Sunday 22 January 2017

മൂത്രത്തില്‍ അണുബാധ സ്ത്രീകളില്‍- Dr.Shimna Azyz



      ആണായി ജനിച്ചിരുന്നെങ്കില്‍ എന്ന് ഏതൊരു പെണ്ണിനും തോന്നുന്ന രണ്ടു സമയങ്ങള്‍ ഉണ്ട്- ഒന്ന്, പ്രസവവേദന വരുമ്പോള്‍, രണ്ട്, യാത്രയില്‍ മൂത്രശങ്ക വരുമ്പോള്‍. അതിശയോക്തിയായി തോന്നാമെങ്കിലും, ഇത് തന്നെയാണ് സത്യം. പെണ്ണിനെ പരിഗണിക്കാത്ത സ്ഥിതിയാണ് ഇന്നും നമ്മുടെ നാട്ടില്‍ പലയിടത്തും ഉള്ളത്. മൂത്രപ്പുരകളുടെ അഭാവവും, ഇനി അഥവാ ഉണ്ടെങ്കില്‍ തന്നെ ആവശ്യത്തിനു സൗകര്യങ്ങള്‍ ഇല്ലാത്തതും കുറച്ചൊന്നുമല്ല സ്ത്രീകളെ വലക്കുന്നത്. ആര്‍ത്തവസമയത്ത് സാനിട്ടറി നാപ്കിന്‍ ഒഴിവാക്കാനും കൈക്കുഞ്ഞ് ഉള്ളവര്‍ക്ക് ഡയപ്പര്‍ മാറ്റാനും മറ്റും ഒരു ബാസ്കറ്റ് കിട്ടാക്കനിയുമാണ്.പൊതുവേ തന്നെ മൂത്രത്തില്‍ അണുബാധക്ക് സാധ്യത കൂടിയ സ്ത്രീകളില്‍ ഇത് കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് വഴി വെക്കുന്നു.

         മൂത്രത്തില്‍ പഴുപ്പ് ആണെന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഡോക്റ്റര്‍മാര്‍ നേരിടുന്ന മറുചോദ്യമാണ് 'അതിനു ഞാന്‍ നല്ലോണം വെള്ളം കുടിക്കുന്നുണ്ടല്ലോ' എന്ന്. 'മൂത്രപ്പഴുപ്പ്' എന്ന ഉപയോഗം തന്നെ തെറ്റാണ്. മൂത്രത്തില്‍ അണുബാധ ഉള്ളവര്‍ക്കെല്ലാം മൂത്രത്തില്‍ പഴുപ്പ് ഉണ്ടാകണം എന്നില്ല. ഇതിനു വെള്ളംകുടിയുമായി നേരിട്ട് ബന്ധം ഉണ്ടാകണം എന്നുമില്ല. പല കാരണങ്ങള്‍ കൊണ്ട് മൂത്രത്തില്‍ അണുബാധക്കുള്ള സാധ്യത പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്കാണ്. ആ ചരിത്രത്തിലേക്ക് കടന്നതിനു മുന്‍പ് എന്താണ് Urinary Tract Infection/UTI എന്ന് പറയാം.

പൊതുവേ പറഞ്ഞാല്‍ മൂത്രം അണുവിമുക്തമാണ്. ഏതെങ്കിലും കാരണവശാല്‍ മൂത്രനാളം വഴി മൂത്രസഞ്ചിയില്‍ അണുക്കള്‍ എത്തി അണുബാധ ഉണ്ടാകുന്നതിനെയാണ് സാധാരണ ഗതിയില്‍ യൂറിനറി ഇന്‍ഫെക്ഷന്‍ എന്ന് പറയുന്നത്.എന്നാല്‍ കിഡ്നി മുതല്‍ മൂത്രനാളം വരെ എവിടെ അണുബാധ ഉണ്ടായാലും അതിനെ ഇങ്ങനെ തന്നെയാണു വിളിക്കുന്നത്. അണുബാധ എവിടെയാണ് കേന്ദ്രീകരിച്ചിരിക്കുന്നത്‌ എന്നതിനനുസരിച്ച് ലക്ഷണങ്ങള്‍ ഏറിയും മാറിയുമിരിക്കും.
മൂത്രത്തിന്‍റെ ഉടമസ്ഥയുടെ കൈയിലിരിപ്പാണ് മൂത്രത്തില്‍ അണുബാധയും തുടര്‍പ്രശ്നങ്ങളും ഉണ്ടാക്കുന്നത്. പുരുഷനെ അപേക്ഷിച്ച് സ്ത്രീക്ക് മൂത്രനാളത്തിന്‍റെ നീളം അല്പം കുറവാണ്. കൂടാതെ, മൂത്രനാളത്തിന്‍റെ വളരെ അടുത്ത് തന്നെ യോനീനാളവും മലദ്വാരവും ഉള്ളതും ഈ ഭാഗത്തെ അണുക്കളുടെ വിളനിലമാക്കുന്നു. സ്ത്രീശരീരത്തില്‍ ആര്‍ക്കും ഒരു ഉപദ്രവവും ഉണ്ടാക്കാതെ ഒരു മൂലയ്ക്ക് ഒളിച്ചിരിക്കുന്ന മൂത്രനാളത്തിലേക്ക് അണുക്കള്‍ കടന്നു കയറുന്നത് പല കാരണങ്ങള്‍ കൊണ്ടാണ്.
*യഥാസമയം മൂത്രമൊഴിക്കാതെ അധിക സമയം മൂത്രാശയത്തില്‍ കെട്ടിനില്‍ക്കുന്നത്‌ അണുക്കള്‍ വളരാനുള്ള സാഹചര്യം ഒരുക്കുന്നു
*ലൈംഗികബന്ധസമയത്തുള്ള വൃത്തിഹീനത
*മലവിസര്‍ജനത്തിനു ശേഷം പിന്നില്‍ നിന്ന് മുന്‍പിലേക്ക് വൃത്തിയാക്കുന്നത്
*ഗര്‍ഭാവസ്ഥ
*പ്രമേഹം
*ആര്‍ത്തവവിരാമത്തിനു ശേഷം ശരീരത്തില്‍ ഈസ്ട്രജന്‍ എന്ന ഹോര്‍മോണിന്‍റെ അഭാവം
*മൂത്രാശയത്തിലോ കിഡ്നിയിലോ ഉണ്ടാകുന്ന തടസങ്ങള്‍ (കല്ല്‌, മറ്റു വളര്‍ച്ചകള്‍, മൂത്രനാളത്തിന്‍റെ വ്യാസം കുറയുന്ന അവസ്ഥകള്‍)
*ഏതെങ്കിലും രോഗം കാരണമോ മൂത്രമൊഴിക്കുന്നതിലെ അപാകതകള്‍ കാരണമോ കത്തീറ്റര്‍ ഇടേണ്ടി വരുമ്പോള്‍
ഇത്തരത്തില്‍ വലിഞ്ഞു കയറുന്ന ബാക്റ്റീരിയകള്‍ ഒന്നും രണ്ടും തരമല്ല. പ്രധാനമായും ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കറുത്ത കൈകള്‍ E.Coli, Klebsiella, Psuedomonas തുടങ്ങിയവരുടെ വിവിധ തരം വര്‍ഗങ്ങള്‍ ആണ്. ഇതില്‍ ഓരോ അണുബാധയും എത്രത്തോളം ഭീകരമാകും എന്നത് നിശ്ചയിക്കുന്നത് മൂന്നു കാര്യങ്ങളാണ്- രോഗിയുടെ പ്രതിരോധശേഷി, രോഗാണുവിന്‍റെ രോഗജന്യശേഷി, രോഗം ജനിപ്പിക്കാനുള്ള സാഹചര്യങ്ങളുടെ സാന്നിധ്യം എന്നിവയാണ് അത്.
പ്രതിരോധശേഷി പൊതുവേ കുറഞ്ഞ വ്യക്തിക്ക് വഴിയെ പോകുന്ന ഏത് ബാക്റ്റീരിയയും മൂത്രത്തില്‍ അണുബാധ ഉണ്ടാക്കാം. പ്രമേഹരോഗികളിലും ഗര്‍ഭിണികളിലുമൊക്കെ പ്രധാനമായും ഇതാണ് സംഭവിക്കുന്നത്‌. മൂത്രത്തിലൂടെ വരുന്ന പഞ്ചസാരയുടെ അംശം തിന്നു ബാക്റ്റീരിയ അവിടെ തന്നെ കുട്ടിയും കുടുംബവുമായി കൂടാന്‍ തീരുമാനിക്കുന്നത്‌ ഇടക്കിടെയുള്ള യൂറിനറി ഇന്‍ഫെക്ഷനായി ഭവിക്കുന്നു. പ്രമേഹരോഗിക്ക് ഇടയ്ക്കിടെ ആശുപത്രിവാസമാണ് വിധിയെങ്കില്‍ ഗര്‍ഭിണിക്ക്‌ മാസം തികയാതെയുള്ള പ്രസവം ഉള്‍പ്പെടെ പല ദുരന്തങ്ങള്‍ വന്നു ഭവിക്കാം. ഗര്‍ഭാവസ്ഥയില്‍ മൂത്രത്തിലെ അണുബാധ ചെറുതായി കാണരുത്. പ്രമേഹരോഗികള്‍ക്ക് പ്രമേഹനിയന്ത്രണം കൊണ്ട് തന്നെ ആശ്വാസം ലഭിക്കും.
മൂത്രത്തില്‍ അണുബാധ ഉണ്ടായതിന്‍റെ പ്രധാന ലക്ഷണങ്ങള്‍ ഇവയാണ്,
*മൂത്രമൊഴിക്കുമ്പോള്‍ ഉള്ള നീറ്റലും പുകച്ചിലും
*ഇടയ്ക്കിടെയുള്ള മൂത്രശങ്ക
*അടിവയറ്റിലും നടുവിന് ചുറ്റുമുള്ള വേദന
*വിറയലോട് കൂടിയ പനി
*ഓക്കാനവും ഛർദ്ധിയും
ഒരു ലക്ഷണവുമില്ലാതെയും യൂറിനറി ഇന്‍ഫെക്ഷന്‍ ഉണ്ടാകാം. അത് കൊണ്ട് തന്നെ ലക്ഷണങ്ങള്‍ ഇല്ലാത്ത അവസ്ഥ ചികിത്സ വേണ്ടാത്ത ഒന്നല്ല, പ്രത്യേകിച്ച് ഗര്‍ഭിണികളില്‍.
ലൈംഗികബന്ധത്തിലൂടെ അണുബാധ ഉണ്ടാകുന്നതു മധുവിധുകാലം തൊട്ടു തുടങ്ങും(Honeymoon Cystitis). ലൈംഗികബന്ധത്തിന് മുന്‍പും ശേഷവും പങ്കാളികള്‍ സ്വകാര്യഭാഗങ്ങള്‍ വൃത്തിയാക്കുക എന്നതാണ് ഇത് തടയാനായി ചെയ്യേണ്ടത്. ചിലപ്പോള്‍ രണ്ടു പേരും ചികിത്സയെടുക്കേണ്ടതായും വന്നേക്കാം.ഒന്നിലേറെ പങ്കാളികള്‍ ഉണ്ടാകുന്നതു ഇത്തരം അണുബാധക്കും മറ്റു പല ഗൗരവമുള്ള രോഗങ്ങള്‍ക്കും വഴി വെക്കുമെന്ന് അറിയാമായിരിക്കുമല്ലോ.
മൂത്രമെടുക്കാന്‍ കത്തീറ്റര്‍ ഇടുന്നത് കാരണമായി ഉണ്ടാകുന്ന അണുബാധ ഒഴിവാക്കാനുള്ള സകല മുന്‍കരുതലുകളും എടുക്കാറുണ്ടെങ്കില്‍ പോലും പുറമേയുള്ള ഒരു വസ്തു ശരീരത്തിനകത്ത് കിടക്കുന്നത് ഭീഷണി തന്നെയാണ്. കൃത്യമായ ഇടവേളകളില്‍ കത്തീറ്റര്‍ മാറ്റുന്നതും ആ ഭാഗം വൃത്തിയായി സൂക്ഷിക്കുന്നതുമാണ് പ്രതിവിധി.
കിഡ്നിയിലോ മൂത്രസഞ്ചിയിലോ മൂത്രനാളത്തില്‍ എവിടെയെങ്കിലുമോ ഉള്ള തടസങ്ങള്‍ സര്‍ജറി വിഭാഗത്തിന്‍റെ ശ്രദ്ധയില്‍ പെടുത്തേണ്ടുന്ന ഒന്നാണ്.മറ്റേതു കാരണം കൊണ്ട് വന്ന അണുബാധയും ചികിത്സിക്കുന്നത് ഏതാണ്ട് ഒരേ പോലെയാണ്. മൂത്രത്തിലെ പഴുപ്പ് കോശങ്ങളുടെ എണ്ണവും മൂത്രം കള്‍ച്ചര്‍ ചെയ്ത ഫലവുമൊക്കെ അനുസരിച്ച് മരുന്നും കഴിക്കേണ്ട ദൈര്‍ഘ്യവുമെല്ലാം മാറും.
തുടര്‍ച്ചയായി ഉണ്ടാകുന്ന മൂതത്തിലെ അണുബാധ പല കാരണങ്ങള്‍ കൊണ്ടാകാം. ചിലപ്പോള്‍ ഇത്തരം തുടര്‍ച്ചയായ രോഗം രോഗിയുടെ കുറഞ്ഞ പ്രതിരോധശേഷിയിലേക്ക് വിരല്‍ ചൂണ്ടുന്നതാവും. രക്തത്തിലെ പഞ്ചസാരയുടെ അളവും മറ്റും പരിശോധിക്കുന്നതിലൂടെ ഒളിഞ്ഞിരിക്കുന്ന പ്രമേഹം കണ്ടെത്താനുള്ള ഹേതുവായും ഇത് ഭവിക്കാറുണ്ട്.
ഏത് തരത്തിലുള്ളതാണെങ്കിലും പ്രതിരോധം പ്രതിവിധിയെക്കാള്‍ നല്ലതാണ് എന്നിരിക്കേ, മൂത്രത്തിലെ അണുബാധ ഒഴിവാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വെള്ളം ധാരാളമായി കുടിക്കുക. ചിലര്‍ക്ക് വെള്ളമെന്നാല്‍ ചായയും കാപ്പിയും കോളയും എന്തിന് മദ്യം പോലും ഉള്‍പ്പെടും. ഈ പ്രവണത തെറ്റാണ്. ഇവയെല്ലാം തന്നെ ശരീരത്തില്‍ ഉള്ള ജലാംശം വലിച്ചു പുറത്ത് കളഞ്ഞു ശരീരത്തിലെ ജലാംശം കുറച്ചു ദുരിതത്തില്‍ നിന്ന് ദുരന്തത്തിലേക്ക് നയിക്കുന്ന പാനീയങ്ങളാണ്. കഴിവതും ഇത്തരം പാനീയങ്ങള്‍ ഒഴിവാക്കി തിളപ്പിച്ചാറിയ വെള്ളവും കഞ്ഞിവെള്ളവും പഴച്ചാറുകളുമെല്ലാമായി സന്ധിയില്‍ ഒപ്പിടണം.
മൂത്രം പിടിച്ചു വെക്കേണ്ടി വരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണം.വീട്ടിലെ ക്ലോസറ്റ് കണ്ടാലേ മൂത്രം പോകൂ എന്ന് പറയുന്നവര്‍ക്ക് വേണ്ടി പ്രത്യേക ക്ലോസറ്റുകള്‍ ഓരോ ആശുപത്രിയിലും സജ്ജീകരിച്ചിട്ടുണ്ട് എന്ന് മനസിലാക്കുക. കൈയില്‍ കാനുല കുത്തികയറ്റി രണ്ടു നേരം മരുന്ന് കയറ്റുന്നത് അത്ര സുഖകരമല്ല എന്നു കൂടി കൂട്ടിച്ചേര്‍ക്കുന്നു.
ലൈംഗികശുചിത്വം വളരെ പ്രധാനമാണ്. സ്വകാര്യഭാഗം കഴുകുന്ന രീതിയും നേരത്തെ സൂചിപ്പിച്ചത് പോലെ മുന്നില്‍ നിന്ന് പിന്നോട്ട് ആയിരിക്കണം.
ഇത്രയൊക്കെ ശ്രദ്ധിച്ചിട്ടും ഇടയ്ക്കിടെ വരുന്ന മൂത്രത്തിലെ അണുബാധക്ക് തുടര്‍ ടെസ്റ്റുകള്‍ അത്യാവശ്യമാണ്. ഏതു ബാക്ട്ടീരിയാപുത്രി(daugher cells എന്നാണ് പറയുക.അല്ലെങ്കിലും എല്ലാ കുറ്റവും പെണ്ണുങ്ങള്‍ക്കാണല്ലോ) ആണ് ഇതിനു പിന്നില്‍ എന്ന് കണ്ടു പിടിക്കാന്‍ യൂറിന്‍ കള്‍ച്ചറും, സ്കാനിങ്ങും എക്സ് റേ ഉപയോഗിക്കുന്ന വിവിധ ടെസ്റ്റുകളും മറ്റും വേണ്ടി വന്നേക്കാം.ഒരു പക്ഷെ വൃക്കയെ ബാധിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ നീങ്ങിയിട്ടുണ്ടെങ്കില്‍ മനസ്സിലാക്കാന്‍ ഇത് അത്യന്താപേക്ഷികമാണ്.ഇടുപ്പ് മുതല്‍ ഗുഹ്യഭാഗം വരെയുള്ള വേദന ഇതിന്റെ ലക്ഷണമാണ്(loin to groin pain) ഭയക്കേണ്ടതില്ല. കുറച്ചു കൂടുതല്‍ കാലം മരുന്നുകളുമായി മല്ലയുദ്ധത്തില്‍ ഏര്‍പ്പെടേണ്ടി വരും എന്നതൊഴിച്ചാല്‍ ചികിത്സിച്ചു മറ്റാവുന്നതേയുള്ളൂ. കിഡ്നിയിലെ നീരും കല്ലുമൊന്നും കിഡ്നി അടിച്ചു പോയതിന്‍റെ ലക്ഷണങ്ങള്‍ അല്ലെന്ന് അറിയുക.
കൃത്യമായ ചികിത്സയും മുന്‍കരുതലുകളും ആവശ്യത്തിനു വെള്ളം കുടിയും വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ സമയാസമയം മൂത്രമൊഴിക്കും എന്നൊരു ശപഥവുമായി നടന്നോളൂ...മൂത്രത്തില്‍ പഴുപ്പ് നിങ്ങളുടെ പരിസരത്ത് പോലും വരില്ല. എന്നിട്ടും വരുന്ന അവസ്ഥ നിലനില്‍ക്കുന്നുവെങ്കിലും പേടിക്കേണ്ട, മരുന്നുകളുണ്ട്. ഇന്നത്തെ പെണ്ണിനെ തളക്കാന്‍ മാത്രം ഒരു ബാക്റ്റീരിയയും വളര്‍ന്നിട്ടില്ല..നിങ്ങള്‍ ധൈര്യമായി മുന്നേറുക !

