Sunday 22 January 2017

പ്രമേഹം- സത്യവും മിഥ്യയും - Dr.Jamal




ഏതാനും നാള്‍ മുന്നേ ഒപിയില്‍ വന്ന ഒരു 10 വയസുകാരന്‍.. മെലിഞ്ഞുണങ്ങി തീരെ അവശനാണ്. അമ്മയാണ് കൊണ്ടുവന്നിരിക്കുന്നത്. പുറത്തു നിന്നുള്ള ഒരു ഡോക്ടറുടെ റഫറന്‍സ് കുറിപ്പും ഉണ്ട്. ക്ഷീണം, ദാഹം ,തടി മെലിയുന്നു തുടങ്ങിയ പ്രശ്നങ്ങളുമായാണ് ഡോക്ടറുടെ അടുത്ത് പോയിരിക്കുന്നത്. സംശയം തോന്നി ഡോക്ടര്‍ ഷുഗര്‍ പരിശോധിച്ചപ്പോള്‍ 600mg%!! വളരെ കൂടുതലാണ്. അങ്ങനെയാണ് റഫറന്‍സുമായി എന്‍റെ അടുത്ത് എത്തിയിരിക്കുന്നത്.
മെലിഞ്ഞു ശോഷിച്ച അവനെ കാണാന്‍ തന്നെ ഒരു വിഷമം. പാവം ജീവിത കാലം മുഴുവന്‍ ഇന്‍സുലിന്‍ കുത്തിവെപ്പ് എടുക്കണം. വേറെ വഴിയില്ല. ചെറിയ കുട്ടികളില്‍ കാണപ്പെടുന്ന ടൈപ്പ് 1 പ്രമേഹത്തിന് അത് മാത്രമാണ് ചികിത്സ. ഇന്‍സുലിന്‍ കുത്തിവെപ്പിനെ കുറിച്ച് പറയുന്നതിന് മുന്നേ ചികിത്സിച്ചാല്‍ അവന്‍റെ ശരീരത്തില്‍ ഉണ്ടാവുന്ന നല്ല മാറ്റങ്ങളെ കുറിച്ച് ഞാന്‍ ആദ്യം പറഞ്ഞു. അവന്‍റെ ക്ഷീണം മാറും, തടിച്ചു സുന്ദരനാവും എന്നെല്ലാം കേട്ടപ്പോള്‍ അമ്മയ്ക്ക് സന്തോഷമായി. എന്നാല്‍ ഇന്‍സുലിന്‍ കുത്തിവെക്കണം എന്ന് കേട്ടപ്പോള്‍ മുഖത്തെ തെളിച്ചമെല്ലാം പമ്പകടന്നു. പിന്നെ തിരിച്ചും മറിച്ചും ചോദ്യങ്ങള്‍...ഗുളിക കഴിച്ചാല്‍ പോരേ, വേറെ ഏതെങ്കിലും തരം ചികിത്സ നിലവിലുണ്ടോ, ഇത്ര ചെറുപ്പത്തിലെ ഇന്‍സുലിന്‍ വച്ചാല്‍ കുട്ടിക്ക് എന്തെങ്കിലും തകരാര്‍ സംഭവിക്കുമോ എന്നൊക്കെയാണ് സംശയങ്ങള്‍.. വളരെ സാവകാശം എല്ലാ സംശയങ്ങള്‍ക്കുമുള്ള മറുപടി നല്‍കി. ഇന്‍സുലിന്‍ കുത്തിവെക്കുകയല്ലാതെ ടൈപ്പ് 1 പ്രമേഹത്തിന് ഇന്ന് ലോകത്ത് ഫലപ്രദമായ ചികിത്സ നിലവിലില്ല എന്ന് അവരെ ബോധ്യപ്പെടുത്തി. ഇന്‍സുലിനും തുടങ്ങി അവരെ യാത്രയാക്കി.
പിന്നെ കുറെ കാലങ്ങള്‍ക്ക് അവരെ ഒപിയില്‍ കണ്ടില്ല. ഏതാനും മാസങ്ങള്‍ക്ക് ശേഷമാണ് പിന്നീട് ഒപിയില്‍ വരുന്നത്. രൂപത്തില്‍ ഒരു മാറ്റവും ഇല്ല. പഴയ പോലെ മെലിഞ്ഞുണങ്ങിയ രൂപം. ഊഹിച്ച പോലെ തന്നെ ഇന്‍സുലിന്‍ തുടങ്ങിയിട്ടില്ല. ഇത്രകാലം എവിടെ ആയിരുന്നു എന്ന് ചോദിച്ചപ്പോള്‍ ഹോമിയോ, ആയുര്‍വേദം, ആദിവാസി വൈദ്യം, നാട്ടു വൈദ്യം എല്ലാം പയറ്റി നോക്കുകയായിരുന്നുവത്രേ !! കലശലായ ദേഷ്യം വന്നെങ്കിലും പാവം കുട്ടിയുടെ അവസ്ഥ ഓര്‍ത്തു മിണ്ടാതിരുന്നു. ഇത്തവണ ഇന്‍സുലിന്‍ അല്ലാതെ വേറെ വഴിയില്ല എന്ന് മനസിലാക്കിയാണ് വന്നിട്ടുള്ളത്. അതുകൊണ്ട് കാര്യങ്ങള്‍ എളുപ്പമായി. ഇപ്പോള്‍ ഇന്‍സുലിന്‍ കൃത്യമായി എടുത്തു അവന്‍ സുഖമായിരിക്കുന്നു. ശോഷിച്ചു ഉണങ്ങിയ രൂപം മാറിക്കിട്ടിയപ്പോള്‍ അമ്മയ്ക്കും സന്തോഷം..
