Friday 6 January 2017

പക്ഷിപ്പനി - സത്യവും മിഥ്യയും , Dr. Manoj Vellanadu


പിന്നേം പക്ഷിപ്പനി

           പക്ഷിപ്പനി.. അവന്‍ ദാ പിന്നേം വന്ന്.. മനുഷ്യനെ പേടിപ്പിക്കാനായിട്ട് ഇമ്മാതിരി കുറെ എണ്ണം ഉണ്ട്. H1N1, H5N1, H5N8... ഇടയ്ക്കിടയ്ക്ക് വന്നു നമ്മുടെ കിളികളെയൊക്കെ ഒന്ന് ബാധിച്ചു, നമ്മളേം ഒന്നുവിരട്ടി അങ്ങുപോകും. ഇപ്രാവശ്യം വരവ് H5N8 എന്ന പേരിലാണാൾ, ഇതിന്റെ ഭാഗമായി കുറെ താറാവുകൾക്ക് ജീവനും നഷ്ടപ്പെടുന്നു .
      
                                      പക്ഷിപ്പനി (AVIAN FLU) എന്ന് പറയുന്നത് സാധാരണ ജലദോഷം ഉണ്ടാക്കുന്ന വൈറസ്‌ ഇനത്തില്‍പെട്ട ഒരു വൈറസ്‌ രോഗമാണ്. ഒരു കുഞ്ഞുടുപ്പും (ENVELOPE) അതിനകത്ത് ഒരല്‍പം ജനിതക പദാര്‍ത്ഥവും (RNA) അല്പം പ്രോട്ടീനും മാത്രമുള്ള ഒരു ഇത്തിരിക്കുഞ്ഞനാണ് ഈ വില്ലന്‍. P C 369 എന്നൊക്കെ പഴയ സിനിമയിൽ വിളിക്കുന്ന കണക്ക് ഇടക്ക് H5 N1, H5 N 8 എന്നൊക്കെ വിളിക്കുന്നത് എന്താണ് എന്ന് സംശയം ഉണ്ടോ. . ആ ഉടുപ്പിൽ തള്ളി നിൽക്കുന്ന ഹെമഗ്ലൂട്ടിനിൻ ,ന്യൂറമിനിസേസ് എന്ന രണ്ട പ്രോട്ടീനുകൾ ആണ് ഇൻഫ്ലുവൻസ വൈറസുകളുടെ ജാതകം കുറിക്കുന്നത്. അതിലൊന്നായ H5N1 ജാതിയില്‍പെട്ട ആളാണ് ഈ പക്ഷിപ്പനിക്കാരന്‍. H5N7, H7N9 ഇവരും അസുഖം പരത്താറുണ്ട് . .


