Thursday 2 February 2017

കുട്ടികളിലെ അപായ സാധ്യതകൾ- Purushothaman Kuzhikkathukandiyil

ഡോ:പുരുഷോത്തമൻ AUTHOR(തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ശിശുരോഗവിഭാഗം മേധാവി) തയ്യാറാക്കിയ ലേഖനം.


നമ്മൾ വലിയവർക്കു എന്തെങ്കിലും അസുഖം വരുമ്പോൾ ഉള്ളതിനേക്കാൾ ,വീട്ടിലെ കുഞ്ഞുങ്ങൾക്ക് അസുഖം ഉണ്ടാവുമ്പോഴാണ് നമ്മൾ ഏറെ മനോവിഷമം അനുഭവിക്കുന്നത് .അസുഖം മുഴുവൻ മാറി ,കുഞ്ഞു പൂർണ ആരോഗ്യാവസ്ഥ പ്രാപിക്കും വരെ നമ്മൾ അനുഭവിക്കുന്ന ആധി ചെറുതല്ല .എന്നാൽ ഒട്ടും പ്രതീക്ഷിക്കാതെ പൂർണ ആരോഗ്യമുള്ള ഒരു കുഞ്ഞു ഒരപകടത്തിൽ പെടുമ്പോഴോ ചിലപ്പോഴെങ്കിലും അത് മൂലം മരണം സംഭവിക്കുമ്പോഴോ ,അതൊരിക്കലും മറക്കാൻ ആവാത്ത മുറിവായി ജീവിതകാലം മുഴുവൻ നമ്മളെ വേട്ടയാടും .
കുട്ടികൾക്ക് സംഭവിക്കാൻ സാധ്യതയുള്ള അപകടങ്ങളെ കുറിച്ച് കുറച്ചൊക്കെ അറിവും അത് തടയാനുള്ള ശ്രദ്ധയും മുൻകരുതലും നമ്മൾ കാട്ടിയാൽ ഇവയിൽ പലതും ഒഴിവാക്കാൻ പറ്റും
മുതിർന്നവർക്കു സംഭവിക്കാറുള്ള രീതിയിലുള്ള അപകടങ്ങളിൽ പലതും കുട്ടികളിലും ഉണ്ടാവാറുണ്ട് എങ്കിലും കുട്ടികളുടെ ഇടയിലുള്ള അപകടങ്ങളുടെ കാരണങ്ങൾ പലപ്പോഴും വ്യത്യസ്തമാ ആണ് . ഈ അപകടങ്ങളുടെ പട്ടിക വളരെ നീണ്ടതാണെന്നിരിക്കെ നമ്മൾ സാധാരണമായി അഭിമുഘീകരിക്കുന്ന ചിലതിനെ കുറിച്ച് മാത്രം ഇവിടെ പറയാം .
കുട്ടികൾക്ക് മുട്ടിലിഴയുന്ന പ്രായം തൊട്ടു ഏകദേശം ആറു വയസ്സ് ആവുന്നത് വരെയുള്ള കാലത്താണ് അപകടങ്ങൾ ഏറെയും ഉണ്ടാവുന്നത് .ഇതിനു ശേഷം ഇത്തിരി കാലം ഒന്ന് കുറഞ്ഞ ശേഷം കൗമാര പ്രായം ആവുമ്പൊ അപകടങ്ങളുടെ കണക്കുകൾ കൂടുന്നതായാണ് കാണുന്നത് പ്രത്യേകിച്ച് ആൺകുട്ടികളിൽ . ഇത്രയും പറഞ്ഞത് കൊണ്ട് നവജാത ശിശുക്കളിലും തീരെ ചെറിയ പ്രായത്തിലും അപകടങ്ങൾ ഒന്നും ഉണ്ടാവില്ല എന്നർത്ഥമില്ല . അമ്മയും കുഞ്ഞും എന്ന സങ്കല്പം ആദ്യം നമ്മുടെ മനസ്സിൽ ഉണർത്തുന്ന ചിത്രം ഉണ്ണിയെ തൊട്ടിലിൽ കിടത്തി താരാട്ടു പാടി ഉറക്കുന്ന അമ്മയുടേതാണ് .ഇത് തുണി കൊണ്ട് കെട്ടിയ തൊട്ടിൽ ആവുമ്പൊ അമ്മയുടെ കണ്ണ് തെറ്റിയാൽ ചിലപ്പോ തൊട്ടിലില് തുണിയോ ചെറിയ തലയിണയോ കൊണ്ട് ശ്വാസ തടസ്സം വന്നു കുഞ്ഞിന് അപകടം സംഭവിക്കാം .
മറ്റൊരു കാര്യം ആഹാര പദാർത്ഥങ്ങൾ കുഞ്ഞിന്റെ ശ്വാസ നാളത്തേക്ക് കയറുന്നതാണ് .തല ഉയർത്തി വെച്ച് ആഹാരങ്ങൾ കൊടുക്കുന്നതിനു പകരം കാലിൽ മലർത്തി കിടത്തി വായിൽ കോരി ഒഴിച്ച് കൊടുക്കുന്നത് ഇതിനു ഇടയാക്കും .

