Tuesday 13 December 2016

നവജാതശിശുപരിചരണം - Dr. Shimna Azyz

                                          ഇളയമ്മ, വല്യമ്മ,മാമി, എട്ടത്തിയമ്മ,പതിനഞ്ചു വീട് അപ്പുറത്തുള്ള തല മുതിര്‍ന്ന അയല്പക്കകാരി(2 എണ്ണം), അമ്മ, അമ്മായി അമ്മ എന്നിത്യാദി പതിവ് ചേരുവകളൊന്നും കൂടാതെ 'ഇപ്പൊ പ്രസവിക്കും' എന്ന മട്ടിലൊരു ഗര്‍ഭിണിയും കൂടെ അവളുടെ ഗര്‍ഭണനും മാത്രം. പെണ്‍പട കൂടെയില്ലാത്തത് കൊണ്ട് വാര്‍ഡില്‍ സ്വസ്ഥത ഉണ്ടെന്ന് പറയാതെ വയ്യ.
അവള്‍ക്കു പേറ്റുനോവ്‌ തുടങ്ങിയപ്പോള്‍ ഫോണിലൂടെ "accompany her to the LR'' എന്നൊരു അശരീരി മാത്രമാണ് കിട്ടിയത്. ലേബര്‍ റൂമിലേക്ക്‌ കമ്പനി കൊടുത്തേക്കാം എന്നോര്‍ത്ത് അവളെ ഷിഫ്റ്റ്‌ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഇത് വരെ അവള്‍ക്കു കമ്പനി കൊടുത്ത ഗര്‍ഭണന്‍ കരച്ചില്‍ തുടങ്ങി.കൂടെ ആദ്യമായി സൗദിയിലേക്ക് വീട്ടുവേലക്ക് പോകാന്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ബോര്‍ഡിംഗ് പാസ്‌ കിട്ടിയ മാതിരി അവളും. രണ്ടാളുടെയും കൂടി കരച്ചിലിന്‍റെ ഇടയില്‍ നിന്ന് ഒരുതരത്തില്‍ അവളെ പിടികൂടി കൊണ്ടുപോയി പ്രസവിപ്പിച്ചു തിരിച്ചെത്തിയപ്പോള്‍ അടുത്ത പ്രശ്നം.ബന്ധുക്കളുടെ സംസ്ഥാനസമ്മേളനം.
കുട്ടിയെ എടുക്കുന്നത് മുതല്‍ കുഞ്ഞിന്‍റെ അമ്മ എത്ര ഡിഗ്രി ചെരിവില്‍ തല വെക്കണം എന്ന് വരെ വിദഗ്‌ധാഭിപ്രായം പറയുന്നതും സര്‍വ്വത്ര കുളമാക്കുന്നതും കഴുത്തില്‍ സ്തെതെസ്കോപ്പ് ഇട്ടു നടക്കുന്നവരുടെ ഇടയില്‍ വെച്ച് തന്നെയാണ്. എന്നാല്‍ കുട്ടി കരച്ചില്‍ നിര്‍ത്തുന്നുണ്ടോ,അതുമില്ല. ഒടുക്കം ക്ഷമ നശിച്ചു അവരുടെ സഹായിയായ സ്ത്രീയോട് ഞാന്‍ തന്നെ കിടക്കയില്‍ കുഞ്ഞിന്‍റെ വിരി വിരിക്കാന്‍ പറഞ്ഞു, എന്നെ അന്യഗ്രഹജീവിയെ പോലെ നോക്കുന്നവരുടെ ഇടയില്‍ നിന്ന് കുഞ്ഞിനെ വാങ്ങി, കുഞ്ഞിനെ തുണിയില്‍ പൊതിയുന്നത് കാണിച്ചു കൊടുത്തു അവനെ തോളില്‍ കിടത്തി തട്ടിക്കൊടുത്തു,കരച്ചിലും നിന്നു. ശുഭം. കുഞ്ഞിനു തണുത്തിട്ടാണ്, വേറെ വിശേഷം ഒന്നുമില്ല.
                                       വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും അവരുടെ അഗാധമായ ശാസ്ത്രജ്ഞാനം തെളിയിക്കാനുള്ള ഒരു ഉപകരണമാണ് താനെന്നു പാവം നവജാതന്‍ എന്ന ചോരക്കുഞ്ഞിന് അറിയില്ല. ജനിച്ചു പുറത്തെത്തിയാല്‍ ആദ്യമായി മുലയൂട്ടുന്നതിനു മുന്‍പേ അവനവന്‍റെ വിശ്വാസം അനുസരിച്ച് എന്തെങ്കിലും ഒരു സാധനം വായില്‍ ഒഴിച്ച് കൊടുക്കും(pre-lacteal feed). ഏതാണ്ടൊക്കെയോ ഈ പ്രക്രിയ കൊണ്ട് കിട്ടുമെന്നാണ് വെയ്പ്പ്. ചെയ്യാന്‍ പാടില്ലാത്തതാണ്. മധുരമായായാലും മറ്റെന്തു സംഗതിയായാലും കുഞ്ഞിനു ഒരുകാരണവശാലും മുലപ്പാലിന് മുന്‍പേ ഇങ്ങനെയൊന്നും കൊടുക്കാന്‍ പാടില്ല. ഏറ്റവും വലിയ വിരോധാഭാസം എന്താണെന്ന് വെച്ചാല്‍ കുഞ്ഞിനു നിര്‍ബന്ധമായും നല്‍കേണ്ട ആദ്യം വരുന്ന മഞ്ഞപ്പാല്‍(കൊളസ്ട്രം) പിഴിഞ്ഞ് കളയുകയും യാതൊരു ഉപകാരവുമില്ലാത്ത എന്തൊക്കെയോ പദാര്‍ഥങ്ങള്‍ മിനിട്ടുകള്‍ക്ക് മുന്‍പേ മാത്രം വെളിച്ചം കണ്ട കുഞ്ഞിന്റെ വായില്‍ ഒഴിച്ച് കൊടുക്കുകയും ചെയ്യുന്നു എന്നതാണ്.
തുടര്‍ന്ന് ആശംസാപ്രവാഹമാണ്. മൊബൈല്‍ കരയുന്നു, മൊബൈലില്‍ വിളിച്ചു പറഞ്ഞത് കേട്ട് പറന്നു വന്നവരുടെ കൂടെയുള്ള കുഞ്ഞുങ്ങള്‍ കരയുന്നു, അമ്മ അവരുടെ ഇടയിലിരുന്നു സൊറ പറയുന്നു, സിഗരറ്റ് വലിച്ചവരും വായില്‍ മുറുക്കാന്‍ ഉള്ളവരും വരെ കുഞ്ഞിനു ഉമ്മ കൊടുക്കുന്നു, ജലദോഷമുള്ള ബന്ധുക്കുഞ്ഞുങ്ങള്‍ കുഞ്ഞിനെ കെട്ടിപ്പിടിച്ചു കിടക്കുന്നു....ചുരുക്കി പറഞ്ഞാല്‍, അമ്മ ഡിസ്ചാര്‍ജ് ആകാന്‍ വേണ്ടി പെട്ടി പായ്ക്ക് ചെയ്യുമ്പോള്‍ കുഞ്ഞിനു ന്യുമോണിയ !
'കുഞ്ഞിനെ കാണാന്‍ പോകുക' എന്ന പഴയകാല സാംസ്‌കാരികപ്രവര്‍ത്തനം കാലഹരണപ്പെട്ട ഒന്നാണ്. ഏറ്റവും വലിയ ഉപദ്രവം എന്താണെന്ന് വെച്ചാല്‍ അമ്മയ്ക്കും കുഞ്ഞിനും വിശ്രമം വേണ്ട നേരത്ത് ചെവിതല കേള്‍ക്കില്ല എന്ന് മാത്രമല്ല, കുഞ്ഞിനു വിശപ്പ്‌ മാറും വരെ സ്വസ്ഥമായി മുലയൂട്ടാന്‍ പോലും ചിലപ്പോള്‍ കഴിഞ്ഞില്ല എന്ന് വരാം.
            
