ഷിതമായ അകലം പാലിച്ച് മാത്രം വീക്ഷിക്കുക. അത്തരം അവസരങ്ങളിൽ വളരെയധികം തിക്കും തിരക്കും ഉള്ള സ്ഥലങ്ങൾ ഒഴിവാക്കുക.
11. വർദ്ധിച്ചുവരുന്ന ഇത്തരം അപകടങ്ങൾ കണക്കിലെടുത്ത് ശക്തിയേറിയ കരിമരുന്ന് പ്രയോഗങ്ങൾ സാധിക്കുമെങ്കിൽ ഒഴിവാക്കുക. ലേസർ പോലുള്ള അപകടരഹിതമായ ശബ്ദ മലിനീകരണം കൂടി ഇല്ലാത്ത ആധുനിക സാങ്കേതിക വിദ്യകൾ ആഘോഷാവസരങ്ങളിൽ ഉപയോഗിക്കാൻ ശ്രമിക്കുക.
പൊള്ളലേറ്റാൽ എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്ന് നമുക്ക് ഇനിയും അറിയില്ല എന്നതാണ് സത്യം. പൊള്ളലേറ്റ ഭാഗത്ത് മഷി തേക്കുക, പല്ല് തേക്കാനുപയോഗിക്കുന്ന പേസ്റ്റ് തേക്കുക, തേൻ പരട്ടുക തൂങ്ങിയ പല അനാവശ്യ കാര്യങ്ങളും ചെയ്‌യുന്നതായി കാണാറുണ്ട്. അതിനാൽ പൊള്ളലേറ്റയാൾക്ക് നൽകേണ്ട പ്രഥമ ശുശ്രൂഷയെ കുറിച്ചുകൂടി ഉൾപ്പെടുത്താൻ എന്നുകരുതുന്നു.

1. പ്രഥമ ശുശ്രൂഷ നൽകുന്ന ആളുടെ സുരക്ഷയാണ് പരമപ്രധാനം. സുരക്ഷ ഉറപ്പുവരുത്തിയതിനു ശേഷമേ സഹായത്തിനു മുതിരാവൂ.
2. വസ്ത്രത്തിനു തീ പിടിച്ചാൽ ഉടൻ നിലത്തു കിടന്നുരുണ്ട് തീകെടുത്താൻ ശ്രമിക്കാവുന്നതാണ്. വസ്ത്രത്തിൽ കത്തിയ തീയുമായി ഓടരുത്. ആരുടെയെങ്കിലും വസ്ത്രത്തിനു തീ പിടിച്ചാൽ നിലത്തുരുളാൻ പറഞ്ഞിട്ട് പുതപ്പോ ചാക്കോ പൊതിഞ്ഞോ, വെള്ളമൊഴിച്ചോ തീ കെടുത്താം.
3. 10 - 15 ശതമാനത്തിൽ താഴെയാണ് പൊള്ളലെങ്കിൽ 10 - 20 മിനിറ്റ് സമയത്തേക്ക് തണുത്ത വെള്ളം ഒഴിക്കുക. അതിൽ കൂടുതൽ ഭാഗത്ത് പൊള്ളലുണ്ടെങ്കിൽ വെള്ളമൊഴിക്കാൻ പാടില്ല. ഐസ് വെള്ളം അല്ല ഉപയോഗിക്കേണ്ടത്, തണുത്ത വെള്ളമാണ് ഉപയോഗിക്കേണ്ടത്. കുറച്ചുഭാഗത്ത് മാത്രമേ പൊള്ളലേറ്റുള്ളുവെങ്കിൽ ആ ഭാഗം വെള്ളത്തിൽ മുക്കി വെയ്ക്കുകയും ആകാം.
4. കരിഞ്ഞ വസ്ത്രങ്ങൾ മുറിച്ചുകളയുക. തീ പിടിച്ചതോ രാസ വസ്തുക്കൾ വീണതോ ആയ വസ്ത്രങ്ങൾ ആളുടെ ശരീരത്തു നിന്ന് മാറ്റുക. മുറിവിൽ ഒട്ടിപ്പിടിച്ച വസ്ത്രങ്ങൾ ബലമായി മാറ്റാൻ ശ്രമിക്കരുത്.
5. പൊള്ളലേറ്റ വ്യക്തിയെ ആ സ്ഥലത്തുനിന്നും മാറ്റുക, തീ കെടുത്തുക. തീ പിടിച്ച മുറികളിൽ വിഷവായു (Carbon monoxide) തങ്ങി നിൽക്കാൻ സാധ്യത ഉണ്ട്. ഇതുമൂലം ഉള്ള അപകടം ഒഴിവാക്കാനും ഒപ്പം വീണ്ടും പൊള്ളൽ ഏൽക്കാതെ ഇരിക്കാനുമാണിത്.
6. കുമിളകൾ പൊട്ടിക്കരുത് , ഒപ്പം പൊള്ളലിന് ഉപയോഗിക്കുന്ന മരുന്നുകൾ ഉണ്ടെങ്കിൽ അവിടെ ലേപനം ചെയ്യുകയുമാവാം.
7. പേസ്റ്റ് ,തേൻ, ബട്ടർ, തുപ്പൽ തുടങ്ങിയവ മുറിവിൽ പുരട്ടരുത്. മുറിവിൽ അണുബാധയുണ്ടാകുന്നതിനിത് കാരണമാകും.
8. ശരീരത്തിൽ ഇറുകി കിടക്കുന്ന ആഭരണങ്ങളും മറ്റും ഊരി മാറ്റുന്നത് ഉചിതമാണ്. പിന്നീട് നീരുണ്ടായാൽ ഇത് മാറ്റാൻ പറ്റാതെയാവുകയും രക്തയോട്ടം കുറയുകയും ചെയ്യും.
9. കുട്ടികളിലെ പൊള്ളൽ ചെറിയ ഭാഗത്തു ആണെങ്കിലും കൂടുതൽ ശ്രദ്ധ കൊടുക്കണം.
10. വൃത്തിയായ പുതപ്പിൽ പുതപ്പിച്ച് പൊള്ളലേറ്റ വ്യക്തിയെ എത്രയും പെട്ടന്ന് ആശുപത്രിയിൽ എത്തിക്കുക. വെള്ളവും ഭക്ഷണവും ഉടൻ കൊടുക്കാൻ ശ്രമിക്കരുത്. ചെറിയ പൊള്ളൽ ആണെങ്കിൽ പോലും വൈദ്യസഹായം തേടുന്നത് തന്നെയാണ് ഉചിതം
.

എന്നാൽ പലപ്പോഴും അണുബാധ പോലുള്ള പല കാരണങ്ങളാലും പൊള്ളലേറ്റവരിൽ മരണം സംഭവിക്കുന്നു. 20 ശതമാനത്തിന് മുകളിലുള്ള ഏത് പൊള്ളലും മരണകാരണമാകാവുന്നതാണ്. അതിനാൽ തന്നെ പൊള്ളലേറ്റാൽ എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കുക.
ആത്മഹത്യ, അപകടമരണം, കൊലപാതകം എന്നിങ്ങനെ മൂന്നു രീതിയിലും പൊള്ളൽ മൂലമുള്ള മരണങ്ങൾ സംഭവിക്കാമെന്ന് ആമുഖത്തിൽ പറഞ്ഞിരുന്നല്ലോ. ഇതുകൂടാതെ മറ്റെന്തെങ്കിലും മാർഗ്ഗത്തിൽ കൊലപ്പെടുത്തിയ ആളെ കത്തിക്കുകയും ചെയ്യാവുന്നതാണ്. കേരളതീയർക്ക് സുപരിചിതമായ കേസാണല്ലോ സുകുമാരക്കുറുപ്പ് കേസ്. ഇൻഷുറൻസ് തുക ലഭിക്കാനായി തന്നോട് രൂപ സാദൃശ്യമുള്ള ചാക്കോ എന്ന ഫിലിം റെപ്രസന്റേറ്റിവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന് ശേഷം കാറടക്കം കത്തിച്ചു എന്നതായിരുന്നു കേസ്. ഫൊറൻസിക് മെഡിസിൻ പ്രൊഫസർ ആയിരുന്ന ഡോ. ബി. ഉമാദത്തൻ ആണ് ആ പോസ്റ്റ് മോർട്ടം പരിശോധന നടത്തിയത്.
മരണാന്തര ദഹനമാണോ അല്ലയോ എന്നത് വിദഗ്ദ്ധമായ പോസ്റ്റ് മോർട്ടം പരിശോധനയിലൂടെ കണ്ടെത്താവുന്നതാണ്. എന്നാൽ ആത്മഹത്യ, അപകടം, കൊലപാതകം എന്നിവയിലേത് എന്ന് അഭിപ്രായം പറയുക ഒരു ഫൊറൻസിക് വിഭാഗം ഡോക്ടറെ സംബന്ധിച്ച് വലിയൊരു വെല്ലുവിളിയാണ്. എങ്കിലും അതിസൂക്ഷ്‌മതയുള്ള പോസ്റ്റ് മോർട്ടം പരിശോധനയിലൂടെ പൊള്ളലിന്റെ രീതിയും വിതരണവും അപഗ്രഥിച്ച് ചില നിഗമനങ്ങളിൽ എത്താൻ അന്വേഷണ ഉദ്യോഗസ്ഥരെ സഹായിക്കാൻ അവർക്കാകും.
ഓർക്കുക, തീ ഒരു സുഹൃത്താണ്. നമുക്ക് വളരെയധികം ഉപകാരങ്ങൾ ചെയ്‌യുന്ന സുഹൃത്ത്, പക്ഷേ ആ സുഹൃത്തിനെ വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്.
(മാതൃഭൂമി ഓൺലൈനിൽ പ്രസിദ്ധീകരിച്ച ലേഖനം: http://www.mathrubhumi.com/…/death-due-to-burn-injury-1.171

അല്‍ഷൈമേഴ്സ് രോഗം മുന്‍കൂട്ടിയറിയാം - Dr. SHAHUL AMEEN

അല്‍ഷൈമേഴ്സ് രോഗം മുന്‍കൂട്ടിയറിയാം
ഡോ. ഷാഹുല്‍ അമീന്‍ shahul ameen(സൈക്ക്യാട്രിസ്റ്റ്) എഴുതുന്നു
ഒരറുപതുവയസ്സു കഴിയുന്നതോടെ ഒട്ടേറെപ്പേരെ പിടികൂടാറുള്ളൊരു രോഗമാണ് അല്‍ഷൈമേഴ്സ് ഡെമന്‍ഷ്യ. ഓര്‍മശക്തിയും വിവിധ കാര്യങ്ങള്‍ക്കുള്ള കഴിവുകളും നഷ്ടമാവുകയാണതിന്റെ മുഖ്യലക്ഷണം.
അങ്ങിനെ സംഭവിക്കുന്നത് തലച്ചോറിലെ കോശങ്ങള്‍ കുറേശ്ശെക്കുറേശ്ശെയായി നശിക്കുന്നതിനാലുമാണ്. വഷളാവുന്നതിനു മുമ്പേതന്നെ രോഗം തിരിച്ചറിയുകയും ചികിത്സയെടുക്കുകയും ചെയ്താലത് രോഗിക്കും കൂടെ ജീവിക്കുന്നവര്‍ക്കും പിന്നീടു നേരിടേണ്ടിവരാവുന്ന കഷ്ടതകള്‍ക്ക് ഏറെ ആശ്വാസമാവും. ദൌര്‍ഭാഗ്യവശാല്‍, ഈ രോഗം പിടിപെടുന്നവര്‍ ആദ്യമൊക്കെ പ്രകടമാക്കുന്ന ലക്ഷണങ്ങള്‍ മിക്കപ്പോഴും പ്രായസഹജമായ ബലഹീനതകള്‍ മാത്രമായി തെറ്റിദ്ധരിക്കപ്പെട്ടുപോവാറുണ്ട്. അല്‍ഷൈമേഴ്സിന്റെ ആരംഭവും വാര്‍ദ്ധക്യസഹജമായ ഓര്‍മപ്പിശകുകളും തമ്മിലുള്ള പത്തു വ്യത്യാസങ്ങള്‍ പരിചയപ്പെടാം:

🔴ചെയ്യാനുള്ള കാര്യങ്ങളും പരിചയക്കാരുടെ പേരുമെല്ലാം ഡെമന്‍ഷ്യയൊന്നുമില്ലാത്ത വയോജനങ്ങളും ഇടക്കൊക്കെ മറന്നുപോവുകയും എന്നാല്‍ ഇത്തിരിനേരം കഴിഞ്ഞ്‌ അവര്‍ക്കതൊക്കെ ഓര്‍ത്തെടുക്കാനാവുകയും ചെയ്തേക്കാം.
തൊട്ടുമുമ്പു നടന്ന കാര്യങ്ങള്‍ നിരന്തരം മറന്നുപോവുന്നെങ്കില്‍ പക്ഷേയത് അല്‍ഷൈമേഴ്സ്ത്തുടക്കത്തിന്റെ സൂചനയാവാം. പ്രധാനപ്പെട്ട തിയ്യതികളും സംഭവങ്ങളും പോലും ഓര്‍മ നില്‍ക്കാതാവുക, ഒരേ കാര്യത്തെപ്പറ്റിത്തന്നെ പിന്നെയുംപിന്നെയും അന്വേഷിക്കാന്‍ തുടങ്ങുക, മുമ്പ് പരാശ്രയമേതുമില്ലാതെ ഓര്‍ത്തുവെച്ചുചെയ്തുപോന്നിരുന്ന കാര്യങ്ങള്‍ക്ക് കുറിപ്പുകളുടെയോ കുടുംബാംഗങ്ങളുടെയോ കൈത്താങ്ങു തേടിത്തുടങ്ങുക എന്നിവയും അല്‍ഷൈമേഴ്സിന്റെ പ്രാരംഭലക്ഷണങ്ങളാവാം.

🔴കണക്കുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ഇടക്കു ചെറിയ പിഴവുകള്‍ പറ്റുക വാര്‍ദ്ധക്യസഹജമാവാം. എന്നാല്‍ ചെയ്യുന്ന കണക്കുകള്‍ മിക്കതും തെറ്റുന്നതും, കാര്യങ്ങളൊന്നുമേ സ്വയം ആസൂത്രണംചെയ്തു നടപ്പാക്കാനാകാതാവുന്നതും, പ്രവൃത്തികള്‍ മുഴുമിക്കാന്‍ പഴയതിലും സമയമാവശ്യമായിത്തുടങ്ങുന്നതും ഗൌരവത്തിലെടുക്കണം.

🔴ടീവിയോ മറ്റോ പ്രവര്‍ത്തിപ്പിക്കാന്‍ ഇടയ്ക്കു വല്ലപ്പോഴും പരസഹായം തേടേണ്ടിവരിക സ്വാഭാവികമാവാം. എന്നാല്‍ ദൈനംദിന കൃത്യങ്ങള്‍ക്കോ പണമിടപാടുകള്‍ക്കോ ക്ലേശമുടലെടുക്കുകയോ ചിരപരിചിതമായ കളികളുടെ നിയമങ്ങള്‍ മറന്നുപോവുകയോ ചെയ്യുന്നെങ്കില്‍ അതു പ്രായസഹജം മാത്രമാവില്ല.

🔴ദിവസമോ തിയ്യതിയോ ഓര്‍ത്തെടുക്കാന്‍ സ്വല്‍പം കൂടുതല്‍ സമയമെടുക്കുക നോര്‍മലാവാം. എന്നാല്‍ നില്‍ക്കുന്ന സ്ഥലമേതാണ്, അവിടെ എത്തിപ്പെട്ടതെങ്ങിനെയാണ് എന്നതൊക്കെ മറന്നുപോവുന്നെങ്കിലോ, തിയ്യതിയോ കാലം നീങ്ങുന്നതോ ഒക്കെ ഓര്‍ത്തിരിക്കാനാവാതെ വരുന്നെങ്കിലോ അല്‍ഷൈമേഴ്സ് സംശയിക്കാം.