ഏട്ടൻമ്മാരുടെ ഇഷ്ടം കൂടിയാൽ

വീട്ടിൽ ഒരുണ്ണി പിറക്കുമ്പോ ഇത്തിരി മൂത്ത ഏട്ടനോ ചേച്ചിക്കൊ ഇഷ്ട്ടം കൂടി അവർക്കും തോന്നും കുഞ്ഞിന് ആഹാരങ്ങൾ വായിൽ വെച്ച് കൊടുക്കാൻ . അമ്മയുടെ കണ്ണ് തെറ്റുമ്പോ കയ്യിലുള്ള മിട്ടായിയും , കളിപ്പാട്ടത്തിന്റെ ഇത്തിരി ഭാഗങ്ങളും , വായിലോ മൂക്കിലോ ചെവിയിലോ വെച്ച് കൊടുക്കും ,ഇഷ്ട്ടം കൊണ്ടാവും .ചിലപ്പോ കുഞ്ഞിനെ പൊക്കിയെടുത്തു നടക്കാനും അപ്പൊ താഴെ ഇടാനും സാധ്യത ഏറും . ഇത്തിരിയും കൂടി വല്യ ഏട്ടൻമ്മാർ കുഞ്ഞുങ്ങളെ കളിപ്പിക്കാൻ വായുവിൽ എറിഞ്ഞു പിടിക്കുന്നതും അബദ്ധത്തിൽ നിലത്തു വീണു ഗൗരവമുള്ള അപകടങ്ങൾ ഉണ്ടാവുന്നതും കുറവല്ല .
കുഞ്ഞുങ്ങളെ ഉയരത്തില്‍ എറിഞ്ഞു പിടിക്കുന്നത്‌ ഷേക്കന്‍ ബേബി സിണ്ട്രോം എന്ന ഗുരുതര രോഗത്തിന് കാരണം ആവാം,കൂടുതല്‍ അറിയാന്‍ https://www.facebook.com/infoclinicindia/posts/1161271410657368

ആഭരണങ്ങൾ

കൊച്ചു കുഞ്ഞുങ്ങളുടെ അമ്മമാരുടെ ആഭരണങ്ങൾ ചിലപ്പോ മുറിവുണ്ടാകാറുണ്ട് . അത് പോലെ കുഞ്ഞുങ്ങളുടെ വിരലുകളിൽ അണിയിക്കുന്ന മോതിരങ്ങൾ ഉറിഞ്ചി കുടിക്കുന്നതിനിടയിൽ വിഴുങ്ങി പോകാറുണ്ട് . വസ്ത്ര ധാരണത്തിനു ഉപയോഗിക്കുന്ന സേഫ്റ്റി പിന്നുകളും മുടി കെട്ടി വെക്കുന്നതിനു ഉപയോഗിക്കുന്ന പിന്നുകളും കോറി വരഞ്ഞു മുറിവ് സംഭവിക്കാം . നേർത്തെങ്കിലും പൊട്ടാത്ത തരത്തിലുള്ള നൂലിഴകളും ചിലപ്പോ തലനാരിഴകളും ആൺ കുട്ടികളുടെ ജനനേന്ദ്രിയങ്ങളിലും വിരലുകളിലും ചുറ്റി വരിഞ്ഞു രക്ത പ്രവാഹം തടസ്സപ്പെടാം .
കാണുന്നതെന്തും കൈക്കലാക്കാനുള്ള ഔൽസുക്യം നേരത്തെ തന്നെ തുടങ്ങും എങ്കിലും എവിടെ വേണമെങ്കിലും ചെന്നെത്തി അത് കൈക്കലാക്കാം എന്ന അവസ്ഥ കൈവരുന്നത് മുട്ടിൽ ഇഴയാൻ തുടങ്ങുമ്പോഴാണ് . ഒന്ന് കണ്ടു , ഒന്ന് തൊട്ടു നോക്കിയാലുംക് മതി വരില്ല ഇപ്രായക്കാർക്കു . അത് വായിലേക്ക് കൊണ്ട് ചെന്നാലേ തൃപ്തിയാവൂ .
മൂർച്ചയുള്ളതിനെ കയ്യിൽ പിടിച്ചു മുറിവേല്ക്കാം , തീയിലേക്ക് കൈ നീട്ടി പൊള്ളലേൽക്കാം ,പാമ്പ് കടിയോ പട്ടിയുടെയോ പൂച്ചയുടെയോ കടിയും മാന്തും കൊള്ളാം .വായിലേക്ക് എടുത്ത് വെക്കുന്നത് ചിലപ്പോ വിഷ വസ്തുക്കൾ ആവാം . വയറിലെ അണുബാധയും വിരശല്യവും ഒക്കെ ഉണ്ടാവാനും സാധ്യത ഏറെ ഉള്ളൊരു കാലഘട്ടം ആണിത് .