                            ആദ്യദിവസങ്ങളില്‍ മുലയൂട്ടാന്‍ അറിയാത്ത അമ്മയെ അത് പഠിപ്പിക്കുന്നത്‌ കുഞ്ഞു തന്നെയാണ്. കുഞ്ഞും അമ്മയും ഒരു ശരീരമായിരുന്ന പത്ത് മാസങ്ങള്‍ കഴിഞ്ഞു അവര്‍ വേര്‍പെട്ടിട്ട് മണിക്കൂറുകള്‍ മാത്രമായിരിക്കുമ്പോള്‍ 'അമ്മക്ക് പാലില്ല, കുട്ടിക്ക് വിശക്കുന്നു' എന്ന പറച്ചിലുമായി വരുന്ന ബന്ധുക്കള്‍ മുലയൂട്ടാനുള്ള ആത്മവിശ്വസത്തെയാണ് ഇല്ലാതാക്കുന്നത്. പറഞ്ഞത് തെറ്റിയിട്ടില്ല, അമ്മക്ക് ആത്മവിശ്വാസം ഇല്ലെങ്കില്‍, നേരിയൊരു മാനസികസമ്മര്‍ദം ഉണ്ടെങ്കില്‍, ഉറക്കം ശരിയായില്ലെങ്കില്‍, ഭക്ഷണം കുറഞ്ഞു പോയാല്‍ എന്ന് വേണ്ട മാനസികവും ശാരീരികവുമായി ഉണ്ടാകുന്ന ഏതൊരു കാരണം കൊണ്ടും പാല് കുറയാം.കൂടാതെ,അമ്മയുടെ നെഞ്ചോട്‌ ചേര്‍ന്നും കൈയിന്‍റെ ചൂടിലും കിടക്കേണ്ട കുഞ്ഞ്,തന്നെ കാണാന്‍ വന്ന കാക്കതൊള്ളായിരം പേര്‍ക്ക് ദര്‍ശനം കൊടുത്തു കരഞ്ഞു വിളിച്ചു തിരിച്ചെത്തുമ്പോള്‍ അമ്മയുടെ ശരീരത്തില്‍ കുഞ്ഞിന്‍റെ സാമീപ്യം സ്വാഭാവികമായുമുണ്ടാക്കേണ്ട പല ഹോര്‍മോണ്‍ മാറ്റങ്ങളും ഉണ്ടാകാതെ പോകുന്നു.ഇതും പാല് കുറയാന്‍ കാരണമാകാം.