പ്രമേഹം- സത്യവും മിഥ്യയും - Dr.Jamal




ഏതാനും നാള്‍ മുന്നേ ഒപിയില്‍ വന്ന ഒരു 10 വയസുകാരന്‍.. മെലിഞ്ഞുണങ്ങി തീരെ അവശനാണ്. അമ്മയാണ് കൊണ്ടുവന്നിരിക്കുന്നത്. പുറത്തു നിന്നുള്ള ഒരു ഡോക്ടറുടെ റഫറന്‍സ് കുറിപ്പും ഉണ്ട്. ക്ഷീണം, ദാഹം ,തടി മെലിയുന്നു തുടങ്ങിയ പ്രശ്നങ്ങളുമായാണ് ഡോക്ടറുടെ അടുത്ത് പോയിരിക്കുന്നത്. സംശയം തോന്നി ഡോക്ടര്‍ ഷുഗര്‍ പരിശോധിച്ചപ്പോള്‍ 600mg%!! വളരെ കൂടുതലാണ്. അങ്ങനെയാണ് റഫറന്‍സുമായി എന്‍റെ അടുത്ത് എത്തിയിരിക്കുന്നത്.
മെലിഞ്ഞു ശോഷിച്ച അവനെ കാണാന്‍ തന്നെ ഒരു വിഷമം. പാവം ജീവിത കാലം മുഴുവന്‍ ഇന്‍സുലിന്‍ കുത്തിവെപ്പ് എടുക്കണം. വേറെ വഴിയില്ല. ചെറിയ കുട്ടികളില്‍ കാണപ്പെടുന്ന ടൈപ്പ് 1 പ്രമേഹത്തിന് അത് മാത്രമാണ് ചികിത്സ. ഇന്‍സുലിന്‍ കുത്തിവെപ്പിനെ കുറിച്ച് പറയുന്നതിന് മുന്നേ ചികിത്സിച്ചാല്‍ അവന്‍റെ ശരീരത്തില്‍ ഉണ്ടാവുന്ന നല്ല മാറ്റങ്ങളെ കുറിച്ച് ഞാന്‍ ആദ്യം പറഞ്ഞു. അവന്‍റെ ക്ഷീണം മാറും, തടിച്ചു സുന്ദരനാവും എന്നെല്ലാം കേട്ടപ്പോള്‍ അമ്മയ്ക്ക് സന്തോഷമായി. എന്നാല്‍ ഇന്‍സുലിന്‍ കുത്തിവെക്കണം എന്ന് കേട്ടപ്പോള്‍ മുഖത്തെ തെളിച്ചമെല്ലാം പമ്പകടന്നു. പിന്നെ തിരിച്ചും മറിച്ചും ചോദ്യങ്ങള്‍...ഗുളിക കഴിച്ചാല്‍ പോരേ, വേറെ ഏതെങ്കിലും തരം ചികിത്സ നിലവിലുണ്ടോ, ഇത്ര ചെറുപ്പത്തിലെ ഇന്‍സുലിന്‍ വച്ചാല്‍ കുട്ടിക്ക് എന്തെങ്കിലും തകരാര്‍ സംഭവിക്കുമോ എന്നൊക്കെയാണ് സംശയങ്ങള്‍.. വളരെ സാവകാശം എല്ലാ സംശയങ്ങള്‍ക്കുമുള്ള മറുപടി നല്‍കി. ഇന്‍സുലിന്‍ കുത്തിവെക്കുകയല്ലാതെ ടൈപ്പ് 1 പ്രമേഹത്തിന് ഇന്ന് ലോകത്ത് ഫലപ്രദമായ ചികിത്സ നിലവിലില്ല എന്ന് അവരെ ബോധ്യപ്പെടുത്തി. ഇന്‍സുലിനും തുടങ്ങി അവരെ യാത്രയാക്കി.
പിന്നെ കുറെ കാലങ്ങള്‍ക്ക് അവരെ ഒപിയില്‍ കണ്ടില്ല. ഏതാനും മാസങ്ങള്‍ക്ക് ശേഷമാണ് പിന്നീട് ഒപിയില്‍ വരുന്നത്. രൂപത്തില്‍ ഒരു മാറ്റവും ഇല്ല. പഴയ പോലെ മെലിഞ്ഞുണങ്ങിയ രൂപം. ഊഹിച്ച പോലെ തന്നെ ഇന്‍സുലിന്‍ തുടങ്ങിയിട്ടില്ല. ഇത്രകാലം എവിടെ ആയിരുന്നു എന്ന് ചോദിച്ചപ്പോള്‍ ഹോമിയോ, ആയുര്‍വേദം, ആദിവാസി വൈദ്യം, നാട്ടു വൈദ്യം എല്ലാം പയറ്റി നോക്കുകയായിരുന്നുവത്രേ !! കലശലായ ദേഷ്യം വന്നെങ്കിലും പാവം കുട്ടിയുടെ അവസ്ഥ ഓര്‍ത്തു മിണ്ടാതിരുന്നു. ഇത്തവണ ഇന്‍സുലിന്‍ അല്ലാതെ വേറെ വഴിയില്ല എന്ന് മനസിലാക്കിയാണ് വന്നിട്ടുള്ളത്. അതുകൊണ്ട് കാര്യങ്ങള്‍ എളുപ്പമായി. ഇപ്പോള്‍ ഇന്‍സുലിന്‍ കൃത്യമായി എടുത്തു അവന്‍ സുഖമായിരിക്കുന്നു. ശോഷിച്ചു ഉണങ്ങിയ രൂപം മാറിക്കിട്ടിയപ്പോള്‍ അമ്മയ്ക്കും സന്തോഷം..
ഇനി പറയാനുള്ളത് അതിലും രസകരമായ കാര്യം.. 500mg% ഷുഗറുമായി വന്ന സ്ത്രീ, ടൈപ്പ് 2 പ്രമേഹം.. ഹോമിയോ ചികിത്സയാണ് എടുക്കുന്നത്. കഴിഞ്ഞ കുറെ മാസങ്ങളായി ഷുഗര്‍ 400, 500 ഒക്കെയാണ്. ഇംഗ്ലീഷ് മരുന്നിനു സൈഡ് എഫ്ഫക്റ്റ്‌ ഉണ്ടല്ലോ എന്ന് വിചാരിച്ചു മറ്റു ചികിത്സകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. എണീറ്റ്‌ നില്‍ക്കാന്‍ പോലും വയ്യാതെ അവശയായപ്പോള്‍ മാത്രമാണ് ഇനി ശരിയായ ചികിത്സ എടുക്കാം എന്ന് തീരുമാനിച്ചത്. ചികിത്സ തുടങ്ങി ഏതാനും ആഴ്ചകള്‍ കൊണ്ട് ഷുഗര്‍ നോര്‍മലായി. പിന്നീട് ഏതാനും മാസങ്ങള്‍ കൃത്യമായി വന്നു. പിന്നെ കാണാതായി. പിന്നീട് വരുന്നത് കുറെ മാസങ്ങള്‍ക്ക് ശേഷം.. ഷുഗര്‍ വീണ്ടും 700mg% ! മരുന്ന് മുഴുവനായും നിര്‍ത്തി. അയല്‍പക്കത്തെ ആളുകള്‍ പറഞ്ഞത്രേ ഗുളികകള്‍ക്കു ഭയങ്കര സൈഡ് എഫ്ഫക്റ്റ്‌ ആണെന്ന്. അതുകൊണ്ട് സൈഡ് എഫ്ഫക്റ്റ്‌ ഒന്നും ഇല്ല എന്ന് പരക്കെ പ്രചരിപ്പിക്കപ്പെട്ട Acu puncture ചികിത്സ തിരഞ്ഞെടുത്തു. കോയമ്പത്തൂരിലെ പ്രശസ്തമായ കേന്ദ്രത്തിലാണ് ചികിത്സ. ഓരോ ആഴ്ചയിലും അവിടെ പോവുന്നു, സൂചി കുത്തി തിരിച്ചു പോരുന്നു.. ഏറ്റവും രസകരമായ ഒരു കാര്യം എന്തെന്നാല്‍ ചികിത്സ തുടങ്ങുമ്പോള്‍ ഉള്ള പ്രധാന നിര്‍ദേശങ്ങളില്‍ ഒന്ന് ഷുഗര്‍ ചെക്ക് ചെയ്യരുത് എന്നാണു !!! ചെക്ക് ചെയ്‌താല്‍ മാത്രമല്ലേ ചികിത്സ ഫലിക്കുന്നില്ല എന്ന് മനസിലാവൂ..!! കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞു ക്ഷീണം കൂടിയപ്പോള്‍ അവര്‍ ഒന്ന് ഷുഗര്‍ നോക്കി. 600mg% ഉടനെ കോയമ്പത്തൂരിലേക്ക് വിളിച്ചു ചോദിച്ചു.. കിട്ടിയ മറുപടി “ ഷുഗര്‍ കൂടുന്നത് കാര്യമാക്കണ്ട, നിങള്‍ Acu Puncture ചെയ്യുന്നത് കൊണ്ട് ഷുഗര്‍ കൂടിയാലും അത് ശരീരത്തെ ബാധിക്കില്ല” എന്ന്..
കുറുക്കു വഴിയിലൂടെ പണമുണ്ടാക്കാന്‍ കോടികളുടെ ലോട്ടറി അടിച്ചു എന്ന് പറഞ്ഞു വരുന്ന തട്ടിപ്പുകളില്‍ പോയി തല വെച്ച് കൊടുക്കുന്ന അതേ മലയാളി മനസ് തന്നെയാണ് ഇത്തരം സംഭവങ്ങളിലും നമ്മള്‍ കാണുന്നത് .
നമ്മുടെ നാട്ടില്‍ സര്‍വ്വ സാധാരണമായിട്ടും പ്രമേഹ രോഗത്തെ കുറിച്ച് ജനങ്ങള്‍ക്കുള്ള അറിവ് വളരെ പരിമിതമാണ്. ഒട്ടനവധി അബദ്ധ ധാരണകള്‍ ഈ അസുഖത്തെ കുറിച്ച് നിലനില്‍ക്കുന്നുണ്ട് താനും. പ്രമേഹത്തെ കുറിച്ച് ചില അടിസ്ഥാന വസ്തുതകള്‍ മനസിലാക്കിയാല്‍ ശരിയായ രൂപത്തില്‍ രോഗം നിയന്ത്രിച്ചു നിര്‍ത്തുവാനും തെറ്റിധാരണകള്‍ മൂലം അപകടത്തില്‍ ചെന്ന് ചാടാതിരിക്കാനും യുക്തിരഹിതമായ പ്രചരണങ്ങളില്‍ വഞ്ചിതരാവാതിരിക്കാനും ഉപകരിക്കും.
പ്രമേഹം പലതരത്തില്‍ ഉണ്ട്. സാധാരണ മുതിര്‍ന്നവരില്‍ കണ്ടു വരുന്ന Type 2 പ്രമേഹത്തെ കുറിച്ചാണ് ഈ ലേഖനത്തില്‍ പ്രധാനമായും വിവരിക്കാന്‍ ഉദേശിക്കുന്നത്. നാം കഴിക്കുന്ന ഭക്ഷണം ദഹനശേഷം ഗ്ലൂകോസ് രൂപത്തിലാണ് കുടലില്‍ നിന്നും രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നത് . പഞ്ചസാര മാത്രമല്ല മറ്റ് ഏതു ഭക്ഷണമായാലും ദഹന പ്രക്രിയ കഴിഞ്ഞാല്‍ അവ ഗ്ലൂകോസ് ആക്കി മാറ്റപ്പെട്ട ശേഷമാണ് രക്തത്തില്‍ എത്തുന്നത്‌. ഗ്ലൂകോസോ പഞ്ചസാരയോ മറ്റു മധുര പലഹാരങ്ങളോ കഴിച്ചാല്‍ മാത്രമല്ല രക്സ്തത്തില്‍ ഗ്ലൂകോസ് വന്നു ചേരുന്നത് എന്ന് ചുരുക്കം. ഇങ്ങനെ രക്തത്തില്‍ എത്തുന്ന ഗ്ലൂകോസിനെ ഓരോ കോശങ്ങളുടെയും പ്രവര്‍ത്തനത്തിന് ഉപയോഗപ്പെടുത്തുന്നു. അതിലും അധികമുള്ള ഗ്ലൂകോസിനെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പല രൂപത്തില്‍ സംഭരിച്ചു വെക്കുന്നു. ഇത്തരത്തില്‍ ഗ്ലൂകോസിനെ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന ഹോര്‍മോണ്‍ ആണ് ഇന്‍സുലിന്‍. വയറിനകത്തെ പാന്‍ക്രിയാസ് ഗ്രന്ധിയിലാണ് ഇന്‍സുലിന്‍ നിര്‍മിക്കപ്പെടുന്നത്.
പാന്‍ക്രിയാസില്‍ ഇന്‍സുലിന്‍ നിര്‍മ്മാണം തീര്‍ത്തും ഇല്ലാതാവുന്ന അവസ്ഥയാണ് ടൈപ്പ് 1 പ്രമേഹം.
ചെറിയ കുഞ്ഞുങ്ങളില്‍ കാണപ്പെടുന്ന പ്രമേഹം ഈ വിഭാഗത്തില്‍ പെടുന്നതാണ്. ഇത്തരം പ്രമേഹക്കാരില്‍ ഭക്ഷണം ദഹിച്ചുണ്ടാകുന്ന ഗ്ലൂകോസിനെ ശരീരത്തിലെ കോശങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനേ കഴിയില്ല. അതിനാല്‍ രക്തത്തിലെ ഗ്ലൂകോസിന്‍റെ അളവ് വളരെ കൂടുതലായിരിക്കും. ഇത്തരക്കാര്‍ക്ക് ഇന്‍സുലിന്‍ കുത്തിവെപ്പ് മാത്രമാണ് ചികിത്സ. എന്നാല്‍ മുതിര്‍ന്ന ആളുകളില്‍ കാണപ്പെടുന്ന ടൈപ്പ് 2 പ്രമേഹത്തില്‍ പാന്‍ക്രിയാസ് ഗ്രന്ഥി ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കുമെങ്കിലും അത് വേണ്ട വിധത്തില്‍ ശരീരത്തില്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്നില്ല. Insulin resistance എന്നാണു ഈ അവസ്ഥയെ പറയുന്നത്. അസുഖം ഒരു ഘട്ടം പിന്നിടുമ്പോള്‍ ക്രമേണ ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കാനുള്ള കഴിവും കുറഞ്ഞു വരുന്നു. ചുരുക്കത്തില്‍ ടൈപ്പ് 2 പ്രമേഹം എന്നാല്‍ Insulin resistance ഉം ഇന്‍സുലിന്‍ കുറവ്/ ഇല്ലായ്മയും ഒരുമിച്ചു കൂടിയ അവസ്ഥയാണ്.
പ്രമേഹം ഇല്ലാത്ത ഒരാളുടെ ഭക്ഷണത്തില്‍ ഗ്ലൂകോസിന്റെ അളവ് എത്ര തന്നെ കൂടിയിരുന്നാലും അതിനനുസരിച്ച് കൂടുതല്‍ ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കാന്‍ പാന്‍ക്രിയാസ് ഗ്രന്ഥിക്ക് കഴിയും. ആതിനാല്‍ രക്തത്തിലെ ഗ്ലൂകോസിന്‍റെ അളവ് നോര്‍മല്‍ ആയിത്തന്നെ നിലനില്‍ക്കും.
എന്നാല്‍ പ്രമേഹ രോഗിയായ ഒരാള്‍ കൂടിയ അളവില്‍ ഭക്ഷണം കഴിച്ചാല്‍ രക്തത്തില്‍ എത്തുന്ന ഗ്ലൂകോസിനെ മുഴുവന്‍ കൈകാര്യം ചെയ്യാന്‍ വേണ്ട അളവ് ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കാന്‍ പാന്ക്രിയാസിനു കഴിയില്ല. തന്മൂലം രക്തത്തിലെ ഗ്ലൂകോസിന്റെ അളവ് പരിധി വിട്ടു ഉയരുകയും ചെയ്യുന്നു. പ്രമേഹ രോഗികള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് ഗണ്യമായി കുറയ്ക്കാനും മധുരം ഉപേക്ഷിക്കാനും ഡോക്ടര്‍മാര്‍ ഉപദേശിക്കുന്നതിന്റെ അടിസ്ഥാനം രക്തത്തില്‍ എത്തുന്ന ഗ്ലൂകോസിന്റെ അളവ് കുറച്ചു, പ്രവര്‍ത്തനക്ഷമത കുറഞ്ഞു നില്‍ക്കുന്ന പാന്‍ക്രിയാസ് ഗ്രന്ഥിക്ക് കൈകാര്യം ചെയ്യാവുന്ന അളവിലേക്ക് എത്തിക്കുക എന്നതാണ്. സാധാരണ ഭക്ഷണത്തിലെ ഗ്ലൂകോസിനെ നിയന്ത്രിച്ചു നിര്‍ത്താനുള്ള കഴിവ് നഷ്ടപ്പെടുമ്പോള്‍ ആണല്ലോ ഒരാള്‍ പ്രമേഹ രോഗിയാവുന്നത്. അങ്ങനെയിരിക്കെ, ഗ്ലൂകോസിന്റെ അളവ് വളരെ കൂടുതല്‍ ഉള്ള ലഡ്ഡു പോലെയുള്ള വസ്തുക്കള്‍ കഴിച്ചാല്‍ എന്തായിരിക്കും സ്ഥിതി എന്ന് ഊഹിക്കാമല്ലോ..പ്രമേഹ രോഗികള്‍ക്ക് ലഡ്ഡു ചികിത്സ എന്നത് അങ്ങേയറ്റത്തെ ബുദ്ധിശൂന്യതയോ ജനങ്ങളെ കെണിയില്‍ വീഴ്ത്താനുള്ള അടവോ മാത്രമാണ്.
പ്രമേഹം എന്നാല്‍ ഏതാനും ഗുളിക കഴിക്കലും ഇന്‍സുലിന്‍ കുത്തിവെക്കലുമാണ് എന്ന് ജനങ്ങള്‍ തെറ്റിദ്ധരിച്ചു പോയിരിക്കുന്നു. മരുന്ന് കഴിച്ചിട്ടും അനിയന്ത്രിതമായ പ്രമേഹവുമായി വരുന്ന രോഗികളോട് ഭക്ഷണത്തെ കുറിച്ച് ചികഞ്ഞ് അന്വേഷിച്ചാല്‍ തന്നെ അറിയാന്‍ കഴിയും എന്തുകൊണ്ട് ഷുഗര്‍ കുറയുന്നില്ല എന്ന്.. പലരും ഭക്ഷണത്തിന്റെ അളവില്‍ കുറവ് വരുത്തുകയോ മധുരം ഉപേക്ഷിക്കാനോ തയ്യാറാവാത്തവരാണ്. വ്യായാമം ഒട്ടും ഉണ്ടാവില്ല താനും. നിര്‍ഭാഗ്യവശാല്‍ പ്രമേഹ രോഗ ചികിത്സയുടെ അടിത്തറ ഇവയാണെന്ന് പലരും മനസിലാക്കുന്നില്ല. ഭക്ഷണം നിയന്ത്രിക്കാനും മധുരം ഉപേക്ഷിക്കാനും വ്യായാമം ചെയ്യാനും തയ്യാറല്ലാത്തവര്‍ പ്രമേഹ മരുന്നുകള്‍ക്ക് വേണ്ടി പണം ചിലവാക്കുന്നതില്‍ അര്‍ത്ഥമില്ല.
ടൈപ്പ് 2 പ്രമേഹത്തിന്റെ ചികിത്സയുടെ ആദ്യ ഘട്ടം ശരീരത്തില്‍ എത്തിപ്പെടുന്ന ഗ്ലൂകോസിന്റെ അളവ് കുറക്കലാണ്. ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുകയും മധുരം ഉപേക്ഷിക്കുകയും ചെയ്യുന്നതിലൂടെയാണ് നാം ഇതാണ് നേടിയെടുക്കുന്നത്. രണ്ടാമത്തെ ഘട്ടം ഇന്‍സുലിന്‍ ഉപയോഗപ്പെടുത്താന്‍ ശരീരത്തിന്‍റെ കഴിവില്ലായ്മയെ ( insulin resistance) ശരിയാക്കിയെടുക്കുക എന്നതാണ്. വ്യായാമം ചെയ്യുന്നതിലൂടെ ശരീരം നേടിയെടുക്കുന്നത് ഈ കഴിവാണ്. അനേകം മാസങ്ങളോ വര്‍ഷങ്ങളോ ഷുഗര്‍ നിയന്ത്രണ വിധേയമാക്കാന്‍ ഈ രണ്ടു മുന്‍കരുതല്‍ കൊണ്ട് സാധിക്കും.
എന്നാല്‍ പ്രമേഹം കാലക്രമേണ വഷളാകുന്ന ഒരു ശാരീരികാവസ്ഥയാണ്. പാന്‍ക്രിയാസിലെ ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കുന്ന ബീറ്റ കോശങ്ങള്‍ കുറഞ്ഞു വരുന്നതിനനുസരിച്ച് പ്രമേഹ നിയന്ത്രണം കുറഞ്ഞു വരും. ഇത്തരം ഘട്ടത്തില്‍ മരുന്ന് ഉപയോഗിച്ചുള്ള ചികിത്സ തുടങ്ങേണ്ടതായുണ്ട് . മരുന്ന് ചികിത്സ തുടങ്ങിയാലും മേല്‍പ്പറഞ്ഞ ഭക്ഷണനിയന്ത്രണവും വ്യായാമവും തുടരേണ്ടത് അത്യാവശ്യമാണ്. ഭക്ഷണ നിയന്ത്രണത്തിലൂടെയും വ്യായാമത്തിലൂടെയും മാത്രം എക്കാലവും നിയന്ത്രിച്ചു നിര്‍ത്താവുന്ന അസുഖം അല്ല പ്രമേഹം. മരുന്ന് ചികിത്സ ആവശ്യം വരുന്ന ഘട്ടത്തിലും വിമുഖത കാണിച്ചു ഷുഗര്‍ കൂടാന്‍ അനുവദിച്ചാല്‍ പിന്നീട് നമ്മെ കാത്തിരിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളാണ്.

ഏതു തരം ഭക്ഷണമാണ് ഒരു പ്രമേഹ രോഗി കഴിക്കേണ്ടത്‌ ?
അരി ഭക്ഷണത്തില്‍ മാത്രമേ ഷുഗര്‍ ഉള്ളൂ എന്നും, ഗോതമ്പ്, റാഗി, ഓട്ട്സ് എന്നിവ യഥേഷ്ടം കഴിക്കാമെന്നുമുള്ള ഒരു തെറ്റിദ്ധാരണ ഇന്നും സമൂഹത്തില്‍ നിലനില്‍ക്കുന്നു. ഈ ഭക്ഷണങ്ങള്‍ ഏതു തന്നെ ആയാലും ശരീരം ഇവയെ സ്വീകരിക്കുന്നത് ഗ്ലൂകോസ് ആയാണ് എന്ന് നേരത്തെ പറഞ്ഞുവല്ലോ. ഒരേ തൂക്കം വരുന്ന ചപ്പാത്തിയിലും അരി കൊണ്ടുണ്ടാക്കിയ ദോശയിലും ഉള്ള ഗ്ലൂകോസിന്റെ അളവ് ഏതാണ്ട് ഒരുപോലെ തന്നെയാണ്. എന്നാല്‍ അരി ഭക്ഷണത്തെ അപേക്ഷിച്ച് ഗോതമ്പിന് ചില മേന്മകള്‍ ഉണ്ട്. അരി ഭക്ഷണം വളരെ എളുപ്പത്തില്‍ ദഹിക്കുകയും അതിലെ ഗ്ലൂകോസ് മുഴുവനും പെട്ടന്ന് തന്നെ രക്തത്തില്‍ എത്തുകയും ചെയ്യുന്നു. ഇപ്രകാരം ഒന്നിച്ചു ചെല്ലുന്ന ഗ്ലൂകോസിനെ മുഴുവന്‍ ഒറ്റയടിക്ക് കൈകാര്യം ചെയ്യാന്‍ പ്രമേഹ രോഗിയുടെ പാന്‍ക്രിയാസ് പര്യപ്തതമല്ല. എന്നാല്‍ ഗോതമ്പ്, ഓട്ട്സ് തുടങ്ങിയവ താരതമ്യേന സാവധാനം ദഹിക്കുന്നവയാണ് . അതിനാല്‍ ഇവ ദഹിച്ചു ഉണ്ടാവുന്ന ഗ്ലൂകോസ് കുറെ കൂടി സാവധാനം മാത്രമേ രക്തത്തില്‍ എത്തുകയുള്ളൂ. ഇപ്രകാരം ഗ്ലൂകോസിനെ സാവധാനത്തില്‍ ഘട്ടം ഘട്ടമായി രക്തത്തില്‍ എത്തിക്കുന്ന ഭക്ഷണമാണ് പ്രമേഹ രോഗിയുടെ പാന്ക്രിയാസിനു കൈകാര്യം ചെയ്യാന്‍ എളുപ്പം.
പാന്ക്രിയാസിനെ സ്വന്തം സൈന്യമായും ഗ്ലൂകോസിനെ ശത്രു സൈന്യമായും സങ്കല്‍പ്പിക്കാം. ചെറിയ ചെറിയ കൂട്ടമായി വരുന്ന ശത്രുവിനെ തുരത്താന്‍ ആണല്ലോ വലിയൊരു സൈന്യം ഒരുമിച്ചു വരുന്നതിലും എളുപ്പം.. കഴിക്കുന്നത്‌ അരി ഭക്ഷണമാണോ ഗോതമ്പ് ആണോ എന്നതിലും കൂടുതല്‍ പ്രാധാന്യം കഴിക്കുന്ന ഭക്ഷണത്തിന്റെ അളവിനാണ്. ഭക്ഷണത്തിന്‍റെ അളവ് കുറക്കല്‍ അത്യാവശ്യമാണ്. അത് തന്നെ ചെറിയ ഭാഗങ്ങള്‍ ആയി പല തവണയായി കഴിക്കുന്നതാണ് കൂടുതല്‍ നല്ലത് .
പച്ചക്കറികളും ഇലക്കറികളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. അത് പോലെ തന്നെ പള്‍സ്‌ (ചെറുപയര്‍, കടല, ഗ്രീന്‍ പീസ്‌, സോയ ബീന്‍ തുടങ്ങിയവ) വര്‍ഗ്ഗത്തില്‍ പെട്ട വസ്തുക്കളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കാര്യമായ തോതില്‍ വര്‍ദ്ധിപ്പിക്കുന്നില്ല. പെട്ടന്ന് വിശപ്പ്‌ ശമിപ്പിക്കാന്‍ ഇവ ഉപകരിക്കും. പച്ചക്കറികളിലും പള്‍സിലും ഉള്ള ഫൈബര്‍ ദഹനം സാവധാനത്തിലാക്കാനും ഗ്ലൂകോസിന്റെയും cholesterol ന്‍റെയും അളവ് കുറയ്ക്കാനും സഹായിക്കും. എളുപ്പത്തില്‍ വിശപ്പ്‌ ശമിപ്പിക്കാനും നല്ല ശോധന ലഭിക്കാനും ഇവ ഉത്തമമാണ്.
പഴവര്‍ഗ്ഗങ്ങള്‍ കഴിക്കാമോ എന്നത് പ്രമേഹ രോഗികളുടെ വലിയൊരു സംശയമാണ്. പ്രമേഹം നിയന്ത്രണ വിധേയമായ അവസ്ഥയില്‍ ചെറിയ അളവില്‍ പഴങ്ങള്‍ കഴിക്കാം. ആപ്പിള്‍, ആപ്രിക്കോട്ട് , പേരക്ക, ഓറഞ്ച്, മുസംബി, പിയര്‍ , പ്ലം, കൈതച്ചക്ക(ഒരു കഷ്ണം), തണ്ണിമത്തന്‍ (ഒരു കഷ്ണം) തുടങ്ങിയവ പൊതുവേ ഗ്ലൂകോസ് ലോഡ് കുറഞ്ഞവയാണ്. മേല്‍പറഞ്ഞവയില്‍ ഏതെങ്കിലും ഒരു പഴം ഒരു ദിവസം കഴിക്കാവുന്നതാണ്. ഉണക്ക മുന്തിരി, നേന്ത്രപ്പഴം, ഈത്തപ്പഴം, മുന്തിരി, മാമ്പഴം തുടങ്ങിയവ ഗ്ലൂകോസ് ലോഡ് കൂടുതലുള്ള പഴങ്ങളാണ്.