കുളത്തിലും പുഴയിലും എന്തിനു ബക്കറ്റിൽ വരെ അപകടം പതിയിരിക്കുന്നു

കുളത്തിലും പുഴയിലും കുളിക്കുവാൻ പോയി ഒഴുക്കിൽ പെട്ട് അപകടം ഉണ്ടാവുന്നത് ഇത്തിരി കൂടി പ്രായം കൂടിയോർക്കു ആണെങ്കിലും ഈ ചെറു പ്രായത്തിൽ നമ്മൾ തീരെ ആലോചിക്കാത്ത വിധം മുങ്ങി മരണങ്ങൾ സംഭവിക്കാറുണ്ട് .ബക്കറ്റിലും മറ്റും പിടിച്ചു വെച്ച വെള്ളത്തിലേക്ക് വീണു .
മുന്നിൽ കാണുന്നതെന്തും അവനു നല്ലതു മാത്രം . അതിന്റെ നല്ലതല്ലാത്ത വശം അവൻ അനുഭവത്തിൽ നിന്നാണ് അറിയുന്നത് . നല്ലതും ചീത്തയും വേർതിരിച്ചറിയുന്നത് വരെയുള്ള കാലഘട്ടം മുഴുവൻ മുൻപറഞ്ഞ അപകടങ്ങൾക്കു സാധ്യത ഉണ്ട് . അപടകങ്ങൾ ഒഴിവാക്കാൻ എന്തിനും ഏതിനും അരുതുകളും നിരുത്സാഹപ്പെടുത്തലുകളും ഏറെ ആവുകയുമരുത്.കണ്ടും അനുഭവിച്ചും അറിയുന്നത് വളർച്ചയുടെയും ബുദ്ധി വികാസനത്തിന്റെയും അനിവാര്യത ആണ് . നമ്മുടെ നിലപാടുകൾ ഇതിനു രണ്ടിനും ഇടയിലായിരിക്കണം. കണ്ടു കൊണ്ടൊരു വേലി കെട്ടി അനുവദിക്കാവുന്നത് അനുവദിച്ചു കൊണ്ട് .