🔴തിമിരമോ മറ്റോ മൂലം കാഴ്ചശക്തി കുറയാം. എന്നാല്‍ വായനയോ നിറം തിരിച്ചറിയുന്നതോ അകലം ഊഹിച്ചെടുക്കുന്നതോ ദുഷ്കരമാവുന്നെങ്കില്‍ പ്രശ്നം കണ്ണിന്റെ തന്നെയാവണമെന്നില്ല, അല്‍ഷൈമേഴ്സിന്റെ ഭാഗവുമാവാം.

🔴സംസാരമദ്ധ്യേ യോജിച്ച വാക്കു തെരഞ്ഞുപിടിക്കാന്‍ ഇടക്കൊന്നു തപ്പിത്തടയേണ്ടി വരിക വാര്‍ദ്ധക്യസഹജമാണ്. എന്നാല്‍ സംഭാഷണങ്ങളില്‍ ശ്രദ്ധയൂന്നാനോ ഭാഗഭാക്കാവാനോ കഴിയാതാവുന്നതും വാചകങ്ങള്‍ പാതിവഴി നിര്‍ത്തേണ്ടിവരുന്നതും എന്താണു പറഞ്ഞുകൊണ്ടിരുന്നതെന്ന് ഓര്‍മ കിട്ടാതെ ഒരേ കാര്യം പിന്നെയുമാവര്‍ത്തിക്കുന്നതും സംസാരത്തില്‍ തെറ്റായ വാക്കുകള്‍ പ്രത്യക്ഷപ്പെടുന്നതും സാരമായെടുക്കണം.

🔴ഒരു സാധനം എവിടെയാണു വെച്ചതെന്ന് ചിലപ്പോഴൊക്കെ മറന്നുപോവുന്നതും താമസംവിനാ അതോര്‍ത്തെടുക്കുന്നതും വാര്‍ദ്ധക്യത്തിന്റെ ഭാഗമാവാം. എന്നാല്‍ വസ്തുവകകള്‍ അടിക്കടി എവിടെയെങ്കിലും വെച്ചുമറന്നുപോവുന്നതിനെയും ആരോ അവ മോഷ്ടിച്ചെന്ന് വ്യാജാരോപണമുയര്‍ത്തുന്നതിനെയും അങ്ങിനെ കാണാനാവില്ല.

🔴ഇടക്കെപ്പോഴെങ്കിലുമൊക്കെയൊരു പിശകുള്ള തീരുമാനം ആരുമെടുക്കാം. എന്നാല്‍ സാഹചര്യങ്ങളെ വിലയിരുത്തുന്നതിലും ഉചിതമായ തീരുമാനങ്ങളെടുക്കുന്നതിലും ദേഹശുദ്ധി പാലിക്കുന്നതിലുമൊക്കെയുള്ള നിരന്തരമായ വീഴ്ചകള്‍ അല്‍ഷൈമേഴ്സിന്റെ നാന്ദിസൂചകമാവാം.

🔴ഏതു പ്രായക്കാരെയും പോലെ മുതിര്‍ന്നവരുടെയും വൈകാരികനിലയില്‍ സാഹചര്യത്തിനൊത്ത വ്യതിയാനങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍ ചിരപരിചിതമായ സ്ഥലങ്ങളുടെയോ സാഹചര്യങ്ങളുടെയോ സ്വസ്ഥവൃത്തത്തില്‍ നിന്നു പുറംകടക്കേണ്ടി വരുമ്പോഴൊക്കെ അതിയായ ആകുലതയും കോപവും സംശയബുദ്ധിയുമൊക്കെ തലപൊക്കുന്നെങ്കിലത് അല്‍ഷൈമേഴ്സ് ഉളവാക്കുന്ന ഓര്‍മപ്പിശകുകളുടെ ഭാഗമാവാം.

🔴ജോലിപരമോ കുടുംബപരമോ സാമൂഹ്യപരമോ ആയ ഉത്തരവാദിത്തങ്ങളോട് ഇടക്കൊരു വിരക്തി തോന്നുന്നതിനെ വലിയ കാര്യമാക്കേണ്ടതില്ല. എന്നാല്‍ ജോലി, ബന്ധങ്ങള്‍, ഹോബികള്‍, സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയില്‍നിന്നു സദാ ഒഴിഞ്ഞുമാറാനുള്ള പ്രവണതയെ ലാഘവത്തോടെയെടുക്കരുത്

തീ പ്രശ്നമാണ് - Dr. Jimmy Mathew

തീ പ്രശ്നമാണ് by Dr. Jimmy Mathew
"ചുമ്മാ ഭർത്താവിനെ പേടിപ്പിക്കാൻ ചെയ്തതാണ് " മുപ്പതുകാരിയായ സ്ത്രീ പറഞ്ഞതിതാണ് . ഒരു ചെറിയ വഴക്കിനു ശേഷം സ്വയം സാരിക്ക് തീ കൊളുത്തിയതാണ് . കാണുമ്പോൾ അധികം പൊള്ളിയിട്ടില്ല . ഒരു കൈ ഏകദേശം മൊത്തം - അതായത് ഒൻപതു ശതമാനം . പിന്നെ നെഞ്ചിലും വയറിലും കുറച് . നെഞ്ചിൻറെയും വയറിന്റെയും മുൻഭാഗം മുഴുവൻ പതിനെട്ടു ശതമാനമാണ് . ഇതൊരു പതിനഞ്ചു ശതമാനമേയുള്ളു . അതായത് ആകെ ഏകദേശം ഇരുപതു - ഇരുപത്തഞ്ചു ശതമാനം മാത്രം . ഡോക്ടർമാരല്ലാത്ത ആളുകൾ പോലും പെട്ടന്ന് കണ്ടാൽ അത്ര ഗുരുതരമല്ലല്ലോ എന്ന് തോന്നും .
പക്ഷെ മൂന്നാഴ്ചയോളം മരണത്തോട് മല്ലിട്ടു അവസാനം അതിനു കീഴടങ്ങുകയായിരുന്നു അവർ . അവസാന നാളിലും അവർ പറഞ്ഞു :
"ഞാൻ വെറുതെ പകുതി തമാശക്കു ചെയ്തതാ "
നമ്മൾ ഒന്ന് മനസ്സിലാക്കണം . നമ്മുടെ നാട്ടിൽ തീരെ വികസിച്ചിട്ടില്ലാത്ത ഒരു കാര്യമാണ് തീപൊള്ളലിന്റെ ചികിത്സ. തീപൊള്ളൽ തടയുകയാണ് ഏറ്റവും വേണ്ടത് . എന്നാൽ നമുക്കിവിടെ തീരെ അവബോധമില്ലാത്ത കാര്യങ്ങളിലൊന്നുമാണിത്
ഒരു ഇരുപതു ശതമാനത്തിനു മേലെ പൊള്ളലുണ്ടായാൽ അത് അപകടകാരിയാവാം . അമ്പതു ശതമാനത്തിനു മേലെയാണ് പൊള്ളലേങ്കിൽ മരണപ്പെടാനുള്ള സാധ്യത വളരെ അധികമാണ് .
വളരെ പൊള്ളലുണ്ടെങ്കിൽ നിർജലിക്കരണം വന്നു ആൾ ഒന്ന് രണ്ടു ദിവസങ്ങൾക്കുള്ളിൽ മരിക്കാം . എന്നാൽ ആശുപത്രിയിലെത്തിച്ചു സിരകളിൽ കൂടി ജലം നൽകുന്നത് വഴി ഈ മരണങ്ങൾ മിക്കവാറും ഒഴിവാക്കാം . എന്നാൽ നാലഞ്ച് ദിവസങ്ങൾക്കുള്ളിൽ പൊള്ളിയ ഭാഗത്തുണ്ടാവുന്ന അണുബാധ തൊലിയുടെ സുരക്ഷാകവചം ഇല്ലാത്തതിനാൽ ശരീരത്തിൽ പ്രവേശിക്കുന്നതാണ് ഒട്ടു മിക്ക മരണങ്ങളുടെയും കാരണം .
എന്നാൽ പത്തു ശതമാനത്തേക്കാൾ താഴെയാണ് പൊള്ളലിങ്കിൽ വലിയ കുഴപ്പമില്ല . പ്രത്യേകിച്ചും തിളച്ച വെള്ളം വീണുണ്ടാവുന്ന പൊള്ളൽ ഒരു പത്തു ദിവസത്തിനുള്ളിൽ ദിവസവും കഴുകി മരുന്ന് പുരട്ടുന്നതിലൂടെ മിക്കവാറും ഉണങ്ങും. പൊള്ളലിന് അധികം ആഴമുണ്ടായിരിക്കയില്ല - അതാണ് പെട്ടന്ന് തനിയെ ഉണങ്ങാൻ കാരണം . തീ , തിളച്ച എണ്ണ , മുതലായവ ആഴത്തിലുള്ള പൊള്ളൽ ഉണ്ടാക്കിയേക്കാം . ഇത് ചെറിയ ശതമാനമാണെങ്കിൽ കൂടി ചിലപ്പോൾ പിന്നീട് തൊലി വെട്ടി ഒട്ടിക്കുന്ന ശസ്ത്രക്രിയ ചെയ്യേണ്ടി വന്നേക്കാം .
അതിപ്രധാനം തീപൊള്ളല് വരുന്നത് തടയുന്നതു തന്നെ .
1 . തമാശക്ക് പോലും സ്വയം തീ കൊളുത്തുന്നതിനെപ്പറ്റി ആലോചിക്കുകയെ അരുത് .
2 . തീ സൂക്ഷിച്ചു കൈകാര്യം ചെയ്യുക . സാരി, ഷാൾ , തട്ടം എന്നിവ പറന്നു തീയിലേക്ക് കിടക്കരുത് .
3 . ചെറിയ പെൺകുട്ടികളെ (ആൺകുട്ടികളും) അടുക്കളയിൽ പാകം ചെയ്യാൻ തനിയെ വിടരുത്
4 . ഗ്യാസിന്റെ മണം വന്നാൽ സിലിണ്ടർ കെടുത്തുക - പൂർണമായും . ഒരു സ്വിച്ച്ചും ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യരുത് . ഫാനിടരുത് . ജനലും വാതിലും മണം പോകുന്നത് വരെ തുറന്നിടുക . റിപ്പയറിനു ആളെ വിളിക്കുക
5 . സിഗരറ്റു കുറ്റി , കത്തുന്ന തീപ്പെട്ടി എന്നിവ കെടുത്തി എന്നുറപ്പു വരുത്തിയതിനു ശേഷം മാത്രം കളയുക .
6 . തിളച്ച വെള്ളം സൂക്ഷിക്കുക . നല്ലൊരു ശതമാനം തിളച്ച വെള്ളം മൂലമുണ്ടാവുന്ന പൊള്ളലുകൾ കുട്ടികളിലാണ് . അവർ ബക്കറ്റും മറ്റും വലിച്ചിട്ടു മറിക്കും .
7 . വൈദ്യുതി പ്രശ്നമാണ് - പ്രത്യേകിച്ചും തേപ്പുപെട്ടി , വെള്ളം പമ്പ് ചെയുന്ന മോട്ടോറുകൾ എന്നിവ . സൂക്ഷിച്ചു ഉപയോഗിക്കുക
8 . ഹൈ ടെൻഷൻ ലൈനുകളിൽ തട്ടി ഉണ്ടാകുന്ന പൊള്ളലുകളോളം അപകടകാരി മറ്റൊന്നില്ല . പറ്റിയാൽ മരണം അഥവാ ഗുരുതര അംഗവൈകല്യം ഉറപ്പാണ് . വളരെ ആഴത്തിലുള്ള പൊള്ളലുകൾ എല്ലിലും രക്തക്കുഴലിലും മറ്റും ബാധിക്കുന്നതിനാൽ കൈ , കാൽ ഒക്കെ മുറിച്ചു മാറ്റേണ്ടി വരുന്നത് സാധാരണ ആണ് . മരങ്ങളിൽ കായ് പറിക്കാൻ നീളത്തിലുള്ള തോട്ടികൾ ഉപയോഗിക്കുന്നത് മൂലമുള്ള ഗുരുതര വൈദ്യുത ആഘാതങ്ങൾ വളരെ കൂടി വരുന്നു . അലൂമിനിയം തോട്ടികൾ മാത്രമല്ല പ്രശ്നം എന്നോർക്കുക . ഹൈ ടെൻഷൻ ലൈൻ ആണെങ്കിൽ എന്ത് കോണ്ടാക്റ്റും വളരെ പ്രശ്നമാണ് .
9 . പടക്കം സൂക്ഷിച്ചു ഉപയോഗിക്കുക . കൈയിൽ വച്ച് പൊട്ടിക്കുക , പൊടി കൂട്ടിയിട്ടു കത്തിക്കാൻ ശ്രമിക്കുക തുടങ്ങിയുള്ള വീരസ്യങ്ങൾ വേണ്ട
.
വസ്ത്രത്തിനു തീ പിടിച്ചാൽ ഉടൻ നിലത്തു കിടന്നുരുളണം . ഓടരുത് . ആരുടെയെങ്കിലും വസ്ത്രത്തിനു തീ പിടിച്ചാൽ നിലത്തുരുളാൻ പറഞ്ഞിട്ട് പുതപ്പോ ചാക്കോ പൊതിഞ്ഞോ വെള്ളമൊഴിച്ചോ തീ കെടുത്താം
പൊള്ളലേറ്റാൽ ഒരു പത്തു ശതമാനത്തിൽ താഴെയാണെങ്കിൽ (ഏകദേശം ഒരു തോൾ മുതൽ കൈപ്പത്തി വരെയുള്ള അത്രയും ഏരിയ ) ധാരയായി തണുത്ത വെള്ളം ഏകദേശം പത്തു മിനിട്ട് ഒഴിക്കാവുന്നതാണ് . പതിനഞ്ചു ശതമാനം വരെ ഇങ്ങനെ ചെയ്യാം . അതിനു മേലെയുള്ള വലിയ പൊള്ളലുകളിൽ ഒന്നും ചെയ്യരുത് . കരിഞ്ഞ വസ്ത്രങ്ങൾ മുറിച്ചെടുത്തു കളയാം . വൃത്തിയായ പുതപ്പിൽ മുഴുവൻ പുതപ്പിച്ചു എത്രയും പെട്ടന്ന് ആശുപത്രിയിൽ എത്തിക്കണം . വെള്ളവും ഭക്ഷണവും ഉടൻ കൊടുക്കരുത് .
ഓർക്കുക - തീ പ്രശ്നമാണ് . നമ്മുടെ സുഹൃത്താണ് . പക്ഷെ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട സുഹൃത്ത്

Saturday 4 February 2017

കാൻസർ എന്ത് ?എങ്ങനെ കണ്ടത്താം ? Dr. Anjit Unni

#wecanIcan
#worldcancerday
കാൻസർ രോഗം എന്ത് ,എങ്ങനെ കണ്ടത്താം ? ലോക കാൻസർ ദിനത്തിൽ Dr. Anjit unni എഴുതുന്നു