പ്രമേഹ രോഗ മരുന്നുകള്‍ കിഡ്നിയുടെ പ്രവര്‍ത്തനം തകരാറാക്കുമോ??
പല പ്രമേഹ രോഗികളെയും അലട്ടുന്ന പ്രധാന ചോദ്യം ആണിത്. തെറ്റിദ്ധാരണ മൂലം പലരും മറ്റു തട്ടിപ്പ് ചികിത്സകളിലേക്ക് തിരിയാന്‍ കാരണം അടിസ്ഥാനരഹിതമായ ഈ ഭീതിയാണ്. പ്രമേഹ രോഗികളില്‍ പലരും കിഡ്നി രോഗത്തിന്റെ പിടിയില്‍ അകപ്പെടുന്നത് കാണുന്നത് കൊണ്ടുണ്ടാവുന്ന ഒരു സംശയമാണിത്. നിര്‍ഭാഗ്യവശാല്‍ ശാസ്ത്രീയമായി ഒരു അറിവും ഇല്ലാത്ത ആളുകള്‍ പറയുന്നത് ഇപ്പോഴും ജനങ്ങള്‍ വിശ്വസിക്കുന്നു. പ്രമേഹ രോഗചികിത്സയില്‍ ഉപയോഗിക്കുന്ന ഒരു മരുന്നും കിഡ്നിക്ക് യാതൊരു വിധ പ്രശ്നങ്ങളും ഉണ്ടാക്കുന്നില്ല. മറിച്ചു നിയന്ത്രണ വിധേയമല്ലാത്ത ഷുഗര്‍ ആണ് കിഡ്നിയെ നശിപ്പിക്കുന്നത്. ശരീരത്തിലെ മറ്റു അനേകം അവയവങ്ങളെ പ്രമേഹ രോഗം കാര്‍ന്നു തിന്നുന്ന പോലെ കിഡ്നിയെയും അത് ബാധിക്കുന്നു. വിദഗ്ധനായ ഒരു ഡോക്ടറുടെ സഹായത്തോടെ പ്രമേഹ രോഗം തുടക്കം മുതല്‍ തന്നെ നിയന്ത്രണ വിധേയമാക്കിയവര്‍ കിഡ്നിയെ ഓര്‍ത്തു വേവലാതിപ്പെടെണ്ടതില്ല.

ഗുളിക ഒഴിവാക്കി ഇന്‍സുലിന്‍ എടുക്കേണ്ടതുണ്ടോ? അത് കിഡ്നിക്ക് കൂടുതല്‍ സുരക്ഷിതമാണോ ?
ഇന്‍സുലിന്‍ നിര്‍ബന്ധമായും എടുക്കേണ്ട ഏതാനും സന്ദര്‍ഭങ്ങള്‍ ഒഴിച്ചാല്‍ ഗുളികയും ഇന്‍സുലിനും തമ്മില്‍ വലിയ വ്യത്യാസം ഇല്ല. ഗുളിക കഴിച്ചു പ്രമേഹം ശരിയായ നിലയില്‍ ക്രമീകരിച്ച ഒരാള്‍ അത് മാറ്റി ഇന്സുലിനിലേക്ക് മാറേണ്ടതില്ല.. എന്നാല്‍ ഗുളികകള്‍ കൊണ്ട് പ്രമേഹം നിയന്ത്രിതമല്ലാത്ത സാഹചര്യത്തില്‍ ഇന്‍സുലിന്‍ എടുക്കാന്‍ താമസിച്ചുകൂടാ..

തുടക്കം മുതലേ ഇന്‍സുലിന്‍ എടുക്കുന്നതുകൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടോ ?
പ്രമേഹ രോഗ നിര്‍ണ്ണയം നടത്തപ്പെട്ട ഉടനെ തന്നെ ഷുഗര്‍ നില നിയന്ത്രണത്തില്‍ വരുത്തേണ്ടത് വളരെ പ്രധാനമാണ്. പലര്‍ക്കും പിഴവ് സംഭവിക്കുന്നത്‌ ഇക്കാര്യത്തിലാണ്. തുടക്കം തന്നെ മരുന്ന് കഴിക്കേണ്ട, ഭക്ഷണം നിയന്ത്രിച്ചാല്‍ മതിയല്ലോ എന്ന ഒരു വാദം പലരും ഉയര്‍ത്താറുണ്ട്. എന്നാല്‍ രോഗനിര്‍ണയ സമയത്ത് തന്നെ പ്രമേഹം വളരെ കൂടുതല്‍ ആണെങ്കില്‍ ഈ നിയന്ത്രണം മാത്രം മതിയാവില്ല.. ഉയര്‍ന്ന ഷുഗര്‍ നില പെട്ടെന്ന് തന്നെ കുറച്ചു കൊണ്ടുവരേണ്ടതുണ്ട്. ഇത്തരത്തില്‍ ഷുഗര്‍ നിയന്ത്രിക്കുന്നത് കൊണ്ട് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പല ഗുണങ്ങളും ഉണ്ട്. ഭാവിയില്‍ പ്രമേഹം കൊണ്ട് ഉണ്ടാകാവുന്ന പല പ്രശ്നങ്ങളും ഗണ്യമായ അളവില്‍ ഇല്ലായ്മ ചെയ്യാന്‍ തുടക്കത്തില്‍ ഉള്ള നിയന്ത്രണം സഹായിക്കും. ഷുഗര്‍ നില വളരെ ഉയര്‍ന്നു നില്‍ക്കുന്ന സമയത്ത് പല ഗുളികകളും ശരിയായ വിധത്തില്‍ പ്രവര്‍ത്തിക്കുകയുമില്ല. അതിനാല്‍ ഭക്ഷണ നിയന്ത്രണവും ഗുളികയും വച്ച് മാത്രം ഷുഗര്‍ കുറയാതെ വളരെ നാള്‍ വലിച്ചു നീട്ടുന്നത് അഭികാമ്യമല്ല. രോഗ നിര്‍ണ്ണയം നടത്തിയത് മുതല്‍ ഏതാനും ആഴ്ചകളോ മാസങ്ങളോ ഇന്‍സുലിന്‍ എടുക്കുന്നത് ഭാവിയില്‍ ഗുണം ചെയ്യുമെന്നാണ് പല പഠനങ്ങളും തെളിയിക്കുന്നത്. എന്നാല്‍ ഇന്‍സുലിന്‍ വെക്കുന്നത് ഗുളികകള്‍ കഴിക്കുന്ന അത്ര തന്നെ എളുപ്പം ആല്ലാത്തത് കൊണ്ടും പൊതുവേ ജനങ്ങള്‍ക്ക്‌ ഇന്സുലിനോടുള്ള വിമുഖതയുമാണ് ഇത്തരത്തില്‍ ചികിത്സിക്കാന്‍ പലപ്പോഴും ഡോക്ടര്‍മാര്‍ തയ്യാറാവാത്തത്.

പാവയ്ക്ക കഴിക്കുന്നത്‌ കൊണ്ട് കാര്യമുണ്ടോ?
കൈപ്പക്ക, നെല്ലിക്ക, മഞ്ഞള്‍, ഉലുവ തുടങ്ങിയവയ്ക്കെല്ലാം ഷുഗര്‍ ലെവല്‍ കുറക്കാന്‍ കഴിയും എന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എന്നാല്‍ പ്രായോഗികമായി ഇവയ്ക്ക് വലിയ ഉപയോഗം ഇല്ല. കാരണം എടുത്തു പറയത്തക്ക അളവില്‍ ഷുഗര്‍ കുറയണമെങ്കില്‍ ഇവ വളരെ വലിയ അളവില്‍ കഴിക്കേണ്ടതുണ്ട്. അത്തരം അളവില്‍ മേല്പറഞ്ഞ വസ്തുക്കള്‍ കഴിക്കല്‍ പ്രായോഗികമല്ല. ഷുഗര്‍ കുറയ്ക്കാന്‍ വേണ്ടി കഷ്ടപ്പെട്ട് പാവയ്ക്കാ ജ്യൂസ് കഴിക്കേണ്ടതില്ല എന്നാണ് എന്‍റെ വ്യക്തിപരമായ അഭിപ്രായം.
പഞ്ചസാരക്ക് പകരം ശര്‍ക്കര കഴിച്ചാല്‍ കുഴപ്പമില്ല എന്ന് പല രോഗികളും കരുതുന്നു . എന്നാല്‍ ഇത് തീര്‍ത്തും തെറ്റിദ്ധാരണയാണ്. പഞ്ചസാരയും ശര്‍ക്കരയും തമ്മില്‍ വളരെ ചെറിയ വ്യത്യാസം മാത്രമേ ഉള്ളൂ. പഞ്ചസാര പോലെ തന്നെ ശര്‍ക്കരയും ഒഴിവാക്കപ്പെടെണ്ടത് തന്നെയാണ്.
ഒരേ മരുന്ന് തന്നെ കുറേ കാലമായി കഴിക്കുന്നു, ഇതൊന്നു മാറ്റി വേറെ മരുന്ന് ആക്കി തരുമോ എന്ന ചോദ്യം വളരെ സാധാരണയായി കേള്‍ക്കുന്നതാണ്. ഒരേ മരുന്ന് കുറെ കാലം കഴിച്ചാല്‍ കിഡ്നി തകരാര്‍ വരുമോ എന്ന സംശയമാണ് ഇതിനു പിന്നില്‍. ഇത് തീര്‍ത്തും തെറ്റായ ധാരണയാണ്. കഴിച്ചു കൊണ്ടിരിക്കുന്ന മരുന്നുകൊണ്ട് ഷുഗര്‍ നിയന്ത്രണത്തില്‍ ആണെങ്കില്‍ അത് തന്നെ തുടരുന്നതാണ് ഏറ്റവും നല്ലത്.

പ്രമേഹം തീര്‍ത്തും മാറുമോ?
ഇന്നത്തെ നിലയില്‍ പ്രമേഹം തീര്‍ത്തും മാറ്റുന്ന ഒരു ചികിത്സയും നിലവില്‍ ഇല്ല. അത്തരം അവകാശ വാദങ്ങളില്‍ വഞ്ചിതരാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. മരുന്നുകള്‍ ഇല്ലാതെ തന്നെ പ്രമേഹം ഒരു കാലം വരേക്കു നിയന്ത്രിച്ചു നിര്‍ത്താം. എന്നാല്‍ അത് പ്രമേഹം മാറി പോവല്‍ അല്ല. ഷുഗര്‍ ലെവല്‍ ചികിത്സ കൊണ്ട് കുറഞ്ഞാല്‍ പലരും മരുന്ന് നിര്‍ത്തുന്നത് ഈ തെറ്റിദ്ധാരണ കൊണ്ടാണ്. ചികിത്സിച്ചു കൊണ്ടിരിക്കുന്ന ഡോക്ടര്‍ പറയാതെ ഒരു കാരണവശാലും മരുന്നുകള്‍ നിര്‍ത്താന്‍ പാടില്ല.

ഒരിക്കല്‍ ഇന്‍സുലിന്‍ എടുത്താല്‍ ജീവിത കാലം മുഴുവനും എടുക്കേണ്ടി വരുമോ?
പലപ്പോഴും ഇന്‍സുലിന്‍ എന്ന് പറയുമ്പോള്‍ കേള്‍ക്കേണ്ടി വരുന്ന ഒരു ചോദ്യം ആണിത്‌. ഉത്തരം വളരെ ലളിതമാണ്. പ്രമേഹ രോഗത്തിന്റെ ഏതു അവസ്ഥയിലാണ് ഇന്‍സുലിന്‍ തുടങ്ങുന്നത് എന്നതിനനുസരിച്ചിരിക്കും ഈ ചോദ്യത്തിനുള്ള ഉത്തരം. നേരത്തെ സൂചിപ്പിച്ച പോലെ ചില ആളുകളില്‍ പ്രമേഹം കണ്ടു പിടിക്കുന്ന സമയത്ത് തന്നെ ഷുഗര്‍ 600 -700 ഒക്കെ കാണാറുണ്ട്. ചിലപ്പോള്‍ അതിലും കൂടുതല്‍. ഇത്തരം സമയത്ത് ഇന്‍സുലിന്‍ അല്ലാതെ മറ്റു മരുന്നുകള്‍ വേണ്ട വിധം പ്രവര്‍ത്തിക്കാന്‍ സാധ്യത കുറവാണ്. ഇന്‍സുലിന്‍ ഉപയോഗിച്ച് ഷുഗര്‍ നില 200-300 ലേക്ക് കുറച്ചു കഴിഞ്ഞാല്‍ അത്തരം ആളുകള്‍ക്ക് പിന്നീട് ഗുളികകള്‍ വഴി പ്രമേഹം നിയന്ത്രിക്കാം. എന്നാല്‍ പ്രമേഹം തുടങ്ങി പത്തോ ഇരുപതോ വര്‍ഷങ്ങള്‍ക്കു ശേഷം പരമാവധി അളവില്‍ ഗുളികകള്‍ കഴിച്ചിട്ടും ഷുഗര്‍ നിയന്ത്രണത്തില്‍ ആവാത്ത ഒരാള്‍ക്കാണ് ഇന്‍സുലിന്‍ തുടങ്ങുന്നത് എങ്കില്‍ പിന്നീടങ്ങോട്ട് തുടര്‍ച്ചയായി എടുക്കേണ്ടി വരും. അത് ഇന്‍സുലിന്റെ കുഴപ്പം അല്ല..ശരീരത്തില്‍ ഇന്‍സുലിന്റെ അളവ് തീര്‍ത്തും കുറഞ്ഞു വരുന്നതുകൊണ്ടാണ്.
കൃത്രിമ മധുരങ്ങള്‍ (Artificial sugars) ഉപയോഗിക്കാമോ ?
പലതരം കൃത്രിമ മധുരങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. Aspartame, Sucralose എന്നിവയാണ് അവയില്‍ ഏറ്റവും പ്രചാരത്തില്‍ ഉള്ളവ. പഞ്ചസാരയെക്കാള്‍ നിരവധി മടങ്ങ്‌ കൂടുതലാണ് ഇവയുടെ മധുരം. അതിനാല്‍ വളരെ ചെറിയ അളവില്‍ ഉപയോഗിച്ചാല്‍ മതിയാകും. ഇവ എല്ലാം തന്നെ സുരക്ഷിതവുമാണ്. പരമാവധി ഒരു ദിവസം കഴിക്കാന്‍ അനുവദനീയമായതിലും വളരെ കുറച്ചു അളവ് മാത്രമേ നിത്യ ജീവിതത്തില്‍ ഉപയോഗിക്കേണ്ടി വരുന്നുള്ളു.

പ്രമേഹവും ഗര്‍ഭധാരണവും


ഗര്‍ഭ സമയത്ത് ആരംഭിക്കുന്ന പ്രമേഹം ശരിയായ ചികിത്സ വഴി നിയന്ത്രിക്കല്‍ വളരെ അത്യാവശ്യമാണ്. പ്രമേഹം നിയന്ത്രണ വിധേയമായില്ലെങ്കില്‍ കുഞ്ഞുങ്ങള്‍ക്ക്‌ ജനനവൈകല്യങ്ങള്‍ ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്. കുഞ്ഞിന്‍റെ വലിപ്പം കൂടുന്നത് മൂലമുണ്ടാകുന്ന മറ്റു പ്രശ്നങ്ങളും നിരവധിയാണ്. സാധാരണ സമയത്ത് ഉപയോഗിക്കുന്ന പല മരുന്നുകളും ഗര്‍ഭിണികളില്‍ ഉപയോഗിക്കാന്‍ കഴിയില്ല. ഇന്‍സുലിന്‍ തന്നെയാണ് ഗര്‍ഭകാലത്തെ സുരക്ഷിതമായ മരുന്ന്. നേരത്തെ തന്നെ പ്രമേഹ രോഗമുള്ളവര്‍ ഗര്‍ഭധാരണം ആസ്സൂത്രണം ചെയ്യുന്നുണ്ടെങ്കില്‍ ചുരുങ്ങിയത് 6 മാസം മുന്‍പെങ്കിലും ഒരുങ്ങേണ്ടതുണ്ട്. ഗര്‍ഭധാരണത്തിന് വളരെ മുന്‍പ് തന്നെ പ്രമേഹം മികച്ച നിയന്ത്രണത്തില്‍ കൊണ്ട് വരേണ്ടതാണ് . പ്രമേഹം ഗര്‍ഭസ്ഥ ശിശുവിനെ ബാധിക്കുന്നത് പരമാവധി കുറക്കാന്‍ ഇത് സഹായിക്കും.
ഡോക്ടറെ കാണാന്‍ പോവുമ്പോള്‍ ഷുഗര്‍ പരിശോധിക്കേണ്ടത് എങ്ങനെയാണ്?
പലപ്പോഴും വേണ്ടവിധത്തില്‍ മരുന്ന് കഴിക്കാതെയാണ്‌ രോഗികള്‍ ഷുഗര്‍ പരിശോധിച്ച് റിസള്‍ട്ട്‌ കൊണ്ട് വരാറ്. മരുന്ന് തീര്‍ന്നു, ഇനി രക്തം പരിശോധിച്ച് നോക്കിയ ശേഷം കഴിക്കാമല്ലോ എന്നായിരിക്കും പലരുടെയും ചോദ്യം. എന്നാല്‍ മാസത്തിലൊരിക്കല്‍ ഷുഗര്‍ നോക്കി വരാന്‍ പറയുന്നത് നിങ്ങളുടെ പ്രമേഹം മരുന്ന് കൊണ്ട് പൂര്‍ണ്ണമായി മാറിയോ എന്നറിയാനല്ല, മറിച്ചു ഡോക്ടര്‍ നിര്‍ദേശിച്ച മരുന്നുകള്‍ കഴിക്കുമ്പോള്‍ നിങ്ങളുടെ ഷുഗര്‍ നില നോര്‍മല്‍ ആണോ എന്നറിയാനാണ്. അപ്പോള്‍ പിന്നെ മരുന്ന് കഴിക്കാതെ പോയി പരിശോധിച്ചിട്ട് എന്ത് കാര്യം ! എല്ലാ രോഗികളും ഭക്ഷണം കഴിക്കാതെ പോയി ആദ്യം ഷുഗര്‍ പരിശോധിക്കണം. വെള്ളം കുടിക്കുന്നത് കൊണ്ട് കുഴപ്പമില്ല. ഇങ്ങനെ രക്തം കൊടുത്ത ശേഷം സാധാരണ കഴിക്കുന്ന എല്ലാ മരുന്നുകളും, ഇന്‍സുലിന്‍ ഉണ്ടെങ്കില്‍ അതും എടുത്ത ശേഷം സാധാരണ പോലെ ഭക്ഷണം കഴിച്ചു പിന്നീട് 2 മണിക്കൂര്‍ കഴിഞ്ഞു വീണ്ടും ഷുഗര്‍ പരിശോധിക്കണം. ഇത്തരത്തില്‍ ചെയ്യുന്ന റിസള്‍ട്ട്‌ കൊണ്ട് ഡോക്ടറുടെ അടുത്ത് പോയിട്ടേ കാര്യമുള്ളൂ.

പ്രമേഹത്തെ കുറിച്ചുള്ള ആശങ്കകള്‍ ഒരു കടലാണ്. അവയില്‍ ഒരു ഭാഗം പോലും ഈ ഒരു ലേഖനത്തില്‍ ഉള്‍പ്പെടുത്താന്‍ ആയിട്ടുമില്ല. പക്ഷെ, ചുരുങ്ങിയത് ഇത്രയെങ്കിലും അറിഞ്ഞിരിക്കുന്നത് പ്രമേഹമെന്ന അവസ്ഥയെ ( ശ്രദ്ധിക്കുക, പ്രമേഹം വിറ്റ് ജീവിക്കുന്നവര്‍ പറയുന്നത് പോലെ പ്രമേഹം ഒരു രോഗമല്ല,മറിച്ച് ഒരു ശാരീരികാവസ്ഥ മാത്രമാണ്) വിജയകരമായി കൈകാര്യം ചെയ്യാനുള്ള ശക്തി പകരും. ക്രമീകരിക്കാന്‍ കഴിയാത്ത വിധം സങ്കീര്‍ണവുമല്ല അത്. ഭക്ഷണവും വ്യായാമവും കൂടെ ശരീരത്തില്‍ ഗ്ലുക്കോസ് നിയന്ത്രണത്തില്‍ വന്നു പെട്ട പിഴവിനെ ക്രമീകരിക്കാനുള്ള മരുന്നുകളും ചേര്‍ന്നാല്‍ ഒരു പ്രമേഹരോഗിക്ക് മറ്റേതൊരു വ്യക്തിയെ പോലെയും സ്വസ്ഥമായ ജീവിതം നയിക്കാന്‍ സാധിക്കുകയും ചെയ്യും.


കുട്ടികളിലെ കഫക്കെട്ട് - DR. SHIMNA AZYZ


          
  AUTHOR'S PROFILE                             

               സ്വന്തം കുട്ടിക്ക് 'എന്തോ' ഒരു കുഴപ്പമുണ്ടെന്നു പറഞ്ഞു ഡോക്ടറെ കാണാന്‍ വരുന്ന അമ്മമാരില്‍ മിക്കവരും പറയുന്ന ഒരു പ്രശ്നമാണ് കഫക്കെട്ട്. സത്യത്തില്‍ 'കഫക്കെട്ട്' എന്നത് കൊണ്ട് എന്താണ് ഈ മാതാശ്രീകള്‍ സൂചിപ്പിക്കുന്നത് എന്നത് ഇന്നും ചുരുളഴിയാത്ത രഹസ്യമാണ്.വായിലൂടെയും മൂക്കിലൂടെയും ചിലപ്പോള്‍ മലത്തിലൂടെ പോലും പുറത്ത് മ്യൂക്കസ് (നിങ്ങള്‍ ഉദ്ദേശിച്ചത് തന്നെ, ഞാന്‍ ഒന്ന് ശാസ്ത്രീകരിച്ചതാണ്) പോകുന്നതെല്ലാം അവര്‍ക്ക് കഫക്കെട്ടാണ്. ഇതിനൊക്കെ പൊടിയില്‍ വെള്ളം കലക്കുന്ന മരുന്ന് വേണമെന്നും പറയും(ആന്റിബയോട്ടിക് എന്ന് ഡോക്റ്റര്‍ മനസ്സിലാക്കിക്കോളണം).