                                നമ്മള്‍ മനുഷ്യര്‍ (പര്യായം= എല്ലാറ്റിലും വലിയവര്‍, ആരെയും പേടി ഇല്ലത്തവര്‍), അണുബാധ ഉള്ള കോഴിയുമായോ താറാവുമായോ ഇടപഴകേണ്ടി വരുമ്പോള്‍, വൈറസിന്‍റെ കണ്ട്രോള്‍ പോയിട്ടാണ് അത് മനുഷ്യനിലേക്കുകൂടി പകരുന്നത്. അതുകൊണ്ടുതന്നെ വലിയൊരു ആരോഗ്യപ്രശ്നം പക്ഷിപ്പനി മനുഷ്യനില്‍ ഉണ്ടാക്കാറില്ല.. ജസ്റ്റ്‌ ഫോര്‍ എ ഹൊറര്‍.. അവരുടെ ഒരാഗ്രഹം.. മനുഷ്യനില്‍ ഈ രോഗം ചെറിയൊരു ജലദോഷത്തിന്‍റെ ലക്ഷണമായാണ് തുടങ്ങുന്നത്. മിക്കവരിലും ചെറിയ പനിയോ തലവേദനയോ മൂക്കൊലിപ്പോ തൊണ്ടവേദനയോ വന്നിട്ടങ്ങു പോകും. ചെങ്കണ്ണ്‍ ചിലരില്‍ കാണാം. പക്ഷെ മറ്റു പലകാരണങ്ങള്‍ കൊണ്ടും ആരോഗ്യം തൃപ്തികരമല്ലാത്തവരില്‍ രോഗം മൂര്‍ച്ചിക്കാന്‍ സാധ്യത ഉണ്ട്. ന്യുമോണിയ, തലച്ചോറിനെ ബാധിക്കുന്ന പനി എന്നിവ ഉ
ണ്ടായാല്‍ അത് ഗുരുതരമാണ്. മനുഷ്യനെ ബാധിക്കുന്ന 90% പക്ഷിപ്പനിയും താരതമ്യേന വീര്യം കുറഞ്ഞ പനികളാണ്.. പക്ഷികള്‍ക്ക് പക്ഷെ പണി കിട്ടും..
ഇങ്ങനെ പണി കിട്ടിയ പക്ഷികളുമായി അടുത്തിടപഴകുന്ന ആള്‍ക്കാര്‍- പക്ഷി വളര്‍ത്തുകേന്ദ്രങ്ങളിലെ ജീവനക്കാര്‍, അവയുടെ കാഷ്ടങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍, ഇറച്ചിക്കടയിലെ ജീവനക്കാര്‍, ആരോഗ്യപ്രവര്‍ത്തകര്‍- ക്കാണ് ഇത് പകര്‍ന്നു കിട്ടാന്‍ കൂടുതല്‍ സാധ്യത. മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക് ഈ പനി പകരുന്നത് വിരളമാണ്. അതൊക്കെ കൊണ്ടുതന്നെ ഒരുപാടൊന്നും ഇതിനെയോര്‍ത്ത് ഭയപ്പെടെണ്ടതില്ല.. എന്നിരുന്നാലും നമുക്ക് ചെയ്യാന്‍ പറ്റുന്ന ചില മുന്‍കരുതലുകള്‍ ചെയ്യുക തന്നെ വേണം.. കാരണം അസുഖം വരാതിരിക്കുക എന്നത് തന്നെയാണ് ഏറ്റവും പ്രധാനം.. മാത്രമല്ല ഈ ഇനം വൈറസുകള്‍ നിമിഷം തോറും ജനിതകമാറ്റങ്ങള്‍ക്ക് വിധേയരാകുന്നവരാണ്. വിശ്വസിക്കാന്‍ പറ്റില്ലാ.. (നമ്മള്‍ പഴയ നമ്മളാ.. പക്ഷെ വൈറസ് പഴയ വൈറസ് ആകണമെന്നില്ല..)

എന്തൊക്കെയാണ് നമ്മളെക്കൊണ്ട് ചെയ്യാനൊക്കുന്നത്?

                          പക്ഷിപ്പനി ബാധിച്ച ജീവികളുടെ ശവശരീരം, മുട്ട, കാഷ്ടം തുടങ്ങിയ വസ്തുക്കളോ കൈകാര്യം ചെയ്യുന്നതില്‍ നിന്നും ഈ രോഗം വരാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷകര്‍, ഫാം തൊഴിലാളികള്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ ശ്രദ്ധാലുക്കളാവുക. എന്നുകരുതി നമുക്ക് കോഴിയിറച്ചീം മുട്ടേമൊന്നും ഇല്ലാതെ പറ്റില്ലല്ലോ.. അതുകൊണ്ട്, സാധാരണ വീട്ടാവശ്യത്തിനുപയോഗിക്കുന്ന മുട്ട, കോഴിയിറച്ചി എന്നിവ കൈകാര്യം ചെയ്യുമ്പോള്‍ ചില മുന്‍കരുതലുകള്‍ എടുത്താല്‍ ഭയപ്പെടേണ്ട കാ‍ര്യമില്ല :

1. പക്ഷിയിറച്ചി, മുട്ട എന്നിവ കൈകാര്യം ചെയ്തുകഴിഞ്ഞാല്‍ കൈകള്‍ വൃത്തിയായി അര മിനുട്ട് നേരമെങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക.