ഇനി പറയാനുള്ളത് അതിലും രസകരമായ കാര്യം.. 500mg% ഷുഗറുമായി വന്ന സ്ത്രീ, ടൈപ്പ് 2 പ്രമേഹം.. ഹോമിയോ ചികിത്സയാണ് എടുക്കുന്നത്. കഴിഞ്ഞ കുറെ മാസങ്ങളായി ഷുഗര്‍ 400, 500 ഒക്കെയാണ്. ഇംഗ്ലീഷ് മരുന്നിനു സൈഡ് എഫ്ഫക്റ്റ്‌ ഉണ്ടല്ലോ എന്ന് വിചാരിച്ചു മറ്റു ചികിത്സകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. എണീറ്റ്‌ നില്‍ക്കാന്‍ പോലും വയ്യാതെ അവശയായപ്പോള്‍ മാത്രമാണ് ഇനി ശരിയായ ചികിത്സ എടുക്കാം എന്ന് തീരുമാനിച്ചത്. ചികിത്സ തുടങ്ങി ഏതാനും ആഴ്ചകള്‍ കൊണ്ട് ഷുഗര്‍ നോര്‍മലായി. പിന്നീട് ഏതാനും മാസങ്ങള്‍ കൃത്യമായി വന്നു. പിന്നെ കാണാതായി. പിന്നീട് വരുന്നത് കുറെ മാസങ്ങള്‍ക്ക് ശേഷം.. ഷുഗര്‍ വീണ്ടും 700mg% ! മരുന്ന് മുഴുവനായും നിര്‍ത്തി. അയല്‍പക്കത്തെ ആളുകള്‍ പറഞ്ഞത്രേ ഗുളികകള്‍ക്കു ഭയങ്കര സൈഡ് എഫ്ഫക്റ്റ്‌ ആണെന്ന്. അതുകൊണ്ട് സൈഡ് എഫ്ഫക്റ്റ്‌ ഒന്നും ഇല്ല എന്ന് പരക്കെ പ്രചരിപ്പിക്കപ്പെട്ട Acu puncture ചികിത്സ തിരഞ്ഞെടുത്തു. കോയമ്പത്തൂരിലെ പ്രശസ്തമായ കേന്ദ്രത്തിലാണ് ചികിത്സ. ഓരോ ആഴ്ചയിലും അവിടെ പോവുന്നു, സൂചി കുത്തി തിരിച്ചു പോരുന്നു.. ഏറ്റവും രസകരമായ ഒരു കാര്യം എന്തെന്നാല്‍ ചികിത്സ തുടങ്ങുമ്പോള്‍ ഉള്ള പ്രധാന നിര്‍ദേശങ്ങളില്‍ ഒന്ന് ഷുഗര്‍ ചെക്ക് ചെയ്യരുത് എന്നാണു !!! ചെക്ക് ചെയ്‌താല്‍ മാത്രമല്ലേ ചികിത്സ ഫലിക്കുന്നില്ല എന്ന് മനസിലാവൂ..!! കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞു ക്ഷീണം കൂടിയപ്പോള്‍ അവര്‍ ഒന്ന് ഷുഗര്‍ നോക്കി. 600mg% ഉടനെ കോയമ്പത്തൂരിലേക്ക് വിളിച്ചു ചോദിച്ചു.. കിട്ടിയ മറുപടി “ ഷുഗര്‍ കൂടുന്നത് കാര്യമാക്കണ്ട, നിങള്‍ Acu Puncture ചെയ്യുന്നത് കൊണ്ട് ഷുഗര്‍ കൂടിയാലും അത് ശരീരത്തെ ബാധിക്കില്ല” എന്ന്..
കുറുക്കു വഴിയിലൂടെ പണമുണ്ടാക്കാന്‍ കോടികളുടെ ലോട്ടറി അടിച്ചു എന്ന് പറഞ്ഞു വരുന്ന തട്ടിപ്പുകളില്‍ പോയി തല വെച്ച് കൊടുക്കുന്ന അതേ മലയാളി മനസ് തന്നെയാണ് ഇത്തരം സംഭവങ്ങളിലും നമ്മള്‍ കാണുന്നത് .
നമ്മുടെ നാട്ടില്‍ സര്‍വ്വ സാധാരണമായിട്ടും പ്രമേഹ രോഗത്തെ കുറിച്ച് ജനങ്ങള്‍ക്കുള്ള അറിവ് വളരെ പരിമിതമാണ്. ഒട്ടനവധി അബദ്ധ ധാരണകള്‍ ഈ അസുഖത്തെ കുറിച്ച് നിലനില്‍ക്കുന്നുണ്ട് താനും. പ്രമേഹത്തെ കുറിച്ച് ചില അടിസ്ഥാന വസ്തുതകള്‍ മനസിലാക്കിയാല്‍ ശരിയായ രൂപത്തില്‍ രോഗം നിയന്ത്രിച്ചു നിര്‍ത്തുവാനും തെറ്റിധാരണകള്‍ മൂലം അപകടത്തില്‍ ചെന്ന് ചാടാതിരിക്കാനും യുക്തിരഹിതമായ പ്രചരണങ്ങളില്‍ വഞ്ചിതരാവാതിരിക്കാനും ഉപകരിക്കും.
പ്രമേഹം പലതരത്തില്‍ ഉണ്ട്. സാധാരണ മുതിര്‍ന്നവരില്‍ കണ്ടു വരുന്ന Type 2 പ്രമേഹത്തെ കുറിച്ചാണ് ഈ ലേഖനത്തില്‍ പ്രധാനമായും വിവരിക്കാന്‍ ഉദേശിക്കുന്നത്. നാം കഴിക്കുന്ന ഭക്ഷണം ദഹനശേഷം ഗ്ലൂകോസ് രൂപത്തിലാണ് കുടലില്‍ നിന്നും രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നത് . പഞ്ചസാര മാത്രമല്ല മറ്റ് ഏതു ഭക്ഷണമായാലും ദഹന പ്രക്രിയ കഴിഞ്ഞാല്‍ അവ ഗ്ലൂകോസ് ആക്കി മാറ്റപ്പെട്ട ശേഷമാണ് രക്തത്തില്‍ എത്തുന്നത്‌. ഗ്ലൂകോസോ പഞ്ചസാരയോ മറ്റു മധുര പലഹാരങ്ങളോ കഴിച്ചാല്‍ മാത്രമല്ല രക്സ്തത്തില്‍ ഗ്ലൂകോസ് വന്നു ചേരുന്നത് എന്ന് ചുരുക്കം. ഇങ്ങനെ രക്തത്തില്‍ എത്തുന്ന ഗ്ലൂകോസിനെ ഓരോ കോശങ്ങളുടെയും പ്രവര്‍ത്തനത്തിന് ഉപയോഗപ്പെടുത്തുന്നു. അതിലും അധികമുള്ള ഗ്ലൂകോസിനെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പല രൂപത്തില്‍ സംഭരിച്ചു വെക്കുന്നു. ഇത്തരത്തില്‍ ഗ്ലൂകോസിനെ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന ഹോര്‍മോണ്‍ ആണ് ഇന്‍സുലിന്‍. വയറിനകത്തെ പാന്‍ക്രിയാസ് ഗ്രന്ധിയിലാണ് ഇന്‍സുലിന്‍ നിര്‍മിക്കപ്പെടുന്നത്.