"Cancer cells are cells that have forgotten how to die"
അനിയന്ത്രിതമായി പെരുകയും മരണവിളികളിൽ നിന്ന് മുക്തി നേടുകയും ചെയ്യുന്ന കോശങ്ങൾ ശരീരത്തെ കീഴടക്കി പതിയെ ജീവനു മുകളിൽ പിടി മുറുക്കുകയും ചെയ്യുന്ന രോഗമാണ് കാൻസർ.  ജീവിത ശൈലിയിലെ മാറ്റങ്ങൾ കൊണ്ടും ആധുനിക ചികിൽസാ സൗകര്യങ്ങളുടെ ഫലമായി ആയുർദൈർഘ്യം വർധിച്ചതിൻറെയും മെച്ചപ്പെട്ട ചികിത്സാ നിർണ്ണയ സംവിധാനങ്ങൾ നിലവിൽ വന്നതോടെ കാൻസർ നിർണ്ണയം പണ്ടത്തേക്കാൾ കാര്യക്ഷമമായതിന്റെയും പ്രഭാവത്താലും  കാൻസർ രോഗം സമൂഹത്തിൽ കൂടിയതായി കാണപ്പെടുന്നു. നേരത്തേയുള്ള രോഗനിർണ്ണയമാണ് പ്രതിരോധം കഴിഞ്ഞാൽ ഏറ്റവും നല്ല കാൻസർ രക്ഷാ മാർഗം
***********************************
--കുറുംബിയമ്മ ഡപ്പി തുറന്നു സായിവിന്റെ ഉള്ളംകൈയിൽ പൊടി കുടഞ്ഞിട്ടു.പൊടിയുടെ ലഹരിയിൽ സായ്വിന്റെ കണ്ണുകൾ വീണ്ടും അടഞ്ഞു .
"സായിവേ ,ആ വാഴേലെ കോരെന്റെ സൂക്കേട് മാറ്വോ സായിവേ ?"
"ഓന് കവിളരശ്യാ .."
"അത് മാറുന്ന സൂക്കേടല്ലേ സായിവേ ?"
"കവിളരശി വന്നാൽ മാറ്വോ കോറംബീ "
"എന്റീശ്വരാ ! ഓന്റോളും കുട്ട്യോളും വഴിയാധരായല്ലോ -------"
          * * *                                                               (മയ്യഴിപുഴയുടെ തീരങ്ങളിൽ…)

തലമുറകള്ക്ക് മുന്പെയുള്ള ഈ സാഹചര്യം ആണ് ഇന്നും നിലനില്കുന്നത് എന്നും കവിളരശി എന്ന് നോവലിൽ വിശേഷിപിക്കുനതിനു കുറച്ചു കൂടെ അന്തസ്സിൽ കാൻസർ എന്നൊക്കെ വിളിക്കുന്നുണ്ട് എന്നല്ലാതെരോഗിയുടെ കാര്യത്തിൽ ഇപ്പറഞ്ഞതിൽ വലിയ മാറ്റമൊന്നും ഇല്ല എന്നൊരു ധാരണ സമൂഹത്തിൽ നിലനില്കുന്നുണ്ട്

പാഠം 1 - കൃത്യ സമയത്ത് രോഗനിർണയം കാൻസർ ചികിൽസയിൽ നിർണായകം
കാൻസർ എന്നത് ഒറ്റ തലക്കെട്ടിൽ വിവരിക്കാവുന്ന ഒരു രോഗമല്ല. പല അവയവങ്ങളിലും പല തരം കോശങ്ങളുടെ കാൻസറുകൾ. .ഒരു സാമാന്യവൽക്കരണം ബുദ്ധിമുട്ടാണെങ്കിലും പൊതുവെ അപായസൂചനകളായി പ്രത്യക്ഷമാകുന്ന, മുഴകൾ ,പണ്ടേ ഉള്ള മുഴകളിൽ മാറ്റം കാണുക ( നിറവ്യത്യാസം ,വേദന ,വലുപ്പം കൂടുക ), രക്തസ്രാവം, തൂക്കം കുറയുക,നീണ്ടുനിൽകുന്ന പനി, പെട്ടെന്നുണ്ടാവുന്ന ശബ്ദ നഷ്ടം  തുടങ്ങിയ ലക്ഷണങ്ങൾ അവഗണിക്കാതിരിക്കുക.

സ്തനങ്ങളിലും  മറ്റുമുള്ള മുഴകൾ സ്വയം പരിശോധനയിലൂടെ കണ്ടെത്താൻ മിക്കപ്പോഴും കഴിയും. ഇത്തരം സൂചനകൾ ലഭിച്ചാൽ താമസം കൂടാതെ വൈദ്യസഹായം തേടുക എന്നത് പരമപ്രധാനം ആണ്  .കാൻസർ രോഗനിർണയം  എങ്ങനെ നടത്തുന്നു എന്നതാണ് ഈ ചെറു ലേഖനത്തിൽ പറയാൻ ഉദ്ദേശിക്കുന്നതെങ്കിലും ഇതിനെക്കുറിച്ച് ഓർമ്മപ്പെടുത്താതെ അതിനു മുതിരുന്നത് വ്യർത്ഥമാണ്.

കാൻസർ നിർണയം എങ്ങനെ
വിദഗ്ദനായ ഒരു ചികിൽസകന്  രോഗിയുടെ ലക്ഷണങ്ങളുടെ വർണനയിൽ നിന്നും വിശദമായ ശരീരപരിശോധനയിൽ നിന്നും കാൻസറിന്റെ സാധ്യതയെ കുറിച്ചും മറിച്ചാവാനുള്ള സാധ്യതയെക്കുറിച്ചും സൂചനകൾ ലഭിക്കുന്നു. തുടർ പരിശോധനകൾ ആരംഭിക്കുന്നു.
1. രക്ത പരിശോധനകൾ

സാധാരണ രക്ത പരിശോധനയിൽ നിന്നു പരിശോധനകൾ ആരംഭിക്കുന്നു.  രക്താർബുദങ്ങളെ ക്കുറിച്ച് മിക്കപ്പോഴും ഇതിലൂടെ  സൂചനകൾ ലഭിക്കുന്നു. രക്തം ലേപനം ചെയ്ത (smear) ചില്ലുകൾ ഒരു പത്തോളജിസ്റ്റ് മൈക്രോസ് കോപ്പിനു കീഴിൽ പഠിച്ചു ഇത് സ്ഥിരീകരിക്കുന്നു. ഇത്തരം അവസരങ്ങളിൽ കൃതമായി തരം തിരിക്കാൻ മാർക്കർ പoനങ്ങൾ, കോശങ്ങളുടെ സ്വഭാവം മനസ്സിലാക്കാനുള്ള ജനിതകവ്യതിയാനങ്ങൾ കണ്ടെത്താനുള്ള ക്രോമോസോം പഠനങ്ങൾ  എന്നിവയും നിർദ്ദേശിക്കപ്പെടുന്നു. ചികിത്സയിലും ഇത് നിർണ്ണായകമായേക്കാം. ഇത്തരം മിക്ക അവസരങ്ങളിലും രകത കോശങ്ങളുടെ നിർമാണശാലയായ മജ്ജ പഠനവിധേയമാക്കാൻ  ആവശ്യപ്പെടാറുണ്ട്.
മറ്റ് അവയവങ്ങളിൽ പലപ്പോളും അർബുദ കോശങ്ങൾ ഉയർന്ന അളവിൽ ഉൽപ്പാദിപ്പിക്കുന്ന ചില രാസപദാർത്ഥങ്ങളുടെ പതിവിൽ കവിഞ്ഞ സാന്നിധ്യം രക്ത പരിശോധനയിൽ കണ്ടെത്തുന്നത് രോഗനിർണയത്തിന് സഹായമാകും. ഇവയെ ട്യൂമർ മാർക്കറുകൾ (tumour markers) എന്നു വിളിക്കുന്നു. ഉദാഹരണത്തിന് പ്രോസ്റ്ററ്റ്  ഗ്രന്ഥിയിലെ അർബുദ ബാധിതർക്ക് രക്തത്തിൽ പി.എസ്.എ(P.S.A-Prostate Specific Antigen) യുടെ  അളവ് അമിതമായി കാണപ്പെടുകയും രോഗം പുരോഗമിക്കുന്നതിനൊപ്പം അളവ് വർദ്ധിക്കുകയും ചെയ്യുന്നു.
2. ഇമേജിംഗ് പഠനങ്ങൾ

ശരീരത്തിനകത്തുള്ള ദൃശ്യങ്ങൾ കാണുവാനുള്ള സങ്കേതങ്ങളാണ് imageing എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് .പരിചിതമായ ഭാഷയിൽ xray ,മമ്മോഗ്രഫി,ct scan,mri തുടങ്ങിയവ ഇതിൽ ഉൾപെടും ..വിവിധ തരം തരംഗങ്ങൾ ശരീരത്തിൽ (ഉദാ..Xray ,ശബ്ദ തരംഗങ്ങൾ ,മാഗ്നെറ്റിക് ഫീൽഡുകൾ )പ്രവേശിപിക്കുമ്പോൾ അവക്ക് മാറ്റം സംഭവിക്കുകയും  തല്ഫലമായി അവയവങ്ങൾ അനുസരിച്ച് അവ  രൂപവിന്യാസം നടത്തിയുമുണ്ടാവുന്ന ചിത്രങ്ങളാണ് ഇവയുടെ എല്ലാം അടിസ്ഥാനം . നെഞ്ചിന്റെ xray ,സ്തനാർബുദ നിർണയത്തിൽ മമ്മോഗ്രഫി എന്നിവ ഇപ്രകാരം സർവസാധാരണമായി ഉപയോഗപെടുതുന്നുണ്ട് .ആന്തരികാവയവങ്ങളിലെ മുഴകളുടെ സ്വഭാവം നിർണയിക്കുവാൻ CT ,MRI എന്നിവയും വ്യാപകമായി ആശ്രയിക്കപെടുന്നു .

ഇത് കൂടാതെ രോഗനിർണയം നടന്നു കഴിഞ്ഞതിന്റെ   കാൻസർ പരന്നതിന്റെ വ്യാപ്തി മനസ്സിലാക്കി ചികിത്സ ആസൂത്രണം ചെയുന്ന STAGING നും മറ്റും പലപ്പോഴും ഇത്തരം പരിശോധനകൾ ആവശ്യമായി വരും

3. കോശാധിഷ്ടിത രോഗ നിർണയം (TISSUE DIAGNOSIS)
ഏകദേശം എല്ലായ്പ്പോഴും ,മുഴയിലെ കോശങ്ങൾ പഠിച്ചു എന്ത് തരം മാറ്റങ്ങൾ ആണ് അവയ്ക്ക് സംഭവിക്കുന്നത് എന്ന് മനസ്സിലാകാനുള്ള tissue diagnosis പഠനങ്ങൾ കാൻസർ സ്ഥിരീകരണത്തിനും ചികിൽസാ നിർണയത്തിനും അത്യന്താപേക്ഷിതമായി തീരുന്നു .ഇതിനു മുഴയുടെ ഒരു ഭാഗമോ ചിലപ്പോഴൊക്കെ മുഴുവനോ ശസ്ത്രക്രിയയിലൂടെ മുറിച്ചെടുത്തു മൈക്രോസ്കോപിലൂടെയുള്ള പഠനങ്ങൾക്ക് വിധേയമാക്കുന്നു .ഇതിനെയാണ് biopsy എന്ന് പറയുന്നത് .എന്നാൽ ഇപ്പോൾ ഓപറേഷൻ ഒഴിവാക്കി ഇതിലും ലളിതമായി ഒരു സൂചി ഉപയോഗിച്ച് മുഴയിലുള്ള കോശങ്ങളെ വലിച്ചെടുത് അവയെ പഠിക്കുന്ന രീതിയാണ് മുഴകളുടെ സ്വഭാവം നിർണയിക്കാൻ മിക്ക അവസരങ്ങളിലും പ്രാഥമികമായി ഉപയോഗപെടുതുന്നത് . ഇതിനെ FNAC എന്നു വിളിക്കുന്നു.

FNAC
Fine Needle Aspiration Cytology എന്നതിന്റെ ചുരുക്ക രൂപമാണ് FNAC . (നീരുകുത്തി പരിശോധിക്കുക)
ശരീരത്തിലെ വിവിധ   ഭാഗങ്ങളിൽ ഉണ്ടാകുന്ന മുഴകളിൽ നിന്ന് ഒരു സൂചി ഉപയോഗിച്ച് കോശങ്ങൾ വലിച്ചെടുത് ആ കോശങ്ങളെ ഒരു പത്തോളജിസ്റ്റ് പഠിക്കുന്ന രീതി യാണ് FNAC

.1930 കളിൽ സ്കാന്റിനേവിയൻ രാജ്യങ്ങളിൽ ഉപയോഗിച്ച് തുടങ്ങിയ ഈ രീതി ഇന്ന് വികസിച്ചു രോഗ നിര്ണയ വിദ്യകളിൽ പ്രധാനപെട്ട സ്ഥാനത് നില്കുന്നു . ശരീരത്തിൽ പ്രത്യക്ഷമായി കാണാവുന്ന മുഴകളിൽ ,ഡോക്ടറുടെ നിർദേശ പ്രകാരം FNAC ചെയ്യപ്പെടുന്നു . THYROID ഗ്രന്ഥി ,സ്തനങ്ങൾ എന്നിവയിലെ മുഴകൾ , കഴല വീക്കം    ,തൊലിപ്പുറത്ത് കാണുന്ന വിവിധ  തരം തടിപ്പുകൾ എന്നിവയിൽ ഈ പരിശോധന  വ്യാപകമായി ഉപയോഗിക്കപെടുന്നുണ്ട് കാൻസർ സ്ഥിരീകരിക്കപെടുകയോ സംശയിക്കപെടുകയോ   ചെയ്യുന്ന ഒരു വ്യക്തിക്ക് മറ്റു അവയവങ്ങളിൽ പ്രത്യേകിച്ച് കഴലയിൽ തടിപ്പ് കാണുമ്പോൾ അത് കാൻസർ പടർന്നതാണോ എന്നറിയാനും ഈ പരിശോധനയെ ആശ്രയികുന്നുണ്ട് .
ഇത് കൂടാതെ ശ്വാസകോശം ,  കരൾ തുടങ്ങിയ അന്തരികാവയവങ്ങളിൽ വീക്കമോ മുഴയോ സ്കാന്നിംഗ് വേളയിൽ  കാണുമ്പോൾ സ്കാൻ സഹായത്തോടെ മുഴയിലേക്ക് സൂചി കിടത്തി സ്കാൻ നിയന്ത്രിത FNAC(GUIDED FNAC)   ഇന്ന് കൂടുതൽ ചെയ്തു വരുന്നുണ്ട് .

ഒരു OP പരിശോധന പോലെ ഏകദേശം പതിനഞ്ചു മിനിറ്റു കൊണ്ട്  ഈ പരിശോധന അവസാനിക്കുന്ന ഈ പരിശോധനയിൽ രോഗിയെ മയക്കെണ്ടേ  ആവശ്യം വരുന്നില്ല .

ബയോപ്സി
ബയോപ്സി   എന്താണെന്ന് പറഞ്ഞു കഴിഞ്ഞുവല്ലോ . കാൻസർ സംശയിക്കുന്ന
ഭാഗത്തു നിന്ന് കോശങ്ങൾ പഠനതിനെടുക്കുന്ന രീതി അനുസരിച് ബയോപ്സി പലതരം ആയി കണക്കാക്കാം.