മരുന്നും ഗുളികയും

ഒന്ന് രണ്ടു വയസ്സുകാരുടെ മറ്റൊരു ഇഷ്ടം വലിയോരു ചെയ്യുന്നതെന്തും അത് പോലെ അനുകരിക്കുന്നതാണ് . നമ്മൾ ചെയ്യുന്ന നല്ല കാര്യങ്ങൾ കണ്ടു പഠിക്കുന്നത് നല്ലത് തന്നെ . എന്നാൽ ചിലപ്പോ അത്രയൊന്നും ആലോചിക്കാതെ നമ്മൾ ചെയ്യുന്ന ചില കാര്യങ്ങൾ അനുകരിച്ചു അക്കിടി പറ്റാറുണ്ട് . അച്ഛനും അമ്മയും പുറത്തേക്കു പോയാൽ അപ്പൂപ്പനും അമ്മൂമ്മയും ആകും അവരുടെ കളിക്കൂട്ടുകാർ . കളിയും കഥയും അനുഭവവും ഒക്കെ പുതിയ തലമുറയിലേക്കു പകർന്നു കൊടുക്കുന്ന അപ്പൂപ്പൻമ്മാർ ഒരു പരിധി വരെ അച്ഛനമ്മമാരുടെ തിരക്കുകൾക്ക്‌ പരിഹാരം ആവുന്നുണ്ട് . പലപ്പോഴും ഇവരാവും കുട്ടികളുടെ റോൾ മോഡലുകൾ . ഊണ് മേശയിൽ ഒരുമിച്ചിരുന്നു കാളി തമാശ പറഞ്ഞു ആസ്വദിച്ചു ആഹാരം കഴിക്കുന്നത് ശരി . എന്നാൽ അതിന്റെ ഒടുവിൽ മരുന്ന് പാത്രം തുറന്നു ഗുളികകൾ എടുത്തു ഒന്നൊന്നായി വായിലിട്ടു ഒരു കവിൾ വെള്ളവും അകത്താക്കി ഏമ്പക്കം വിടുന്നത് ഇവർ ഇത്തിരി കൗതുകത്തോടെ നോക്കി കാണും . അതെന്തോ വലിയ കാര്യം ആണെന്ന് ധരിച്ചു അതൊന്നു പ്രയോഗിച്ചു നോക്കാൻ തക്കം പാർത്തു ഇരിക്കും , കണ്ണ് തെറ്റുമ്പോ അത് പ്രയോഗത്തിൽ വരുത്തുകായും ചെയ്യും . വാർധക്യ കാലത്തു ഓർമ്മ പിശക് പതിവാണല്ലോ . പ്രേഷറിന്റെയും ഷുഗറിന്റെയും ഒക്കെ ഗുളികകൾ വെച്ചിടത് മറക്കും , ചിലപ്പോ സ്ട്രിപ്പ് പൊട്ടിക്കുമ്പോ താഴെ പോകും . തിരഞ്ഞു നോക്കി ചെലപ്പോ കാണാതെ പോവും . ഉച്ചയാവുമ്പോ ആവും ഒരു കുഴപ്പവും ഇല്ലാത്ത കുഞ്ഞിന് കുഞ്ഞിന്റെ ബോധം പോയി ആശുപത്രിയിൽ എത്തിപ്പെടുന്നത് . പ്രമേഹത്തിന്റെ ഗുളികകൾ കഴിച്ചു പോയി ഷുഗർ ലെവൽ വളരെ കുറഞ്ഞു അപസ്മാരം ഇളകിയോ , പ്രേഷറിന്റെ ഗുളിക കഴിച്ചു ബിപി നന്നേ താഴെ പോയോ ഒക്കെ ഗൗരവ നിലയിൽ ആവും എത്തിപ്പെടുന്നത് . കാര്യമറിയാതെ മണിക്കൂറുകളോളം ഡോക്ടർമാരുടെ മുൻപിൽ ചോദ്യ ചിഹ്നമായി ഒരു പാട് പരിശോധനകളും കഴിഞ്ഞ ശേഷം ആവും പതിയെ ഈ കഥയുടെ ചുരുളഴിയുന്നത് . അപ്പോഴേക്കും ചിലപ്പോ വിലപ്പെട്ട സമയം നഷ്ടപ്പെടാനും ജീവൻ തന്നെ അപകടത്തിൽ ആവാനും വഴിയുണ്ട് . ഭക്ഷണ മേശയിൽ മരുന്നുകൾ വെക്കുന്നതും കുട്ടികളുടെ മുൻപിൽ വെച്ച് മരുന്നുകൾ കഴിക്കുന്നതും ഒഴിവാക്കണം .