പാന്‍ക്രിയാസില്‍ ഇന്‍സുലിന്‍ നിര്‍മ്മാണം തീര്‍ത്തും ഇല്ലാതാവുന്ന അവസ്ഥയാണ് ടൈപ്പ് 1 പ്രമേഹം.
ചെറിയ കുഞ്ഞുങ്ങളില്‍ കാണപ്പെടുന്ന പ്രമേഹം ഈ വിഭാഗത്തില്‍ പെടുന്നതാണ്. ഇത്തരം പ്രമേഹക്കാരില്‍ ഭക്ഷണം ദഹിച്ചുണ്ടാകുന്ന ഗ്ലൂകോസിനെ ശരീരത്തിലെ കോശങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനേ കഴിയില്ല. അതിനാല്‍ രക്തത്തിലെ ഗ്ലൂകോസിന്‍റെ അളവ് വളരെ കൂടുതലായിരിക്കും. ഇത്തരക്കാര്‍ക്ക് ഇന്‍സുലിന്‍ കുത്തിവെപ്പ് മാത്രമാണ് ചികിത്സ. എന്നാല്‍ മുതിര്‍ന്ന ആളുകളില്‍ കാണപ്പെടുന്ന ടൈപ്പ് 2 പ്രമേഹത്തില്‍ പാന്‍ക്രിയാസ് ഗ്രന്ഥി ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കുമെങ്കിലും അത് വേണ്ട വിധത്തില്‍ ശരീരത്തില്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്നില്ല. Insulin resistance എന്നാണു ഈ അവസ്ഥയെ പറയുന്നത്. അസുഖം ഒരു ഘട്ടം പിന്നിടുമ്പോള്‍ ക്രമേണ ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കാനുള്ള കഴിവും കുറഞ്ഞു വരുന്നു. ചുരുക്കത്തില്‍ ടൈപ്പ് 2 പ്രമേഹം എന്നാല്‍ Insulin resistance ഉം ഇന്‍സുലിന്‍ കുറവ്/ ഇല്ലായ്മയും ഒരുമിച്ചു കൂടിയ അവസ്ഥയാണ്.
പ്രമേഹം ഇല്ലാത്ത ഒരാളുടെ ഭക്ഷണത്തില്‍ ഗ്ലൂകോസിന്റെ അളവ് എത്ര തന്നെ കൂടിയിരുന്നാലും അതിനനുസരിച്ച് കൂടുതല്‍ ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കാന്‍ പാന്‍ക്രിയാസ് ഗ്രന്ഥിക്ക് കഴിയും. ആതിനാല്‍ രക്തത്തിലെ ഗ്ലൂകോസിന്‍റെ അളവ് നോര്‍മല്‍ ആയിത്തന്നെ നിലനില്‍ക്കും.
എന്നാല്‍ പ്രമേഹ രോഗിയായ ഒരാള്‍ കൂടിയ അളവില്‍ ഭക്ഷണം കഴിച്ചാല്‍ രക്തത്തില്‍ എത്തുന്ന ഗ്ലൂകോസിനെ മുഴുവന്‍ കൈകാര്യം ചെയ്യാന്‍ വേണ്ട അളവ് ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കാന്‍ പാന്ക്രിയാസിനു കഴിയില്ല. തന്മൂലം രക്തത്തിലെ ഗ്ലൂകോസിന്റെ അളവ് പരിധി വിട്ടു ഉയരുകയും ചെയ്യുന്നു. പ്രമേഹ രോഗികള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് ഗണ്യമായി കുറയ്ക്കാനും മധുരം ഉപേക്ഷിക്കാനും ഡോക്ടര്‍മാര്‍ ഉപദേശിക്കുന്നതിന്റെ അടിസ്ഥാനം രക്തത്തില്‍ എത്തുന്ന ഗ്ലൂകോസിന്റെ അളവ് കുറച്ചു, പ്രവര്‍ത്തനക്ഷമത കുറഞ്ഞു നില്‍ക്കുന്ന പാന്‍ക്രിയാസ് ഗ്രന്ഥിക്ക് കൈകാര്യം ചെയ്യാവുന്ന അളവിലേക്ക് എത്തിക്കുക എന്നതാണ്. സാധാരണ ഭക്ഷണത്തിലെ ഗ്ലൂകോസിനെ നിയന്ത്രിച്ചു നിര്‍ത്താനുള്ള കഴിവ് നഷ്ടപ്പെടുമ്പോള്‍ ആണല്ലോ ഒരാള്‍ പ്രമേഹ രോഗിയാവുന്നത്. അങ്ങനെയിരിക്കെ, ഗ്ലൂകോസിന്റെ അളവ് വളരെ കൂടുതല്‍ ഉള്ള ലഡ്ഡു പോലെയുള്ള വസ്തുക്കള്‍ കഴിച്ചാല്‍ എന്തായിരിക്കും സ്ഥിതി എന്ന് ഊഹിക്കാമല്ലോ..പ്രമേഹ രോഗികള്‍ക്ക് ലഡ്ഡു ചികിത്സ എന്നത് അങ്ങേയറ്റത്തെ ബുദ്ധിശൂന്യതയോ ജനങ്ങളെ കെണിയില്‍ വീഴ്ത്താനുള്ള അടവോ മാത്രമാണ്.