ഇന്സിഷൻ ബയോപ്സി(INCISION BIOPSY)

മുഴയുടെ ഒരു ഭാഗം, അല്ലെങ്കിൽ സംശയാസ്പദമായ മാറ്റങ്ങൾ ഉള്ള ,അല്ലെങ്കിൽ ക്ഷതമുള്ള ഒരു ഭാഗം ശസ്ത്രക്രിയയിലൂടെ മുറിച്ചെടുത്തു മൈക്രോസ്കോപിലൂടെയുള്ള പഠനങ്ങൾക്ക് വിധേയമാക്കുന്നു

എക്സിഷൻ ബയോപ്സി

മുഴ മുഴുവനായി (excision) ശസ്ത്രക്രിയയിലൂടെ മുറിച്ചെടുത്തു പഠനവിധേയമാക്കുന്നു

കോർ ബയോപ്സി

പ്രത്യേക തരം  സൂചി ഉപയോഗിച്ച് സംശയാസ്പദമായ ഭാഗത്തു നിന്ന് സൂചി വട്ടത്തിൽ ചെറിയ സിലിന്ഡർ രൂപത്തിൽ വലിച്ചെടുത്ത് പഠനാർത്ഥം സമർപികുന്നതിനെയാണ് കോർ ബയോപ്സി ,ട്രൂ കട്ട് ബയോപ്സി എന്നിവ കൊണ്ട് വിവക്ഷികുന്നത് .സ്തനാർബുദം ,പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ കാൻസർ എന്നിവയിൽ ഇവ വ്യാപകമായി ഉപയോഗപെടുതുന്നു

എന്റോസ്കോപ്പി ബയോപ്സി(ENDOSCOPIC BIOPSY)
പെൻസിൽ വണ്ണമുള്ള യഥേഷ്ടം വളയുന്ന അറ്റത്ത് പ്രകാശസ്രോതസ്സും ക്യാമറയും ഉള്ള ട്യൂബുകൾ ആണ് ENDOSCOPY ക്ക് ഉപയോഗിക്കുന്നത്
വായിലൂടെ ഈ ട്യൂബ് കടത്തിയാൽ അന്നന്നാളം ,ആമാശയം ചെറുകുടൽ എന്നിവയുടെ ഭിത്തിയിലുള്ള സംശയാസ്പദമായ മുറിവുകളും വളർച്ചകളും (polyps) എന്ന് തുടങ്ങി സൂക്ഷ്മമായ  മാറ്റങ്ങൾ പോലും  സ്ക്രീനിൽ കാണുകയും അവിടുന്ന് ബയോപ്പ്സി നടത്തുകയും ചെയ്യാം. വൻകുടൽ, ചെറു കുടലിന്റെ അവസാന ഭാഗം എന്നിവടങ്ങളിലെ കുടൽഭിത്തിയിലെ ബയോപ്സിക്ക് മലദ്വാരം വഴിയാണ് (COLONOSCOPY) ട്യൂബ് കടത്തുക.

ലളിതവും സുരക്ഷിതവുമായ ഈ രോഗനിർണയ മാർഗം കുടൽ കാൻസറിന്റെ രോഗനിർണയത്തിൽ ഗണ്യമായ മാറ്റം വരുത്തി (ഇത്തരം പരിശോധനകൾക്ക് പൊതുവേ സകോപി എന്നാണ് പറയുക .ശ്വാസനാളത്തിൽ ആണ് ഇത്തരം സ്കോപ് പരിശോധനയിലൂടെ ബയോപ്സി നടത്തുന്നതെങ്കിൽ BRONCHOSCOPY എന്ന് വിളിക്കുന്നു)

ഇങ്ങനെ സമഗ്രമായി ഇതു വിശദീകരിക്കുവാൻ സ്ഥല പരിമിതി അനുവദികില്ലെങ്കിലും കാൻസർ ബാധിതമെന്നു സംശയികുന്ന അവയവത്തിൽ നിന്ന് കോശങ്ങൾ എടുത്തു രോഗനിർണയം നടത്തുന്ന ബയോപ്സി പഠനങ്ങൾ പരമപ്രധാനം ആണെന്ന് ചുരുക്കം

ചില പ്രധാന തുടർപരിശോധനകൾ

ഇമ്മുണോഹിസ്റ്റോകെമിസ്ട്രി (IMMUNOHISTO CHEMISTRY )
ചില അവസരങ്ങളിൽ സാധാരണ MICROSCOPY പഠനങ്ങളിൽ കാൻസർ ആണെന്ന് സ്ഥിരീകരിക്കാൻ സാധിച്ചു എന്ന് വന്നാലും എന്ത് തരം കാൻസർ ആണ് എന്ന് നിർവചികുന്നത് ദുഷ്കരമായി വരുന്നു.ചികിത്സക്ക് ഇത് അത്യന്താപേക്ഷിതം ആണ് എന്നത് പറയേണ്ടതില്ലല്ലോ. കാൻസർ കോശങ്ങൾ പലപ്പോഴും അവയ്ക്ക് കാരണമായ കോശങ്ങളിൽ നിന്ന് രൂപത്തിലും പെരുമാറ്റത്തിലും തീർത്തും വ്യത്യസ്തമായി തോന്നിപിക്കുന്നതാണ് ഇതിനു പ്രധാന കാരണം .ഇത്തരം അവസരങ്ങളിൽ കാഴ്ചയെക്കാൾ കോശങ്ങളുടെ സ്വഭാവം വിളിച്ചു പറയുന്ന രാസപദാർത്ഥങ്ങളുടെ സാന്നിധ്യം തിരിച്ചറിയുന്നതിലൂടെ അവയെ തിരിച്ചറിയാൻ ശ്രമിക്കുക എന്നതാണ് ചെയ്യുന്നത് . "കാൻസർവല്കരിക്കപെട്ട " കോശങ്ങളിൽ ഉണ്ട് എന്ന് ശാസ്ത്രീയമായി തെളിയികപെട്ട രാസവസ്തുക്കൾ  (പലപ്പോഴും പ്രോട്ടീനുകൾ _) അവയുടെ അടയാളവസ്തു (MARKER ) ആയി കണ്ടു രാസപ്രക്രിയകളിലൂടെ അവയെ നമ്മൾ തിരിച്ചറിയുന്നു .ഇതിനെ ഇമ്മുണോഹിസ്റ്റോകെമിസ്ട്രി (IMMUNOHISTO CHEMISTRY ),ചുരുക്കത്തിൽ IHCഎന്ന് വിളിക്കുന്നു. ചിലവല്പം ഏറുമെങ്കിലും യുക്തിപരമായി ഒരു വിദഗ്ദ ഡോക്ടർ നിർദേശിക്കുമ്പോൾ ൾ  കൃത്യമായ രോഗനിർണയത്തിനു വഴി തെളിക്കുന്ന ചിലവിനൊത്ത മൂല്യം തരുന്ന ഒരു cost -effective പരിശോധന തന്നെയാണ് ഇത്.

FLOW CYTOMETRY
കോശങ്ങളെ  അതിനായി സജ്ജീകരിക്കപെട്ട ടൂബിലൂടെ ഒഴുക്കിവിടുകയും അതിലേക്കു laser രശ്മി പോലുള്ള പ്രകാശം കടത്തി വിടുകയും കോശങ്ങളുടെ വലുപ്പവും പ്രകൃതവും അനുസരിച്ച് പ്രകാശം ചിതറുന്നത് കണക്കാക്കി അവയുടെ സ്വഭാവത്തെകുറിച്ചുള്ള തീരുമാനതിലെത്തുന്ന പരിശോധന .പ്രധാനമായും രക്തകോശങ്ങളിൽ നിന്നുണ്ടാകുന്ന അർബുദങ്ങളിൽ ഉപയോഗിക്കുന്നു

Genetic,Molecular പഠനങ്ങൾ -

കാൻസർ കോശങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ നിർണയികുന്നത് രോഗനിർണയത്തിനു എന്നതിലുപരി ചികിത്സയിൽ പ്രാധാന്യം വര്ദ്ധിച്ചു വരുന്നത് കാൻസർ ചികിത്സയിൽ പുതിയ പ്രതീക്ഷ തരുന്ന മുന്നേറ്റം ആണ് .ഏറ്റവും മികച്ച ഉദാഹരണം സ്തനാർബുദം ആണ് .കാൻസർ കോശങ്ങളുടെ വളർച്ചയ്ക്ക് നിർണായകമായ Her -2 Neu എന്ന പ്രോട്ടീന്റെ അളവ് പലപ്പോഴും സ്തനർബുദ കോശങ്ങളുടെ പ്രതലത്തിൽ കൂടുതലാണ് .അത് കണ്ടെത്തുന്ന ടെസ്റ്റുകൾ നടത്തുവാൻ കഴിഞ്ഞാൽ ആ തന്മാത്രയെ ലക്ഷ്യം വച്ച് ആക്രമിക്കുക എന്ന ചികിത്സാ രീതി അവലംബിക്കാം .ഇങ്ങനെ സാധാരണ കോശങ്ങളിൽ നിന്ന് കാൻസർ കോശങ്ങളെ വ്യത്യസ്തമാക്കുന്ന തന്മാത്രാപരമായതും (molecular ) ജനിതകമായതും  (genetic)ആയ ഘടകങ്ങൾ തിരിച്ചറിഞ്ഞാൽ രോഗനിർണയത്തിനു സഹായിക്കുനതിനു ഉപരിയായി അവയെ ലക്ഷ്യമിട്ടുള്ള ( targetted therapy )ചികിത്സ നടത്താം . ചികിത്സയിൽ ക്രുത്യതയേറുന്നു എന്ന് മാത്രമല്ല കാൻസർ കോശങ്ങളെ മാത്രം അക്രമിക്കുന്നതിനാൽ പാര്ശ്വ ഫലങ്ങൾ കുറവായിരിക്കുകയും ചെയ്യും

പലതരം കാന്സറുകളെ  ഒരു തലക്കെട്ടിനു താഴെ അണിനിരത്തി സമഗ്രമായി രോഗ നിർണയരീതികൾ വിശദീകരിക്കുക ദുഷ്കരമാണെങ്കിലും കാൻസർ രോഗ നിർണയതിനെ കുറിച്ച് സാമാന്യമായ അവബോധം പകരുവാനും കൂടുതൽ അറിയുവാൻ പ്രേരിപിക്കുവാനും ഉള്ള ശ്രമമാണ് ഈ ലേഖനം .കാന്സെറിനു ആധുനിക വൈദ്യശാസ്ത്രത്തിൽ മരുന്നില്ല എന്നും മോഡേൺ മെഡിസിൻ ഡോക്ടർമാർ കാൻസർ രോഗികളെ വെറുതെ പറ്റിക്കുന്ന നിക്രുഷ്ടനമാരെന്നുമൊക്കെ പ്രചാരണങ്ങൾ നടക്കുന്ന ഈ കാലത്ത് അവ എത്ര മാത്രം സത്യവിരുദ്ധവും സാമൂഹ്യ വിരുദ്ധവും ആണ് എന്ന് തിരിച്ചറിയേണ്ടതുണ്ട്
ശരീരത്തിൽ കൊന്നും വെന്നും പടർന്നും ഒരു സമാന്തര സാമ്രാജ്യം സൃഷ്ടിക്കുക എന്ന ധർമം ആണ് അർബുദ
കോശങ്ങളുടെത് .സമയം നല്കാതെ ജീവനെ ഇറുക്കാൻ വരുന്ന ആ ഞണ്ടിനെ തിരിച്ചറിയുക .ആവർത്തിക്കട്ടെ  .കൃത്യ സമയത്ത് രോഗ നിർണയം കാൻസർ ചികിത്സയിൽ നിർണായകം