മണ്ണെണ്ണ

പണ്ട് പാചകത്തിന് മണ്ണെണ്ണ ഉപയോഗിക്കുന്നതു പതിവായിരുന്നു . ഇപ്പോൾ അത് കുറവാണെങ്കിലും മറ്റെന്തെങ്കിലും ഒക്കെ ആവശ്യങ്ങൾക്ക് ഇത്തിരി എങ്കിലും മണ്ണെണ്ണ സൂക്ഷിക്കാത്ത വീടുകൾ കുറവാണ് . എന്നാൽ പലപ്പോഴും വീടുകളിൽ ഇത് സൂക്ഷിക്കുന്നത് തീരെ അലക്ഷ്യമായി ആണ് . കുട്ടികൾക്ക് കയ്യെത്തിപ്പിടിക്കാവുന്ന ഇടത് ,പലപ്പോഴും കുടിക്കുന്ന വെള്ളം വെക്കുന്ന അതെ കുപ്പിയിലോ പാത്രങ്ങളിലോ ആവും . ചില കുട്ടികൾക്ക് മണ്ണെണ്ണയുടെ മണവും ഇഷ്ട്ടമാണ് . ഒരിത്തിരി എടുത്തു വായിൽ കമിഴ്ത്തിയില് മഴവെള്ളത്തിൽ ഒരു തുള്ളി വീണാലത്തെ പോലെ ആവും ,ഒരു പാട പോലെ ശാസനാളത്തിലും ശാശകോശ ഭിത്തികളിലും ആകെ പടരും. ശ്വാസ തടസ്സവും ചുമയും പിന്നീട് അണുബാധയും ഒക്കെയായി ഒരു പാട് ദിവസത്തെ ആശുപത്രി വാസവും ചിലപ്പോഴെങ്കിലും ജീവഹാനിക്കും ഇടയാകും .
ഇതിനു മാത്രമായി പ്രത്യൗഷധങ്ങൾ ഒന്നും ചെയ്യാനുമില്ല .
വീടും ഫർണിച്ചറും പെയിന്റ് ചെയ്ത ശേഷം ബാക്കി വരുന്ന പൈന്റും ട്ടർപന്റൈനും വാർണീഷും ഒക്കെ ഇത് പോലെ തന്നെ അപകടം വരുത്താറുണ്ട് . കാർഷിക വൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നവരുടെ വീടുകളിൽ പലപ്പോഴും പല തരത്തിലുള്ള കീട നാശിനികൾ കരുതി വെക്കുന്നത് സാധാരണം ആണ് . അവയിൽ ഏറ്റവും അപകടകാരി ആയത് ഓര്ഗാനോ ഫോസ്ഫറസ് വിഭാഗത്തിൽ പെട്ട കീടനാശിനികൾ ആണ് . അതീവ ഗുരുഅത്തരമായ വിഷബാധയും മിക്കപ്പോഴും മരണത്തിലേക്ക് നയിക്കാവുന്നവയും ആണ് ഇവ . കൃഷിയാവശ്യങ്ങൾക്കുപയോഗിച്ചു ബാക്കി വരുന്ന കീട നാശിനികൾ കുഞ്ഞുങ്ങൾക്ക് കിട്ടാൻ ഇടയായാൽ ഇവ വായിലൂടെ മാത്രമല്ല തോക്കിലൂടെയും , കണ്ണിലൂടെയും മൂക്കിലൂടെയും എല്ലാം ആഗിരണം ചെയ്യപ്പെടാം. എപ്പോഴെങ്കിലും വായിലെടുത്തു ഒഴിച്ച നിലയിലോ ദേഹത്ത് നനഞ്ഞതായി കണ്ടാലോ എത്രയും പെട്ടെന്ന് നനഞ്ഞ വസ്ത്രങ്ങൾ മാറ്റി സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക. എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിച്ചു വയറു കഴുകണം . കുട്ടിയെ ആശുപത്രിയിൽ എത്തിക്കുന്നതോടൊപ്പം ബാക്കിയായ മരുന്ന് ലേബൽ കളയാതെ ഡോക്ടറുടെ അടുത്ത് കൊണ്ട് വരണം . കീട നാശിനികളിൽ പല തരാം ഉണ്ടെന്നു പറഞ്ഞല്ലോ . അതിൽ ചിലതിനു പ്രത്യൗഷധം ചെയ്യാൻ പറ്റുന്നതുണ്ട് , പറ്റാത്തതുമുണ്ട് . ഇതിന്റെ രാസ നാമം അറിഞ്ഞാലേ ഇത് തീരുമാനിക്കാൻ പറ്റൂ . കുപ്പിയിൽ നിന്ന് എത്ര അകത്തു ചെന്ന് എന്നും അറിയാൻ സഹായിക്കും ഇത്