പ്രമേഹം എന്നാല്‍ ഏതാനും ഗുളിക കഴിക്കലും ഇന്‍സുലിന്‍ കുത്തിവെക്കലുമാണ് എന്ന് ജനങ്ങള്‍ തെറ്റിദ്ധരിച്ചു പോയിരിക്കുന്നു. മരുന്ന് കഴിച്ചിട്ടും അനിയന്ത്രിതമായ പ്രമേഹവുമായി വരുന്ന രോഗികളോട് ഭക്ഷണത്തെ കുറിച്ച് ചികഞ്ഞ് അന്വേഷിച്ചാല്‍ തന്നെ അറിയാന്‍ കഴിയും എന്തുകൊണ്ട് ഷുഗര്‍ കുറയുന്നില്ല എന്ന്.. പലരും ഭക്ഷണത്തിന്റെ അളവില്‍ കുറവ് വരുത്തുകയോ മധുരം ഉപേക്ഷിക്കാനോ തയ്യാറാവാത്തവരാണ്. വ്യായാമം ഒട്ടും ഉണ്ടാവില്ല താനും. നിര്‍ഭാഗ്യവശാല്‍ പ്രമേഹ രോഗ ചികിത്സയുടെ അടിത്തറ ഇവയാണെന്ന് പലരും മനസിലാക്കുന്നില്ല. ഭക്ഷണം നിയന്ത്രിക്കാനും മധുരം ഉപേക്ഷിക്കാനും വ്യായാമം ചെയ്യാനും തയ്യാറല്ലാത്തവര്‍ പ്രമേഹ മരുന്നുകള്‍ക്ക് വേണ്ടി പണം ചിലവാക്കുന്നതില്‍ അര്‍ത്ഥമില്ല.
ടൈപ്പ് 2 പ്രമേഹത്തിന്റെ ചികിത്സയുടെ ആദ്യ ഘട്ടം ശരീരത്തില്‍ എത്തിപ്പെടുന്ന ഗ്ലൂകോസിന്റെ അളവ് കുറക്കലാണ്. ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുകയും മധുരം ഉപേക്ഷിക്കുകയും ചെയ്യുന്നതിലൂടെയാണ് നാം ഇതാണ് നേടിയെടുക്കുന്നത്. രണ്ടാമത്തെ ഘട്ടം ഇന്‍സുലിന്‍ ഉപയോഗപ്പെടുത്താന്‍ ശരീരത്തിന്‍റെ കഴിവില്ലായ്മയെ ( insulin resistance) ശരിയാക്കിയെടുക്കുക എന്നതാണ്. വ്യായാമം ചെയ്യുന്നതിലൂടെ ശരീരം നേടിയെടുക്കുന്നത് ഈ കഴിവാണ്. അനേകം മാസങ്ങളോ വര്‍ഷങ്ങളോ ഷുഗര്‍ നിയന്ത്രണ വിധേയമാക്കാന്‍ ഈ രണ്ടു മുന്‍കരുതല്‍ കൊണ്ട് സാധിക്കും.
എന്നാല്‍ പ്രമേഹം കാലക്രമേണ വഷളാകുന്ന ഒരു ശാരീരികാവസ്ഥയാണ്. പാന്‍ക്രിയാസിലെ ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കുന്ന ബീറ്റ കോശങ്ങള്‍ കുറഞ്ഞു വരുന്നതിനനുസരിച്ച് പ്രമേഹ നിയന്ത്രണം കുറഞ്ഞു വരും. ഇത്തരം ഘട്ടത്തില്‍ മരുന്ന് ഉപയോഗിച്ചുള്ള ചികിത്സ തുടങ്ങേണ്ടതായുണ്ട് . മരുന്ന് ചികിത്സ തുടങ്ങിയാലും മേല്‍പ്പറഞ്ഞ ഭക്ഷണനിയന്ത്രണവും വ്യായാമവും തുടരേണ്ടത് അത്യാവശ്യമാണ്. ഭക്ഷണ നിയന്ത്രണത്തിലൂടെയും വ്യായാമത്തിലൂടെയും മാത്രം എക്കാലവും നിയന്ത്രിച്ചു നിര്‍ത്താവുന്ന അസുഖം അല്ല പ്രമേഹം. മരുന്ന് ചികിത്സ ആവശ്യം വരുന്ന ഘട്ടത്തിലും വിമുഖത കാണിച്ചു ഷുഗര്‍ കൂടാന്‍ അനുവദിച്ചാല്‍ പിന്നീട് നമ്മെ കാത്തിരിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളാണ്.

ഏതു തരം ഭക്ഷണമാണ് ഒരു പ്രമേഹ രോഗി കഴിക്കേണ്ടത്‌ ?
അരി ഭക്ഷണത്തില്‍ മാത്രമേ ഷുഗര്‍ ഉള്ളൂ എന്നും, ഗോതമ്പ്, റാഗി, ഓട്ട്സ് എന്നിവ യഥേഷ്ടം കഴിക്കാമെന്നുമുള്ള ഒരു തെറ്റിദ്ധാരണ ഇന്നും സമൂഹത്തില്‍ നിലനില്‍ക്കുന്നു. ഈ ഭക്ഷണങ്ങള്‍ ഏതു തന്നെ ആയാലും ശരീരം ഇവയെ സ്വീകരിക്കുന്നത് ഗ്ലൂകോസ് ആയാണ് എന്ന് നേരത്തെ പറഞ്ഞുവല്ലോ. ഒരേ തൂക്കം വരുന്ന ചപ്പാത്തിയിലും അരി കൊണ്ടുണ്ടാക്കിയ ദോശയിലും ഉള്ള ഗ്ലൂകോസിന്റെ അളവ് ഏതാണ്ട് ഒരുപോലെ തന്നെയാണ്. എന്നാല്‍ അരി ഭക്ഷണത്തെ അപേക്ഷിച്ച് ഗോതമ്പിന് ചില മേന്മകള്‍ ഉണ്ട്. അരി ഭക്ഷണം വളരെ എളുപ്പത്തില്‍ ദഹിക്കുകയും അതിലെ ഗ്ലൂകോസ് മുഴുവനും പെട്ടന്ന് തന്നെ രക്തത്തില്‍ എത്തുകയും ചെയ്യുന്നു. ഇപ്രകാരം ഒന്നിച്ചു ചെല്ലുന്ന ഗ്ലൂകോസിനെ മുഴുവന്‍ ഒറ്റയടിക്ക് കൈകാര്യം ചെയ്യാന്‍ പ്രമേഹ രോഗിയുടെ പാന്‍ക്രിയാസ് പര്യപ്തതമല്ല. എന്നാല്‍ ഗോതമ്പ്, ഓട്ട്സ് തുടങ്ങിയവ താരതമ്യേന സാവധാനം ദഹിക്കുന്നവയാണ് . അതിനാല്‍ ഇവ ദഹിച്ചു ഉണ്ടാവുന്ന ഗ്ലൂകോസ് കുറെ കൂടി സാവധാനം മാത്രമേ രക്തത്തില്‍ എത്തുകയുള്ളൂ. ഇപ്രകാരം ഗ്ലൂകോസിനെ സാവധാനത്തില്‍ ഘട്ടം ഘട്ടമായി രക്തത്തില്‍ എത്തിക്കുന്ന ഭക്ഷണമാണ് പ്രമേഹ രോഗിയുടെ പാന്ക്രിയാസിനു കൈകാര്യം ചെയ്യാന്‍ എളുപ്പം.