Thursday 2 February 2017

ലാബ്‌ പരിശോധനകള്‍ എന്ത് , എന്തിനു- DR. NELSON JOSEPH, DR.SHIMNA AZYZ

പൊതുജനത്തിനും പത്രപ്രവർത്തകർക്കും ഒരുപോലെ ഉപകാരപ്പെടുമെന്ന് തോന്നുന്നു. മെഡിക്കൽ കോളേജിന്റെ പടി എങ്കിലും പഠിക്കാൻ കയറിയവർക്ക് അറിയാവുന്ന കാര്യങ്ങൾ മാത്രമേ ഉൾപ്പെടുത്തുന്നുള്ളൂ..
ഒരു പാട് തവണ കേട്ടിട്ടുള്ള ചോദ്യമാണ് എന്ത് കൊണ്ട് ഡോക്ടര്‍മാര്‍ ടെസ്റ്റ്‌ എഴുതുന്നു എന്നത്.ടെസ്‌റ്റുകൾ എല്ലായെപ്പോഴും ഡോക്‌ടറുടെ തീരുമാനത്തിന്റെ ദിശ നിർണ്ണയിക്കാനുള്ള ഒരു സഹായി മാത്രമാണ്‌.അല്ലാതെ ടെസ്‌റ്റ്‌ റിസൽറ്റ്‌ മാത്രം നോക്കിയല്ല ഒരു ഡോക്‌ടറും ചികിത്സ നിശ്‌ചയിക്കുന്നത്‌.
മെഡിക്കൽ കോളേജിലായാലും സ്വകാര്യ ആശുപത്രിയിലായാലും രോഗികളുടെ ആധിക്യവും ഡോക്റ്റർമാരുടെ അഭാവവും ചേർന്ന് സൃഷ്ടിക്കുന്ന തിരക്കുമൂലം ഈ ചോദ്യങ്ങളും സംശയങ്ങളും ദുരീകരിക്കാനുള്ള സാവകാശമോ അവസരമോ ലഭിക്കണമെന്നില്ല. അമിതലാഭത്തിനായും മറ്റ് ക്രമക്കേടുകൾക്കായും എഴുതുന്ന ടെസ്റ്റാണെന്ന ധാരണയിലേക്ക് എത്തുന്നതിനു മുൻപ് ഒന്ന് വായിച്ചേക്ക്.
ടെസ്റ്റുകള്‍ എഴുതുന്നതിനുള്ള പൊതുവായ കാരണങ്ങള്‍ ഇവയാണ്.
*രോഗിയുടെ നിലവിലുള്ള ആരോഗ്യസ്ഥിതി മനസ്സിലാക്കാന്‍.
*സമാനസ്വഭാവമുള്ള ഒന്നിലേറെ അസുഖങ്ങളില്‍ നിന്ന് ഏതാണ് രോഗിയുടെ അസുഖമെന്നു തിരിച്ചറിയാന്‍.
*തുടര്‍ന്നുള്ള ചികിത്സ തീരുമാനിക്കാന്‍/നടന്നു കൊണ്ടിരിക്കുന്ന ചികിത്സ ഫലപ്രദമാണോ എന്നറിയാന്‍.
*ശസ്ത്രക്രിയകള്‍ക്കും മറ്റു മെഡിക്കല്‍ പ്രോസീജിയറുകള്‍ക്കും മുന്‍പ് അപകടങ്ങള്‍ മുന്‍കൂട്ടി കാണാന്‍ വേണ്ടിയുള്ള 'routine investigations'.
1. കുറച്ചു നാൾ മുൻപ് ഒരു മലയാള ഓൺ ലൈൻ ന്യൂസ് പേപ്പറിൽ അവയവദാനവുമായീ ബന്ധപ്പെട്ട് വന്ന ഒരു ന്യൂസിന്റെ ഒരു ഭാഗമാണ് ചിത്രത്തിലെ ആദ്യ ഭാഗം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രോഗിയുടെ എച്ച്.ഐ.വി ടെസ്റ്റ് നടത്തിയതും ലിവർ - റീനൽ ഫങ്ങ്ഷൻ ടെസ്റ്റുകൾ നടത്തിയതുമാണ് ലേഖകനു ദുരൂഹതയായി തോന്നിയത്.
2. " ഗ്യാസ്ട്രൈറ്റിസ് " പ്രോബ്ലവുമായി ഒരു സ്പെഷ്യലിസ്റ്റ് ഡോക്റ്ററെ കാണാൻ ചെന്ന രോഗിക്ക് എഴുതിക്കൊടുത്ത ടെസ്റ്റുകളുടെ കൂട്ടത്തിലെ ടെസ്റ്റുകളാണ് അടുത്തത്. എച്ച്.ഐ.വി, എച്ച്.ബി.എസ്.എ.ജി & എച്ച്.സി.വി രോഗിക്ക് ഈ ടെസ്റ്റുകൾ എന്തിനാണെന്ന് സംശയം തോന്നി. സ്വഭാവികം.
ഒന്നാമത്തെ ഉദാഹരണത്തിലേക്ക് വരാം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉയർന്ന ചികിൽസാസംവിധാനമുള്ള ആശുപത്രിയിലെത്തിച്ചു എന്ന് വാർത്തയിലുള്ളതുകൊണ്ട് ശസ്ത്രക്രിയ വേണ്ടിവന്നേക്കാം എന്ന് ന്യായമായും ചിന്തിക്കാം. ഒട്ടുമിക്ക ആശുപത്രികളിലും - സർക്കാർ/സ്വകാര്യ - ട്രയാജ് അല്ലെങ്കിൽ അക്യൂട്ട് കെയർ റൂം എന്നിങ്ങനെ പല പേരുകളിൽ വിളിക്കുന്ന പ്രഥമ ശുശ്രൂഷാ സ്ഥാനങ്ങളിൽ വച്ച് തന്നെ അത്യാവശ്യമായി ചെയ്യേണ്ടുന്ന രക്ത പരിശോധനകൾ അയയ്ക്കാറുണ്ട്. പരിശോധനയുടെ ഫലം ലഭിക്കാനുള്ള കാലതാമസം രോഗിക്ക് ദോഷമാകാതിരിക്കാനാണ് ഇങ്ങനെ ചെയ്യാറുള്ളത്.
അപകടത്തിൽ പെട്ട് എത്തുന്നവരോ ശസ്ത്രക്രിയയോ മറ്റ് ഇൻ വേസീവ് പ്രൊസീജിയറുകളോ ആവശ്യമായി എത്തുന്നവരോ ആയ രോഗികൾക്ക് സാധാരണയായി അയയ്ക്കാറുള്ള ടെസ്റ്റുകൾ ഇവയാണ്. CBC, LFT, RFT, RBS, ELECTROLYTES, PT-INR/APTT, HIV,HBsAg, Anti HCV, Grouping & Cross matching. Scans/X rays. ആശുപത്രികളും ചിലപ്പൊ യൂണിറ്റുകളിലെ പ്രോട്ടോക്കോളുകളും അനുസരിച്ച് വ്യത്യാസം വന്നേക്കാം
CBC - ബ്ലഡ് റുട്ടീൻ എന്ന് ഓമനപ്പേരിൽ അറിയപ്പെടുന്നു. കമ്പ്ലീറ്റ് ബ്ലഡ് കൗണ്ട് അതായത് ഹീമോഗ്ലോബിൻ, ശ്വേതരക്താണുക്കൾ, പ്ലേറ്റ്ലറ്റുകൾ പിന്നെ അല്ലറചില്ലറ വിവരങ്ങളും നൽകുന്ന ഈ ടെസ്റ്റ് ചെയ്യാത്തവരായി ആരും തന്നെ കാണില്ല. ആക്സിഡന്റാണെങ്കിൽ രക്തം എത്രത്തോളം നഷ്ടപ്പെട്ടു എന്നും മറ്റ് ചില അവസരങ്ങളിൽ ഇൻഫെക്ഷനുകൾ ഉണ്ടോ എന്നും ഉണ്ടെങ്കിൽ ഏത് തരമാകാമെന്നും ഒക്കെയുള്ള വിലപ്പെട്ട വിവരം നൽകുന്ന ഒരു സിമ്പിൾ ടെസ്റ്റ്. പ്ലേറ്റ്ലെറ്റ് കുറഞ്ഞോ എന്ന് നോക്കുന്നതിനെക്കുറിച്ച് പറയേണ്ടതില്ലല്ലോ അല്ലേ?
LFT - ലിവർ ഫങ്ങ്ഷൻ ടെസ്റ്റ്. കരളിനു ശരീരത്തിൽ പല കർത്തവ്യങ്ങളുമുണ്ട്. സൃഷ്ടി - സ്ഥിതി - സംഹാരം പോലെ ഒട്ടേറെ വസ്തുക്കളുടെ ഉത്പാദനവും വിതരണവും സൂക്ഷിച്ചുവയ്ക്കലും അല്പസ്വല്പം വിഷം നിർവീര്യമാക്കലുമെല്ലാമായി അരങ്ങുതകർക്കുന്ന അവയവമാണു കരൾ. കരളിന്റെ വിഷമങ്ങൾ കരൾ നമ്മളോട് പറയുന്നത് ഇത്തരം വസ്തുക്കളിലെ ഏറ്റക്കുറച്ചിലുകൾ കൊണ്ടാകും. അതിനു വേണ്ടി ചെയ്യുന്ന ബിലിറുബിൻ, ലിവർ എൻസൈമുകൾ തുടങ്ങിയ ടെസ്റ്റുകൾക്ക് ഒന്നിച്ച് പറയുന്ന പേരാണിത്.
കരൾ രോഗമുള്ളവർക്ക് മാത്രമേ / ഉണ്ടാകാനിടയുള്ളവർക്ക് മാത്രമേ ഇത് ചെയ്യാവൂ എന്നില്ല. അപകടങ്ങൾ നടന്നിടത്ത് ചിലപ്പോൾ രോഗിയുടെ വിവരങ്ങൾ അറിയാവുന്നവരുണ്ടാകില്ല. അത്തരം സന്ദർഭങ്ങളിൽ കരളിനെക്കുറിച്ച് സൂചന തരാൻ ഇതിനു കഴിയും.
ചില മരുന്നുകളും ചികിൽസകളും ആരംഭിക്കുന്നതിനു മുൻപ് ബേസ് ലൈൻ ആയും LFT ചെയ്യാറുണ്ട്. മരുന്നുകളുടെ പ്രവർത്തനം കരളിനെ ബാധിക്കുന്നുണ്ടോ എന്ന് വിലയിരുത്താൻ ഫോളോ അപ് ചെയ്യേണ്ടിവരാറുണ്ട്. ചില മരുന്നുകളുടെ ഡോസുകൾ കരൾ രോഗമുണ്ടാകുവാനിടയുള്ളവർക്ക് മോഡിഫൈ ചെയ്യേണ്ടതായി വരും. കരൾ രോഗമുള്ളവർ ഒഴിവാക്കേണ്ട മരുന്നുകളുണ്ട്.
( യാതൊരു ദുശ്ശീലങ്ങളും ഇല്ലാത്തയാൾക്ക് ചെയ്തു എന്നും പരാതി വേണ്ട. രണ്ട് കാരണം.ഒന്ന്- മറ്റൊരാളെ പൂർണമായി അറിയാൻ കഴിയുമെന്ന് വാശിപിടിക്കരുത്....രണ്ട്- ദുശ്ശീലമില്ലാത്തവർക്കും വരാവുന്ന കരൾ രോഗമുണ്ട് - eg; NASH)
RFT - റീനൽ ഫങ്ങ്ഷൻ ടെസ്റ്റ് - വൃക്കയാണു ശരീരത്തിലെ വേസ്റ്റ് കളയുന്ന ഒരു അവയവം. നൈട്രോജീനസ് വേസ്റ്റുകൾ - അതിൽ രണ്ടാണു യൂറിയയും ക്രിയാറ്റിനിനും - വൃക്കയുടെ പ്രവർത്തനം ശരിയല്ലെങ്കിൽ ശരീരത്തിൽ അടിഞ്ഞൂകൂടാം. അത് കണ്ടെത്താനാണ് RFT. ആക്സിഡന്റിൽ കരളിന്റെ കാര്യത്തിൽ പറഞ്ഞ ഒട്ടുമിക്ക കാര്യങ്ങളും ഇതിനും ബാധകമാണ്.
മനസിലായില്ലേ..അതൊരു സ്റ്റാൻഡാർഡ് പ്രോട്ടോക്കോൾ പിന്തുടരുന്നതാണ്. അല്ലാതെ കരളും കിഡ്നിയും അടിച്ചുമാറ്റാൻ പറ്റുമോ എന്ന് നോക്കുന്നതല്ല
PT-INR/APTT - ശസ്ത്രക്രിയ - പ്രത്യേകിച്ച് അടിയന്തിരമായി വേണ്ടപ്പോൾ - ബ്ലീഡിങ്ങ് എത്രത്തോളമുണ്ടാകാം, എത്ര വേഗം കട്ടപിടിക്കും എന്നെല്ലാം മനസിലാക്കാനുള്ള ടെസ്റ്റുകൾ. കൂടുതൽ വിശദീകരണം ആവശ്യമില്ലെന്ന് കരുതുന്നു.
RBS : റാൻഡം ബ്ലഡ് ഷുഗർ. പ്രമേഹമുണ്ടോ എന്ന് അറിയാൻ മാത്രമല്ല. അബോധാവസ്ഥയിലായി വരുന്ന ആളുടെ ജീവൻ വരെ രക്ഷിക്കാനാവുന്ന ഒരു സിമ്പിൾ ടെസ്റ്റാണിത്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് താഴ്ന്നുപോകുന്ന അവസ്ഥ കൂടുന്നതിനെക്കാൾ ഗുരുതരമാണ്. ഉടനടി ചികിൽസിക്കേണ്ടതും. ആക്സിഡന്റുണ്ടായവർക്ക് എന്ത് ഷുഗർ എന്ന് ചോദിക്കേണ്ട. ഷുഗർ താഴ്ന്ന് പരിസരവുമായുള്ള ബന്ധമറ്റ ആ നിമിഷത്തിലാണ് ആക്സിഡന്റുണ്ടായതെങ്കിലോ? അത് മാത്രമല്ല മുറിവുണങ്ങുന്നതിനെയും ഉയർന്ന ഗ്ലൂക്കോസ് അളവ് ബാധിക്കുമെന്ന് അറിയാമല്ലോ...
രണ്ടു ദിവസം മുന്നേ ഷുഗര്‍ നോക്കിയതാണ്, ഇന്ന് പിന്നെയും നോക്കുന്നത് എന്തിനു എന്നൊക്കെ ചോദിക്കുന്നത് കേട്ടിട്ടുണ്ട്‌. രക്തത്തിലെ പഞ്ചസാരയുടെ അളവ് ദിവസവും പല തവണ മാറുന്നതാണ്. അത് കൂടുതലോ കുറവോ എന്നുള്ളത് രോഗിയുടെ ജീവനോളം തന്നെ വിലയുള്ള ഒരു സംഗതിയാണ്. നാല്‍പതു രൂപ ലാഭിക്കുമ്പോള്‍ ചിലപ്പോള്‍ നഷ്ടപ്പെടുന്നത് ജീവന്‍ ആയിരിക്കും. ഒരു ഡോക്ടറും ആ റിസ്ക്‌ എടുക്കാന്‍ തയ്യാറാകില്ല.
ELECTROLYTES : രക്തത്തിലെ ലവണങ്ങൾ, ഇവന്മാർ കൂടിയാലും കുറഞ്ഞാലും പ്രശ്നക്കാരാണ്. അളവുകൾ മാറുന്നതനുസരിച്ച് ഇടേണ്ട ഡ്രിപ്പ് തുടങ്ങി രോഗനിർണയം വരെ മാറിമറിഞ്ഞേക്കാം.
Grouping & Cross matching : വിശദീകരണം വേണ്ടാത്ത മറ്റൊരു ടെസ്റ്റ്. ബ്ലഡ് ഗ്രൂപ്പിങ്ങ് നടത്തുന്നതും നൽകേണ്ട രക്തം ക്രോസ് മാച്ച് ചെയ്ത് റിയാക്ഷൻ ഉണ്ടാകില്ല എന്ന് ഉറപ്പ് വരുത്തേണ്ടതും എന്തിനാണെന്ന് പറയേണ്ടതുണ്ടോ?
HIV, HBsAg, Anti HCV - യഥാക്രമം എച്ച്. ഐ.വി, ഹെപ്പറ്റൈറ്റിസ് ബി , ഹെപ്പറ്റൈറ്റിസ് സി എന്നിവയ്ക്കുള്ള ടെസ്റ്റുകളാണിവ. എയിഡ്സിന്റെ ടെസ്റ്റുകളെക്കുറിച്ച് വിശദമായെഴുതണമെങ്കിൽ ആവശ്യപ്പെട്ടാൽ പിന്നീടാവാം. ഇവ സ്ക്രീൻ ചെയ്യാനാണ് ഉപയോഗിക്കുന്നത്.
നൂറു കണക്കിന് രോഗികളുമായി സമ്പർക്കത്തിൽ വരുന്നവരാണ് ആരോഗ്യ പ്രവർത്തകർ. അതുകൊണ്ടുതന്നെ സമൂഹത്തെക്കാൾ പല മടങ്ങ് രോഗാണുക്കളുമായും അവർക്ക് സമ്പർക്കത്തിൽ ഏർപ്പെടേണ്ടിവരുന്നു.എന്നിട്ടും രോഗം ഉണ്ടാകാതെ അവർ എങ്ങനെ മുന്നോട്ട് പോകുന്നു എന്ന് അറിഞ്ഞിരിക്കുന്നത് പൊതുജനത്തിനും മാതൃകയാക്കാവുന്നതാണ്. (അതും വലിയ ഒരു ടോപ്പിക് ആണ്. യൂണിവേഴ്സൽ പ്രിക്കോഷൻ, സെപ്റ്റിക് റൂം, ബയോമെഡിക്കൽ വേസ്റ്റ് മാനേജ്മെന്റ് എല്ലാം ഉൾപ്പെടുന്ന ടോപ്പിക്). ചികിൽസ പരിമിതമായ ചില രോഗങ്ങൾ വരാതിരിക്കാനുള്ള മുൻ കരുതൽ അവർ സ്വീകരിക്കുന്നുണ്ട്.
രോഗിയോടുള്ള വിശ്വാസക്കുറവോ സംശയമോ ഒന്നുമല്ല ഈ മൂന്ന് അക്ഷരങ്ങളുടെ പിന്നിൽ മറഞ്ഞിരിക്കുന്ന ചേതോവികാരം. .പൊതു സമൂഹത്തിൽ സ്റ്റിഗ്മ ഉള്ള രോഗങ്ങളെപ്പോലും ചികിൽസിക്കാതെയോ അതുള്ളവരെ പരിചരിക്കാതെയോ ആരോഗ്യപ്രവർത്തകർ മാറ്റിനിർത്താറില്ല. പക്ഷേ രോഗം തങ്ങളിലേക്കും മറ്റുള്ളവരിലേക്കും പകരാതിരിക്കാൻ അവർ ശ്രദ്ധിക്കാറുണ്ട്. സാധാരണയായി ശസ്ത്രക്രിയകൾ, പ്രസവങ്ങൾ, എൻഡോസ്കോപ്പി,കൊളോണോസ്കോപ്പി പോലെയുള്ള പ്രൊസീജിയറുകൾ തുടങ്ങിയവ ചെയ്യുന്നതിനു മുൻപ് ഈ പരിശോധനകൾ ചെയ്യിക്കുന്നതിന്റെ ഒരു കാരണം അതാണ്. രണ്ടാമത്തെ കാരണം മുൻ കരുതലുകൾ എടുത്തിരുന്നാൽ പോലും ഏതെങ്കിലും കാരണവശാൽ രോഗാണു ശരീരത്തിൽ പ്രവേശിച്ചെന്ന് (സൂചി കൊണ്ടുള്ള കുത്ത് പോലെ) സംശയമുണ്ടായാൽ ശരിയായ ചികിൽസ ഏറ്റവും നേരത്തെ സ്വീകരിക്കാൻ അത് സഹായിക്കും.
ആ ആറോ ഏഴോ വാക്കുകളെക്കുറിച്ച് വളരെ ചുരുക്കിപ്പറഞ്ഞാൽ ഇത്രയുമാണ്.ഇതുതന്നെ അപൂർണവുമാണ് സാഹചര്യങ്ങളനുസരിച്ച് മറ്റ് സ്പെസിഫിക് ടെസ്റ്റുകളും സ്കാൻ/എക്സ് റേ അടക്കമുള്ള പരിശോധനകളും വേണ്ടിവന്നേക്കാം...
ഒരു രക്തപരിശോധനയും സ്വയം രോഗനിര്‍ണയത്തിനായി ഉപയോഗിക്കരുത്. ഇവയില്‍ ഓരോന്നും ഡോക്ടര്‍ രോഗിയെ ശരീരപരിശോധന നടത്തി ഉറപ്പിച്ചാല്‍ മാത്രമേ ചികിത്സക്ക് യോഗ്യമായ രോഗമായി കണക്കാനാവൂ. ലാബുകള്‍ക്ക് തെറ്റ് പറ്റുന്നത് അപൂര്‍വ്വമല്ല.. സ്ഥിരമായി പരിശോധന നടത്തേണ്ടുന്നവര്‍ എല്ലായെപ്പോഴും ഡോക്റ്ററെ കാണേണ്ടതില്ലെങ്കില്‍ കൂടിയും, പരിശോധനഫലങ്ങളില്‍ മാറ്റം കാണുന്ന മുറക്ക് നിര്‍ബന്ധമായും തുടര്‍നടപടികള്‍ ചെയ്യേണ്ടതാണ്.