      ഇനി 'പാല് കുറവ്' എന്ന കണ്ടെത്തല്‍ പോലും തെറ്റായിരിക്കാം. കാരണം, കുഞ്ഞ്‌ നന്നായി പാല് കുടിക്കുകയും ഉറങ്ങുകയും ദിവസവും ചുരുങ്ങിയത്‌ എട്ടു പ്രാവശ്യമെങ്കിലും മൂത്രമൊഴിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ നിങ്ങളുടെ കുഞ്ഞിനു ആവശ്യത്തിനു പാല് കിട്ടുന്നുണ്ട്‌. ഇതോടൊപ്പം കുട്ടി ആവശ്യത്തിനു ഭാരം വെക്കുന്നുണ്ടോ എന്ന് കൂടി പരിഗണിക്കേണ്ടതുണ്ട്. ആദ്യ ആഴ്ചയില്‍ മൊത്തം ശരീരഭാരത്തിന്‍റെ പത്ത് ശതമാനം നഷ്ടപ്പെട്ട ശേഷം മാത്രമേ കുഞ്ഞിനു ഭാരം വര്‍ദ്ധിച്ചു തുടങ്ങൂ. അത് പോലെ, പാല് കുടിച്ച ഉടനെ കുഞ്ഞ് മലവിസര്‍ജനം നടത്തുന്നത് ഒരു അസുഖമായി കണക്കു കൂട്ടുന്നവരുണ്ട്. അപ്പോള്‍ കുടിച്ച പാലല്ല കുട്ടിയുടെ വയറ്റില്‍ നിന്നും പോകുന്നത്. ഇതൊരു സ്വഭാവികപ്രക്രിയ മാത്രമാണ്.

നവജാതശിശുവിനെ (ജനനം മുതല്‍ ഏഴു ദിവസം വരെ-early neonate) മൃദുവായ കോട്ടന്‍ തുണിയില്‍ പൊതിഞ്ഞു കിടത്തണം.അലക്ഷ്യമായി കുഞ്ഞിനെ കിടത്തിയാൽ കുഞ്ഞിന്റെ ശരീരതാപനില ക്രമാതീതമായി കുറയാൻ സാധ്യതയുണ്ട്‌, പ്രത്യേകിച്ച്‌ മാസം തികയാത്ത(37 ആഴ്‌ച പ്രായമെത്തും മുൻപേയുള്ള ജനനം) കുഞ്ഞോ അല്ലെങ്കിൽ തൂക്കക്കുറവോ ഉള്ള കുട്ടികൾക്ക്‌(<2.5kg).ആവശ്യത്തിന്‌ ഭാരമുള്ള കുട്ടികളെ പൊക്കിൾകൊടി കൊഴിഞ്ഞ ശേഷം കുളിപ്പിക്കാം.അല്ലാത്തവർക്ക്‌ ഭാരം ആവശ്യത്തിന്‌ വർദ്ധിച്ച ശേഷവും.