പാന്ക്രിയാസിനെ സ്വന്തം സൈന്യമായും ഗ്ലൂകോസിനെ ശത്രു സൈന്യമായും സങ്കല്‍പ്പിക്കാം. ചെറിയ ചെറിയ കൂട്ടമായി വരുന്ന ശത്രുവിനെ തുരത്താന്‍ ആണല്ലോ വലിയൊരു സൈന്യം ഒരുമിച്ചു വരുന്നതിലും എളുപ്പം.. കഴിക്കുന്നത്‌ അരി ഭക്ഷണമാണോ ഗോതമ്പ് ആണോ എന്നതിലും കൂടുതല്‍ പ്രാധാന്യം കഴിക്കുന്ന ഭക്ഷണത്തിന്റെ അളവിനാണ്. ഭക്ഷണത്തിന്‍റെ അളവ് കുറക്കല്‍ അത്യാവശ്യമാണ്. അത് തന്നെ ചെറിയ ഭാഗങ്ങള്‍ ആയി പല തവണയായി കഴിക്കുന്നതാണ് കൂടുതല്‍ നല്ലത് .
പച്ചക്കറികളും ഇലക്കറികളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. അത് പോലെ തന്നെ പള്‍സ്‌ (ചെറുപയര്‍, കടല, ഗ്രീന്‍ പീസ്‌, സോയ ബീന്‍ തുടങ്ങിയവ) വര്‍ഗ്ഗത്തില്‍ പെട്ട വസ്തുക്കളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കാര്യമായ തോതില്‍ വര്‍ദ്ധിപ്പിക്കുന്നില്ല. പെട്ടന്ന് വിശപ്പ്‌ ശമിപ്പിക്കാന്‍ ഇവ ഉപകരിക്കും. പച്ചക്കറികളിലും പള്‍സിലും ഉള്ള ഫൈബര്‍ ദഹനം സാവധാനത്തിലാക്കാനും ഗ്ലൂകോസിന്റെയും cholesterol ന്‍റെയും അളവ് കുറയ്ക്കാനും സഹായിക്കും. എളുപ്പത്തില്‍ വിശപ്പ്‌ ശമിപ്പിക്കാനും നല്ല ശോധന ലഭിക്കാനും ഇവ ഉത്തമമാണ്.
പഴവര്‍ഗ്ഗങ്ങള്‍ കഴിക്കാമോ എന്നത് പ്രമേഹ രോഗികളുടെ വലിയൊരു സംശയമാണ്. പ്രമേഹം നിയന്ത്രണ വിധേയമായ അവസ്ഥയില്‍ ചെറിയ അളവില്‍ പഴങ്ങള്‍ കഴിക്കാം. ആപ്പിള്‍, ആപ്രിക്കോട്ട് , പേരക്ക, ഓറഞ്ച്, മുസംബി, പിയര്‍ , പ്ലം, കൈതച്ചക്ക(ഒരു കഷ്ണം), തണ്ണിമത്തന്‍ (ഒരു കഷ്ണം) തുടങ്ങിയവ പൊതുവേ ഗ്ലൂകോസ് ലോഡ് കുറഞ്ഞവയാണ്. മേല്‍പറഞ്ഞവയില്‍ ഏതെങ്കിലും ഒരു പഴം ഒരു ദിവസം കഴിക്കാവുന്നതാണ്. ഉണക്ക മുന്തിരി, നേന്ത്രപ്പഴം, ഈത്തപ്പഴം, മുന്തിരി, മാമ്പഴം തുടങ്ങിയവ ഗ്ലൂകോസ് ലോഡ് കൂടുതലുള്ള പഴങ്ങളാണ്.

പ്രമേഹ രോഗ മരുന്നുകള്‍ കിഡ്നിയുടെ പ്രവര്‍ത്തനം തകരാറാക്കുമോ??
പല പ്രമേഹ രോഗികളെയും അലട്ടുന്ന പ്രധാന ചോദ്യം ആണിത്. തെറ്റിദ്ധാരണ മൂലം പലരും മറ്റു തട്ടിപ്പ് ചികിത്സകളിലേക്ക് തിരിയാന്‍ കാരണം അടിസ്ഥാനരഹിതമായ ഈ ഭീതിയാണ്. പ്രമേഹ രോഗികളില്‍ പലരും കിഡ്നി രോഗത്തിന്റെ പിടിയില്‍ അകപ്പെടുന്നത് കാണുന്നത് കൊണ്ടുണ്ടാവുന്ന ഒരു സംശയമാണിത്. നിര്‍ഭാഗ്യവശാല്‍ ശാസ്ത്രീയമായി ഒരു അറിവും ഇല്ലാത്ത ആളുകള്‍ പറയുന്നത് ഇപ്പോഴും ജനങ്ങള്‍ വിശ്വസിക്കുന്നു. പ്രമേഹ രോഗചികിത്സയില്‍ ഉപയോഗിക്കുന്ന ഒരു മരുന്നും കിഡ്നിക്ക് യാതൊരു വിധ പ്രശ്നങ്ങളും ഉണ്ടാക്കുന്നില്ല. മറിച്ചു നിയന്ത്രണ വിധേയമല്ലാത്ത ഷുഗര്‍ ആണ് കിഡ്നിയെ നശിപ്പിക്കുന്നത്. ശരീരത്തിലെ മറ്റു അനേകം അവയവങ്ങളെ പ്രമേഹ രോഗം കാര്‍ന്നു തിന്നുന്ന പോലെ കിഡ്നിയെയും അത് ബാധിക്കുന്നു. വിദഗ്ധനായ ഒരു ഡോക്ടറുടെ സഹായത്തോടെ പ്രമേഹ രോഗം തുടക്കം മുതല്‍ തന്നെ നിയന്ത്രണ വിധേയമാക്കിയവര്‍ കിഡ്നിയെ ഓര്‍ത്തു വേവലാതിപ്പെടെണ്ടതില്ല.