    കഫം എന്നത് ത്രിദോഷങ്ങളില്‍ ഒന്നായി കാണുന്ന ആയുര്‍വേദരീതി അത്രയേറെ ജനകീയമായത് കൊണ്ടാകാം മ്യൂക്കസ് വരുന്നത് എന്തും ദോഷമാണ് എന്ന ചിന്താഗതി ഉണ്ടായത്. പൊതുവേ, മുഖത്തുള്ള വായു അറകളായ സൈനസുകളില്‍ ഉണ്ടാകുന്ന അണുബാധ തൊട്ടു ശ്വാസകോശത്തിനകത്ത് ഉണ്ടാകുന്ന അണുബാധ വരെ എന്തും ശ്വസനവ്യവസ്ഥയില്‍ നിന്നും മ്യൂക്കസ് പുറത്ത് വരുന്ന അവസ്ഥ ഉണ്ടാക്കാം. ഇതിനെയെല്ലാം അറിഞ്ഞോ അറിയാതെയോ രക്ഷിതാക്കള്‍ 'കഫക്കെട്ട്' എന്ന് തന്നെയാണ് വിളിക്കുന്നത്‌.

ഇതിനെ ഒരു ദോഷമായല്ല, മറിച്ചു അണുക്കളെ പുറംതള്ളാനുള്ള ശരീരത്തിന്‍റെ ഒരു ഉപായമായിട്ടാണ് ആധുനികവൈദ്യശാസ്ത്രം കാണുന്നത്. അണുക്കളും ശരീരത്തിന് പുറത്ത് നിന്ന് ശ്വസനത്തിലൂടെ അകത്തു കയറാന്‍ സാധ്യതയുള്ള പൊടിയും മറ്റും ഈ കൊഴുപ്പുള്ള വസ്തുവില്‍ പറ്റിപ്പിടിച്ചു ശരീരത്തിനു ദോഷകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് കാരണമായിത്തീരാതെ സംരക്ഷിക്കുക എന്നതാണ് ഇങ്ങു മൂക്കിന്‍റെ ഉള്ളറകള്‍ തൊട്ടു അങ്ങ് ശ്വാസകോശത്തിലെ വായു അറകളായ 'ആല്‍വിയോലൈ' വരെയുള്ള മ്യൂക്കസ് പാളിയുടെ ധര്‍മ്മം.
അലര്‍ജിയും അണുബാധയും മറ്റുമുണ്ടാകുമ്പോള്‍ സ്വാഭാവികമായി അല്പം കൂടിയ അളവില്‍ ശരീരം മ്യൂക്കസ് ഉല്‍പ്പാദിപ്പിക്കും. അണുക്കളും പൊടിയും ഇനി അലര്‍ജിക്ക് ഹേതുവായ വസ്തുവുണ്ടെങ്കില്‍ (അലര്‍ജന്‍-പൂമ്പൊടി, പ്രാണികള്‍ തുടങ്ങിയവ) അതുമൊക്കെ പിടികൂടി ഗെറ്റ് ഔട്ട്‌ അടിക്കുക എന്നതാണ് ഇത് കൊണ്ടുള്ള കാര്യം. അതായത്, തുടര്‍ച്ചയായ മൂക്കൊലിപ്പായി പുറത്തേക്ക് വരുന്നത് അണുക്കള്‍ നിറഞ്ഞൊരു സ്രവം ആണെന്ന് അര്‍ഥം.
ചുരുക്കി പറഞ്ഞാല്‍, 'കഫക്കെട്ട്' രോഗിയായ ഒരു ശരീരത്തിന്‍റെ രോഗലക്ഷണം എന്നതിലുപരി സ്വാതന്ത്ര്യമായ ഒരു അസുഖമല്ല. 'ഇല്ലാത്ത രോഗത്തിനു വല്ലാത്ത ചികിത്സ' എന്ന് കേട്ടിട്ടില്ലേ? കഫക്കെട്ടിനും ഇത് ബാധകമാണ്. വെറുതേ തുമ്മുന്നത് തൊട്ടു ന്യൂമോണിയ വരെ സര്‍വ്വതും കഫക്കെട്ട് എന്ന പേരില്‍ അടങ്ങിയിരിക്കാം എന്നതിനാല്‍ അത്തരം സാധാരണ അസുഖങ്ങളെ ഒന്ന് പരിചയപ്പെടുന്നത് നന്നായിരിക്കും.

അലര്‍ജിയോ വൈറസോ ബാക്റ്റീരിയയോ ഉണ്ടാക്കുന്ന അണുബാധയോ ആണ് സാധാരണയായി അമിതമായി കഫം ഉണ്ടാകാനുള്ള കാരണം. ചുമച്ചും ചുമ കൂടുമ്പോള്‍ ഛർദ്ധിച്ചും പുറത്ത് പോകുന്ന വെളുത്ത സ്രവത്തെ 'കഫം' എന്നും മൂക്കിലൂടെ വരുന്നതിനു 'മൂക്കിള' എന്നുമാണ് സാധാരണ പറഞ്ഞു കേട്ടിട്ടുള്ളത്. അതെന്താ അങ്ങനെ എന്ന് ചോദിച്ചാല്‍ ഓരോരോ കീഴ്വഴക്കങ്ങള്‍ എന്നേ പറയാനുള്ളൂ എന്ന് തോന്നുന്നു.
ശ്വസനവ്യവസ്ഥയില്‍(Respiratory system) കഫം ഉണ്ടാകാന്‍ കാരണമായ ചില പ്രധാന അസുഖങ്ങളെ നമുക്ക് പരിചയപ്പെടുന്നതിന്‌ മുൻപ്‌ അവയെ രണ്ടായി തരം തിരിക്കേണ്ടി വരും.

*Upper Respiratory Tract Infections (മൂക്കും മൂക്കിന്‌ ചുറ്റുമുള്ള വായു അറകളായ സൈനസുകളും തൊണ്ടയും സമീപമുള്ള ടോൺസിലുകളും ഉൾപ്പെടുന്നു)

*Lower Respiratory Tract(പുറമേ കാണാത്ത ശ്വസനാവയവങ്ങൾ-ശ്വസനനാളം മുതൽ ആൽവിയോലൈ വരെ)

ഇത്രയും ഭാഗത്ത്‌ എവിടെ അസുഖമുണ്ടായാലും മേൽപ്പറഞ്ഞ 'കെട്ട്‌' വരും..അത്‌ തന്നെ, കഫക്കെട്ട്‌ !

സൈനസൈറ്റിസ്‌ -വായിൽ കൊള്ളാത്ത പേരുള്ള കുറേ ബാക്‌ടീരിയകളുടെ വിക്രിയ. മൂക്കിന്‌ ചുറ്റുമുള്ള വായു അറകളിലേക്ക്‌ ശ്വസനം വഴിയോ മുങ്ങിക്കുളി വഴിയോ സമീപ അവയവങ്ങളിൽ നിന്നോ അണുബാധ എത്തിച്ചേരാം. തലക്ക്‌ ഭാരം തോന്നുക, തലവേദന, പുരികത്തിന്റെ ഉൾക്കോണിൽ ഞെക്കുമ്പോൾ വേദന തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം. അലർജിയുള്ളവർക്ക്‌ തുടർച്ചയായി ഉണ്ടാകാം. വിവിധ ആന്റിബയോട്ടിക്കുകളാണ്‌ ചികിത്‌സ. ഒരിക്കലും വീട്ടിൽ മറ്റൊരാൾക്ക്‌ എഴുതിയ മരുന്ന്‌ വാങ്ങിക്കഴിക്കരുത്‌. ആവി പിടിക്കുന്നത്‌ വളരെ ഗുണകരമാണ്‌.

റൈനൈറ്റിസ്‌ - മൂക്കിനുള്ളിലെ അണുബാധ. ബാക്‌ടീരിയകളും വൈറസും മൽസരിച്ചു പയറ്റുന്നയിടമാണ്‌ ഇത്‌. വൈറൽ (വാട്ട്‌സ്സപ്പിലെ വൈറൽ അല്ല കേട്ടോ) റൈനൈറ്റിസിന്‌ സ്വൈര്യം കെടുത്തുന്ന വെള്ളം പോലുള്ള മൂക്കൊലിപ്പാണെങ്കിൽ ബാക്‌ടീരിയ ഉണ്ടാക്കുന്ന റൈനൈറ്റിസിൽ കട്ടിയുള്ളതോ ഇളംപച്ചനിറമുള്ളതോ ആയ കഫമാണ്‌ ഉണ്ടാകുക. വൈറൽ അസുഖത്തിന്‌ നന്നായി വെള്ളം കുടിക്കുകയും വിശ്രമിക്കുകയും വേണം. മറ്റവന്‌ (സ്‌പോൺസേർഡ്‌ ബൈ ബാക്‌റ്റീരിയ ബ്രോ) ചിലപ്പോൾ കാര്യമായി ഗുളിക തിന്നേണ്ടി വന്നേക്കാം. 'ജലദോഷം' എന്ന ശാസ്‌ത്രനാമം എങ്ങനെ വന്നതാണെന്ന്‌ അറിയില്ല(പേരിട്ട ആൾക്ക്‌ വൈറൽ റൈനൈറ്റിസ്‌ വന്നു കാണണം..മൂക്കിലൂടെ ജലം വന്നത്‌ കൊണ്ട്‌..ഏത്‌?). തണുത്ത കാറ്റ്, യാത്ര എന്നിവയൊക്കെ ചിലരില്‍ ഇതുണ്ടാക്കാറുണ്ട്. ഏതായാലും, ഗുളിക കഴിച്ചാൽ ഏഴു ദിവസം കൊണ്ടും അല്ലെങ്കിൽ ഒരാഴ്‌ച കൊണ്ടും മാറുന്ന വൈറൽ ജലദോഷത്തിന്‌ പ്രത്യേകിച്ച്‌ ചികിത്സയൊന്നും ആവശ്യമില്ല.

ടോൺസിലൈറ്റിസ്‌ -തൊണ്ടവേദന വന്നാൽ വായിലേക്ക്‌ ടോർച്ചടിച്ച്‌ നോക്കുമ്പോൾ അങ്ങേയറ്റത്ത്‌ ഇരുഭാഗത്തുമായി കാണുന്ന രണ്ട്‌ ഉണ്ടകളെയാണ് ടോൺസിൽ എന്നത് കൊണ്ട് എല്ലാവരും മനസ്സിലാക്കിയിട്ടുള്ളത്‌. എന്നാൽ, രണ്ടിലേറെ ടോൺസിലുകളുണ്ട്‌(സാധാരണ ഗതിയിൽ അഞ്ചെണ്ണം). അണുബാധയെ ചെറുക്കാനുള്ള ലിംഫാറ്റിക്‌ വ്യവസ്‌ഥയുടെ ഭാഗമാണിവ.
ടോൺസിലൈറ്റിസ്‌ വേദനാജനകമാണെന്ന്‌ പറയേണ്ടതില്ലല്ലോ.മരുന്നുകൾക്കൊപ്പം ഫലപ്രദമായൊരു ചികിത്സയുണ്ടിതിന്‌, ഉപ്പിട്ട ചൂടുവെള്ളം ചുരുങ്ങിയത്‌ മൂന്ന്‌ നേരം കവിൾ കൊള്ളുക.നല്ല വ്യത്യാസമുണ്ടാകും. തണുത്ത വെള്ളം, ഐസ്‌,ഐസ്‌ക്രീം തുടങ്ങിയവ ആ താലൂക്കതിർത്തിയിൽ പോലും കണ്ട്‌ പോകരുത്‌.
ഫാരിഞ്ചൈറ്റിസ്‌, ലാരിഞ്ചൈറ്റിസ്‌- തൊണ്ട വേദനയുടെ മറ്റ്‌ രണ്ട്‌ കാരണങ്ങൾ. ഭക്ഷണമിറക്കുമ്പോഴുള്ള വേദനയാണ്‌ പ്രധാനലക്ഷണം. ചികിത്‌സ സമാനമാണ്‌. തൊണ്ട വേദന പഴയ തൊണ്ട വേദനയാണെങ്കിലും വാക്‌സിൻ വിരുദ്ധത കാരണമുണ്ടായ ഡിഫ്‌തീരിയയുടെ തിരിച്ചു വരവിനെ ഒന്ന്‌ ഗൗനിക്കണം. വിട്ടു മാറാത്ത തൊണ്ട വേദനയും പനിയുമൊന്നും ഒരു പരിധിക്കപ്പുറം അവഗണിക്കരുത്‌. കുട്ടികൾക്ക്‌ യഥാസമയം വാക്‌സിൻ നൽകുന്നുവെന്ന്‌ ഉറപ്പിക്കുക.

Lower Respiratory Tract infections- ശ്വസനനാളം മുതൽ ആൽവിയോളൈ വരെ അണുക്കളോ അലർജനോ രണ്ടു പേരും കൂടിയോ ബോറടി മാറ്റുന്നതിന്റെ പരിണിതഫലം. ചുമച്ച്‌ ഒരു വഴിക്കാകുന്ന കുഞ്ഞ്‌ ഉറക്കവും മനസ്സമാധാനവും കളയും.
മിക്കപ്പോഴും ഇത്‌ സാധാരണ അണുബാധകൾ മൂർച്‌ഛിച്ചതാകാനാണ്‌ സാധ്യത. ട്രക്കിയൈറ്റിസ്‌, ബ്രോങ്കൈറ്റിസ്‌, ബ്രോങ്കിയോളൈറ്റിസ്‌, ആൽവിയോളൈറ്റിസ്‌ തുടങ്ങി വളരെയേറെ ഐറ്റംസ്‌, അല്ല ഐറ്റിസുകളുണ്ട്‌. ന്യൂമോണിയ, പ്ലൂരൈറ്റിസ്‌ തുടങ്ങി ശ്വാസകോശത്തെയും ശ്വാസകോശത്തിന്റെ ആവരണത്തെയുമെല്ലാം ബാധിക്കുന്ന വമ്പൻമാരുണ്ട്‌. അവയിൽ മിക്കതും ചികിത്സിച്ചില്ലെങ്കിൽ വഷളാകാൻ സാദ്ധ്യതയുള്ളവയുമാണ്‌. നേരം വൈകാതെ ആശുപത്രിയിലേക്കുള്ള വണ്ടി പിടിക്കുക. ബാക്കി ജോലി ഡോക്‌ടറുടേതാണ്‌.
കഫക്കെട്ട്‌ ചില്ലറക്കാരനല്ല എന്ന്‌ മനസ്സിലായില്ലേ ? ശ്വസനവ്യവസ്‌ഥയിലെ കഫം ഇങ്ങനെയാണെങ്കിൽ ദഹനവ്യവസ്‌ഥയിലെ കഫം ഛർദ്ധിൽ വഴിയോ മലം വഴിയോ പുറത്ത്‌ പോകാം.രണ്ടും രോഗാതുരമായ അവസ്‌ഥകൾ തന്നെ. യഥാസമയം ചികിത്‌സ തേടുക.
ഒരേയൊരു കാര്യം ഓർമ്മിപ്പിക്കാനുള്ളത്‌, സ്വയം ചികിത്സയെക്കുറിച്ചാണ്‌. നിങ്ങളുടെ കുഞ്ഞിന്റെ അസുഖം നിർണ്ണയിക്കാനും ചികിത്‌സിക്കാനും നിങ്ങളുടെ ശിശുരോഗവിദഗ്‌ധനെ മാത്രം അനുവദിക്കുക.കുഞ്ഞുങ്ങൾ പൂ പോലെയാണ്‌, അണുബാധകൾ അവരെ വളരെ പെട്ടെന്ന്‌ തളർത്തിയേക്കാം. നമ്മുടെ അശ്രദ്ധ കൊണ്ട്‌ അവർ ദുരിതം അനുഭവിക്കേണ്ടി വരരുത്‌.

വ്യാജന്മാരും പ്രചാരണങ്ങളും - Dr.NELSON JOSEPH

അശാസ്ത്രീയത വിളയിച്ച് ലാഭം കൊയ്യാനിറങ്ങുന്ന വ്യാജന്മാരുണ്ടെങ്കിൽ കേരളത്തിൽ ഇതല്ല ഇതിനപ്പുറവും നടക്കും. Dr. Nelson Joseph എഴുതുന്നു
author's profile

          നവംബർ ഏഴും നവംബർ പതിനാലും തമ്മിലുള്ള വ്യത്യാസം 9 ലക്ഷം രൂപയാണ്...അദ്ദേഹം യഥാർഥ ഗാന്ധിയനായിരുന്നു....ഗാന്ധിയെ ഒരുപാട് സ്നേഹിച്ചതുകൊണ്ട് ഗാന്ധിയെ എവിടെ കണ്ടാലും കളക്റ്റ് ചെയ്യുന്ന ഒരു ഗാന്ധിയൻ...എല്ലാം എട്ടാം തിയതി വെറുതെയായി....

തമാശ അവിടെ നിൽക്കട്ടെ. കുറച്ച് കാര്യം പറയാം. ടിയാൻ അടുത്ത ഉഡായിപ്പുമായി ഇറങ്ങിയിട്ടുണ്ട്. " രോഗാണുക്കൾ ആണോ രോഗം ഉണ്ടാക്കുന്നത്? " തെളിയിച്ചാൽ 1 (ഇപ്പൊ 10) ലക്ഷം രൂപ. കേൾക്കുമ്പൊ തോന്നാം ഈ ഡോക്ടർമാർക്ക് ഇത് സ്വീകരിച്ച് തെളിയിച്ചാൽ അയാളുടെ ശല്യം തീരില്ലേ എന്ന്? അത് മനസിലാക്കാൻ കുറച്ച് ഹിസ്റ്ററി അറിയണം. നിയമത്തിന്റെ കുരുക്കുകൾ മുതൽ ഇതുകൊണ്ട് ഒന്നും അവസാനിക്കില്ലെന്ന വസ്തുത വരെ കണക്കിലെടുത്താൽ ഇതിനൊരുമ്പെടുന്നത് നഷ്ടക്കച്ചവടമാണെന്ന് നിസാരമായി മനസിലാക്കാവുന്നതേയുള്ളൂ. അത് മാത്രമല്ല ആ ആലും ഇദ്ദേഹം തണലാക്കും.

1. ഈ വെല്ലുവിളി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. 2007ലെ ഒരു വീഡിയോയിൽ കണ്ടത് തെളിയിച്ചാൽ ഇയാളുടെ 4 ആശുപത്രി മോഡേൺ മെഡിസിൻ ഹോസ്പിറ്റലാക്കാമെന്നായിരുന്നു. ആ നാല് ഇപ്പൊ 9 ആയിട്ടുണ്ട്. (ഹോ...ഗാന്ധിജിയുടെ ഒരു ശക്തിയേ). മുൻപ് രണ്ട് സംവാദങ്ങളിലും തോറ്റോടിയപ്പൊഴും ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞ് ഒരു വീഡിയോ ഇട്ട് ഫയല്വാൻ ജയിച്ചേ മോഡൽ പ്രഖ്യാപനം നടത്തി തട്ടിപ്പ് പഴയതുപോലെ തുടരുകയായിരുന്നു. ഇവിടെയും അതുതന്നെ സംഭവിക്കും.

2. തന്റെ വിവരമില്ലായ്മ പ്രദർശിപ്പിക്കുന്നതിന്റെ രണ്ടാം ലെവൽ സംഘം തരുന്ന പരീക്ഷണമൃഗത്തിൽ കുത്തിവച്ച് കാണിക്കണം എന്നുള്ള വാചകമാണ്. വെറുതെ വഴിയെ പോകുന്ന ഒരാൾക്ക് ഒരു സംശയം തോന്നുമ്പൊഴോ അല്ലെങ്കിൽ ഇതുപോലെ ഉള്ള വ്യാജന്മാർക്ക് മുതലെടുപ്പിനു വേണ്ടിയോ ചെയ്യാവുന്ന ഒന്നല്ല മൃഗങ്ങളിലുള്ള പരീക്ഷണം. വെറുതെ ഒരു പ്രാവിനെയോ പശുവിനെയോ സിനിമയിൽ കാണിക്കണമെങ്കിൽ പോലും നിയമപരമായി സർട്ടിഫിക്കറ്റുകൾ വേണമെന്നിരിക്കെ പരീക്ഷണത്തിന്റെ കാര്യം ആലോചിക്കാവുന്നതല്ലേയുള്ളൂ. മൃഗങ്ങളെ സൂക്ഷിക്കുന്ന സ്ഥലം തൊട്ട് പരീക്ഷണം നടത്തുന്ന ലാബും രീതിയും എങ്ങനെ ആകണമെന്ന് വരെ ഗൈഡ് ലൈനുകൾ ഉണ്ട്.

3. മൂന്നാമത്തെ ഏറ്റവും പ്രധാനമായ കാര്യം കോക്ക് ഹൈപ്പോതീസിസുകളെക്കുറിച്ചാണ്. " ജേം തിയറി " യെന്നും കോക്ക് ഹൈപ്പോതീസിസുകളെന്നും ഒക്കെ നാഴികയ്ക്ക് നാൽപ്പതു വട്ടം പറയുന്ന വടക്കനും തെക്കനും ഒന്നും വ്യക്തമായി സംഗതി എന്താണെന്ന് അറിയാനുള്ള സാദ്ധ്യത കുറവാണ്. 1890ലാണ് സർ റോബർട്ട് കോക്ക് നാല് പോസ്റ്റുലേറ്റുകൾ (നിർദ്ദേശങ്ങൾ) മുന്നോട്ട് വയ്ക്കുന്നത്. ഒരു രോഗാണുവിനെ രോഗവുമായി ബന്ധിപ്പിക്കണമെങ്കിൽ...

(1) രോഗാണു രോഗമുള്ള ജീവിയുടെ ശരീരത്തിൽ ധാരാളമായി ഉണ്ടാകണം. അതേ സമയം ആരോഗ്യമുള്ള ജീവിയുടെ ശരീരത്തിൽ ഉണ്ടാകാൻ പാടില്ല
(2) ജീവിയുടെ ശരീരത്തിൽ നിന്ന് വേർതിരിച്ചെടുക്കാനും കൾച്ചറിൽ (ലബോറട്ടറിയിൽ) വളർത്താനും സാധിക്കണം
(3) ആരോഗ്യമുള്ള ജീവിയിൽ (പരീക്ഷണമൃഗം) വേർതിരിച്ചെടുത്ത രോഗാണു സമാനമായ ലക്ഷണങ്ങൾ (രോഗം) ഉണ്ടാക്കണം.
(4) പരീക്ഷണമൃഗത്തിൽ നിന്ന് രോഗാണുവിനെ വേർതിരിച്ച് എടുക്കാൻ കഴിയണം.അതിനെ തിരിച്ചറിയാനും കഴിയണം.