മുറിവും ഒടിവും ചതവും

കുട്ടികൾ സ്‌കൂളിൽ ചേരുന്ന പ്രായം ആവുമ്പോഴേക്കും ഓട്ടവും ചാട്ടവും , മരത്തിലും മതിലിലും വലിഞ്ഞു കയറുന്നതും ഒക്കെ ആവും അവരുടെ രീതികൾ . മുറിവും ചതവും ഒടിവും ഒക്കെ ആവും ഇപ്രായത്തിൽ ഏറെ .രക്ഷാ കർത്താക്കൾ പോലെ തന്നെ സ്‌കൂളിലെ അദ്യാപകരും കുഞ്ഞുങ്ങൾക്ക് അപകടം പറ്റാൻ സാധ്യത ഉള്ള സാഹചര്യങ്ങൾ മുൻകൂട്ടി കാണണം. വീടായാലും സ്‌കൂൾ ആയാലും അവയുടെ നിർമ്മാണ ഘട്ടം തൊട്ടിങ്ങോട്ടുള്ള ഓരോ തലത്തിലും കുഞ്ഞുങ്ങളുടെ സുരക്ഷക്ക് പ്രാധാന്യം നൽകി കൊണ്ടാവണം പ്ലാൻ ചെയ്യുന്നത് . തറയുടെ ഉയരം , കോണിപ്പടികളുടെ ഉയരവും വീതിയും , കൈപ്പിടികളും സൗകര്യം , നിലത്തെ ടൈലുകൾ വഴുക്കലും ഒക്കെ കുട്ടികളുടെ അപകട സാധ്യത കൂടി കണക്കിലെടുത്തു വേണം തീരുമാനിക്കാൻ. അംഗ പരിമിതരായ കുട്ടികളുടെ സൗകര്യവും ഇക്കാര്യത്തിൽ കണക്കിലെടുക്കണം .
കുട്ടികള് വൈദ്യുത ആഘാതം ഏൽക്കാൻ ഒരു തരത്തിലും സാധ്യത ഇല്ലാത്ത വിധത്തിൽ ആവണം വൈദ്യുതീകരണം ചെയ്യേണ്ടത് .

തീപ്പൊള്ളലുകൾ

തീപ്പൊള്ളലുകൾ ആണ് മറ്റൊന്ന് . . അടുക്കളയിൽ മണ്ണെണ്ണയോ വിറകോ ഉപയോഗിക്കുന്പോഴോ മണ്ണെണ്ണ വിളക്കുകൾ ഉപയോഗിക്കുമ്പോഴോ കുട്ടികൾക്ക് പൊള്ളൽ നിൽക്കാനുള്ള സാധ്യതകൾ മുൻകൂട്ടി കാണണം .
പലപ്പോഴും ആഘോഷ അവസരങ്ങളിൽ ആണ് ഇത്തരം അപകടങ്ങൾ കൂടുതലും സംഭവിക്കുന്നത്. ശബ്ദവും വെളിച്ചവും എന്നും നമ്മൾ ബലഹീനതകൾ ആണ് . തൃശൂർ പൂരവും വെടിക്കെട്ടും നെഞ്ചിലേറ്റാത്ത മലയാളികൾ ഇല്ല. എന്നാൽ ഒപ്പം ഉണ്ടാവുന്ന അപകടങ്ങൾ കുറെ കണ്ണീർ കഥകൾ ബാക്കി ആക്കുന്നു . കമ്പിത്തിരിയും പടക്കവും സൂക്ഷതയില്ലാതെ കൈ കാര്യം ചെയ്തു കയ്യും കണ്ണും നഷ്ട്ടപ്പെടുന്ന ബാല്യം എങ്ങനെ ഉനാവാതിരിക്കും എന്നത് നമ്മൾ ഓരോരുത്തരും മനസ്സ് വെക്കണം . തീയും പുകയും കണ്ണീരും വേദനയും ഇല്ലാത്ത നിറവും സംഗീതവും കൊണ്ടാവണം നമ്മളുടെ ആഘോഷങ്ങൾ .
സ്‌കൂളിൽ വിടുന്ന കാലഘട്ടത്തിൽ ആൺ കുട്ടികളെ ഇടുവിക്കുന്ന ട്രൗസറുകളിൽ സിബ് ഉള്ളവ ആണെങ്കിൽ ശ്രദ്ധിക്കണം . അടിയിൽ മറ്റൊരു കുഞ്ഞു ഷഡി വേണം. മൂത്രമൊഴിച്ചു ധൃതിയിൽ സിബ് ഇടുമ്പോ “ശുന്നാ മണി “ സിബിൽ പെടും . അഥവാ പെട്ടാലും , അതങ്ങനെ തന്നെയോ , ട്രൗസർ തുണിയുടെ അതിന്റെ ചുറ്റും വെട്ടിയെടുത്തു കൊണ്ടോ ആസ്പത്രിയിൽ കൊണ്ട് വരണം. പിടിച്ചു വലിച്ചു എടുക്കാൻ ശ്രമിക്കരുത് .