ഗുളിക ഒഴിവാക്കി ഇന്‍സുലിന്‍ എടുക്കേണ്ടതുണ്ടോ? അത് കിഡ്നിക്ക് കൂടുതല്‍ സുരക്ഷിതമാണോ ?
ഇന്‍സുലിന്‍ നിര്‍ബന്ധമായും എടുക്കേണ്ട ഏതാനും സന്ദര്‍ഭങ്ങള്‍ ഒഴിച്ചാല്‍ ഗുളികയും ഇന്‍സുലിനും തമ്മില്‍ വലിയ വ്യത്യാസം ഇല്ല. ഗുളിക കഴിച്ചു പ്രമേഹം ശരിയായ നിലയില്‍ ക്രമീകരിച്ച ഒരാള്‍ അത് മാറ്റി ഇന്സുലിനിലേക്ക് മാറേണ്ടതില്ല.. എന്നാല്‍ ഗുളികകള്‍ കൊണ്ട് പ്രമേഹം നിയന്ത്രിതമല്ലാത്ത സാഹചര്യത്തില്‍ ഇന്‍സുലിന്‍ എടുക്കാന്‍ താമസിച്ചുകൂടാ..

തുടക്കം മുതലേ ഇന്‍സുലിന്‍ എടുക്കുന്നതുകൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടോ ?
പ്രമേഹ രോഗ നിര്‍ണ്ണയം നടത്തപ്പെട്ട ഉടനെ തന്നെ ഷുഗര്‍ നില നിയന്ത്രണത്തില്‍ വരുത്തേണ്ടത് വളരെ പ്രധാനമാണ്. പലര്‍ക്കും പിഴവ് സംഭവിക്കുന്നത്‌ ഇക്കാര്യത്തിലാണ്. തുടക്കം തന്നെ മരുന്ന് കഴിക്കേണ്ട, ഭക്ഷണം നിയന്ത്രിച്ചാല്‍ മതിയല്ലോ എന്ന ഒരു വാദം പലരും ഉയര്‍ത്താറുണ്ട്. എന്നാല്‍ രോഗനിര്‍ണയ സമയത്ത് തന്നെ പ്രമേഹം വളരെ കൂടുതല്‍ ആണെങ്കില്‍ ഈ നിയന്ത്രണം മാത്രം മതിയാവില്ല.. ഉയര്‍ന്ന ഷുഗര്‍ നില പെട്ടെന്ന് തന്നെ കുറച്ചു കൊണ്ടുവരേണ്ടതുണ്ട്. ഇത്തരത്തില്‍ ഷുഗര്‍ നിയന്ത്രിക്കുന്നത് കൊണ്ട് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പല ഗുണങ്ങളും ഉണ്ട്. ഭാവിയില്‍ പ്രമേഹം കൊണ്ട് ഉണ്ടാകാവുന്ന പല പ്രശ്നങ്ങളും ഗണ്യമായ അളവില്‍ ഇല്ലായ്മ ചെയ്യാന്‍ തുടക്കത്തില്‍ ഉള്ള നിയന്ത്രണം സഹായിക്കും. ഷുഗര്‍ നില വളരെ ഉയര്‍ന്നു നില്‍ക്കുന്ന സമയത്ത് പല ഗുളികകളും ശരിയായ വിധത്തില്‍ പ്രവര്‍ത്തിക്കുകയുമില്ല. അതിനാല്‍ ഭക്ഷണ നിയന്ത്രണവും ഗുളികയും വച്ച് മാത്രം ഷുഗര്‍ കുറയാതെ വളരെ നാള്‍ വലിച്ചു നീട്ടുന്നത് അഭികാമ്യമല്ല. രോഗ നിര്‍ണ്ണയം നടത്തിയത് മുതല്‍ ഏതാനും ആഴ്ചകളോ മാസങ്ങളോ ഇന്‍സുലിന്‍ എടുക്കുന്നത് ഭാവിയില്‍ ഗുണം ചെയ്യുമെന്നാണ് പല പഠനങ്ങളും തെളിയിക്കുന്നത്. എന്നാല്‍ ഇന്‍സുലിന്‍ വെക്കുന്നത് ഗുളികകള്‍ കഴിക്കുന്ന അത്ര തന്നെ എളുപ്പം ആല്ലാത്തത് കൊണ്ടും പൊതുവേ ജനങ്ങള്‍ക്ക്‌ ഇന്സുലിനോടുള്ള വിമുഖതയുമാണ് ഇത്തരത്തില്‍ ചികിത്സിക്കാന്‍ പലപ്പോഴും ഡോക്ടര്‍മാര്‍ തയ്യാറാവാത്തത്.

പാവയ്ക്ക കഴിക്കുന്നത്‌ കൊണ്ട് കാര്യമുണ്ടോ?
കൈപ്പക്ക, നെല്ലിക്ക, മഞ്ഞള്‍, ഉലുവ തുടങ്ങിയവയ്ക്കെല്ലാം ഷുഗര്‍ ലെവല്‍ കുറക്കാന്‍ കഴിയും എന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എന്നാല്‍ പ്രായോഗികമായി ഇവയ്ക്ക് വലിയ ഉപയോഗം ഇല്ല. കാരണം എടുത്തു പറയത്തക്ക അളവില്‍ ഷുഗര്‍ കുറയണമെങ്കില്‍ ഇവ വളരെ വലിയ അളവില്‍ കഴിക്കേണ്ടതുണ്ട്. അത്തരം അളവില്‍ മേല്പറഞ്ഞ വസ്തുക്കള്‍ കഴിക്കല്‍ പ്രായോഗികമല്ല. ഷുഗര്‍ കുറയ്ക്കാന്‍ വേണ്ടി കഷ്ടപ്പെട്ട് പാവയ്ക്കാ ജ്യൂസ് കഴിക്കേണ്ടതില്ല എന്നാണ് എന്‍റെ വ്യക്തിപരമായ അഭിപ്രായം.
പഞ്ചസാരക്ക് പകരം ശര്‍ക്കര കഴിച്ചാല്‍ കുഴപ്പമില്ല എന്ന് പല രോഗികളും കരുതുന്നു . എന്നാല്‍ ഇത് തീര്‍ത്തും തെറ്റിദ്ധാരണയാണ്. പഞ്ചസാരയും ശര്‍ക്കരയും തമ്മില്‍ വളരെ ചെറിയ വ്യത്യാസം മാത്രമേ ഉള്ളൂ. പഞ്ചസാര പോലെ തന്നെ ശര്‍ക്കരയും ഒഴിവാക്കപ്പെടെണ്ടത് തന്നെയാണ്.