ലിംഗമാറ്റ ശസ്ത്രക്രിയ - DR.JITHIN T JOSEPH

       



                      ലിംഗമാറ്റ( sex reassignment surgery –SRS) ശസ്ത്രക്രിയ കേരളത്തില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നടന്ന വിവരം അറിഞ്ഞിരിക്കുമല്ലോ . 41 വയസുകാരി ആയ സ്ത്രീക്കാണ് , ഏറ്റവും ബുദ്ധിമുട്ടേറിയ പെണ്ണിനെ ആണാക്കി മാറ്റുന്ന(female to male) സര്‍ജറി തിരുവനതപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നടന്നത് . പ്ലാസ്റ്റിക് സര്‍ജറി വിഭാഗം തലവന്‍ ഡോ. അജയകുമാറിന്‍റെ നേതൃത്വത്തില്‍ , എൻഡോക്രൈനോളജി ,മാനസികാരോഗ്യം , അനസ്തേഷ്യ വിഭാഗങ്ങള്‍ സഹകരിച്ചാണ് വര്‍ഷങ്ങള്‍ നീണ്ട ചികിത്സ പൂര്‍ത്തിയാക്കിയത് . ചെറുപ്പം തൊട്ടു തന്നെ പുരുഷനായി ജീവിക്കാന്‍ ആഗ്രഹിച്ച അവര്‍ക്ക് ഈ ശസ്ത്രക്രിയാ ചെലവ് താങ്ങാവുന്നതിൽ അപ്പുറം ആയിരുന്നു . കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മാനസികാരോഗ്യ വിഭാഗത്തില്‍ ചികിത്സയില്‍ ആയിരുന്നു ഇവര്‍ . ഒരു വര്‍ഷം മുന്‍പേ തന്നെ ആണുങ്ങളുടെ ശരീര സവിശേഷതകള്‍ ഉണ്ടാകുവാനായി ഹോര്‍മോണ്‍ ചികിത്സ ആരംഭിച്ചിരുന്നു . Gender identity disorder അധവ sexual dysphoria എന്ന മാനസിക അവസ്ഥ ഉള്ള വ്യക്തികൾക്ക് ഒരു അനുഗ്രഹം ആണ് ഈ നേട്ടം . ഇതിന്‍റെ യഥാര്‍ത്ഥത്ത വസ്തുതകളെ കുറിച്ച് പലര്‍ക്കും അറിയില്ല എന്നതാണ് സത്യം . ഈ ചെറിയ കുറിപ്പിലൂടെ പറയാന്‍ ഉദേശിക്കുന്നത് ലിംഗ മാറ്റ ശസ്ത്രക്രിയയെ കുറിച്ചാണ് .
എന്താണു ലിംഗമാറ്റ ശസ്ത്രക്രിയ അഥവാ SRS?
ജന്മന ആണോ പെണ്ണോ ആയ ഒരാളെ മറ്റേ ലിംഗത്തിലേക്കോ , അല്ലെങ്കിൽ വ്യക്തമായ ലിംഗം ഇല്ലാത്ത ഒരാളെ(intersex) ഏതെങ്കിലും ഒരു പ്രത്യേക ലിംഗത്തിലേക്കോ ശസ്ത്രക്രിയ വഴി മാറ്റുന്നതാണ് ലിംഗമാറ്റ ശസ്ത്രക്രിയ.
അല്പം ചരിത്രം :
DR. MAGNUS HIRSCHFELD ആണ് ഈ ശാസ്ത്ര മേഖലയിലെ പ്രമുഖന്‍ . transgenderism എന്ന ശാസ്ത്ര ശാഘയുടെ പിതാവായി അദ്ദേഹം കരുതപ്പെടുന്നു .transvestism ,transsexualism തുടങ്ങിയ വാക്കുകള്‍ ആദ്യമായി ഉപയോഗിച്ചതും അദ്ധേഹമാണ് . ആദ്യ SRS സര്‍ജറി വിജയകരമായി പൂര്‍ത്തിയാക്കിയത് Rudolph Richter എന്ന പുരുഷനില്‍ ആണ് . ശസ്ത്രക്രിയിലൂടെ സ്ത്രീയായ അദ്ദേഹം Dorchen എന്ന പേര് സ്വീകരിക്കുകയും HIRSCHFELD institute ല്‍ ഒരു വേലക്കാരി ആയി ജോലി നോക്കുകയും ചെയ്തു . 1931 ല്‍ ആണ് ഇത് നടക്കുന്നത് .അതിനു ഒരു വര്ഷം മുന്‍പേ ഡച്ച്‌ ചിത്രകാരനായ Einar Wegener സര്‍ജറിയിലൂടെ സ്ത്രീ ആയി മാറി Lili Elbe എന്ന പേര് സ്വീകരിച്ചിരുന്നു .https://en.wikipedia.org/wiki/Lili_Elbe
ലോകത്തെ ആദ്യ TRANSGENDER എന്ന് വിളിക്കുന്നത്‌ ഇവരെയാണ് .ലിംഗ മാറ്റ ശസ്ത്രക്രിയ നടത്തിയ ചില വ്യക്തികളെ ഇവിടെ പരിചയപ്പെടാം http://www.straitstimes.com/…/celebrities-who-have-undergon…
ആര്‍ക്കൊക്കെ ആണ് ഈ ശസ്ത്രക്രിയ ചെയ്യുന്നത്?
പ്രധാനമായും രണ്ടു വിഭാഗങ്ങള്‍ക്ക്
1.ജന്മനാ വ്യക്തമായ ലിംഗം ഇല്ലാത്ത (inter sex) കുട്ടികള്‍ക്ക് . ഇത്തരക്കാരെ ചെറുപ്പത്തിലെ തന്നെ ഏതെങ്കിലും പ്രത്യേക ലിംഗത്തിലേക്ക് സര്‍ജറി വഴി മാറ്റുകയാണ് ചെയുന്നത് . സാധാരണയായി സ്ത്രീ ലിംഗത്തിലേക്ക് ആണ് ഇത്തരം മാറ്റം നടത്തുക . ഈ സര്‍ജറി പൊതുവേ എളുപ്പമായതുകൊണ്ടും കൂടുതല്‍ വിജയകരം ആയതുകൊണ്ടും ആണ് ഇത് .ഇപ്പോളത്തെ കാഴ്ചപ്പാട് അനുസരിച്ച് കുട്ടി വലുതായി സ്വയം ഏതു ലിംഗമായി തന്നെ കരുതുന്നുവോ ആ വിഭാഗത്തിലേക്ക് മാറ്റുന്നതാണ് ഭാവിയിലേക്ക് നല്ലത് എന്ന് കരുതുന്നു .
2. ജന്മന ഏതെങ്കിലും വ്യക്തമായ ലിംഗം ഉള്ള ഒരാള്‍ അതിന്‍റെ എതിര്‍ വിഭാഗം ആയി മാറാന്‍ അതിയായി ഇഷ്ടപെടുന്ന(gender identification disorder or sexual dysphoria) അവസ്ഥ ഉള്ളവരില്‍ . പൊതുവേ transgender ആള്‍ക്കാരില്‍ ഈ അവസ്ഥ ഉണ്ട് , കൂടാതെ സ്വവര്‍ഗ രതി ഇഷ്ടപെടുന്ന്ന ചിലരിലും ഈ അവസ്ഥ കാണാറുണ്ട് . ഇവരില്‍ രണ്ടു തരത്തില്‍ ഉള്ള മാറ്റങ്ങള്‍ സാധ്യമാണ് . പുരുഷനില്‍ നിന്ന് സ്ത്രീ രൂപത്തിലേക്കും ( male to female ), സ്ത്രീയില്‍ നിന്ന് പുരുഷ രൂപത്തിലേക്കും ( female to male ). ഇതില്‍ male to female സര്‍ജറി പൊതുവേ എളുപ്പമുള്ളതാണ് . ശസ്ത്രക്രിയക്കു ശേഷമുള്ള ഇത്തരക്കാരുടെ റിസള്‍ട്ടും മികച്ചതാണ് . female to male ശസ്ത്രക്രിയ കൂടുതല്‍ ശ്രമകരമാണ് . ആർക്കെങ്കിലും ഓടി ഒരു ആശുപത്രിയിൽ ചെന്ന് എന്നെ ആണാക്കണം എന്നോ പെണ്ണാക്കണം എന്നോ ആവശ്യപ്പെട്ടാൽ ഇത് ചെയ്തു കിട്ടില്ല . ഒരു മാനസിക രോഗ ഡോക്ടർ തുടർച്ചയായ പരിശോധനകൾ നടത്തി ഒരു വ്യക്തിക്ക് നിലവിലുള്ള ലിംഗത്തിൽ തുടരുന്നത് മാനസികമായി ബുദ്ധിമുട്ടു ഉണ്ടാക്കും എന്ന് കണ്ടെത്തി സർജറി ചെയ്യുന്നതിലോടെ ഇതിനു കുറവുണ്ടാകും എന്ന് ഉറപ്പു പറയണം .
എങ്ങനെയാണ് ഈ ശസ്ത്രക്രിയ നടത്തണം എന്ന തീരുമാനം എടുക്കുന്നത്?
വിദഗ്ദ്ധരായ ഒരുപറ്റം ഡോക്ടരുമാരുടെ പരിശ്രമം ഈ ശസ്ത്രക്രിയക്കു ആവശ്യമാണ് .
stage 1 :ഇതിലെ ഒരു പ്രധാന റോള്‍ വഹിക്കുന്ന വ്യക്തി മാനസികാരോഗ്യ(psychiatrist) വിധഗ്തനാണ് . ഒരു വ്യക്തിക്ക് ഈ പറയുന്ന മാനസിക അവസ്ഥ ഉണ്ടെന്നു കണ്ടെത്തുന്നതും അത് ഉറപ്പിക്കുന്നതും , ഒപ്പം ഇത്തരത്തില്‍ ഒരു ശസ്ത്രക്രിയ അവരുടെ മാനസിക അവസ്ഥയ്ക്കും ഭാവിയിലും ഗുണം ചെയ്യുമോ എന്നും ഉള്ള നിര്‍ണയം നടത്തുന്നത് അദ്ധേഹമാണ് . ശസ്ത്രക്രിയക്ക് ഒരുങ്ങുന്നതിനു മുന്‍പും പിന്‍പും മാനസികമായ മുന്നൊരുക്കങ്ങള്‍ കൊടുക്കുന്നതും ഈ ഡോക്ടര്‍ ആണ് . ഈ വ്യക്തിയെ പരിചരിക്കുന്ന മാനസികാരോഗ്യ ഡോക്ടറുടെ നിര്‍ദേശം ഉണ്ടെങ്കില്‍ മാത്രമേ ഇത്തരം ഒരു ശസ്ത്രക്രിയക്കു ഉള്ള തീരുമാനം എടുക്കുകയുള്ളൂ . ഈ വ്യക്തിയുടെ കുടുംബാങ്ങള്‍ക്കും വിധഗ്ത ഉപദേശങ്ങളും നിര്‍ദേശങ്ങളും ആവശ്യമാണ് . ഇത്തരം വ്യക്തികള്‍ വര്‍ഷങ്ങളായി തന്നെ എതിര്‍ ലിംഗക്കാരുടെ സ്വഭാവ രീതികളും , വസ്ത്ര ധാരണവും ഒക്കെ ഉള്ളവര്‍ ആയിരിക്കും . അങ്ങനെ അല്ലാത്തവര്‍ക്ക് ഈ പരിശീലനവും ലഭിക്കേണ്ടതുണ്ട് .
stage 2 : ഹോര്‍മോണ്‍ ചികിത്സ
ഒരു എന്ടോക്രിനോളജിസ്റ്റ്(endocrinologist) ആണ് ഈ ഘട്ടത്തിന് മേല്‍നോട്ടം വഹിക്കുന്നത് . പുരുഷന്‍ ആകാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് പുരുഷ ഹോര്‍മോണുകള്‍ ( testosterone) നല്‍കുകയാണ് ഈ ഘട്ടത്തില്‍ ചെയ്യുന്നത്. അതുപോലെ സ്ത്രീ ആകാന്‍ ആഗ്രഹിക്കുന്ന പുരുഷന് സ്ത്രീ ഹോര്‍മോണുകള്‍ ( estrogen) നല്‍കും . പുരുഷന്‍റെ ശരീര പ്രക്രതി മാറി സ്ത്രീകളുടെ ശരീര സവിശേഷതകള്‍ ഉണ്ടാവാന്‍ ഇത് കാരണം ആകുന്നു .ഏകദേശം ഒരു വര്‍ഷത്തോളം ഈ ചികിത്സ നീണ്ടു നില്‍ക്കും .
stage 3: ഈ സര്‍ജറിക്ക് വേണ്ട മാനസിക ശാരീരിക മുന്നൊരുക്കങ്ങളും , മറ്റു അനുകൂല സാഹചര്യങ്ങളും ഉണ്ടെങ്കില്‍ മാത്രമേ ലിംഗമാറ്റ ശസ്ത്രക്രിയയുമായി മുന്നോട്ടു പോകുകയുള്ളൂ . പല ഘട്ടങ്ങള്‍ ആയാണ് ഈ സര്‍ജറി നടക്കുന്നത് . 2 പേരിലും ശസ്ത്രക്രിയ വ്യത്യസ്തമാണ് .
പുരുഷന്‍ സ്ത്രീ ആകുമ്പോള്‍- trans women:

മുകളില്‍ പറഞ്ഞതുപോലെ ഇത് കൂടുതല്‍ എളുപ്പമുള്ളതും വിജയപ്രധവും ആണ് .ആദ്യം ചെയ്യുന്നത് പുരുഷ ലിംഗവും വൃഷ്ണവും എടുത്തു മാറ്റുകയാണ് (penectomy and orchiectomy).തുടര്‍ന്ന് അടുത്ത ഘട്ടത്തില്‍ സ്ത്രീകളുടെ സവിശേഷ അവയവമായ യോനി (vagina ) പുരുഷനില്‍ രൂപപ്പെടുത്തി എടുക്കുകയാണ് – surgical reconstruction of vagina. ഇതിനു penile inversion, sigmoid colon neovagina technique തുടങ്ങിയ മാര്‍ഗ്ഗങ്ങള്‍ ഉണ്ട് . പുരുഷ ലിംഗത്തിന്‍റെ ഒരു ഭാഗം രൂപഭേദം വരുത്തി ഈ പുതിയ യോനിയില്‍ നിലനിര്‍ത്തും ( സ്ത്രീകളില്‍ ഉദ്ധാരണം ഉണ്ടാവാന്‍ വേണ്ടി ). തുടര്‍ന്ന് ഹോര്‍മോണ്‍ ചികില്‍സ തുടരും , അതോടെ സ്ത്രീകളുടെ ശരീര സവിശേഷതകള്‍ പതിയെ വന്നു തുടങ്ങും . സ്‌തന വളർച്ച ഒക്കെ ഈ സമയത്താണ് . തുടര്‍ന്നും മാനസിക പരിചരണം ആവശ്യമാണ് . നിലവില്‍ ഇത്തരം സര്‍ജറി കഴിഞ്ഞാല്‍ ഗര്‍ഭ ധാരണം സാധ്യമല്ല , എന്നാല്‍ ഭാവിയില്‍ ഇതു സാധ്യമാക്കാൻ ഉള്ള പഠനങ്ങൾ നടക്കുകയാണ്
.
സ്ത്രീ പുരുഷന്‍ ആകുമ്പോൾ trans men :

പ്രാവര്‍ത്തികമായി ബുദ്ധിമുട്ടുള്ള പ്രക്രിയ ആണിത് . ആദ്യപടി ആയി സ്തനങ്ങള്‍ എടുത്തുമാറ്റുകയാണ് ചെയ്യുന്നത് ( mastectomy) ,തുടര്‍ന്ന് ഗര്‍ഭ പാത്രവും , അണ്ടാശയവും എടുത്തു മാറ്റുകയാണ് ( hysterectomy+ salpingo oopherectomy). തുടര്‍ന്ന് യോനി രൂപമാറ്റം വരുത്തുകയും ( vaginectomy) , അവസാനമായി ഏറ്റവും ബുദ്ധിമുട്ട് ഉള്ള , ആണ്‍ ലിംഗം ഉണ്ടാക്കിയെടുക്കുന്ന പ്രക്രിയ ( phalloplasty) നടത്തുന്നു .കാലിലെ പേശികളില്‍ നിന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പുരുഷ ലിംഗം സൃഷ്ടിച്ചത് .അതുപോലെ കൈയിൽ നിന്നും അല്ലെങ്കിൽ കൃത്രിമ ഇമ്പ്ലാൻറ് ഉപയോഗിച്ചും ഇത് സാധ്യമാകും . തുടര്‍ന്ന് ആണ്‍ ഹോര്‍മോണ്‍ ചികിത്സ തുടരുന്നു .
എന്താണു ശസ്ത്രക്രിയക്ക് ശേഷം ഉള്ള ഇവരുടെ അവസ്ഥ ?
പഠനങ്ങള്‍ പറയുന്നത് സര്‍ജറിക്ക് ശേഷം ഇവരില്‍ പ്രത്യേകിച്ച് സ്ത്രീ ആയി മാറിയവരില്‍ മാനസിക സംഘര്‍ഷങ്ങള്‍ കുറവാണ് എന്നാണ് . തങ്ങളുടെ വ്യക്തിത്വം നിലനിർത്താൻ ഇത് സഹായിച്ചു എന്നാണ് പലരുടേം അഭിപ്രായം . മികച്ച ലൈംഗിക ജീവിതവും ഇവര്‍ക്ക് ലഭിക്കുന്നു എന്ന് പഠനങ്ങള്‍ പറയുന്നു . പൊതു സമൂഹം ഇവരെ അംഗീകരിക്കാനും സ്വീകരിക്കാനും ഇപ്പോളും മടിക്കുന്നു എന്നൊരു പ്രശ്നവും ഉണ്ട് . ഒപ്പം ചിലരിലെങ്കിലും gender dysphoria തുടരാറുണ്ട്. സർജറി കഴിഞ്ഞു ഗർഭ ധാരണം ഇപ്പോൾ സാധ്യമല്ല .അതുപോലെ ആണുങ്ങൾ ആയവരിൽ സെമെൻ ഉണ്ടാവുകയുമില്ല .അതുകൊണ്ടു നിലവിൽ ഇവർക്ക് കുട്ടികൾ ഉണ്ടാകാൻ സാധ്യത ഇല്ല . എന്നാൽ ഇത്തരത്തിലുള്ള പഠനങ്ങൾ നടക്കുകയാണ് .സമീപ ഭാവിയിൽ തന്നെ ഈ അവസ്ഥക്ക് മാറ്റം ഉണ്ടാകും എന്ന് കരുതാം .
നിയമങ്ങള്‍:
നിയമപരമായി ഈ സര്‍ജറിക്ക് തടസങ്ങള്‍ ഇല്ല . എന്നാല്‍ ചില ഇന്‍ഷുറന്‍സ് സ്ഥാപനങ്ങൾ ഇവര്‍ക്ക് ചികിത്സ ആനുകൂല്യങ്ങള്‍ നിഷേധിക്കാറുണ്ട് . ഇതിനെതിരെ വലിയ നിയമ യുദ്ധങ്ങള്‍ തന്നെ അമേരിക്കയില്‍ നടന്നിട്ടുണ്ട് . ലോകത്ത് ഏറ്റവും കൂടുതല്‍ ലിംഗ മാറ്റ ശസ്ത്രക്രിയ നടക്കുന്നത് തായിലണ്ടില്‍ ആണ് ,അതിനു ശേഷം ഇറാനിലും .ഇത്തരം സര്‍ജറികള്‍ ചെയ്യാന്‍ വിധഗ്ത പരിശീലനം ലഭിച്ചവര്‍ ഇന്ന് കുറവാണ് . ഈ പരിശീലനത്തിനും ,ഇത്തരം സര്‍ജറിക്ക് ഏകീകൃതരൂപം നല്‍കുന്നതിനുമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് WORLD PROFESSIONAL ASSOCIATION FOR TRANSGENDER HEALTH( WPATH) .http://www.wpath.org/ഇവര്‍ കാലാകാലങ്ങളില്‍ കൊണ്ടുവരുന്ന നിര്‍ദേശങ്ങളെ SOC-STANDARDS OF CARE എന്ന് പറയും
.
ഭാവി സാധ്യതകള്‍ :
ഭാവിയില്‍ ഗര്‍ഭപാത്രം മാറ്റി വെയ്ക്കുന്നതിനും അതിലൂടെ ഇവര്‍ക്ക് ഗര്‍ഭ ധാരണം നടത്തുന്നതിനും ഉള്ള സാധ്യതകള്‍ ഉണ്ട് . പരീക്ഷണങ്ങള്‍ നടക്കുകയാണ് .ഒപ്പം പുരുഷ ലിംഗം ഉദ്ധാരണ ശേഷിയോടെ പുനര്‍ നിര്‍മ്മിക്കുന്ന പരീകഷണങ്ങള്‍ നടക്കുന്നു .
ചിലവേറിയ ഈ സര്‍ജറികള്‍ നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചെയ്തു തുടങ്ങുന്നത് ഒരു വലിയ വിഭാഗത്തിന് ആശ്വാസമാണ് .ഇത്തരം ഒരു വെല്ലുവിളി ഏറ്റെടുത്ത ഡോക്ടറുമാരെ അഭിനന്ദിക്കാതെ വയ്യ .വലിയ മാനസിക സാമൂഹിക സംഘര്‍ഷങ്ങളിലൂടി കടന്നുപോകുന്നവര്‍ക്ക് ഒരു പരിഹാരം ആകുമത് . ഇവരെ മനസിലാക്കാനും ഇവരെ ഇവരുടെ വ്യക്തിത്വത്തോട് കൂടി അംഗീകരിക്കുവാൻ നമുക്കും സാധിക്കണം

പോളിയോ തുള്ളിമരുന്ന് - DR. MOHANDAS NAIR

AUTHOR
പോളിയോ എന്ന രോഗം ലക്ഷക്കണക്കിന് കുട്ടികളെ എന്നെന്നേക്കുമായി വികലാംഗരാക്കുകയും, അത്രയേറെപ്പേരുടെ മരണത്തിനു പോലും കാരണമാവുകയും ചെയ്ത മഹാവ്യാധി - ഇന്ന് നിർമ്മാർജ്ജനത്തിന്റെ വക്കിലാണ്. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, നൈജീരിയ എന്നീ മൂന്നു രാജ്യങ്ങളിലൊഴികെ വേറൊരു സ്ഥലത്തും ഇന്ന് പോളിയോ ഇല്ല. ഈ മൂന്ന് രാജ്യങ്ങളും ഇന്ന് പോളിയോ നിർമ്മാർജ്ജനത്തിന് വേണ്ടി കിണഞ്ഞ് പരിശ്രമിക്കുകയാണ്. ഭൂമുഖത്തു നിന്നും പോളിയോ രോഗത്തെ തൂത്തെറിയുംവരെ നാം ഇതു വരെ നേടിയ നേട്ടം നമുക്ക് നിലനിർത്തേണ്ടതുണ്ട്. മേൽപ്പറഞ്ഞ നമ്മുടെ അയൽ രാജ്യങ്ങളിൽനിന്നും രോഗം നമ്മുടെ ഇടയിലേക്കു തിരിച്ചുവരാനും സാധ്യത ഏറെയാണ്. അതിനാൽ പോളിയോയ്‌ക്കെതിരായ യുദ്ധം ഏതാനും വർഷങ്ങൾ കൂടി നമുക്ക് തുടരേണ്ടതുണ്ട്.
പോളിയോ നിർമ്മാർജ്ജനത്തിന് ഏറ്റവും പ്രധാന പങ്കുവഹിച്ചത് പൾസ് പോളിയോ പരിപാടിയാണ്. ഇത്രയേറെ ജന പങ്കാളിത്തമുള്ള മറ്റൊരു രോഗ പ്രതിരോധ നടപടി ഇതിനു മുമ്പ് ഉണ്ടായിട്ടില്ല എന്നു പറയാം. ഈ വർഷം ജനുവരി 29, ഏപ്രിൽ 2 എന്നിവയാണ് പൾസ് പോളിയോ ദിനങ്ങൾ.
ഇന്ന് നമ്മുടെ കുട്ടികളിൽഅംഗവൈകല്യങ്ങളുടെ തോത് എത്രയോ കുറഞ്ഞിരിക്കുന്നു എന്നതിന് പോളിയോ തുള്ളിമരുന്നിനോട് നാം കടപ്പെട്ടിരിക്കുന്നു. അത് കൊണ്ടു തന്നെയാണ്, തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങൾ ഏറെയുണ്ടായിട്ടും ജനം ശാസ്ത്രീയ ചിന്തയിലൂന്നി, പൾസ് പോളിയോയുമായി സഹകരിച്ചത്. ഈ വർഷവും 5 വയസ്സിൽ താഴെയുള്ള മുഴുവൻ കുട്ടികൾക്കും പോളിയോ തുള്ളിമരുന്ന് നൽകി ഈ പരിപാടി വൻവിജയമാക്കി തീർക്കണമെന്ന് ഓരോരുത്തരോടും അഭ്യർത്ഥിക്കുകയാണ്.


OUR PAGE

സാന്ത്വന പരിചരണം -PALLIATIVE CARE -DR.ANJIT UNNI

“ഈ പഴങ്കൂടൊരു ചുമയ്ക്കടി ഇടറി വീഴാം… വ്രണിതമാം കണ് ഠത്തില് ഇന്നു നോവിത്തിരി കുറവുണ്ട് വളരെ നാള് കൂടി ഞാൻ നേരിയ നിലാവിന്റെ പിന്നിലെ അനന്തതയിലലലിയും ഇരുൾ നീലിമയിൽ എന്നോ പഴകിയൊരോർമ്മകൾ മാതിരി നിന്നു വിറക്കുമീ ഏകാന്ത താരകളെ ഇന്നൊട്ട് കാണട്ടെ, നീ തൊട്ടു നില്‍ക്കു”



അപരിഹാര്യമായ ദുർവിധി അർബുദത്തിന്റെ രൂപത്തിൽ കടന്നു വന്നപ്പോൾ എഴുതിയതാണ് സഫലമീ യാത്ര എന്ന കവിതയെന്നു കവിയുടെ മകൻ സ്മരിക്കുന്നുണ്ട് . കോഴിക്കോട് മെഡിക്കൽ കോളേജിൽ തൊണ്ടയ്ക്ക് ശസ്ത്രക്രിയ കഴിഞ്ഞു തിരുവനന്തപുരം റീജ്യണൽ കാൻസർ സെന്ററിൽ റേഡിയേഷൻ ചികൽസയി ലായിരുന്ന ശ്രീ എൻ .എൻ കക്കാട് ജീവിതത്തിലേക്ക് മടങ്ങി വന്നു വീണ്ടും കവിതകൾ എഴുതി .
വ്രണിതമായ കണ്ഠത്തിലെ നോവ് കുറഞ്ഞപ്പോൾ വളരെ നാൾ കൂടി, നേരിയ നിലാവും ഇരുൾ നീലിമയും വിറയ്കുന്ന താരകളും പകരുന്ന കാഴ്ച സഹർഷം നുകരുന്ന ചിത്രം വേദനയിൽ നിന്നുള്ള മോചനം- വിശേഷിച്ചും ,ജീവിതാന്ത്യത്തെ അനിവാര്യമായ യാഥാർഥ്യമായി നേർക്കുനേർ കണ്ടുകൊണ്ടിരുന്ന വരുടെ ജീവിതസൗഖ്യത്തിനു എത്ര വലുതാണ് എന്ന സന്ദേശം തരുന്നു .രണ്ടു ദിവസം മുൻപ് , ജനുവരി 15 നു പാലിയേറ്റീവ് കെയർ ദിനം ആയി കേരളത്തിൽ ആചരിക്കപ്പെട്ടു.
എന്താണ് PALLIATIVE കെയർ
ദീർഘകാലം നീണ്ടു നിൽക്കുന്ന ,ജീവിത നിലവാരത്തെ സാരമായി ബാധിക്കുന്ന ഏതൊരു രോഗിക്കും നൽകുന്ന സമ്പൂർണവും ക്രിയാത്മകവും ആയ പരിചരണം ആണ് Palliative Care* . ഇത്തരക്കാർക്ക്, വേദന നിവാരണം ഉൾപ്പെടെ രോഗപീഡകളിൽ നിന്ന് മോചനം നൽകി ജീവിതം പരമാവധി ക്ലേശരഹിതമായി മുന്നോട്ട് കൊണ്ടുപോകുവാനും ദിനരാത്രങ്ങൾ സാധാരണ ജീവിതം കണക്കു യാതനരഹിതം ആക്കുവാനും യത്നിക്കുന്നു . പാലിയേറ്റീവ് ചികിത്സ നിർദേശിക്കപ്പെടുന്ന എല്ലാവരും മരണം വിധിക്കപ്പെട്ടവരാണ് എന്ന ഒരു തെറ്റിധാരണയും വ്യാപകം ആയിട്ടുണ്ട്. ശാസ്ത്രം എന്നതിനും മുകളിൽ സ്നേഹവും ആർദ്രതയും സഹാനുഭീതിയും നിറഞ്ഞ ഒരു പ്രസ്ഥാനം ആണ് palliative care
അൽപ്പം ചരിത്രം


മരണാസന്നരായ രോഗികൾക്ക് ശാരീരകവും മാനസികവും വൈകാരികവും ആയ സൗഖ്യം ലക്ഷ്യമിട്ടു തുടങ്ങിയ hospice കളാണ് ഇന്നത്തെ palliative care പ്രസ്ഥാനത്തിന്റെ മുന്നോടി. St Christophers hospice എന്ന ലോകത്തിലെ ആദ്യ പാലിയേറ്റിവ് ഹോസ്പിസ് UK യിൽ 1967ഇൽ സ്ഥാപിച്ചത് ഡെം സിസിലി സോണ്ടേഴ്സ് എന്ന ഡോക്ടർ ആയിരുന്നു. മരണത്തോടും മരണാസന്നരോടും സമൂഹത്തിനുള്ള മനോഭാവം ആ സമൂഹത്തെ കുറിച്ച് ഒരു പാട് നമുക്ക് പറഞ്ഞു തരും എന്ന് അവർ ഓർമിപ്പിച്ചു .നല്ല മരണം എന്ന ആശയം വളരെ പഴയതെങ്കിലും ഒരു ശാസ്ത്രമെന്ന നിലയ്ക്ക് പ്രചാരം നേടി തുടങ്ങി.
Dr. Elisabeth Kubler-Ross മരണാസന്നരെ കുറിച്ച് നടത്തിയ പഠനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടതും ഈ വിഷയത്തിലേക്കു കൂടുതൽ ശ്രദ്ധ പതിക്കാനിടയാക്കി .നിഷേധം ,ക്രോധം ,വില പേശൽ ,വിഷാദം ,രാജിയാകൽ എന്നീ അഞ്ചു ഘട്ടങ്ങളിലൂടെ മരണാസന്നരുടെ ദുഃഖാവസ്ഥ കടന്നു പോകുന്നു എന്ന് ആ മനശ്ശാസ്ത്രജ്ഞ വിലയിരുത്തി. Palliative care ഇന്ന് മരണാസന്നർക്കു ശിഷ്ട ജീവിതം ക്ലേശ രഹിതമാക്കാൻ മാത്രമല്ല നൽകുന്നത് ,അനിയന്ത്രിതമായ രോഗപീഡകളിൽ ,രോഗത്തിന്റെ ഏതു ദശയിലും ഉപയോഗിക്കുന്നുണ്ട് .