പക്ഷേ ഒരു ചെറിയ കുഴപ്പം. ആദ്യത്തെ വൈറസിനെ കണ്ടുപിടിക്കുന്നത് 1892ലാണ്. രോഗലക്ഷണങ്ങളില്ലാത്ത രോഗാണുവാഹകരെക്കുറിച്ച് (asymptomatic carrier (healthy carrier )) മനസിലാകുന്നത് പിന്നെയും കുറച്ചുകാലം കഴിഞ്ഞാണ് .എന്നുവച്ചാൽ കോക്കിന്റെ നിർദ്ദേശങ്ങൾ അനുസരിക്കാത്ത വിരുതന്മാരെക്കുറിച്ച് മനസിലാകുന്നത് പിന്നീടാണ്. കോക്കിന് അന്ന് അറിയാവുന്ന വസ്തുതകൾ വച്ചാണ് കോക്കിന്റെ നിയമങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്.

ആധുനിക വൈദ്യശാസ്ത്രം കോക്കിന്റെ നിയമങ്ങളെ ഉപയോഗിക്കുന്നത് അല്പം വ്യത്യാസപ്പെടുത്തിയാണ്. 1890 കഴിഞ്ഞ് 126 വർഷങ്ങൾ കൊണ്ട് നമ്മൾ ഒരുപാട് മുന്നേറിയിരിക്കുന്നു. ജീവിത ശൈലീ രോഗങ്ങളെക്കുറിച്ചും എപ്പിഡെമിയോളജിക്കൽ ട്രയാഡിനെ(ഏജന്റ് - ഹോസ്റ്റ് - എന്വയോണ്മെന്റ് ; അതായത് രോഗാണുവും ആതിഥേയനും(രോഗി) പരിസരവും എല്ലാം വെവ്വേറെ ആയിരുന്നാൽ രോഗമുണ്ടാകണമെന്നില്ല എന്ന് സൂചിപ്പിക്കുന്ന..)ക്കുറിച്ചും ഒക്കെ വടക്കൻ വായിച്ചെന്ന് നാഴികയ്ക്ക് നാൽപ്പത് വട്ടം വായിട്ടലയ്ക്കുന്ന പാർക്കിന്റെ ടെക്സ്റ്റുബുക്കിൽ പറഞ്ഞിട്ടുമുണ്ട്.ഇതൊക്കെ മറച്ചുവച്ച് 1890ലോട്ട് വാ എന്ന് വിളിച്ചോണ്ടിരിക്കുന്ന ആ നമ്പർ അങ്ങ് മനസിൽ വച്ചോണ്ടാ മതി.

ആധുനിക വൈദ്യശാസ്ത്രം രോഗം കണ്ടുപിടിക്കുന്നത് ഇപ്പോൾ മൃഗങ്ങളിലെ പരീക്ഷണങ്ങൾ വഴി അല്ല. രോഗാണുക്കൾ രോഗമുണ്ടാക്കുന്ന രീതികളെക്കുറിച്ച് ആഴത്തിൽ പഠിച്ചതും സൂക്ഷ്മകണങ്ങളുടെ തലത്തിൽ വരെ നടക്കുന്ന പ്രവർത്തനങ്ങൾ മനസിലാക്കിയതുമൊക്കെ രോഗനിർണയത്തിനു നമ്മളെ സഹായിക്കുന്നു. സീറോളജിക്കൽ ടെസ്റ്റുകൾ വന്നതൊക്കെ അങ്ങനെയാണ്.
എന്നിട്ടും വെല്ലുവിളി സ്വീകരിക്കാമെന്ന് Dr Jinesh PS അടക്കം ഒരുപിടി ആളുകൾ പോസ്റ്റിനടിയിൽ മറുപടി കൊടുത്തെങ്കിലും അതൊന്നും കാണാത്ത മട്ടിൽ അടുത്ത പോസ്റ്റ് ഒരാഴ്ച കഴിഞ്ഞ് ഇട്ടിട്ടുണ്ട്. ഇനി ഏത് സമയവും " ഫയല്വാൻ ജയിച്ചേ " പ്രതീക്ഷിക്കാം.

            ഒരു ചെറിയ കഥ കൂടെ പറഞ്ഞ് അവസാനിപ്പിക്കാം. റോബർട്ട് കോക്ക് ഈ നിർദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കുന്നതിനും ബാക്ടീരിയയെ മൈക്രോസ്കോപ്പിലൂടെ കണ്ടെത്തുന്നതിനും മുൻപ് ഇഗ്നാസ് സെമ്മെല്വെൽസ് എന്ന ഒരു ഒബ്സ്റ്റട്രീഷ്യൻ ഉണ്ടായിരുന്നു. അക്കാലത്ത് നവജാത ശിശുക്കളുടെയും ഗർഭിണികളുടെയും മരണത്തിനു കാരണമായിരുന്ന പനി (puerperal fever ) ഉണ്ടാകുന്നത് പോസ്റ്റ് മോർട്ടം ഉൾപ്പടെയുള്ള പരിശോധനകൾ കഴിഞ്ഞ് പ്രസവം എടുക്കാൻ വരുന്ന ഡോക്ടർ കൈ കഴുകാത്തതുകൊണ്ടാണെന്ന വിപ്ലവകരമായ കണ്ടുപിടിത്തം നടത്തിയ ഡോക്ടർ. കഴുകാത്ത കൈകൾ ഏതോ ഒരു വിഷവസ്തു ഗർഭിണിയിലേക്കും കുഞ്ഞിലേക്കും മൃതശരീരത്തിൽ നിന്ന് കൊണ്ടുവരുന്നതാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിഗമനം. അന്ന് വളരെ അധികം എതിർപ്പ് അദ്ദേഹത്തിനു നേരിടേണ്ടി വന്നു. സ്വന്തം പ്രഫഷനും ജീവനുമായിരുന്നു ഇന്ന് ലോകം എമ്പാടും പിന്തുടരുന്ന ആ ശീലത്തിനു നൽകേണ്ടി വന്ന വില. പിന്നീട് ആ വിഷവസ്തു ബാക്ടീരിയ (Streptococcus pyogenes) ആണെന്നു കണ്ടുപിടിക്കപ്പെട്ടു. ആധുനിക വൈദ്യശാസ്ത്രം അന്ന് തെറ്റ് തിരുത്തിയെങ്കിലും 19ആം നൂറ്റാണ്ടിലേക്ക് വണ്ടി കിട്ടാത്തവർ (കിട്ടാത്തതല്ല. കിട്ടിയില്ലെന്ന് മനപ്പൂർവം തെറ്റിദ്ധരിപ്പിക്കുന്നതാണ്) ഇന്നും തെറ്റ് ആവർത്തിക്കുന്നു.
വാൽ : മിനിമം 5 കോടി രൂപ സമ്മാനം. അത് ബാങ്കിൽ ഇട്ട് രേഖ വിശ്വസനീയമായ തേർഡ് പാർട്ടിയെ ഏല്പിച്ച് എഗ്രിമെന്റ് അടക്കം സൈൻ ചെയ്യുക. അനിമൽ എക്സ്പെരിമെന്റിന് ആവശ്യമായ നിയമതടസങ്ങൾ നീക്കുക. ലബോറട്ടറി സൗകര്യം ( അന്താരാഷ്ട്ര ഗുണമേന്മാ സംവിധാനമുള്ളത് തന്നെ വേണം ) ഏർപ്പെടുത്തുക. ലബോറട്ടറിയിൽ യാതൊരുവിധ ഇടപെടലുകൾക്കും അവകാശമുണ്ടായിരിക്കുന്നതല്ല. പരീക്ഷണത്തിൽ പരാജയപ്പെട്ടാൽ പിന്നീട് ഒരിക്കലും ഒരു ചികിൽസാരീതികളുമായി ജനത്തെ പറ്റിക്കാൻ ഇറങ്ങില്ലെന്ന ഉറപ്പും ഇത് വരെ ചെയ്തുകൊണ്ടിരുന്ന പറ്റിക്കലുകളെപ്പറ്റിയുള്ള സമ്പൂർണ കുറ്റസമ്മതവും കൂടാതെ അതുകൊണ്ട് സമ്പാദിച്ചവയുടെ പൊതു വെളിപ്പെടുത്തലും.
മിനിമം അത്ര എങ്കിലും വേണം ശാസ്ത്രജ്ഞരും സാധാരണക്കാരുമടക്കം പലരുടെ ജീവൻ അടക്കം നഷ്ടമാക്കിയും പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും കാലത്തിന്റെ വെല്ലുവിളി അടക്കം നേരിട്ടതുമായ ശാസ്ത്രസത്യങ്ങളെ വെല്ലുവിളിക്കുമ്പൊ

Friday 20 January 2017

അറിവ് വരുന്ന വഴി -Dr Jimmy Mathew


          

                     അറിവുകളും പ്രായോഗിക പ്രശ്ന പരിഹാര രീതികളും എങ്ങനെയാണ് ഉണ്ടാവുന്നത്? ആധുനിക വൈദ്യ ശാസ്ത്ര സങ്കേതങ്ങൾ എങ്ങനെ ഉണ്ടാവുന്നു?

അറിവുകൾ പല രീതിയിൽ വരുന്നുണ്ട് :
ചുമ്മാ ഫ്രീ ആയി കിട്ടിയ അറിവുകൾ :
ചെറുപ്പം മുതൽ ബന്ധുക്കളും സമൂഹവും ചില കാര്യങ്ങൾ നമുക്ക് പറഞ്ഞു തരുന്നു . അയൽക്കാർ പൊട്ടന്മാരാണ് , ചില മതക്കാർ അങ്ങനെയൊക്കെയാണ് , രാഷ്ട്രീയക്കാരെ വിശ്വസിക്കാൻ കൊള്ളില്ല തുടങ്ങി പലതും ഇതിൽ വരാം .കച്ചവടക്കാരനോ കൃഷിക്കാരനോ ആയ അച്ഛൻ മക്കൾക്കു അതിനെപ്പറ്റി പലതും പറഞ്ഞു കൊടുത്തേക്കാം . അനുഭവങ്ങളാണ് ഈ അറിവുകളുടെ ഒരു ഉറവിടം എങ്കിലും പലപ്പോഴും അങ്ങനെയൊന്നും ഉണ്ടാവണമെന്നില്ല .
പിന്നെ ഫേസ്ബുക് , വാട്ട്സ്ആപ്പ് തുടങ്ങി പലതും പല അറിവുകളും നമുക്ക് ഫ്രീ ആയി തരുന്നുണ്ടല്ലോ .

പരമ്പരാഗത വിജ്ഞാനം :
തലമുറകളായി കൈമാറി വരുന്ന അറിവുകളാണവ .വാസ്തു ശാസ്ത്രം, ജ്യോതിഷം മുതലായ കപട ശാസ്ത്രങ്ങൾ മുതൽ സത്യവും മിഥ്യയും പ്രയോഗങ്ങളും ഗുണവും ദോഷവും കേട്ട് പിണഞ്ഞു കിടക്കുന്ന ആയുർവേദം, പാരമ്പര്യ വൈദ്യം , പരമ്പരാഗത തൊഴിൽ ശാസ്ത്രങ്ങളായ മീൻ പിടുത്തം, പാരമ്പര്യ കൃഷി, തച്ചു ശാസ്ത്രം വരെ ഇതിൽ പെടും .ഇതിന്റെ അടിസ്ഥാനങ്ങളെ ആരും ചോദ്യം ചെയ്യാറില്ല . ചെയ്താൽ, കാലാ കാലങ്ങളിലായി ഇങ്ങനെയാണ് , ആചാര്യന്മാർ പറഞ്ഞിട്ടുണ്ട് , പഴയ പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട് എന്നൊക്കെയാകും വാദങ്ങൾ . എങ്കിലും പലപ്പോഴും നല്ല രീതിയിൽ പ്രയോജനം ഇവ മൂലം സമൂഹത്തിനുണ്ട്.

ബോധോദയ ജ്ഞാനം :
പ്രപഞ്ച സത്യങ്ങളെപ്പറ്റി അതിയായി ആലോചിച്ചു തപസ്സു ചെയ്യുന്നവർക്ക് പെട്ടന്ന് ചില ഉൾക്കാഴ്ചകൾ ലഭിച്ചേക്കാം . ബുദ്ധൻ മുതൽ സാമുവേൽ ഹനീമാനെ വരെ ഇങ്ങനെ കിട്ടിയ അറിവുകൾ പകർന്നു തന്നവരായി കണക്കാക്കാം .
മേല്പറഞ്ഞ മൂന്നും ആയിരുന്നു ലക്ഷം വര്ഷങ്ങളായി മനുഷ്യ രാശിയുടെ പൊതു വിജ്ഞാനത്തിന്റെ കാതൽ .
കുറെ ആയിരം വർഷങ്ങളെ ആയുള്ളൂ ചിലർ വേറെ നമ്പറുകളുമായി ഇറങ്ങിയിട്ട് .

യുക്തിയുടെ ഉപയോഗം :
യുക്തി സഹമായ വാദ മുഖങ്ങളോടെ സത്യത്തെ അവതരിപ്പിക്കുക . ഗണിത ശാസ്ത്രത്തിന്റെ ഉറവിടം അങ്ങനെയാണ് . പല വിജയങ്ങളും അതിനവകാശപ്പെടാനുണ്ട് . എന്നാൽ യുക്തി സഹമായ എല്ലാം സത്യമാവണമെന്നില്ല .
എല്ലാ പക്ഷികളും രണ്ടു കാലിൽ നടക്കുന്നു .
മനുഷ്യൻ രണ്ടു കാലിൽ നടക്കുന്നു
മനുഷ്യൻ ഒരു പക്ഷിയാണ്
ഇതാണ് യുക്തി മാത്ത്രം ഉപയോഗിച്ചാലുള്ള പ്രശ്നം

ആധുനിക ശാസ്ത്രം :
സത്യം മനസ്സിലാക്കി കാലാന്തരങ്ങളിലൂടെ തേച്ചു മിനുക്കാനും നമ്മൾ കണ്ടു പിടിച്ചിട്ടുള്ള ഏറ്റവും നല്ല മാർഗമാണ് ആധുനിക ശാസ്ത്രം . ഇതിനർത്ഥം ബാക്കിയെല്ലാം വിഢിത്തം ആണെന്നല്ല . ശാസ്ത്രീയമായ പരിശോധന നേരിലേക്കു നമ്മളെ കൂടുതൽ അടുപ്പിക്കുന്നു എന്ന് മാത്രം .
അത് ഒരു ഗുലുമാൽ പ്രക്രിയയാണ് . യുക്തി മാത്രമല്ല അത്: ചില പടവുകൾ ഉള്ള പ്രക്രിയ :
- ചുമ്മാ കാണുക , കേൾക്കുക , അളക്കുക, മനസ്സിലാക്കുക
-എല്ലാം രേഖപ്പെടുത്തി വക്കുക
-ഇതിനെ വിശദീകരിക്കാൻ ശ്രമിക്കുക . യുക്തി സഹമായ വിശദീകരണങ്ങൾ കാച്ചുക
-വിശദീകരണങ്ങൾ ടെസ്റ്റു ചെയ്യാൻ പരീക്ഷണങ്ങൾ നടത്തുക .
- ഓരോ പുതിയ പരീക്ഷണ നിരീക്ഷണ കുണ്ടാമണ്ടികൾക്കനുസരിച്ചു വിശദീകരണത്തിൽ മാറ്റങ്ങൾ വരുത്തുക .
- വലിയ പ്രശ്നങ്ങൾ കണ്ടാൽ വിശദീകരണങ്ങൾ കാട്ടിൽ കളയാൻ റെഡി ആയിരിക്കുക
- എല്ലാ നിഗമനങ്ങളും പൊതുജനമായും പണ്ഡിതരുമായും പങ്കു വക്കുക , വാദ പ്രതിവാദങ്ങളിൽ ഏർപ്പെടുക .
- എപ്പോൾ വേണമെങ്കിലും ആർക്കും ഇതൊക്കെ ചോദ്യം ചെയ്യാം . ചോദ്യങ്ങൾ യുക്തി സഹവും വസ്തു നിഷ്ഠവും, കാര്യങ്ങൾ പഠിച്ചു മനസ്സിലാക്കിയും ആവണമെന്ന് മാത്രം .
- ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്തതാണ് ഒന്നും ഇല്ല . ഏതു കൊമ്പനായാലും ശാസ്ത്ര ലോകത്തു ചോദ്യങ്ങൾ നേരിടേണ്ടി വരും . ചോദ്യം ചോദിച്ചാൽ പിശാച് പിടിക്കും , തീയിൽ വീഴും, ഇടിത്തീ വീഴും എന്നൊന്നും പറയാൻ പാടില്ല . ചോദ്യം ചോദിച്ചവൻ പിശാചാണെന്നും പറയാൻ പാടില്ല . പറയാം - അത് ശാസ്ത്രീയമായി തെളിയിക്കണം എന്ന് മാത്രം .
- ഉത്തരം പറയാൻ വിഷമം വന്നാൽ വീണ്ടും എല്ലാം പുനഃ പരിശോധിക്കേണ്ടി വരും . അതിനായി വിരിമാറു കാട്ടണം
യൂറോപ്പിലുണ്ടായ പാരമ്പര്യ ശാസ്ത്രത്തിൽ നിന്നാണ് ആധുനിക ശാസ്ത്രത്തിന്റെ തുടക്കം . പിന്നീട് ലോകമാകെയുള്ള പരമ്പരാഗത വൈദ്യശാസ്ത്രങ്ങളിൽ നിന്നും കടം കൊണ്ട് ആധുനിക ശാസ്ത്രത്തിന്റെ സഹായത്തോടെയൊരു പ്രായോഗിക ശാസ്ത്രമായി വളർന്നു . പ്രയോജനം ചെയ്യുന്ന ഒന്നാണെങ്കിൽ മാത്രമേ ഏതൊരു പ്രായോഗിക ശാസ്ത്രത്തിനും നില നിൽപ്പുള്ളു എന്ന് വ്യക്തമാണ് . മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് ശാസ്ത്രം. പ്രയോജനമുള്ളതാണെങ്കിൽ ലോകം മുഴുവൻ സ്വീകാര്യത നേടും . സത്യങ്ങൾ ഉണ്ടെങ്കിൽ മാത്രമേ പൊതുജനം അത് അംഗീകരിക്കുകയുള്ളു . അങ്ങനെ മതിയല്ലോ

കൊഞ്ച് + നാരങ്ങാ നീര് = മരണം ,വാസ്തവമെന്തു ?- Dr. Deepu Sadasivan

കൊഞ്ച് + നാരങ്ങാ നീര് = മരണം
സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച ഈ സന്ദേശത്തിന്റെ പിന്നിലെ വസ്തുത എന്ത്?!
Dr Deepu Sadasivan എഴുതുന്നുauthors profile