ഒരേ മരുന്ന് തന്നെ കുറേ കാലമായി കഴിക്കുന്നു, ഇതൊന്നു മാറ്റി വേറെ മരുന്ന് ആക്കി തരുമോ എന്ന ചോദ്യം വളരെ സാധാരണയായി കേള്‍ക്കുന്നതാണ്. ഒരേ മരുന്ന് കുറെ കാലം കഴിച്ചാല്‍ കിഡ്നി തകരാര്‍ വരുമോ എന്ന സംശയമാണ് ഇതിനു പിന്നില്‍. ഇത് തീര്‍ത്തും തെറ്റായ ധാരണയാണ്. കഴിച്ചു കൊണ്ടിരിക്കുന്ന മരുന്നുകൊണ്ട് ഷുഗര്‍ നിയന്ത്രണത്തില്‍ ആണെങ്കില്‍ അത് തന്നെ തുടരുന്നതാണ് ഏറ്റവും നല്ലത്.

പ്രമേഹം തീര്‍ത്തും മാറുമോ?
ഇന്നത്തെ നിലയില്‍ പ്രമേഹം തീര്‍ത്തും മാറ്റുന്ന ഒരു ചികിത്സയും നിലവില്‍ ഇല്ല. അത്തരം അവകാശ വാദങ്ങളില്‍ വഞ്ചിതരാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. മരുന്നുകള്‍ ഇല്ലാതെ തന്നെ പ്രമേഹം ഒരു കാലം വരേക്കു നിയന്ത്രിച്ചു നിര്‍ത്താം. എന്നാല്‍ അത് പ്രമേഹം മാറി പോവല്‍ അല്ല. ഷുഗര്‍ ലെവല്‍ ചികിത്സ കൊണ്ട് കുറഞ്ഞാല്‍ പലരും മരുന്ന് നിര്‍ത്തുന്നത് ഈ തെറ്റിദ്ധാരണ കൊണ്ടാണ്. ചികിത്സിച്ചു കൊണ്ടിരിക്കുന്ന ഡോക്ടര്‍ പറയാതെ ഒരു കാരണവശാലും മരുന്നുകള്‍ നിര്‍ത്താന്‍ പാടില്ല.

ഒരിക്കല്‍ ഇന്‍സുലിന്‍ എടുത്താല്‍ ജീവിത കാലം മുഴുവനും എടുക്കേണ്ടി വരുമോ?
പലപ്പോഴും ഇന്‍സുലിന്‍ എന്ന് പറയുമ്പോള്‍ കേള്‍ക്കേണ്ടി വരുന്ന ഒരു ചോദ്യം ആണിത്‌. ഉത്തരം വളരെ ലളിതമാണ്. പ്രമേഹ രോഗത്തിന്റെ ഏതു അവസ്ഥയിലാണ് ഇന്‍സുലിന്‍ തുടങ്ങുന്നത് എന്നതിനനുസരിച്ചിരിക്കും ഈ ചോദ്യത്തിനുള്ള ഉത്തരം. നേരത്തെ സൂചിപ്പിച്ച പോലെ ചില ആളുകളില്‍ പ്രമേഹം കണ്ടു പിടിക്കുന്ന സമയത്ത് തന്നെ ഷുഗര്‍ 600 -700 ഒക്കെ കാണാറുണ്ട്. ചിലപ്പോള്‍ അതിലും കൂടുതല്‍. ഇത്തരം സമയത്ത് ഇന്‍സുലിന്‍ അല്ലാതെ മറ്റു മരുന്നുകള്‍ വേണ്ട വിധം പ്രവര്‍ത്തിക്കാന്‍ സാധ്യത കുറവാണ്. ഇന്‍സുലിന്‍ ഉപയോഗിച്ച് ഷുഗര്‍ നില 200-300 ലേക്ക് കുറച്ചു കഴിഞ്ഞാല്‍ അത്തരം ആളുകള്‍ക്ക് പിന്നീട് ഗുളികകള്‍ വഴി പ്രമേഹം നിയന്ത്രിക്കാം. എന്നാല്‍ പ്രമേഹം തുടങ്ങി പത്തോ ഇരുപതോ വര്‍ഷങ്ങള്‍ക്കു ശേഷം പരമാവധി അളവില്‍ ഗുളികകള്‍ കഴിച്ചിട്ടും ഷുഗര്‍ നിയന്ത്രണത്തില്‍ ആവാത്ത ഒരാള്‍ക്കാണ് ഇന്‍സുലിന്‍ തുടങ്ങുന്നത് എങ്കില്‍ പിന്നീടങ്ങോട്ട് തുടര്‍ച്ചയായി എടുക്കേണ്ടി വരും. അത് ഇന്‍സുലിന്റെ കുഴപ്പം അല്ല..ശരീരത്തില്‍ ഇന്‍സുലിന്റെ അളവ് തീര്‍ത്തും കുറഞ്ഞു വരുന്നതുകൊണ്ടാണ്.
കൃത്രിമ മധുരങ്ങള്‍ (Artificial sugars) ഉപയോഗിക്കാമോ ?
പലതരം കൃത്രിമ മധുരങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. Aspartame, Sucralose എന്നിവയാണ് അവയില്‍ ഏറ്റവും പ്രചാരത്തില്‍ ഉള്ളവ. പഞ്ചസാരയെക്കാള്‍ നിരവധി മടങ്ങ്‌ കൂടുതലാണ് ഇവയുടെ മധുരം. അതിനാല്‍ വളരെ ചെറിയ അളവില്‍ ഉപയോഗിച്ചാല്‍ മതിയാകും. ഇവ എല്ലാം തന്നെ സുരക്ഷിതവുമാണ്. പരമാവധി ഒരു ദിവസം കഴിക്കാന്‍ അനുവദനീയമായതിലും വളരെ കുറച്ചു അളവ് മാത്രമേ നിത്യ ജീവിതത്തില്‍ ഉപയോഗിക്കേണ്ടി വരുന്നുള്ളു.