കടിയും കുത്തും

പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ ഭൂരിഭാഗവും പ്രായമുള്ളവരിൽ ആണ് . പാമ്പുകൾ കൂടുതൽ ഉള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരിലും രാത്രി കാലങ്ങളിൽ യാത്ര ചെയ്യുന്നവആർക്കും ആണ് ഇതിനു സാധ്യത കൂടുതൽ , എന്നാൽ കുട്ടികളിൽ പാമ്പ് കടിയേറ്റു മരണം അടയുന്ന അവസരങ്ങൾ അപൂർവ്വം അല്ല .പ്രത്യേകിച്ച് നാട്ടും പുറങ്ങളിൽ നിന്ന് . വീടിന്റെയും സ്‌കൂളിന്റെയും പരിസരങ്ങൾ, കുട്ടികൾ കളിക്കാനും പെരുമാറാനും ഇടയുള്ള സ്ഥലങ്ങളിൽ ഒക്കെ അദ്ധ്യാപകരുടെയും രക്ഷ കർത്താക്കളുടെയും ശ്രദ്ധ പതിയണം . ശംഖു വരയൻ പോലെ വിഷമുള്ള പാമ്പുകളിൽ ചിലവ വീടിനുള്ളിൽ കഴിയാൻ ഇഷ്ടപ്പെടുന്നവർ ആണ് .നിലത്തു പായ വിരിച്ചു കിടക്കുന്ന ആൾക്കാർ കൂടുതൽ ഇക്കാര്യത്തിൽ ശ്രദ്ധിക്കണം .
ഷൂവിന്റെ തണുപ്പ് ഇഷ്ട്ടപ്പെടുന്ന പാമ്പുകൾ അതിനുള്ളിൽ കയറി ഇരിക്കും . നിലത്തു വെച്ച ഷൂവിനുള്ളിലേക്കു കാൽ കടത്തും മുൻപ് ഇതൊന്നു കുടഞ്ഞു നോക്കുന്നത് നല്ലതാണു .
തേളും പഴുതാരയും ഒക്കെ നാട്ടും പുറങ്ങളിൽ സുലഭം . ഇതിൽ തേളിന്റെ കുത്തേറ്റു അപൂർവ്വമായി മരണം സംഭവിക്കാം . തേനീച്ചയോ കടന്നാലോ കുത്തുന്നത് മുഖത്തോ തലയിലോ ആവുമ്പൊ ഇത് കൊണ്ടും അപകടങ്ങൾ ഉണ്ടാവാം .