2. ഇറച്ചി വെട്ടി കഴുകുകയോ മറ്റൊ ചെയ്യുമ്പോള്‍ മറ്റു ഭക്ഷണങ്ങളില്‍ നിന്നും മാറ്റി, വൃത്തിയുള്ള പലക, കത്തി എന്നിവയുപയോഗിച്ച് അതു ചെയ്യുക
.
3. മുട്ടയുടെ പുറം നന്നായി കഴുകിയതിനു ശേഷം മാത്രം ഉടയ്ക്കുക.

4. മുട്ട പുഴുങ്ങിയോ പൊരിച്ചോ മാത്രം ഉപയോഗിക്കുക. പാ‍തി വേവിച്ചതോ ബുള്‍സ് ഐ ആക്കിയതോ ഉപയോഗിക്കുന്നതൊഴിവാക്കുക. പച്ചമുട്ട പാചകവിഭവങ്ങളില്‍ ചേര്‍ക്കുന്നത് പക്ഷിപ്പനിക്കാലത്തേയ്ക്കെങ്കിലും ഒഴിവാക്കുക.

5. മുട്ട, ഇറച്ചി എന്നിങ്ങനെയുള്ളവ മറ്റു ഭക്ഷണ പദാര്‍ത്ഥങ്ങളുമാ‍യി ഇടകലര്‍ത്തി വയ്ക്കരുത്. വാങ്ങിയാല്‍ കഴിവതും ഫ്രിഡ്ജിലും മറ്റും വയ്ക്കാതെ വേഗം ഉപയോഗിച്ചു തീര്‍ക്കണം.

6. പക്ഷിപ്പനിയുടെ പേരില്‍ വീട്ടില്‍ വളര്‍ത്തുന്ന പാവം കോഴിയെയും താറാവിനേയും കൊല്ലേണ്ടകാര്യമില്ല. വളര്‍ത്തു പക്ഷികള്‍ക്കും മറ്റും എന്തെങ്കിലും പ്രശ്നങ്ങള്‍ കണ്ടാല്‍ മൃഗഡോക്ടറെ കാണിക്കാന്‍ ഒട്ടും അമാന്തിക്കരുത്
.
7. പനിയെക്കാൾ വേഗം പരക്കുന്ന കഥകൾ വിശ്വസിച്ച് ഭയപ്പെടാതിരിക്കുക
മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് ഇവന്‍ എത്തുന്നത് പ്രധാനമായും തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തേയ്ക്ക് തെറിയ്ക്കുന്ന സ്രവങ്ങളില്‍ക്കൂടിയാണ്.. നമുക്ക് പിന്നെ പാരമ്പര്യമായികിട്ടിയ അസാധാരണമായ പൗരബോധവും സാമൂഹ്യബോധവും കൈമുതലായി ഉള്ളതിനാല്‍ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴുമൊക്കെ വായും മൂക്കും പൊത്തുന്നതുകൊണ്ട് ആ പേടി ഇല്ല.. തുമ്മാത്തവന്‍ തുമ്മുന്നവന്‍റെ അടുത്താണെങ്കില്‍ സ്വന്തം മൂക്കുപൊത്തുന്നത് നല്ലൊരു പ്രതിരോധമാര്‍ഗമാണ്..

മനുഷ്യനില്‍ രോഗം പിടിപെട്ടു കഴിഞ്ഞാല്‍ രോഗതീവ്രത കുറയ്ക്കാനുള്ള മരുന്നൊക്കെ ഇപ്പോള്‍ ലഭിക്കുന്നുണ്ട്. എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ ചികിത്സിക്കുക.. കുറച്ചുനാളത്തെയ്ക്കെങ്കിലും ജലദോഷത്തിനു സ്വയം ചികിത്സ നിര്‍ത്തി വയ്ക്കുക.., ഒന്നുപോയി ഡോക്ടറെ കണ്ടു വരാന്‍ ഉപദേശിക്കുക..

ആര്‍ക്കും പക്ഷിപ്പനിവരാത്ത ഒരു കിനാശേരിയാണ് നമ്മുടെ സ്വപ്നം.. അത് സാധ്യമാകട്ടെ ....
facebook.com/infoclinicindia


No comments:

Post a Comment