                            സീഫുഡും നാരങ്ങാ നീരും ഒന്നിച്ചു കഴിച്ച ഒരു സ്ത്രീ അധികം താമസിയാതെ രക്തസ്രാവം വന്നു മരിച്ചു എന്ന കഥ പലരും വായിച്ചുകാണും.
എന്താണ് വസ്തുത: വ്യാജമാണ് ഈ സന്ദേശം.
കൊഞ്ച്/ചെമ്മീന്‍ എന്നിവയുടെ ഒപ്പം നാരങ്ങാനീരു ഉള്ളില്‍ ചെന്നാല്‍ ആര്‍സനിക്കും വൈറ്റമിന്‍ സി യും കൂടി പ്രവര്‍ത്തിച്ചു രക്തസ്രാവം ഉണ്ടായി രോഗി പെട്ടന്ന് മരിച്ചു വീഴാനുള്ള യാതൊരു സാധ്യതയുമില്ല.
2001 തൊട്ടു ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്ന ഒരു വ്യാജ സന്ദേശമാണ് അടുത്തിടെ ആരോ മലയാളീകരിച്ചതും കിട്ടിയപാടെ വസ്തുതാന്വേഷണം നടത്താതെ പലരും പ്രചരിപ്പിച്ചതും.
ഹോക്സ് അഥവാ പരോപകാര കിംവദന്തിയുടെ എല്ലാ ഘടകങ്ങളും ഒത്തിണങ്ങിയ ഒന്നാണിത്.
• ”ഞെട്ടിക്കാന്‍” പോന്ന പലതും, ഉദാ:പെട്ടന്നുണ്ടാവുന്ന/ദാരുണമായ മരണം.
• മരിച്ചു എന്ന് പറയപ്പെടുന്ന ആളെ കുറിച്ചോ സംഭവങ്ങളെക്കുറിച്ചോ കൃത്യമായ വിവരങ്ങളോ വാര്‍ത്താ ലിങ്കുകളോ ഇല്ലാതിരിക്കുക.
• പുതിയ ഒരു വിവരം എന്ന നിലയില്‍ ഉള്ള അവതരണം.
വിശദമായി അപഗ്രധിച്ചാല്‍
 ആര്‍സെനിക് എന്ന രാസവസ്തു പ്രകൃതിയില്‍ സ്വാഭാവികമായി തന്നെ കാണപ്പെടുകയും ഭക്ഷണം വെള്ളം വായു എന്നിങ്ങനെ പല ഉറവിടങ്ങളിലൂടെയും നമ്മുടെ ഉള്ളില്‍ ചെറിയ അളവില്‍ എത്തുകയും ചെയ്യുന്ന ഒന്നാണ്.
 ഏതൊരു വസ്തുവും ഹാനീകരമാവുന്നത് പല ഘടകങ്ങളെ ആസ്പദമാക്കിയാണ്.അതില്‍ അതിപ്രധാനമായ ചിലതാണ് വസ്തുവിന്റെ ഡോസ് എന്നതും ശരീരം എത്ര നാള്‍ ഈ വസ്തുവുമായി സമ്പര്‍ക്കത്തില്‍ വരുന്നു എന്നതുമൊക്കെ.
 ഓര്‍ഗാനിക് രൂപത്തില്‍ ഭക്ഷ്യ വസ്തുക്കളിലൂടെ (ഉദാ:കഥയിലെ ചെമ്മീന്‍) ചെറിയ അളവില്‍ ശരീരത്തിലെത്തുന്ന ആര്സനിക്ക് സാധാരണഗതിയില്‍ ശരീരത്തിന് ഹാനീകരമാവില്ല വളരെ ഉയര്‍ന്ന അളവില്‍ സ്ഥിരമായി വളരെ കാലത്തേക്ക് കഴിക്കുക ആണെങ്കില്‍ ഒക്കെയേ തത്വത്തില്‍ പോലും അത്തരമൊരു സാധ്യത ആരോപിക്കാന്‍ കഴിയൂ.
 എന്നാല്‍ “കഥയില്‍” നാടകീയമായി അവതരിപ്പിക്കുന്നത്‌ വൈറ്റമിന്‍ സി യുമായുള്ള രാസപ്രവര്‍ത്തനത്തിലൂടെ ആര്‍സനിക് രാസപരിണാമം സംഭവിച്ചു മാരകമായി മാറി എന്നാണു.ഇത് സാധാരണഗതിയില്‍ സംഭവ്യം അല്ല.
 ഇത്തരമൊരു ഭാവനയുടെ ഉറവിടം, 985 ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിന്റെ ചുവടു പിടിച്ചാണ് എന്ന് വേണം മനസ്സിലാക്കാന്‍.ആര്‍സെനിക് ഉള്ള ഷെല്‍ഫിഷും ഉയര്‍ന്ന അളവില്‍ വൈറ്റമിന്‍ സി യും കൂടി പ്രവര്‍ത്തിക്കുമ്പോള്‍ ആര്‍സനിക്ക് പെന്റൊക്സൈഡ് രാസപ്രവര്‍ത്തനത്തിലൂടെ കൂടുതല്‍ ദോഷകരമായ ആര്‍സനിക് ട്രൈഓക്സൈഡ് ആയി മാറാം എന്നായിരുന്നു ആ പഠനം.
• താത്വിക തലത്തിനും അപ്പുറം പ്രായോഗിക തലത്തില്‍ ഇത്തരം ഒന്ന് സംഭവിച്ചതായോ, ഒരു നേരം സാധാരണ അളവില്‍ ഇത്തരമൊരു ഭക്ഷണം കഴിച്ചാല്‍ അല്‍പ സമയം കൊണ്ട് ആളുകള്‍ മരിക്കാമെന്നൊ പഠനം പറയുന്നില്ല.ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉയര്‍ന്ന അളവില്‍ ഇത്തരമൊരു ഭക്ഷണക്രമം തുടര്‍ന്നാല്‍ ആര്സനികിന്റെ ദോഷഫലങ്ങള്‍ (ഉദാ: ക്യാന്‍സര്‍ പോലുള്ളവ) ഉണ്ടായേക്കാം എന്ന സൂചന മാത്രമാണ് പഠനം നല്‍കിയത്.
• എന്നാല്‍ ഈ പഠനത്തിന്റെ ആധികാരികതയെ സ്ഥിരീകരിക്കാന്‍ പിന്നീട് കഴിഞ്ഞിട്ടില്ല,ഇത്തരത്തില്‍ ഉള്ള കേസുകള്‍ മെഡിക്കല്‍ രംഗത്തും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല.നാരങ്ങാ നീര് ചേര്‍ത്തു ഇത് പോലുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ പാചകം ചെയ്തു കഴിക്കുന്നത്‌ സാധാരണ ആണെന്ന് ഓര്‍ക്കണം.
ഇത്തരമൊരു സാധ്യത വാദത്തിനായി വെറുതെ മുഖ വിലയ്ക്ക് എടുത്താല്‍ പോലും എന്തെങ്കിലും രോഗ സാധ്യതകള്‍ ഉണ്ടാക്കാനായി അമിത അളവില്‍ കൊഞ്ചും നാരങ്ങാ നീരും കഴിക്കേണ്ടി വരും.
• ലളിതമായി പറഞ്ഞാല്‍ നൂറു കിലോയ്ക്ക് മുകളില്‍ ചെമ്മീനും കുറെ അധികം നാരങ്ങാ നീരും കഴിക്കേണ്ടി വരും ശാരീരത്തില്‍ എന്തെങ്കിലും പ്രഭാവം പെട്ടന്ന് ചെലുത്താന്‍ പോന്ന അളവില്‍ ആര്‍സനിക് ഉള്ളില്‍ എത്തിക്കാന്‍.
 ഓര്‍ഗാനിക് രൂപത്തില്‍ അല്ലാത്ത ആര്‍സനിക് ഉയര്‍ന്ന അളവില്‍ പെട്ടന്ന് ഒരാളുടെ ഉള്ളില്‍ എത്തിയാല്‍ പോലും ഉണ്ടാവുന്ന രോഗ ലക്ഷണങ്ങള്‍ കഥയില്‍ വിവരിച്ചത് പോലെ രക്ത സ്രാവം ഒന്നും അല്ല.മറിച്ചു തലവേദന,മാന്ദ്യം,തലകറക്കം,വയറുവേദന,വയറിളക്കം ഇത്യാദിയാണ്.
 ചെറിയ അളവില്‍ ദീര്‍ഘകാലം ഉള്ളില്‍ ചെന്നാല്‍ വിഷബാധയുടെ ലക്ഷണങ്ങള്‍ അപസ്മാരബാധ,നഖങ്ങളില്‍ ഉണ്ടാവുന്ന നിറം മാറ്റം,മുടി കൊഴിച്ചില്‍,തോലിപ്പുറത്തു ഉണ്ടാവുന്ന കുമിളകള്‍ എന്നിവയില്‍ തുടങ്ങി കാന്‍സര്‍ രോഗം വരെയാണ്.ആത്യന്തികമായി മരണം വരെ സംഭവിക്കാം അതിനാല്‍ ആണ് ആള്‍ അറിയാതെ രഹസ്യമായി ഒരാളെ കൊല്ലാന്‍ ഈ മാര്‍ഗ്ഗം പണ്ട് പലരും അവലംബിച്ചതൊക്കെ.
എന്നാല്‍ ഇതിനു അല്പം വിരുദ്ധമായ ചില പഠനങ്ങളും പിന്നീട് വന്നിട്ടുണ്ട് എന്നതാണ് കൌതുകകരം.
1,വൈറ്റമിന്‍ സി യുല്പ്പെടെ ഉള്ള ചിലത് സംയോജിപ്പിച്ച് നല്‍കിയാല്‍ ആര്‍സനിക് വിഷബാധയ്ക്ക് മറു മരുന്നായി ഉപയോഗിക്കാന്‍ സാധിച്ചേക്കും എന്ന പഠനം.
2,വൈറ്റമിന്‍ സി യും ആര്‍സനിക് ട്രയോക്സൈഡും കൂടി ചേര്‍ത്തു ക്യാന്‍സര്‍ ചികിത്സയില്‍ ഉപയോഗിക്കാം എന്ന് ചില പഠനങ്ങള്‍.
സാധാരണക്കാരന് സാമാന്യ യുക്തിയില്‍ ചിന്തിക്കാന്‍ കഴിയുന്നത്‌,
*ഇത്തരമൊരു അപൂര്‍വ സാധ്യത ഉണ്ടായിരുന്നു എങ്കില്‍ പോലും അത്തരം കേസുകള്‍ മെഡിക്കല്‍ റെക്കോര്‍ഡുകളിലും ആധികാരിക ജേര്‍ണലലുകളിലും വിശ്വസനീയ മാദ്ധ്യമങ്ങളിലും ഒക്കെ റിപ്പോര്‍ട്ട്‌ ആയി വന്നേനെ.
*ഇതേക്കുറിച്ച് അപകട സാധ്യതകള്‍ ആരോഗ്യപ്രവര്‍ത്തകര്‍ തന്നെ മുന്‍പേ സൂചിപ്പിച്ചെനെ (ഇത്തരമൊരു ഭക്ഷണരീതി പണ്ടേക്കു പണ്ടേ ഉണ്ടല്ലോ)

വാക്‌സിനുകൾ കുട്ടികളുടെ അവകാശം - Dr. Purushothaman Kuzhikkathukandiyil

മുലപ്പാൽ പോലെ തന്നെ കുട്ടികളുടെ അവകാശമാണ് രോഗപ്രതിരോധ മാർഗ്ഗങ്ങളും. മുലപ്പാൽ നിഷേധിക്കുന്നത് പോലെ തന്നെയാണ് വാക്സിൻ നിഷേധിക്കപ്പെടുന്നതും. അന്ധവിശ്വാസങ്ങളുടെ പേരിൽ മുലപ്പാൽ നിഷേധിച്ചവർക്കെതിരെ കേസെടുക്കുന്ന സർക്കാർ വാക്സിൻ വിരുദ്ധർക്കെതിരെ കേസെടുക്കാത്തതെന്ത് ? ശിശുരോഗ വിദഗ്ദ്ധൻ ഡോ. Purushothaman Kuzhikkathukandiyil എഴുതുന്നു.
AUTHOR'S PROFILE


“എന്റെ കുഞ്ഞാണ് .അതിനു കുത്തിവെപ്പ് കൊടുക്കണോ വേണ്ടയോ എന്ന് ഞാൻ തീരുമാനിക്കും. നിർബന്ധം പറയാൻ നിങ്ങൾ ആര് ?” എത്രയോ തവണ കേട്ടിരിക്കുന്നു ഈ ചോദ്യം .
മേലാകെ നീലച്ച പാടുകൾ കണ്ടു രക്താർബുധം ആവും എന്ന് സംശയിച്ചു പരിശോധനകൾ തുടങ്ങി മൂന്നാം നാൾ അമ്മ മനസ്സ് തുറക്കുന്നു .
“സാറേ ഞാൻ പറഞ്ഞതാണെന്ന് പറയരുത്, എന്നെ കൊല്ലും ആ കാലൻ. ഇതങ്ങോര് തന്നെ ചെയ്തതാ. ഈ കുഞ്ഞു അയാളുടേതല്ല എന്നാണ് മൂപ്പര് വിശ്വസിക്കുന്നത്.”
"നന്നായി പഠിച്ചിരുന്ന പെൺകുട്ടി അഞ്ചാറ് മാസമായി പുറകോട്ടു പോവുന്നു.“ "ഇവൾക്കെപ്പോഴും മൗനമാണ് സാറേ“ ...
ആ മൗനത്തിന്റെ രഹസ്യപ്പൂട്ടു തുറക്കാൻ ഒരു പാട് പണിപ്പെടേണ്ടി വന്നു. കുഞ്ഞുന്നാൾ തോളിലേറ്റി അമ്പിളി അമ്മാവനെ കാട്ടി തന്ന അച്ഛൻ. കളിപ്പാട്ടങ്ങൾക്കൊപ്പം കളികൾക്ക് കൂടിയിരുന്ന അച്ഛൻ. അമ്മയില്ലാത്തൊരു ദിവസം, മദ്യത്തിന് അടിപ്പെട്ടൊരു ദിവസം വേറിട്ടൊരു കളിയിൽ അവളെ കൂട്ടി. ഇതൊന്നും കെട്ടു കഥകൾ അല്ല. ഓരോ ദിവസവും ഈ കൊച്ചു കേരളത്തിന്റെ ഏതെങ്കിലും മൂലയിൽ നടന്നു കൊണ്ടിരിക്കുന്നു .
ഇവിടെ അച്ഛനെയോ അമ്മയെയോ കോടതി കയറ്റാനും ശിക്ഷിക്കാനും വകുപ്പുണ്ട്.

ഇന്ന് വായിച്ചു മറ്റൊരു നല്ല വാർത്ത. പിറന്നു വീണ സ്വന്തം കുഞ്ഞിന് മുലപ്പാൽ കൊടുക്കാൻ ബാങ്ക് വിളി കഴിയാൻ കാത്തിരുന്ന രക്ഷിതാക്കൾ. ജീവൻ അപഹരിച്ചേക്കാവുന്ന അന്ധ വിശ്വാസം പ്രചരിപ്പിച്ച മറ്റൊരാൾ. നിയമപ്രകാരം അവർക്കെതിരെ നടപടികൾ എടുക്കാൻ പറ്റുന്നു ബാലാവകാശത്തിലെ എഴുപത്തി അഞ്ചു വകുപ്പ് പ്രകാരം.

“75. Whoever, having the actual charge of, or control over, a child, assaults, abandons, abuses, exposes or wilfully neglects the child or causes or procures the child to be assaulted, abandoned, abused, exposed or neglected in a manner likely to cause such child unnecessary mental or physical suffering, shall be punishable with imprisonment for a term which may extend to three years or with fine of one lakh rupees or with both: Provided that in case it is found that such abandonment of the child by the biological parents is due to circumstances beyond their control, it shall be presumed that such abandonment is not wilful and the penal provisions of this section shall not apply in such cases: Provided further that if such offence is committed by any person employed by or managing an organisation, which is entrusted with the care and protection of the child, he shall be punished with rigorous imprisonment which may extend up to five years, and fine which may extend up to five lakhs rupees: Provided also that on account of the aforesaid cruelty, if the child is physically incapacitated or develops a mental illness or is rendered mentally unfit to perform regular Accounts and audit of Authority. Prohibition on disclosure of identity of children. Punishment for cruelty to child. SEC. 1] THE GAZETTE OF INDIA EXTRAORDINARY 33 tasks or has risk to life or limb, such person shall be punishable with rigorous imprisonment, not less than three years but which may be extended up to ten years and shall also be liable to fine of five lakhs rupees”

ഇത് വായിച്ചപ്പോ തോന്നിയ സ്വാഭാവികമായ ഒരു സംശയം ... രണ്ടായിരത്തി പതിനഞ്ചു സെപ്റ്റംബറിലും, പതിനാറു ജൂലൈ മാസങ്ങളിലും ഡിഫ്തീരിയ ബാധിച്ചു നമുക്ക് നഷ്ട്ടപ്പെട്ട കുരുന്നു ജീവനുകൾ. അവരുടെ നേരെ നടന്നതും നീതി നിഷേധം തന്നെ അല്ലെ ? അവനവനു നല്ലതെന്ന് എന്ന് തിരിച്ചറിയാത്ത പ്രായത്തിൽ, അല്ലെങ്കിൽ അതിനുള്ള മാനസിക പക്വത ഇല്ലാത്തവരുടെ കാര്യത്തിൽ അവർക്കു വേണ്ടത് കിട്ടുന്നു എന്ന് ഉറപ്പു വരുത്തേണ്ടുന്നതിന്റെ ഉത്തരവാദിത്വം ആർക്കാണ് ? രക്ഷിതാവിന്റെ മാത്രം കടമയാണോ അത് ? മാനവരാശിക്ക് മുഴുവൻ നല്ലത് എന്ന് ലോകം അംഗീകരിച്ചിട്ടുള്ള നന്മകൾ അറിവില്ലാത്ത കുഞ്ഞുങ്ങൾക്ക് നിഷേധിക്കപ്പെടുന്നു. രക്ഷിതാക്കളിൽ ചിലരെങ്കിലും സ്വന്തം കടമ മറക്കുമ്പോൾ, തെറ്റിദ്ധാരണകളാൽ വേണ്ടെന്ന് തീരുമാനിക്കുമ്പോൾ, ഇവിടത്തെ ഭരണ നേതൃത്വം കയ്യും കെട്ടി നോക്കി നിൽക്കുമോ ? ഇടപെടുമോ ? ഈ നിയമങ്ങൾ അവിടെയും പ്രസക്തം അല്ലേ ?
നല്ലതു ചെയ്യാനുള്ള നിയമങ്ങൾ തുള വീണ വല പോലെ ... കള്ളന്മാർ ചാടി പോവുന്നു എന്നതിലല്ല വിഷമം. കുരുന്നുകളുടെ ജീവൻ അപഹരിച്ച കൊടും കൊലയാളികൾ, അവർക്കു ചൂട്ടു പിടിക്കുന്ന വടക്കൻമ്മാർ എല്ലാം നമ്മെ നോക്കി പല്ലിളിച്ചു കാട്ടുന്നു

ആര്‍സനിക് വിഷബാധയും, "കൊഞ്ചും", പിന്നെ വൈറ്റമിന്‍ സി യും -DR.JINESH P S







ആര്‍സനിക് വിഷബാധയും, "കൊഞ്ചും", പിന്നെ വൈറ്റമിന്‍ സി യും: മറ്റൊരു പരോപകാര കിംവദന്തി ഫൊറൻസിക് വിദഗ്ദ്ധന്‍ Dr Jinesh PS എഴുതുന്നു..


                              ഇതയക്കുന്നവർക്ക് വട്ടായതാണോ അതോ എനിക്ക് വട്ടായതാണോ എന്നാണ് ഇപ്പോൾ സംശയം. ഇന്നും കിട്ടി വാട്ട്സാപ്പിലൂടെ ഒരു സൂപ്പർ സന്ദേശം. നാടകീയമായ അവതരണമാണ്, വായിക്കാനും രസമുണ്ട്. പക്ഷേ, പറഞ്ഞിരിക്കുന്നത് മുഴുവൻ ശുദ്ധ അബദ്ധങ്ങളാണ് എന്ന് മാത്രം.
അപ്രതീക്ഷിതമായി മരിച്ച ഒരു സ്ത്രീയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ആഴ്സനിക് വിഷമാണ് മരണകാരണം എന്നറിയുന്നു. മരണസമയത്തു അവരുടെ മൂക്കിലൂടെയും ചെവിയിലൂടെയും വായിലൂടെയും കണ്ണിലൂടെയും രക്തം ഒഴുകുന്നുണ്ടായിരുന്നു. എങ്ങനെയാണ് അവരുടെ ശരീരത്തിൽ ആഴ്സനിക് വിഷം കടന്നത് എന്ന് പ്രസിദ്ധ ഡോക്ട്ടരും പോസ്റ്റ്‌മോർട്ടം വിദഗ്‌ദ്ധനുമായ ഡോക്റ്റർ അടൂർ സുരേന്ദ്രൻ കണ്ടുപിടിക്കുന്നതാണ് കഥ.
സ്ഥിരമായി വൈറ്റമിൻ സി കഴിച്ചിരുന്ന സ്ത്രീ കൊഞ്ചുകഴിച്ചതിനാലാണ് മരിച്ചതെന്നാണ് കണ്ടെത്തൽ. സോഫ്റ്റ് ഷെൽ ഉള്ള എല്ലാ കടൽ ജീവികളിലും അവരുടെ ശരീരത്തിൽ അഞ്ചോളം പൊട്ടാസിയം ആഴ്സനിക് സംയുക്തങ്ങൾ ഉണ്ട്. അതിന്റെ കൂടെ വൈറ്റമിൻ സി കഴിച്ചാൽ ഇവ തമ്മിൽ രാസപ്രവർത്തനം നടക്കുകയും , അപകടകാരിയായ ആഴ്സനിക് വിഷം ഉണ്ടാകുകയും ചെയ്യും എന്നാണ് തിയറി.
                  ഇതിൽ എന്തെല്ലാം മണ്ടത്തരമുണ്ടെന്ന് വിശദമാക്കുവാനല്ല ഞാൻ ഈ പോസ്റ്റെഴുതുന്നത്. പ്രത്യേകിച്ച് അടിത്തറയൊന്നും ഇല്ലാതെ പ്രചരിപ്പിക്കുന്ന ഒരു മണ്ടത്തരം മാത്രമാണിതെന്ന് മനസിലാക്കാൻ വലിയ പ്രയാസം ഉണ്ടെന്നു തോന്നുന്നില്ല. പക്ഷേ, ഈ എഴുതിയതെല്ലാം തെറ്റാണെന്ന് പറഞ്ഞു മനസിലാക്കണേൽ വിറ്റാമിൻ സി, കടലിലെ ഷെൽ ഉള്ള ജീവികളുടെ ഷെല്ലിലെന്തൊക്കെ അടങ്ങിയിരിക്കുന്നു, അവ ശരീരത്തിനുള്ളിൽ എങ്ങനെ ദഹന പ്രക്രിയയിലൂടെ കടന്നു പുറന്തള്ളുന്നു എന്നൊക്കെ പറയേണ്ടി വരും. കുറെ എഴുതണം, അതൊരു മണ്ടത്തരമാണ് എന്ന് മാത്രം പറഞ്ഞു കഥയിലേക്ക്‌ പോകാം.
                                  1840 ൽ ഫ്രാൻസിൽ വച്ച് നടന്ന ഒരു കൊലപാതകത്തിന്റെ കഥയാണിത്. വളരെയധികം പ്രത്യേകതകളുണ്ട് ഈ സംഭവത്തിന്. നമ്മൾ ഇന്ന് കാണുന്ന മാധ്യമ ചർച്ചകളില്ലേ, അതാദ്യമായി തുടങ്ങിയത് ഈ കേസിലാണ്. പത്രങ്ങളിൽകൂടി ആയിരുന്നു എന്ന് മാത്രം. അതുപോലെ രാസപരിശോധനാ ഫലത്തിലൂടെ ലോകത്തിലാദ്യമായി ഒരാളെ ശിക്ഷിക്കുന്നതും ഈ കേസിലാണ്.
വളരെയധികം സമ്പന്നയായി ജീവിക്കണം എന്നാഗ്രഹിച്ച മേരി (Marie-Fortunée Lafarge) സാമ്പത്തികമായി ഞെരുങ്ങുന്ന ചാൾസിനെ (Charles Lafarge) കല്യാണം കഴിച്ചതോടെയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. ധനവാനാണെന്ന് കരുതിയാണ് കല്യാണത്തിന് സമ്മതിക്കുന്നതെങ്കിലും ശേഷം സത്യം അറിയുകയും ഭർത്താവിനെ ഇല്ലാതാക്കാൻ ശ്രമിക്കുകയുമായിരുന്നു. അന്നൊക്കെ വളരെ സാധാരണയായി ലഭ്യമായിരുന്നു ആഴ്‌സെനിക്, എലിവിഷമായാണ് ഉപയോഗിച്ചിരുന്നത്. ആദ്യം ചാൾസ് അറിയാതെ കേക്കിൽ കലർത്തി ആഴ്‌സെനിക് നൽകി. ആഴ്‌സെനിക് വിഷബാധയുടെ ലക്ഷണങ്ങൾ കോളറയുടെ ലക്ഷണങ്ങൾക്ക് സമാനമായിരുന്നു. അതിനാൽ തന്നെ ചികിത്സിച്ച ഡോക്ടർമാരെല്ലാം കോളറ എന്ന് വിധിയെഴുതി. അന്നൊക്കെ സാധാരണവുമായിരുന്നു കോളറ. ഡോക്ടർമാർ പറഞ്ഞ മരുന്നുകളും ഭക്ഷണവും നല്കുമ്പോളെല്ലാം ആഴ്‌സെനിക് അതിൽ കലർത്തിക്കൊണ്ടിരുന്നു. ഇതിൽ സംശയം തോന്നിയ അന്ന (Anna Brun) ഈ വിവരങ്ങൾ ബന്ധുക്കളോട് പറയുകയുണ്ടായെങ്കിലും വളരെ താമസിച്ചുപോയി. ചാൾസ് മരണമടഞ്ഞു.
                                                  ഈ സംശയങ്ങളുള്ളതിനാൽ മേരി അറസ്റ്റ് ചെയ്യപ്പെടുകയും വിചാരണ നേരിടുകയുമുണ്ടായി. പോസ്റ്റമോർട്ടം പരിശോധനയിൽ ശേഖരിച്ച ആമാശയത്തിൽ നിന്നും ആഴ്‌സനിക് കണ്ടുപിടിക്കാനായില്ല. എന്നാൽ മേരി ഉപയോഗിച്ചിരുന്ന പെട്ടിയിൽ നിന്നും മാർഷ് ടെസ്റ്റിലൂടെ ആഴ്സനിക് കണ്ടെത്താനാവുകയും ചെയ്തു.സ്‌കോട്ടിഷ് രസതന്ത്രജ്ഞനായ ജെയിംസ് മാർഷ് 1836 ലാണ് മാർഷ് ടെസ്റ്റ് കണ്ടുപിടിച്ചത്. ഈ ടെസ്റ്റുപയോഗിച്ചാണ് പ്രഗത്ഭരായ 3 ഫ്രഞ്ച് രസതന്ത്രജ്ഞർ പരിശോധിച്ചത്. ആമാശയത്തിൽ നിന്നും ആഴ്സനിക് ലഭിക്കാത്തതിനാൽ മൃതദേഹം വീണ്ടും കുഴിച്ചെടുത്ത് ആ സാമ്പിളുകളിലും പരിശോധന നടത്തിയെങ്കിലും പരാജയമായിരുന്നു ഫലം.
                       ഈ അവസരത്തിൽ ഫ്രാൻസിലെ ഏറ്റവും മികച്ച രസതന്ത്രജ്ഞനായ മാത്യു ഓർഫിലയുടെ (Mathieu Orfila) സഹായം തേടുകയുണ്ടായി കോടതി. നേരത്തെ ടെസ്റ്റ് നടത്തിയ മറ്റ് മൂന്ന് രസതന്ത്രജ്ഞരുടെ സാന്നിധ്യത്തിൽ തന്നെ ഓർഫില പരിശോധന നടത്തുകയും ജീർണ്ണിച്ച ശരീരത്തിൽ ആഴ്സനിക് അംശം കണ്ടെത്തുകയും ചെയ്തു. ടെസ്റ്റ് നടത്തിയതിലുള്ള പിഴവായിരുന്നു ആ രസതന്ത്രജ്ഞർക്ക് സംഭവിച്ചതെന്ന് അവർ മനസിലാക്കുകയും ചെയ്തു.
മേരിയെ കോടതി ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചെങ്കിലും ലൂയി ഫിലിപ്പ് രാജാവ് ശിക്ഷ ഇളവ് ചെയ്ത് ജീവപര്യന്തം തടവ് മാത്രമാക്കി ചുരുക്കി കൊടുത്തു.
എഴുതിയത് എന്തിനെന്നും കൂടി പറയാം. 1840 ൽ, ശാസ്ത്രം അതിന്റെ ബാല്യ കാലഘട്ടം പിന്നിടുന്ന കാലത്ത് പോലും ഇല്ലാതിരുന്ന കഥകളാണ് ഇന്ന് വാട്സാപ്പിലൂടെ പ്രചരിപ്പിക്കപ്പെടുന്നത്. ഒരു സൗകര്യവും ഇല്ലാതിരുന്ന ആ കാലത്ത് പോലും ആഴ്സനിക് ജീർണ്ണിച്ച ശരീരത്തിൽ നിന്നും കണ്ടുപിടിക്കാൻ സാധിച്ചു. ഇന്നോ, ശാസ്ത്രവിരുദ്ധത എന്ന ജീർണ്ണതയിലൂടെ എന്തൊക്കെയോ അബദ്ധങ്ങൾ, പ്രചരിപ്പിക്കപ്പെടുന്നു. പലരും ഇതൊക്കെ വിശ്വസിക്കുന്നു...
സത്യമേത്, മിഥ്യയേതെന്ന് തിരിച്ചറിയാതെ സന്ദേശങ്ങൾ ഫോർവേഡ് ചെയ്ത് അറിയാതെയെങ്കിലും മണ്ടന്മാരാവുന്നു നാമെല്ലാം. ആരും പൂർണ്ണരല്ല, നമുക്കാർക്കും എല്ല വിഷയങ്ങളും അറിയുകയുമില്ല. പക്ഷേ, ഒരിക്കലെങ്കിലും ചിന്തിക്കൂ - ഉറപ്പില്ലാത്ത മണ്ടത്തരങ്ങൾ വാട്ട്സാപ്പ് പോലുള്ള രഹസ്യ സ്വഭാവം പുലർത്തുന്ന ഗ്രൂപ്പുകളിൽ പങ്കുവെക്കാതിരുന്നുകൂടേ ? ഫേസ്‌ബുക്കിലാണേൽ ചിലപ്പോൾ ആരെങ്കിലും ആ തെറ്റുകൾ ചൂണ്ടിക്കാട്ടുകയെങ്കിലും ചെയ്യും.
ആര്‍സനിക് നാരങ്ങാ നീര് സന്ദേശത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം അപഗ്രഥിച്ചു വിശദമാക്കിയിട്ടുണ്ട്...
ഇവിടെ വായിക്കുക