പ്രമേഹവും ഗര്‍ഭധാരണവും


ഗര്‍ഭ സമയത്ത് ആരംഭിക്കുന്ന പ്രമേഹം ശരിയായ ചികിത്സ വഴി നിയന്ത്രിക്കല്‍ വളരെ അത്യാവശ്യമാണ്. പ്രമേഹം നിയന്ത്രണ വിധേയമായില്ലെങ്കില്‍ കുഞ്ഞുങ്ങള്‍ക്ക്‌ ജനനവൈകല്യങ്ങള്‍ ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്. കുഞ്ഞിന്‍റെ വലിപ്പം കൂടുന്നത് മൂലമുണ്ടാകുന്ന മറ്റു പ്രശ്നങ്ങളും നിരവധിയാണ്. സാധാരണ സമയത്ത് ഉപയോഗിക്കുന്ന പല മരുന്നുകളും ഗര്‍ഭിണികളില്‍ ഉപയോഗിക്കാന്‍ കഴിയില്ല. ഇന്‍സുലിന്‍ തന്നെയാണ് ഗര്‍ഭകാലത്തെ സുരക്ഷിതമായ മരുന്ന്. നേരത്തെ തന്നെ പ്രമേഹ രോഗമുള്ളവര്‍ ഗര്‍ഭധാരണം ആസ്സൂത്രണം ചെയ്യുന്നുണ്ടെങ്കില്‍ ചുരുങ്ങിയത് 6 മാസം മുന്‍പെങ്കിലും ഒരുങ്ങേണ്ടതുണ്ട്. ഗര്‍ഭധാരണത്തിന് വളരെ മുന്‍പ് തന്നെ പ്രമേഹം മികച്ച നിയന്ത്രണത്തില്‍ കൊണ്ട് വരേണ്ടതാണ് . പ്രമേഹം ഗര്‍ഭസ്ഥ ശിശുവിനെ ബാധിക്കുന്നത് പരമാവധി കുറക്കാന്‍ ഇത് സഹായിക്കും.
ഡോക്ടറെ കാണാന്‍ പോവുമ്പോള്‍ ഷുഗര്‍ പരിശോധിക്കേണ്ടത് എങ്ങനെയാണ്?
പലപ്പോഴും വേണ്ടവിധത്തില്‍ മരുന്ന് കഴിക്കാതെയാണ്‌ രോഗികള്‍ ഷുഗര്‍ പരിശോധിച്ച് റിസള്‍ട്ട്‌ കൊണ്ട് വരാറ്. മരുന്ന് തീര്‍ന്നു, ഇനി രക്തം പരിശോധിച്ച് നോക്കിയ ശേഷം കഴിക്കാമല്ലോ എന്നായിരിക്കും പലരുടെയും ചോദ്യം. എന്നാല്‍ മാസത്തിലൊരിക്കല്‍ ഷുഗര്‍ നോക്കി വരാന്‍ പറയുന്നത് നിങ്ങളുടെ പ്രമേഹം മരുന്ന് കൊണ്ട് പൂര്‍ണ്ണമായി മാറിയോ എന്നറിയാനല്ല, മറിച്ചു ഡോക്ടര്‍ നിര്‍ദേശിച്ച മരുന്നുകള്‍ കഴിക്കുമ്പോള്‍ നിങ്ങളുടെ ഷുഗര്‍ നില നോര്‍മല്‍ ആണോ എന്നറിയാനാണ്. അപ്പോള്‍ പിന്നെ മരുന്ന് കഴിക്കാതെ പോയി പരിശോധിച്ചിട്ട് എന്ത് കാര്യം ! എല്ലാ രോഗികളും ഭക്ഷണം കഴിക്കാതെ പോയി ആദ്യം ഷുഗര്‍ പരിശോധിക്കണം. വെള്ളം കുടിക്കുന്നത് കൊണ്ട് കുഴപ്പമില്ല. ഇങ്ങനെ രക്തം കൊടുത്ത ശേഷം സാധാരണ കഴിക്കുന്ന എല്ലാ മരുന്നുകളും, ഇന്‍സുലിന്‍ ഉണ്ടെങ്കില്‍ അതും എടുത്ത ശേഷം സാധാരണ പോലെ ഭക്ഷണം കഴിച്ചു പിന്നീട് 2 മണിക്കൂര്‍ കഴിഞ്ഞു വീണ്ടും ഷുഗര്‍ പരിശോധിക്കണം. ഇത്തരത്തില്‍ ചെയ്യുന്ന റിസള്‍ട്ട്‌ കൊണ്ട് ഡോക്ടറുടെ അടുത്ത് പോയിട്ടേ കാര്യമുള്ളൂ.

പ്രമേഹത്തെ കുറിച്ചുള്ള ആശങ്കകള്‍ ഒരു കടലാണ്. അവയില്‍ ഒരു ഭാഗം പോലും ഈ ഒരു ലേഖനത്തില്‍ ഉള്‍പ്പെടുത്താന്‍ ആയിട്ടുമില്ല. പക്ഷെ, ചുരുങ്ങിയത് ഇത്രയെങ്കിലും അറിഞ്ഞിരിക്കുന്നത് പ്രമേഹമെന്ന അവസ്ഥയെ ( ശ്രദ്ധിക്കുക, പ്രമേഹം വിറ്റ് ജീവിക്കുന്നവര്‍ പറയുന്നത് പോലെ പ്രമേഹം ഒരു രോഗമല്ല,മറിച്ച് ഒരു ശാരീരികാവസ്ഥ മാത്രമാണ്) വിജയകരമായി കൈകാര്യം ചെയ്യാനുള്ള ശക്തി പകരും. ക്രമീകരിക്കാന്‍ കഴിയാത്ത വിധം സങ്കീര്‍ണവുമല്ല അത്. ഭക്ഷണവും വ്യായാമവും കൂടെ ശരീരത്തില്‍ ഗ്ലുക്കോസ് നിയന്ത്രണത്തില്‍ വന്നു പെട്ട പിഴവിനെ ക്രമീകരിക്കാനുള്ള മരുന്നുകളും ചേര്‍ന്നാല്‍ ഒരു പ്രമേഹരോഗിക്ക് മറ്റേതൊരു വ്യക്തിയെ പോലെയും സ്വസ്ഥമായ ജീവിതം നയിക്കാന്‍ സാധിക്കുകയും ചെയ്യും.


No comments:

Post a Comment