പൊക്കിൾകൊടിയിലെ മുറിവും പഴുപ്പും നിസ്സാരമായി എടുക്കരുത്‌.സ്വന്തം ഇഷ്‌ടപ്രകാരം ഒന്നും തേക്കുകയുമരുത്‌.

മുലയൂട്ടുമ്പോൾ ഒരു നേരം ഒരു വശത്തെ പാൽ മുഴുവൻ നൽകിയ ശേഷമേ മറുഭാഗത്ത്‌ നിന്നും നൽകാൻ പാടുള്ളൂ.കുഞ്ഞിന്റെ ഭാരം കൂടാനുള്ള കട്ടിപ്പാൽ (hindmilk) കുഞ്ഞിന്‌ ആവശ്യത്തിന്‌ ലഭിക്കാനാണിത്‌.കൂടാതെ, ഡോക്‌ടർ നിർദേശിച്ചാലല്ലാതെ.പൊടിപ്പാൽ കൊടുക്കരുത്‌. ഒരു വയസ്സ്‌ പൂർത്തിയാകാതെ മൃഗപ്പാലും കൊടുക്കാന്‍ പാടില്ല.

കുഞ്ഞിന്റെ ഉടുപ്പുകളുടെ ഭംഗിയല്ല, അവരുടെ സൗകര്യമാണ്‌ പ്രധാനം.കട്ടി കുറഞ്ഞ കോട്ടൻ തുണി കൊണ്ടുള്ള വസ്‌ത്രങ്ങളാണ്‌ ഏറ്റവും അനുയോജ്യം. ആഭരണങ്ങളും അൽപ്പം മുതിർന്ന ശേഷം ആകാമല്ലോ.കുഞ്ഞിന്‌ അസ്വസ്‌ഥതയും അണുബാധയും ഉണ്ടാക്കുന്ന യാതൊന്നും കുഞ്ഞിന്റെ ദേഹത്ത്‌ ഉണ്ടാകാൻ പാടില്ല..

ഡയപ്പർ ഉപയോഗം പരമാവധി കുറക്കണം.അഥവാ ഉപയോഗിക്കുന്നുവെങ്കിൽ, ഓരോ തവണ മലം പോയിക്കഴിഞ്ഞ ശേഷവും ഡയപ്പർ മാറ്റണം.നവജാതരിൽ ഇതിന്റെ പ്രായോഗികത ഊഹിക്കാമല്ലോ. തൊലിപ്പുറത്ത്‌ ചൊറിച്ചിലോ തടിപ്പോ (diaper rash)കണ്ടാൽ ഉടൻ ഉപയോഗം നിർത്തി വെക്കുകയും വേണം.

അവസാനമായി ഒരു കാര്യം കൂടി, പ്രകൃതി യാതൊരു പോറലും പറ്റാതെ പൂ പോലൊരു കുഞ്ഞിനെ തന്നിട്ട്‌ ചപ്പാത്തി പരത്താൻ ആട്ട തൂത്തത്‌ പോലെ അതിനെ പൗഡറിലും എണ്ണയിലുംഇട്ട്‌ മുക്കരുത്‌...ഒടുക്കം ഫുൾസ്‌റ്റോപ്പ്‌ പോലെ കവിളിലൊരു കുത്തും !

കുഞ്ഞും അമ്മയും മാത്രമായിരുന്നില്ലേ ഇത്രയും നാൾ..കുറച്ച്‌ ദിവസങ്ങൾ കൂടി അവരുടേത്‌ മാത്രമാകട്ടെ...അവിടേക്ക്‌ ഭക്ഷണമായാലും ആടയാഭരണങ്ങളായാലും കൃത്രിമത്വം പകരാതിരിക്കുക.അത്‌ തന്നെയാണ്‌ പ്രിയപ്പെട്ടവർ എന്ന നിലയിൽ നമുക്കാകെ ചെയ്യാനുള്ളതും...
visit our page for other articles on health ; www.facebook.com/infoclinicindia/

No comments:

Post a Comment