നവജാതശിശുവിന്‌ മുലപ്പാൽ നിഷേധിക്കപ്പെടുമ്പോൾ..Dr.Shimna Azyz

author's profile

                                 ജനിച്ചു വീണു അഞ്ചു ബാങ്ക് വിളിക്കുന്നത്‌ വരെ കുഞ്ഞിനു മുലപ്പാല്‍ നിഷേധിച്ചു തേന്‍ വെള്ളം നല്‍കിയ പിതാവ് ഇവിടെ മുക്കത്ത്‌ വിരലില്‍ എണ്ണാവുന്ന കിലോമീറ്ററുകള്‍ക്കപ്പുറം ഉണ്ട്. ആ മനുഷ്യന്‍റെ വാക്ക് കേട്ട് കുഞ്ഞിന് പാല് കൊടുക്കാന്‍ ഭയന്ന് നില്‍ക്കുന്ന അമ്മയും അമ്മിഞ്ഞപ്പാലെന്ന സൗഭാഗ്യം നിഷേധിക്കപ്പെട്ട പൈതലും അയാളുടെ വീട്ടിലുണ്ട്. 'ഇങ്ങനെയും മനുഷ്യരോ' എന്ന് ആശ്ചര്യചിഹ്നം ഫിറ്റ്‌ ചെയ്തു നെടുവീര്‍പ്പിടാന്‍ എളുപ്പമാണ്.പക്ഷെ, ഇത് സംഭവിച്ചിരിക്കുന്നത് അന്ധവിശ്വാസങ്ങളുടെ ഘോഷയാത്ര നടക്കുന്ന വിദ്യാഭ്യാസനിലവാരം കുറഞ്ഞ വടക്കന്‍ സംസ്ഥാനങ്ങളില്‍ അല്ല. മറിച്ച്, ഈ മുക്കത്തെ മണ്ണിലാണ്.

പിറന്നു വീണ കുഞ്ഞിന് മറുപിള്ള വേര്‍പെടുന്നതിന് മുന്‍പ് പാല് കൊടുത്താല്‍ അമ്മയുടെ പ്രസവാനന്തര രക്തസ്രാവം കുറയുമെന്ന് പോലും ആധുനിക വൈദ്യശാസ്ത്രം പഠിപ്പിക്കുന്നുണ്ട്.(പൊക്കിള്‍കൊടി അത്രയും നീളമുള്ളതാണ് എന്നതല്ല കഥയുടെ ഗുണപാഠം, എത്രയും നേരത്തെ മുലപ്പാല് കൊടുത്താല്‍ അത്രയും അമ്മയ്ക്കും കുഞ്ഞിനും നല്ലത് എന്നാണ്..എഴുതാപ്പുറം വായിച്ചു വൈവക്ക് തയ്യാറെടുക്കല്‍ പ്രബുദ്ധ മലയാളി സമൂഹത്തിന്‍റെ പ്രത്യേകതയാണല്ലോ)

വാര്‍ത്തകള്‍ മനസ്സിലാക്കിയാല്‍, ആ കുഞ്ഞിനു അഞ്ചു നേരത്തെ(ഏകദേശം 24 മണിക്കൂര്‍) ബാങ്ക് വിളിക്കാതെ മുലപ്പാല്‍ കൊടുക്കില്ല എന്ന് കുട്ടിയുടെ പിതാവ് പറഞ്ഞതായി അറിയുന്നു. ഇങ്ങനെയൊരു നിയമം ഇന്ന് വരെ കേട്ടിട്ടില്ലാത്ത അന്ധവിശ്വാസം മാത്രമാണെന്ന് നിസ്സംശയം പറയാനാകും.

അതൊരു ശാസ്ത്രീയലേഖനത്തിന്‍റെ പരിധിയില്‍ വരുന്നതല്ല,കൂടുതല്‍ വിശദീകരണങ്ങളിലേക്ക് കടക്കുന്നുമില്ല. പക്ഷെ, ആ നേരം വരെ കുഞ്ഞിനു 'ചൊല്ലി ഊതിയ വെള്ളത്തില്‍ തേന്‍ കലക്കിയത്' മാത്രമാണ് ഭക്ഷണം എന്ന് വാര്‍ത്തയില്‍  ആ വിവരദോഷിയായ പിതാവ് പറയുന്നുണ്ട്. അനേകം സൂക്ഷ്മാണുക്കള്‍ നിറഞ്ഞ വെള്ളത്തില്‍ ഒരു വ്യക്തിയുടെ ഉമിനീരിന്‍റെ അംശവും തേനീച്ച അതിന്‍റെയും പിള്ളേരുടെയും  വിശപ്പ്‌ മാറ്റാന്‍ കൊണ്ട് വന്നു വെച്ച തേനും ചേര്‍ത്ത് കലക്കിയത് ആ ദിവസം മാത്രം പുറത്ത് വന്ന കുഞ്ഞുവാവയുടെ പക്വതയും പ്രതിരോധശേഷിയുമില്ലാത്ത ദഹനവ്യവസ്ഥയിലേക്ക് ഒഴിച്ച് കൊടുക്കുന്ന ദുരാചാരം ! ഏത് അന്ധവിശ്വാസത്തിന്‍റെ പിന്‍ബലത്തില്‍ ആയാലും ജനിച്ച ദിവസം കുഞ്ഞിനു കിട്ടേണ്ട മഞ്ഞപ്പാല്‍ (കൊളസ്ട്രം) നല്കാതിരിക്കുന്ന അവസ്ഥ, അതും യാതൊരു അടിസ്ഥാനവുമില്ലാത്ത വിശ്വാസത്തിന്‍റെ പേരില്‍. ഏത് കാലത്താണ് നമ്മള്‍ ജീവിക്കുന്നത് !

അമ്മയുടെ ശരീരത്തിനകത്തെ 37 ഡിഗ്രി ചൂടിനകത്ത് പതുപതുത്ത മെത്തയില്‍ എന്ന പോലെ കിടന്നിരുന്ന കുഞ്ഞ് പെട്ടെന്ന് താപനില കുറഞ്ഞ അവസ്ഥയിലേക്ക് എത്തിച്ചേരുന്നത് പ്രസവമെന്ന ഭഗീരഥപ്രയത്നം കഴിഞ്ഞാണ്. ഒരു തവണയെങ്കിലും പ്രസവിക്കുകയോ സാക്ഷ്യം വഹിക്കുകയോ ചെയ്തവര്‍ക്ക് അതിന്‍റെ കഷ്ടപ്പാടിനെ കുറിച്ച് കൂടുതല്‍ വിശദീകരണം ഒന്നും വേണ്ടി വരുമെന്ന് തോന്നുന്നില്ല. ഞെങ്ങി ഞെരുങ്ങി അധ്വാനിച്ചു വരുന്ന കുഞ്ഞിന് അതിന്‍റെ യാതൊരു ആവശ്യങ്ങളും നിറവേറ്റാന്‍ കെല്‍പ്പില്ലാത്ത അണുബാധക്ക് എല്ലാ സാധ്യതകളും നിലനില്‍ക്കുന്ന ഒരു പാനീയം നല്‍കുന്നതിനെ കാടത്തമെന്നോ ക്രൂരത എന്നോ വിളിക്കേണ്ടത് എന്നുമറിയില്ല.

'ഹൈപ്പോതെര്‍മിയ' എന്ന ശരീരത്തിന്‍റെ താപനില കുറയുന്ന അവസ്ഥക്കുള്ള സാധ്യത ഏതൊരു കുഞ്ഞിനുമുണ്ട്. കാരണം, ഗര്‍ഭപാത്രത്തിനകത്ത് അമ്മയുടെ ശരീരതാപനിലയായ 37 ഡിഗ്രിയില്‍ കഴിഞ്ഞിരുന്ന കുഞ്ഞ് ഇറങ്ങി വരുന്നത് അതിലേറെ ചൂട് കുറഞ്ഞൊരു അന്തരീക്ഷത്തിലേക്കാണ്. ഭാരം കുറഞ്ഞ കുട്ടികള്‍ക്കും മാസം തികയാതെ ജനിച്ച കുഞ്ഞുങ്ങള്‍ക്കും ഗര്‍ഭത്തില്‍ പ്രമേഹം ഉണ്ടായിരുന്ന അമ്മമാരുടെ നവജാതശിശുക്കള്‍ക്കും ഈ അപകടാവസ്ഥക്കുള്ള സാധ്യത ഇരട്ടിയാണ്. അത് കൊണ്ട് തന്നെയാണ് നവജാതശിശുക്കളെ നന്നായി കോട്ടന്‍ തുണിയില്‍ പൊതിഞ്ഞു കിടത്തുന്നതും അവരുടെ ദേഹത്ത് നിന്ന് തുണി മാറി കിടക്കുന്നത് ഡോക്റ്റര്‍ കാണുമ്പോള്‍ വയറു നിറയെ വീട്ടുകാര്‍ക്ക് വഴക്ക് കേള്‍ക്കുന്നതും. ശരീരത്തിന്‍റെ ചൂട് കുറയുന്നത് മാത്രമാണ് ഹൈപ്പോതെര്‍മിയ കൊണ്ടുണ്ടാകുന്ന പ്രശ്നം എന്ന് കരുതുന്നുണ്ടോ?

തെറ്റാണ്. ഹൈപ്പോതെര്‍മിയ ഉണ്ടായ കുട്ടിയുടെ ശരീരത്തില്‍ കുഞ്ഞിന്‍റെ അനക്കവും പാല് കുടിക്കാനുള്ള ശ്രമവും കുറവായിരിക്കും,ഫലത്തില്‍ ആവശ്യത്തിനു പാല് കുടിക്കാത്ത കുട്ടിക്ക് 'ഹൈപ്പോഗ്ലൈസീമിയ' ഉണ്ടാകും. ഹൈപ്പോഗ്ലൈസീമിയ വീണ്ടും ശരീരത്തിലെ ചൂട് കുറയ്ക്കും. ഇത് തുടര്‍ന്ന് കൊണ്ടേ ഇരിക്കും. മനുഷ്യന് മനസ്സിലാകുന്ന ഭാഷയില്‍ പറഞ്ഞാല്‍ ശരീരത്തിലെ താപനില കുറയുമ്പോള്‍ ഷുഗര്‍ കുറയും. ഇപ്പോള്‍ ജനിച്ച കുട്ടിക്ക് ഷുഗര്‍ കുറയുകയോ എന്നൊക്കെയുള്ള സന്ദേഹം ചിലര്‍ക്കെങ്കിലും തോന്നാം. ഷുഗര്‍ കുറയുക എന്നത് പ്രമേഹമെന്ന അസുഖവുമായി കൂട്ടി യോജിപ്പിച്ച് മാത്രം മനസ്സിലാക്കുന്നതിന്‍റെ കുഴപ്പമാണ് ഇത്. കോശങ്ങളുടെ ആഹാരമാണ് ഗ്ലുക്കോസ് എന്നത് കൊണ്ട് തന്നെ ആവശ്യത്തിനു ഭക്ഷണം കിട്ടാതിരിക്കുമ്പോള്‍ സകല കോശങ്ങളും പട്ടിണിയാകുന്നു. മസ്തിഷ്കകോശങ്ങള്‍ ഉള്‍പ്പെടെയുള്ളവക്ക് ഭക്ഷണം കിട്ടാതാകുമ്പോള്‍ ഉള്ള പ്രത്യാഘാതങ്ങള്‍ വലുതായിരിക്കും, പ്രത്യേകിച്ചു ജനിച്ചു അധികസമയം പിന്നിട്ടില്ലാത്ത ചോരക്കുഞ്ഞിന്.

എന്നാല്‍ പിന്നെ മുക്കത്തെ പിതാശ്രീ കാണിച്ച പോലെ കുറച്ചു ഗുളുക്കൂസ് വെള്ളം കലക്കി വായില്‍ കോരി ഒഴിച്ച് കൊടുത്താല്‍ മതിയല്ലോ എന്നാകും. തേനില്‍ മുഴുവന്‍ അതും വേറെന്തൊക്കെയോയും ആണല്ലോ. ഏതൊരു ജീവിക്കും എളുപ്പത്തില്‍ ദഹിക്കുന്ന, അതിനു ആവശ്യമുള്ള ഒരു ഭക്ഷ്യവ്യവസ്ഥ പ്രകൃതി തന്നെ തയ്യാറാക്കി വെച്ചിട്ടുണ്ട്.('സ്നേഹത്തോടെ ഇച്ചിരെ ആട്ടിന്‍കാട്ടം എടുത്തു ഉണക്കമുന്തിരി ആണെന്ന് പറഞ്ഞു തന്നാല്‍ താന്‍ തിന്നുമോ' എന്ന് Mr.പോഞ്ഞിക്കര പണ്ടേ ചോദിച്ചിട്ടുണ്ടല്ലോ). എന്ത് കൊണ്ട് മറ്റു ഭക്ഷണങ്ങള്‍ കുഞ്ഞിനു കൊടുത്തു കൂടാ എന്നറിയാമോ?

*ആദ്യത്തെ കാരണം നേരത്തെ പറഞ്ഞത് തന്നെ- പൂര്‍ണവളര്‍ച്ച എത്തിയിട്ടില്ലാത്ത, അന്ന് വരെ ആമ്നിയോട്ടിക് ദ്രവം മാത്രം കയറി ഇറങ്ങിയ (പൂര്‍ണമായും അണുവിമുക്തമായ ഗര്‍ഭാശയത്തിലെ 'വെള്ളം') ആമാശയത്തിലേക്കും കുടലിലേക്കുമൊക്കെയാണ് അപരിചിതമായ പുതിയ ദ്രവങ്ങള്‍ ഇറങ്ങിച്ചെല്ലുന്നത്. നിങ്ങള്‍ക്ക് കുറച്ചു പച്ചപ്പുല്ലോ വേവിക്കാത്ത മാംസമോ തന്നാല്‍ എന്തുണ്ടാകും?

*കുഞ്ഞിന്‍റെ ആദ്യവാക്സിന്‍ ആണ് മുലപ്പാല്‍. കുഞ്ഞിന്‍റെ രോഗപ്രതിരോധശേഷിക്കു ആവശ്യമായതെല്ലാം ജനനം മുതല്‍ ഉടന്‍ തന്നെ അതില്‍ ലഭ്യമായിട്ടുണ്ട്. കൊളസ്ട്രം മുതല്‍ രണ്ടു വയസ്സ് വരെ ഓരോ നേരത്തും കുഞ്ഞിന്‍റെ ആവശ്യങ്ങള്‍ അനുസരിച്ച് അതിലെ ഘടകങ്ങള്‍ മാറിയും ഏറിയുമിരിക്കുന്നു.

*അണുബാധക്കുള്ള കടുത്ത സാധ്യത. മുതിര്‍ന്നവര്‍ക്ക് കൊടുക്കുന്നതു പോലെ കുറച്ചു ആന്‍റിബയോട്ടിക് കലക്കി കൊടുത്താല്‍ കുഞ്ഞിനെ രക്ഷപ്പെടുത്താം എന്നായിരിക്കും.അല്ല, ചെറിയ അണുബാധ പോലും കുഞ്ഞിന്‍റെ കാര്യത്തില്‍ മരണത്തില്‍ കലാശിക്കാം.

*ആദ്യം കിട്ടേണ്ട മഞ്ഞപ്പാലിലൂടെ കിട്ടേണ്ട പ്രോട്ടീനുകള്‍(അമ്മക്ക് മാത്രം നല്‍കാനാവുന്നവ), പ്രതിരോധഘടകങ്ങള്‍ (പുതിയൊരു വ്യവസ്ഥയിലേക്ക് ജനിച്ചു വീണ കുഞ്ഞിനു അത്യന്താപേക്ഷിതം) തുടങ്ങിയവ നിഷേധിക്കപ്പെടുന്നു...ഇതിനു പകരം വെക്കാന്‍ മറ്റൊന്നില്ല.

*എന്ത് മധുരം നല്‍കിയാലും അമ്മയുടെ പാലില്‍ ഉള്ള ഗ്ലുക്കോസും പ്രോട്ടീനും ദഹിക്കുന്ന ക്ഷമതയോടെ അവയൊന്നും ദഹിക്കുകയോ കുഞ്ഞിന്‍റെ ആവശ്യത്തിനു ലഭ്യമാകുകയോ ഇല്ല.

*അളവോ കണക്കോ ഇല്ലാതെ കൊടുക്കുന്ന ഭക്ഷണം പേരിനു മാത്രം കുടിച്ചു ഉറങ്ങുന്ന ശീലമുള്ള കുഞ്ഞിനു എന്തൊക്കെ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് കണ്ടു തന്നെ അറിയേണ്ടി വരും.

*മറുവശത്ത്, കുഞ്ഞിനു ആവശ്യത്തിനു പാല് കിട്ടാതെ വന്നാല്‍ dehydration അഥവാ നിര്‍ജലീകരണം ഉണ്ടായി കുഞ്ഞിനു മരണം പോലും സംഭവിക്കാം.

എന്ത് കാരണം തന്നെ ഉണ്ടായാലും അമ്മ ജീവിച്ചിരിക്കുന്ന കുട്ടിക്ക് പാല് കൊടുക്കാതിരിക്കുന്നതിന് 'കൊടുംക്രൂരത' എന്നല്ലാതെ മറ്റൊരു പേരില്ല.അമ്മയുടെ പാലിന്‍റെ ഗുണങ്ങള്‍ വീണ്ടും വിശദീകരിക്കാതിരിക്കാന്‍ നിര്‍വ്വാഹമില്ല. കാരണം, ഇനിയൊരു കുഞ്ഞിനും ഇത്തരം അബദ്ധജഡിലമായ കാരണങ്ങള്‍ കൊണ്ട് അമ്മിഞ്ഞപ്പാല്‍ നിഷേധിക്കപ്പെട്ടു കൂടാ..

*മറ്റൊരു ഭക്ഷണത്തിനും അവകാശപ്പെടാന്‍ ഇല്ലാത്ത വിധം പോഷകപ്രദമാണ് മുലപ്പാല്‍. കുഞ്ഞിന്‍റെ വളര്‍ച്ചക്കും ബൗദ്ധികവികസനത്തിനും ഉതകുന്ന രീതിയിലുള്ള മറ്റൊരു പദാര്‍ത്ഥമില്ല.

*മുലപ്പാലില്‍ അടങ്ങിയിരിക്കുന്ന ലാക്ട്ടോസ് എന്ന പഞ്ചസാര കുഞ്ഞിന്‍റെ മസ്തിഷ്കവളര്‍ച്ചക്ക് ഒഴിച്ച് കൂടാനാവാത്തതാണ്. ശരീരത്തിനു കാത്സ്യം ആഗിരണം ചെയ്യാനും ദഹനത്തിന് ആവശ്യമുള്ള 'ലാക്ടോബാസിലസ്' ബാക്റ്റീരിയയെ കുടലില്‍ സജ്ജീകരിക്കാനും ലാക്ട്ടോസിന് സാധിക്കും.