സാന്ത്വനപരിചരണവും കേരളവും
എൺപതുകളുടെ തുടക്കത്തിൽ ആണ് palliative care ഭാരതത്തിൽ വേര് പിടിച്ചു തുടങ്ങുന്നത് ., 1986ഇൽ, ശാന്തി അവേഡ്നാ സദൻ എന്ന ഹോസ്പിസ് മുംബൈയിൽ സ്ഥാപിക്കപ്പെട്ടതും 1994ൽ ഇന്ത്യൻ അസ്സോസിയേഷൻ ഫോർ പാലിയേറ്റീവ് കെയർ രൂപീകൃതമായതും ഈ പ്രസ്ഥാനത്തിന്റെ പ്രാരംഭമായി കണക്കാകാം . അവിടുന്നിങ്ങോട്ട് നോക്കിയാൽ ചില പ്രധാന നഗരങ്ങളിലെ ആശുപത്രികൾ മാറ്റി നിർത്തിയാൽ PALLIATIVE CARE വളർന്നത് കേരളത്തിൽ ആണ് എന്ന് നിസ്സംശയം പറയാം..
ഭാരതം മുഴുവൻ എടുത്താൽ ഒരു ശതമാനം ജനതയ്ക്കു മാത്രം ആണ് പാലിയേറ്റീവ് പരിചരണം ലഭിക്കുന്നത് . ജീവിതാന്ത്യത്തിലെ പരിചരണം കണക്കിലെടുത്തു മരിക്കുവാൻ ഏറ്റവും മികച്ച രാജ്യങ്ങടെയും ഏറ്റവും മോശം രാജ്യങ്ങളുടെയും ലിസ്റ്റിൽ ഒട്ടും അഭിമാനകരമായ അവസ്ഥയിൽ അല്ല ഭാരതം .2010 നെ അപേക്ഷിച്ചു സ്ഥിതി മെച്ചപ്പെടുത്തിയ ഭാരതം 80 രാജ്യങ്ങളുടെ പട്ടികയിൽ 67 ആം സ്ഥാനത്താണ് . ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയും അപ്രാപ്യതയും ,ഉയർന്ന ജനസാന്ദ്രത , ഭൂപ്രകൃതി ഉണർത്തുന്ന വെല്ലുവിളികൾ,നാർക്കോട്ടിക് സ്വഭാവം ഉള്ള വേദനാസംഹാരികളുടെ ലഭ്യതക്ക് നിയമപരമായ തടസ്സങ്ങൾ ,ഭരണനേതൃത്വത്തിന്റെ നയപരവും സാമ്പത്തികവും ആയ പിന്തുണയുടെ അഭാവം എന്നിങ്ങനെ ഒരു പാട് ഘടകങ്ങൾ ഇതിൽ ഉണ്ട് .
കേരളം ഇവിടെയും വികസിത രാജ്യങ്ങളോട് കിട പിടിക്കുന്നു. രാജ്യത്തിലെ പാലിയേറ്റീവ് പരിചരണ കേന്ദ്രങ്ങളിൽ മൂന്നിൽ രണ്ടും കേരളത്തിൽ ആണ്. 1993ഇൽ കോഴിക്കോട്, Dr .സുരേഷ് കുമാർ ,Dr.രാജഗോപാൽ മുതലായവരുടെ നേത്ര്യത്വത്തിൽ pain and palliative care society (PPCS) ആരംഭിച്ചു. ഗവണ്മെന്റ് ആശുപത്രികളിലെ രോഗികൾക്ക് പാലിയേറ്റിവ് കെയർ നൽകുക എന്നതായിരുന്നു ഉദ്ദേശം. ചിലവ് കുറഞ്ഞതും ,സമൂഹാധിഷ്ഠതവും സുസ്ഥിരവും ആയ neighbourhood network for palliative care (NNPC) എന്ന ആശയത്തിന്മേലാണ് കേരളത്തിലെ palliative കെയർ മുന്നേറിയത്. പരിശീലനം ലഭിച്ച തദ്ദേശീയരായ സന്നദ്ധപ്രവർത്തകരടങ്ങിയ ഒരു സംഘം ആണതിന്റെ ശക്തി . ഡോക്ടറും, നഴ്സും, സാമൂഹികപ്രവർത്തകരും നാട്ടുകാരായ ഒരുപാട് സന്നദ്ധപ്രവർത്തകരും ഉണ്ടാവുന്ന ഈ മോഡൽ ലോകാരോഗ്യ സംഘടനയുടെ പ്രശംസയ്ക്ക് പാത്രമായ ഒന്നാണ് . Pallium india പോലുള്ള ട്രസ്റ്റുകളുടെ സജീവമായ ഇടപെടലും എടുത്തു പറയേണ്ടതാണ്.
ഇന്ത്യയിൽ ആദ്യമായി 2008ൽ കേരളാ ഗവണ്മെന്റ് പാലിയേറ്റീവ് കെയർ പോളിസി പ്രഖ്യാപിച്ചു. ആരോഗ്യകേരളം പോലുള്ള പദ്ധതികൾ വഴി ഇത് പൊതുജനാരോഗ്യവുമായി വിജയകരമായി ബന്ധിപ്പിക്കുവാൻ സാധിച്ചിട്ടുണ്ട്..തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ വഴി നടപ്പിലാക്കുന്ന ഹോം കെയർ (വീട്ടിൽ നടത്തുന്ന അടിസ്ഥാന പരിചരണം )മുതൽ മുകളിലോട്ടു മൂന്നു തട്ടുകളായുള്ള പ്രവർത്തന രൂപ രേഖയാണ് ഇതിനുള്ളത് . താരതമ്യേനെ പിന്നോക്ക ജില്ലകളായി കരുതപ്പെടുന്ന ഇടുക്കി ,വയനാട് ,മലപ്പുറം പോലുള്ള ജില്ലകൾ ഈ ദിശയിൽ വൻ മുന്നേറ്റമാണ് നടത്തുന്നത് ക്രിയാത്മകമായ സമൂഹ ഇടപെടൽ ,കർമബോധമുള്ള നേതൃത്വം ,നയപരമായ പിന്തുണ നൽകുന്ന ഭരണം എന്നിവയെല്ലാം ആണ് കേരളത്തിലെ വിജയത്തിന് ഈ പിന്നിൽ .ഇന്ന് ഒരു വൻ ജനകീയ പ്രസ്ഥാനം ആണ് കേരളത്തിലെ PALLIATIVE CAREശൃംഖല
എന്താണ് PALLIATIVE CAREൽ നടക്കുന്നത്
അതികഠിനമായ രോഗപീഢയാൽ ബുദ്ധിമുട്ടുന്ന രോഗിയോടും കുടുംബത്തോടും സംസാരിച്ചു യാതനകളുടെ തീവ്രത മനസ്സിലാക്കുകയാണ് ആദ്യ പടി . ഇതിൽ സോഷ്യൽ വർക്കർ ,സന്നദ്ധ പ്രവർത്തകർ എന്നിവരും വലിയ പങ്കു വഹിക്കുന്നു ..
പഴകിയതും പടർന്നതുമായ കാൻസർ , ഭേദമാകാത്ത പക്ഷാഘാതം ,ഗുരുതരമായ ഹൃദയ /വൃക്ക/ ശ്വാസകോശ രോഗങ്ങൾ ,സാധാരണ ജീവിതത്തിലേക്കു മടങ്ങിവരവ് ദുഷ്കരമായ രീതിയിൽ തലച്ചോറിനും സ്പൈനൽ കോർഡിനും ക്ഷതമേൽകുന്ന പരിക്കുകൾ ,എയിഡ്സ് രോഗികൾ ,തളർച്ചാ രോഗങ്ങൾ പിടി പെട്ടവർ തുടങ്ങിയവരാണ് മിക്കപ്പോഴും ഇത് വേണ്ടി വരുന്നവർ.
രോഗിയുടെ വേദനയുടെ കാഠിന്യം അനുസരിച് മോർഫിൻ ഉൾപ്പെടെയുള്ള വേദനസംഹാരികൾ കൃത്യമായ അളവിൽ വിദഗ്ധ നിരീക്ഷണത്തിൽ ഉപയോഗിക്കപ്പെടുന്നു . പാർശ്വഫലങ്ങൾ ഉളവാക്കാവുന്ന ഇത്തരം ഉപാധികൾ സൂക്ഷ്മനിരീക്ഷണത്തിലാണ് നൽകുന്നത് . വേദനാസംഹാരത്തിൽ മാത്രമൊതുങ്ങന്നതല്ല മിക്കപ്പോഴും ഇവരുടെ യാതനകൾ .
ശ്വാസം മുട്ട് ,ഛർദി ,തുടര്ച്ചയായി കിടക്കുന്നവർക്കുണ്ടാകുന്ന വ്രണങ്ങൾ ,മലബന്ധം ,മൂത്രതടസ്സമെന്നിങ്ങനെ പലതരം യാതനകൾ ... യാതനകൾ ദുസ്സഹമാകുന്നത് പരിചരിക്കാൻ ആളില്ലാതെ വരുമ്പോഴാണ് എന്നാണ് ആദ്യ പാലിയേറ്റിവ് ഹോസ്പിസ് UK യിൽ സ്ഥാപിച്ച ഡെം സിസിലി സോണ്ടേഴ്സ് പറഞ്ഞിട്ടുള്ളത്. ഇത്തരം വ്യഥകളെല്ലാം സുഖപ്പെടുത്താനുള്ള ശ്രമങ്ങളിൽ ജോലി അവസാനിക്കുന്നില്ല .ശാരീരികമായ വ്യഥകൾ പോലെ മുറിവുണ്ടാക്കുന്നതാണ് മാനസികവും സാമൂഹികവും ആയ വ്യസനങ്ങളും വ്യഥകളും. ഇവയിലെല്ലാം ക്രിയാത്മകമായി ഇടപെടുന്നതാണ് സാന്ത്വന പരിചരണം.
വഴിവിളക്കുകളും വൈതരണികളും
ലോകമെമ്പാടും ആവശ്യക്കാരിൽ 14 ശതമാനത്തിനു മാത്രമേ palliative care ലഭ്യമാകുന്നുള്ളൂ എന്ന് ലോകാരോഗ്യസംഘടന കണക്കുകൾ ചൂണ്ടികാണിക്കുന്നു . വേദനയിൽ നിന്നും പീഡകളിൽ നിന്നും മോചനം നേടുക എന്ന രോഗിയുടെ ആവശ്യത്തിന് വൈദ്യലോകം അടങ്ങിയ സമൂഹം വേണ്ടത്ര മുൻഗണന നൽകിയിട്ടുണ്ടോ എന്നത് സംശയകരം ആണ് . വ്യക്തമായ ദേശിയ സാന്ത്വന പദ്ധതിയോ നയമോ പോലും മിക്ക രാജ്യങ്ങളിലും നിലവിൽ ഇല്ല

National Program for Palliative Care എന്ന ദേശീയ ആരോഗ്യ പദ്ധതി ഈ ദിശയിൽ വൈകിയ വേളയിലെങ്കിലും നമ്മുടെ രാജ്യം രൂപം നൽകിയിട്ടുണ്ടെങ്കിലും ഇനിയും വളരെയേറെ ചെയ്യാനിരിക്കുന്നു . മോർഫിൻ പോലുള്ള മരുന്നുകളുടെ ലഭ്യതയും പ്രാപ്യതയും നിയമ പ്രകാരം വളരെ ദുഷ്കരമാകുന്ന അവസ്ഥയാണ് മറ്റൊരു വെല്ലുവിളി . നിയമ ഭേദഗതിയിലൂടെ അവസ്ഥ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും കേരളം പോലുള്ള ചില സംസ്ഥാനങ്ങൾ ഒഴിച്ച് സ്ഥിതി ഇപ്പോഴും ആശാവഹമല്ല .മെഡിക്കൽ വിദ്യാഭ്യാസത്തിൽ PALLIATIVE CARE പാഠങ്ങൾ ഉൾപെടുത്തുക എന്നതും ഒരു ചികിത്സാ രീതി എന്ന നിലയിൽ സാന്ത്വന പരിചരണം ശാസ്ത്രീയമായി വളർച്ച നേടാൻ ആവശ്യമാണ് .PALLIATIVE CARE ൽ MD യും CANCERPAIN മാനേജ്മന്റ് ൽ DM കോഴ്സുകളും ചില മുൻനിര സ്ഥാപനങ്ങളെങ്കിലും ആരംഭിച്ചിട്ടുണ്ട് എന്നത് ശുഭ പ്രതീക്ഷയേകുന്നു.
സഫലമീ യാത്ര
എഴുപതുകളിൽ കാൻസർ രോഗിയായ ആനന്ദ് ആയി വെള്ളിത്തിരയിൽ പകർന്നാടിയ രാജേഷ് ഖന്നയുടെ കഥാപാത്രം കാൻസർ ചികിത്സകനായ ബച്ചന്റെ ഡോക്ടർ ഭാസ്കർ എന്ന ബാബു മൊശായിയോട് പറയുന്ന പ്രശസ്തമായ ഡയലോഗ് ഉണ്ട് ,
'ജീവിതം വലുതായിരിക്കുന്നതിലാണ് കാര്യം മൊശായി, നീണ്ടതായിരിക്കുന്നതിലല്ല " ജീവിതത്തിന്റെ വലുപ്പത്തെ ഇടുക്കുന്ന എല്ലാ വ്യഥകളിൽ നിന്നും വ്യസനങ്ങളിൽ നിന്നും ഗുരുതരമായ രോഗങ്ങളുള്ളവരെ നമുക്ക് പരിചരിക്കാം .അവരുടെ യാത്ര സഫലം മാത്രം അല്ല സുഖകരവും ആയി തീരട്ടെ.
(*എന്നടയാളപ്പെടുത്തിയ വാചകത്തിനു കടപ്പാട് – Dr.പ്രശാന്ത് .സി .വി,Palliative care expert,RCC ,Thiruvananthapuram)