വാഹനാപകടങ്ങൾ

സ്‌കൂൾ വാഹനങ്ങളുടെ സുരക്ഷ അദ്ധ്യാപകരും രക്ഷാ കർത്താക്കളും ഉറപ്പു വരുത്തണം . വാഹനങ്ങളിൽ എന്നതിൽ കൂടുതൽ കുട്ടികളെ കുത്തി നിറക്കുന്നതും ,ഡ്രൈവർമാരുടെ അലക്ഷ്യമായ ഡ്രൈവിങ്ങും പലപ്പോഴും അപകടങ്ങൾ ഉണ്ടാക്കാം . കുട്ടികൾ കളിക്കുന്ന സ്‌കൂൾ കോമ്പൗണ്ടിനകത്തേക്കു വാഹനങ്ങൾ കടത്തരുത് . സ്‌കൂളുകളിലേക്കുള്ള റോഡുകളുടെയും ട്രാഫിക് സുരക്ഷയുടെയും കാര്യത്തിൽ സർക്കാർ സംവിധാനങ്ങളും കൂടുതൽ ജാഗ്രത കാട്ടിയാൽ കുരുന്നുകളുടെ ജീവൻ റോഡിൽ ഹോമിക്കപ്പെടുന്നതും ആജീവനാന്ത വൈകല്യവും ഒഴിവാക്കാം .
സ്‌കൂൾ അവധിക്കാലത്തും കുടുംബാങ്ങങ്ങളോടൊപ്പം അമ്യൂസ്‌മെന്റ് പാർക്കുകളിലേക്കു ഉല്ലാസ യാത പതിവാണ് ഇപ്പൊ . ഇടയിൽ വീണു കിട്ടുന്ന ഒഴിവു ദിവസങ്ങളിലും വാരാന്ത്യങ്ങളിലും മുനിസിപ്പാലിറ്റികളുടെയും കോർപ്പറേഷന്റെയും പാർക്കുകളിലും കുട്ടികൾക്ക് കളിക്കാനും ഉല്ലസിക്കാനും അവസരങ്ങൾ ഉണ്ടാവുന്നത് നല്ലതു . എങ്കിലും ഇവിടെയൊക്കെ കളിയ്ക്കാൻ ഒരുക്കുന്ന ചില സംവിധാനങ്ങൾ വളരെ ശ്രദ്ധാപൂർവ്വം ഒരുക്കുകാണാം, ഇക്കാര്യത്തിൽ വൈദഗ്ദ്യം ഉള്ളവരുടെ മേൽനോട്ടം ഉറപ്പു വരുത്തണം .
സിനിമ തീയേറ്ററുകളിലും വലിയ ഷോപ്പിംഗ് മാളുകളിലും കാർ പാർക്കിങ് സൗകര്യം പലപ്പോഴും കെട്ടിടത്തിന്റെ അടിത്തട്ടിൽ തീരെ കാറ്റ് കടക്കാത്ത സ്ഥലങ്ങൾ ആയിരിക്കും . സിനിമ കഴിയുമ്പോൾ ഒരു പാട് വാഹനങ്ങൾ ഒരേ സമയം സ്റ്റാർട്ട് ആക്കുന്ന അവസരങ്ങളിൽ വാഹനങ്ങളിൽ നിന്ന് പുറത്തേക്കു വരുന്ന പുക പടലങ്ങൾ കൊണ്ട് കൊണ്ട് ഇവിടം നിറയും . ഏറെ നേരം ഈ വായു ശ്വസിക്കുന്നത് കാർബൺ മോണോക്‌സൈഡ് എന്ന വിഷ വാതകം കൊണ്ടുള്ള വിഷബാധ ഉണ്ടാവാൻ ഇടയാക്കും .കുഞ്ഞുങ്ങളെ ഇങ്ങനെ ഉള്ള സ്ഥലത്തേക്ക് കൊണ്ട് പോവാതിരിക്കുക .

ഇലയും കായും പൂവും

സ്‌കൂളിൽ വെച്ചായാലും തൊടിയിലും പറമ്പിലും കാണുന്ന കായ്കളും ഇലകളും ഒക്കെ ചവച്ചു തുപ്പിയും രുചി നോക്കിയും ഒക്കെ ചിലപ്പോ അപകടങ്ങൾ ഉണ്ടാവാം. ചിലതിന്റെ ഇലകൾ ഒക്കെ ചെറിയ ചൊറിച്ചിലും തടിപ്പും അലർജിയും മാത്രം ഉണ്ടാക്കും. മറ്റു ചില കായകൾ ഏറെ അപകടകാരികൾ ആണ്. ഒതളങ്ങയും എരിക്കും ചില തരാം കുമിളുകളും എല്ലാം ഉദാഹരങ്ങൾ. ഏറെ ഭംഗിയുള്ള കുന്നിക്കുരു കടിച്ചു ചവച്ചിറക്കിയാൽ ഒരെണ്ണം മതി മരണം സംഭവിക്കാൻ .

ഇത്രയും പറഞ്ഞത് ഈ ഇത്തിരി അറിവുകൾ , ഇത്തിരി ശ്രദ്ധ കൊണ്ട് ഏറെ അപകടങ്ങൾ ഉണ്ടാവുന്നത് ഒരു പരിധി വരെ എങ്കിലും തടയാൻ ആവും എന്നതാണ് .

No comments:

Post a Comment