*മൃഗപ്പാലുകളെ അപേക്ഷിച്ച് മുലപ്പാലിലെ പ്രോട്ടീന്‍ അളവ് കുറവാണ്. ഇത് ദഹനം സുഗമമാക്കുന്നു.

*ഹോര്‍മോണ്‍ വ്യവസ്ഥക്കും ഞരമ്പുകളും മസ്തിഷ്കവും പക്വമാകുന്നതിനും മുലപ്പാലിലെ കൊഴുപ്പ് കൂടിയേ തീരൂ.

*വൈറ്റമിനുകള്‍, ധാതുക്കള്‍, പ്രതിരോധജന്യഘടകങ്ങള്‍ എന്നിവയുടെ അളവ് കൂടുതലും അവ തന്നെ മറ്റേതൊരു ഭക്ഷണത്തെക്കാള്‍ കുഞ്ഞിനു ലഭ്യമായ രീതിയിലുമാണ് ഉള്ളത്(bioavailability)

*നന്നായി മുലയൂട്ടി വളര്‍ത്തപ്പെട്ട കുഞ്ഞിനു അണുബാധക്കുള്ള സാധ്യത വളരെ കുറവാണ്. മുലപ്പാലൂട്ടി വളര്‍ത്തപ്പെട്ട കുഞ്ഞിനെ അപേക്ഷിച്ച് ആവശ്യത്തിനു മുലപ്പാല്‍ കിട്ടാതെ വളര്‍ന്ന കുട്ടി വയറിളക്കം വന്നു മരിക്കാനുള്ള സാധ്യത പതിനാലിരട്ടിയും ശ്വാസകോശസംബന്ധമായ അസുഖം വന്നു മരിക്കാനുള്ള സാധ്യത നാലിരട്ടിയുമാണ്.

*മുലപ്പാലൂട്ടി വളര്‍ത്തപ്പെട്ട കുട്ടിക്ക് അലര്‍ജി, ചെവിയിലെ അണുബാധ, ഭാവിയില്‍ പല്ല് പൊങ്ങാനുള്ള സാധ്യത എന്നിവ വളരെ കുറവാണ്.

*അമ്മമാരോട് പറ്റിച്ചേര്‍ന്നു വളരാനുള്ള ഭാഗ്യം മുലയൂട്ടപ്പെട്ട കുഞ്ഞിനു കൂടുതലാണ്. അവര്‍ക്ക് IQ കൂടുതലാണെന്നും അവര്‍ കൂടുതല്‍ ബുദ്ധിയുള്ളവര്‍ ആണെന്നും പഠനങ്ങള്‍ തെളിയിക്കുന്നു.

*അമ്മക്ക് പ്രസവശേഷമുള്ള രക്തസ്രാവത്തിനുള്ള സാധ്യത കുറയുന്നു, കുഞ്ഞുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കപ്പെടുന്നു, സ്തനാര്‍ബുദവും അണ്‌ഡാശയാർബുദവും വരാനുള്ള സാധ്യത കുറക്കുന്നു, ഗര്‍ഭാവസ്ഥയില്‍ ഉണ്ടായ ഭാരം പെട്ടെന്ന് കൊഴിഞ്ഞു പോകാന്‍ സാധ്യമാകുന്നു, ഒരുപരിധി വരെ ഗര്‍ഭധാരണവും തടയുന്നു.

കവികള്‍ വാഴ്ത്തിപ്പാടുന്ന അമ്മിഞ്ഞപ്പാലിന്‍റെ ഗുണഗണങ്ങള്‍ ഇനിയുമേറെ എഴുതിക്കൂട്ടാനുണ്ട്. മറ്റു ഭക്ഷണങ്ങള്‍ ആരുടെ വിവരക്കേട് കൊണ്ടായാലും നവജാതശിശുവിന് നല്‍കുന്നത് അപകടം തന്നെയാണ്. ഏറെ ഞെട്ടിക്കുന്നത് അന്ധവിശ്വാസം മൂത്ത ആ പിതാവ് കുഞ്ഞിനു നിര്‍ജലീകരണം തടയാനുള്ള ഐവി ഫ്ലൂയിഡുകള്‍ പോലും നിഷേധിച്ചു എന്നതാണ്. സ്വന്തം കുഞ്ഞാവുക എന്നത് കുഞ്ഞിന്‍റെ അവകാശം നിഷേധിക്കപ്പെടാന്‍ ഉള്ളൊരു കാരണമേയല്ല. മുതിര്‍ന്ന മനുഷ്യനെ പട്ടിണിക്ക് ഇടുന്നത് പോലെ ക്രൂരമാണ് ഇത്.

കാലം 2017ലേക്ക് നീങ്ങുകയാണ്, ചിലരെങ്കിലും ഇരുട്ടില്‍ നിന്ന് കൂരിരുട്ടിലേക്ക് ഓടി മറയുകയും. വിവരക്കേട് ഒരിക്കലുമൊരു തെറ്റല്ല, എന്നാല്‍ വ്യാജവൈദ്യരെ പോലെ, വ്യാജപണ്ഡിതരെപ്പോലെ ജീവനെടുക്കുന്ന വിഭാഗം അനുദിനമെന്നോണം ഏറി വരികയാണ്..പ്രബുദ്ധരായ സാക്ഷരകേരളീയര്‍ തന്നെ ഇതിനെല്ലാം കീഴടങ്ങുന്നതിനെ അപമാനകരം എന്നതിലുമപ്പുറം വേദനാജനകം എന്ന് വിളിക്കേണ്ടിയിരിക്കുന്നു...

അഞ്ചു ബാങ്ക് വിളിക്കപ്പെട്ടിട്ടില്ല..ഇപ്പോഴും..

ഒരു കുഞ്ഞിപ്പൈതലിന്‍റെ നിലവിളി കാതില്‍ മുഴങ്ങുന്നില്ലേ..നാമിത് എങ്ങോട്ടാണ്... !!

Friday 6 January 2017

രോഗി സന്ദര്‍ശനം - Dr. Deepu Sadasivan


        നമ്മുടെ നാട്ടിലെ കീഴ്വഴക്കം അനുസരിച്ച് ഒരാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടാല്‍ നാട്ടുകാരില്‍ അര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വം,രോഗിയെ കൂട്ടമായി സന്ദര്‍ശിച്ചു ആപ്പിള്‍ ഓറഞ്ച് എന്നിവ വിതരണം ചെയ്തു രോഗിയുടെ കട്ടിലില്‍ ഇരുന്നും കിടന്നും ഒരു "ഓളം" ഒക്കെ ഉണ്ടാക്കി തിരികെ പോരുക എന്നതാണെന്നും തോന്നുന്നു.
എന്നാല്‍ പലപ്പോളും സന്ദര്‍ശകരുടെ ആധിക്യവും അനൌചിത്യവും ഒക്കെ രോഗിക്കും ചികിത്സകര്‍ക്കും ആശുപത്രി സംവിധാനത്തിനും മറ്റു രോഗികള്‍ക്കും പല തരത്തില്‍ ഉള്ള മോശമായ അവസ്ഥകള്‍ ഉണ്ടാക്കുന്നു എന്നതാണ് വസ്തുത.
എന്തൊക്കെ ആണ് ഇത് കൊണ്ടുള്ള പ്രശ്നങ്ങള്‍ ?
രോഗികള്‍ക്ക് ഉണ്ടാവുന്ന പ്രശ്നങ്ങള്‍?!
✘ഒരാള്‍ രോഗഗ്രസ്തനായിരിക്കുമ്പോള്‍ രോഗപ്രതിരോധ സംവിധാനം ദുര്‍ബലമായ അവസ്ഥയില്‍ ആയിരിക്കും!
അപ്പോള്‍ കൂടുതല്‍ രോഗങ്ങള്‍ പിടിപെടാന്‍ ഉള്ള സാധ്യതകള്‍ ഏറെയാണ്.ഇങ്ങനെയിരിക്കെ രോഗിയെ "കണ്ടിട്ട് പോവാന്‍" വരുന്നവരുടെ എണ്ണം കൂടുന്നതനുസരിച്ചു സന്ദര്‍ശകരില്‍ നിന്ന് തന്നെ മറ്റു പലവിധ പുതിയ രോഗങ്ങള്‍ രോഗിക്ക് ഉണ്ടാവാന്‍ സാധ്യത നിലവില്‍ വരുന്നു.
പലരും തങ്ങള്‍ക്കുള്ള രോഗങ്ങളെ കണക്കില്‍ എടുക്കാതെ രോഗക്കിടക്കയില്‍ ഉള്ളവരെ സന്ദര്‍ശിക്കുക വരെ ചെയ്യുന്നു.
സന്ദര്‍ശകന്‍ ആയി വരുന്ന ആള്‍ക്ക് ഒരു പക്ഷെ രോഗലക്ഷണങ്ങള്‍ ഇല്ല എങ്കില്‍ പോലും അയാള്‍ ഏതെങ്കിലും രോഗത്തിന്റെ പ്രാരംഭ ദശയില്‍ ഉള്ള ഇന്ക്യുബെഷന്‍ കാലയളവില്‍ ആവാം,അതായത് പുറമേ ആ വ്യക്തിക്ക് രോഗത്തിന്റെ അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നില്ല എങ്കില്‍ പോലും അയാള്‍ രോഗാണുക്കള്‍ മറ്റുള്ളവരിലേക്ക് പകര്‍ത്താന്‍ പ്രാപ്തമായ അവസ്ഥയില്‍ ആവാം ഉള്ളത്.
ഇമ്മാതിരി അവസ്ഥകള്‍ രോഗിക്ക് കൂനിന്മേല്‍ കുരു എന്നത് പോലെ കൂടുതല്‍ ബുദ്ധിമുട്ടുകള്‍ /സങ്കീര്‍ണ്ണതകള്‍ എന്തിനു രോഗിയുടെ ജീവന്‍ തന്നെ അപകടത്തില്‍ ആക്കുന്ന സാഹചര്യം സൃഷ്ടിച്ചേക്കാം.
ഉദാ:ഒരു ശസ്ത്രക്രിയയ്ക്ക് തയ്യാറായി കിടക്കുന്ന രോഗിക്ക് ആണ് ഒരു സാംക്രമിക രോഗമോ,രോഗാണു ബാധയോ ഒക്കെ ഉണ്ടാവുന്നതെങ്കില്‍ ശസ്ത്രക്രിയ തന്നെ മാറ്റി വെക്കേണ്ടി വരുകയോ കൂടുതല്‍ സങ്കീര്‍ണ്ണമാവുകയോ ചെയ്യാം.
നിങ്ങളുടെ വേണ്ടപ്പെട്ട രോഗിക്ക് മാത്രമല്ല ഒരു പക്ഷെ അപ്പുറത്തെ ബെഡില്‍ കിടക്കുന്ന മറ്റൊരു രോഗിക്കും നിങ്ങളുടെ സാന്നിധ്യം കൊണ്ട് ഇത്തരം ഒരു മോശം അവസ്ഥ ഉണ്ടാവാം.
✘രോഗാണു ബാധ ഒഴിവാക്കുന്ന കാര്യത്തില്‍ അതീവ ജാഗ്രത വേണ്ട സ്ഥലങ്ങള്‍ ആണ് ഐ സി യു,ശസ്ത്രക്രിയാനന്തരം കിടത്തുന്ന വാര്‍ഡ്‌ തുടങ്ങിയ ഇടങ്ങള്‍.എന്നാല്‍ ഇവിടങ്ങളില്‍ പോലും ഇടിച്ചു കയറാന്‍ ആളുകള്‍ക്ക് വ്യഗ്രത ആണ്.എങ്ങനെ എങ്കിലും നിയമം തെറ്റിച്ചോ ആരെയെങ്കിലും സ്വാധീനിച്ചോ ഇതിന്റെ ഉള്ളില്‍ കടക്കാന്‍ കഴിയുന്നത് ചിലരെ സംബന്ധിച്ചിടത്തോളം ഒരു അഭിമാനകരമായ കാര്യം പോലെയാണ് അവര്‍ കരുതുന്നത്.
✘സന്ദര്‍ശകരുടെ ആധിക്യം ചിലപ്പോള്‍ എങ്കിലും രോഗിക്ക് തന്നെ ശാരീരികമായ ആയാസവും ചിലപ്പോള്‍ രോഗിയുടെ മനോനില മനസ്സിലാക്കാതെ ഉള്ള കമന്റ്കള്‍,രോഗത്തെ കുറിച്ച് തെറ്റിധാരണകള്‍ പകര്‍ന്നു കൊടുക്കുന്ന സംസാരങ്ങള്‍ ഒക്കെ മാനസികമായ ബുദ്ധിമുട്ടുകളും ഉണ്ടാക്കാറുണ്ട്.
✘പുറത്തു നിന്ന് വാങ്ങി കൊണ്ട് വരുന്ന ഭക്ഷണ പദാര്‍ഥങ്ങളും ഒക്കെ ചിലപ്പോള്‍ രോഗിക്ക് അനാരോഗ്യത്തിന് കാരണം ആവാറുണ്ട്.ചില രോഗാവസ്ഥയില്‍ ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ രോഗിക്ക് കൊടുക്കാന്‍ പാടില്ല എന്ന് നിഷ്കര്‍ഷ ഉണ്ടാവും.
ചികിത്സകര്‍ക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ !
✘അതീവ ഗുരുതരാവസ്ഥയില്‍ അബോധാവസ്ഥയില്‍ ഒക്കെ പല രോഗികള്‍ കിടക്കുന്നിടത്തേക്ക് രോഗിയും ആയി അടുപ്പം പോലും ഇല്ലാത്തവരും,സ്ഥലത്തെ പ്രധാനദിവ്യന്മാരും ഒക്കെ ഈ നിരര്‍ത്ഥകമായ "രോഗിയെ കാണല്‍" നു വേണ്ടി മുന്നിട്ടു വരുന്നത് കാണാം.ചിലരെ സംബന്ധിച്ചിടത്തോളം ആശുപത്രി സംവിധാനങ്ങളില്‍ തങ്ങള്‍ക്കു സ്വാധീനം ഉണ്ട് എന്ന് മറ്റുള്ളവരുടെ മുന്നില്‍ പ്രദര്‍ശപ്പിക്കാന്‍ ഉള്ള അവസരം ആണിത്.എന്നാല്‍ രോഗികള്‍ക്കും ചികിത്സകര്‍ക്കും ഉണ്ടാവുന്ന ബുദ്ധിമുട്ട് മനസ്സിലാക്കി ഇത് ഒഴിവാക്കാന്‍ ഏവരും ശ്രമിക്കേണ്ടതാണ്.
✘രോഗിക്ക് വേണ്ട പരിചരണം കൊടുക്കുന്നതിനിടയില്‍ രോഗീ സന്ദര്‍ശകര്‍ പല തരത്തില്‍ ഇടപെട്ടു അലോസരം ഉണ്ടാക്കാറുണ്ട്.
✘രോഗിയോട് വലിയ അടുപ്പം ഇല്ലാത്ത ചില സന്ദര്‍ശകര്‍ പോലും ചികിത്സകരോട് അനാവശ്യ സംശയങ്ങളും മറ്റും ചോദിച്ചു അവരുടെ സമയം നഷ്ടപ്പെടുത്തുന്നത് പതിവാണ്. ചിലപ്പോള്‍ ഒന്ന് "ആളാവാന്‍" വേണ്ടി ഡോക്ടറോടും നേഴ്സ് നോടും ഒക്കെ സംഘര്‍ഷം ഉണ്ടാക്കാന്‍ പോലും ചിലര്‍ മുതിരാറുണ്ട്.ഇത് ചികിത്സകരുടെ ശ്രദ്ധയെ ബാധിക്കുകയും വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുകയും തദ്വാര രോഗികള്‍ക്ക് തന്നെ ദോഷകരവും ആവുന്നു.
✘ചികിത്സയുടെയും രോഗ നിര്‍ണ്ണയത്തിന്റെയും ഭാഗമായ പലവിധ പ്രക്രിയകള്‍ ചെയ്യേണ്ടി വരുമ്പോള്‍ ഇതെക്കുറിച്ച് കേവല ജ്ഞാനം പോലും ഇല്ലാത്തവരുടെ സാന്നിധ്യം പല വിധ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാറുണ്ട്.
ഉദാ:മുറിവ് ക്ലീന്‍ ചെയ്യുമ്പോള്‍ അല്ലെങ്കില്‍ രക്തം കാണുമ്പോള്‍ കാഴ്ച കാണാന്‍ എത്തി നോക്കുന്ന ആള്‍ തലകറങ്ങി വീഴുകയും പിന്നീട് അയാളെ ചികില്സിക്കേണ്ടി വരുകയും ചെയ്യുന്ന അവസ്ഥ.
പെട്ടന്ന് ജനറല്‍ വാര്‍ഡില്‍ ഒക്കെ ഒരു രോഗി അത്യാസന്ന നിലയില്‍ ആവുകയും ആ വ്യക്തിക്ക് Cardio Pulmonary Resuscitation പോലുള്ള പ്രക്രിയകള്‍ ചെയ്യേണ്ടി വരുമ്പോള്‍ ചുറ്റിനും കാഴ്ച കാണാന്‍ കൂടുന്നവര്‍/ അവരുടെ അനാവശ്യ കമന്റ്കള്‍ എന്നിവ ചികല്‍സകരുടെ ശ്രദ്ധയും മനോനിലയെയും ഒക്കെ ബാധിച്ചേക്കാം.പല മെഡിക്കല്‍ പ്രക്രിയകളും മെഡിക്കല്‍ രംഗത്തില്ലാത്ത ഒരാള്‍ക്ക്‌ കണ്ടു നില്‍ക്കാന്‍ അത്ര സുഖം ഉള്ളതാവില്ല.
ഹൃദയമിടിപ്പ്‌ നിലച്ച ഒരാള്‍ക്ക്‌ അത് തിരികെ കൊണ്ട് വരാന്‍ നെഞ്ചിനു അമര്‍ത്തി മസ്സാജ് ചെയ്യുമ്പോളും,രോഗിക്ക് അടിയന്തിര ഘട്ടത്തില്‍ മൌത്ത് ടു മൌത്ത് കൃത്രിമ ശ്വാസോച്ഛ്വാസം കൊടുക്കുന്ന അവസരത്തിലും ഒക്കെ ഡോക്ടര്‍ രോഗിയെ എന്തോ ഭേദ്യം ചെയ്യുന്നു എന്ന് കരുതി പ്രതികരിക്കാന്‍ കാഴ്ചക്കാര്‍ വന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
സന്ദര്‍ശകര്‍ക്കും ചില പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരാം.
✘രോഗിയുടെ അടുത്തു പോവുന്നതിനു മുന്‍പും പിന്‍പും വ്യക്തി ശുചിത്വം പാലിക്കാന്‍ മടിച്ചാല്‍ രോഗിക്ക് സന്ദര്‍ശകന്‍ രോഗം നല്കിയേക്കാം എന്നത് പോലെ തന്നെ ആശുപത്രിയില്‍ നിന്ന് സന്ദര്‍ശകനും രോഗം കിട്ടിയേക്കാം.പ്രത്യേകിച്ചും പലരും കൂടെ കൊണ്ട് വരുന്ന കുട്ടികള്‍ക്ക്.
രോഗിയെ സന്ദര്‍ശിക്കുന്നവരുടെ ഉത്തരവാദിത്വങ്ങള്‍ /ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ ?
✔അനാവശ്യമായ സന്ദര്‍ശനങ്ങള്‍(തവണകള്‍) തന്നെ കഴിയുന്നതും ഒഴിവാക്കുക.ആശുപത്രിയില്‍ കിടക്കുന്ന ആളെ സകുടുംബം കാണാന്‍ പോവുന്ന കീഴ്വഴക്കം മാറ്റേണ്ട കാലം അതിക്രമിച്ചു.ഈ പ്രകടനപരമായ ആചാരം അത്രയ്ക് "സദാചാരം" അല്ല എന്നത് ഉള്‍ക്കൊള്ളുക.രോഗിയുടെ വിവരങ്ങള്‍ ഫോണിലൂടെ അന്വേഷിച്ചറിയാന്‍ ഉള്ള മാര്‍ഗ്ഗങ്ങള്‍ ഒക്കെ ഇപ്പോള്‍ നിലവില്‍ ഉള്ള സ്ഥിതിക്ക് രോഗി കാണാന്‍ ആഗ്രഹിക്കുന്നു/ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ സന്ദര്‍ശകരെ അനുവദിക്കുന്നു എങ്കില്‍ മാത്രം മുന്‍കൂട്ടി അറിയിച്ചു സന്ദര്‍ശിക്കുന്നതാവും ഉചിതം.
✔നിസ്സാരം ആണെങ്കില്‍ പോലും ഏതെങ്കിലും വിധത്തില്‍ ഉള്ള രോഗം ഉള്ളവര്‍ രോഗികളെ സന്ദര്‍ശിക്കാന്‍ പോവരുത്.
✔കഴിയുന്നതും കുട്ടികളെ കൂടെ കൊണ്ട് പോവാതെ ഇരിക്കുക.
✔ആശുപത്രി നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക.
സന്ദര്‍ശക സമയം കൃത്യമായി പാലിക്കുക. 
രോഗിയെ കാണുന്നതിനു മുന്‍പും പിന്‍പും രോഗപ്പകര്‍ച്ച തടയാന്‍ ഉള്ള നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക.

ഉദാ:തീവ്രപരിചരണവിഭാഗത്തില്‍ മാസ്കും,പ്രത്യേകം ഗൌണും,ഉടുപ്പും ഒക്കെ ധരിക്കുന്നത് ,രോഗിയുടെ മുറിയില്‍ കടക്കുന്നതിനു മുന്‍പും പിന്‍പും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുന്നത് തുടങ്ങിയവ.
✔ശബ്ദം ഉയര്‍ത്തി സംസാരിക്കാതെ ഇരിക്കുക.
✔ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിച്ചതിനു ശേഷം രോഗിയെ സന്ദര്‍ശിക്കാതെ ഇരിക്കുക.
✔കൂടുതല്‍ സമയം ചിലവഴിക്കുന്നതും,കൂടുതല്‍ പ്രാവശ്യം സന്ദര്‍ശിക്കുന്നതും ഒക്കെ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.
✔ഡോക്ടര്‍ അല്ലെങ്കില്‍ മറ്റു സ്റ്റാഫ്‌ രോഗിയെ പരിചരിക്കാന്‍ എത്തുന്നു എങ്കില്‍ മുറിയില്‍ നിന്ന് ഇറങ്ങി നിന്ന് സൗകര്യം ഒരുക്കുക.
✔പുറത്തു നിന്നുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ രോഗികള്‍ക്ക് എത്തിക്കുന്നതും ഒഴിവാക്കേണ്ടതാണ് (ചിലതൊക്കെ രോഗിയ്ക്ക് ആ അവസ്ഥയില്‍ കഴിക്കാന്‍ പാടുള്ളതായിരിക്കില്ല)
✔രോഗിക്ക് കൂടുതല്‍ മാനസികമോ ശാരീരികമായോ ഉള്ള സമ്മര്‍ദ്ദം ഉണ്ടാക്കുന്ന സംസാരവും പ്രവര്‍ത്തിയും ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.