Thursday 2 February 2017

ലിംഗമാറ്റ ശസ്ത്രക്രിയ - DR.JITHIN T JOSEPH

       



                      ലിംഗമാറ്റ( sex reassignment surgery –SRS) ശസ്ത്രക്രിയ കേരളത്തില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നടന്ന വിവരം അറിഞ്ഞിരിക്കുമല്ലോ . 41 വയസുകാരി ആയ സ്ത്രീക്കാണ് , ഏറ്റവും ബുദ്ധിമുട്ടേറിയ പെണ്ണിനെ ആണാക്കി മാറ്റുന്ന(female to male) സര്‍ജറി തിരുവനതപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നടന്നത് . പ്ലാസ്റ്റിക് സര്‍ജറി വിഭാഗം തലവന്‍ ഡോ. അജയകുമാറിന്‍റെ നേതൃത്വത്തില്‍ , എൻഡോക്രൈനോളജി ,മാനസികാരോഗ്യം , അനസ്തേഷ്യ വിഭാഗങ്ങള്‍ സഹകരിച്ചാണ് വര്‍ഷങ്ങള്‍ നീണ്ട ചികിത്സ പൂര്‍ത്തിയാക്കിയത് . ചെറുപ്പം തൊട്ടു തന്നെ പുരുഷനായി ജീവിക്കാന്‍ ആഗ്രഹിച്ച അവര്‍ക്ക് ഈ ശസ്ത്രക്രിയാ ചെലവ് താങ്ങാവുന്നതിൽ അപ്പുറം ആയിരുന്നു . കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മാനസികാരോഗ്യ വിഭാഗത്തില്‍ ചികിത്സയില്‍ ആയിരുന്നു ഇവര്‍ . ഒരു വര്‍ഷം മുന്‍പേ തന്നെ ആണുങ്ങളുടെ ശരീര സവിശേഷതകള്‍ ഉണ്ടാകുവാനായി ഹോര്‍മോണ്‍ ചികിത്സ ആരംഭിച്ചിരുന്നു . Gender identity disorder അധവ sexual dysphoria എന്ന മാനസിക അവസ്ഥ ഉള്ള വ്യക്തികൾക്ക് ഒരു അനുഗ്രഹം ആണ് ഈ നേട്ടം . ഇതിന്‍റെ യഥാര്‍ത്ഥത്ത വസ്തുതകളെ കുറിച്ച് പലര്‍ക്കും അറിയില്ല എന്നതാണ് സത്യം . ഈ ചെറിയ കുറിപ്പിലൂടെ പറയാന്‍ ഉദേശിക്കുന്നത് ലിംഗ മാറ്റ ശസ്ത്രക്രിയയെ കുറിച്ചാണ് .
എന്താണു ലിംഗമാറ്റ ശസ്ത്രക്രിയ അഥവാ SRS?
ജന്മന ആണോ പെണ്ണോ ആയ ഒരാളെ മറ്റേ ലിംഗത്തിലേക്കോ , അല്ലെങ്കിൽ വ്യക്തമായ ലിംഗം ഇല്ലാത്ത ഒരാളെ(intersex) ഏതെങ്കിലും ഒരു പ്രത്യേക ലിംഗത്തിലേക്കോ ശസ്ത്രക്രിയ വഴി മാറ്റുന്നതാണ് ലിംഗമാറ്റ ശസ്ത്രക്രിയ.
അല്പം ചരിത്രം :
DR. MAGNUS HIRSCHFELD ആണ് ഈ ശാസ്ത്ര മേഖലയിലെ പ്രമുഖന്‍ . transgenderism എന്ന ശാസ്ത്ര ശാഘയുടെ പിതാവായി അദ്ദേഹം കരുതപ്പെടുന്നു .transvestism ,transsexualism തുടങ്ങിയ വാക്കുകള്‍ ആദ്യമായി ഉപയോഗിച്ചതും അദ്ധേഹമാണ് . ആദ്യ SRS സര്‍ജറി വിജയകരമായി പൂര്‍ത്തിയാക്കിയത് Rudolph Richter എന്ന പുരുഷനില്‍ ആണ് . ശസ്ത്രക്രിയിലൂടെ സ്ത്രീയായ അദ്ദേഹം Dorchen എന്ന പേര് സ്വീകരിക്കുകയും HIRSCHFELD institute ല്‍ ഒരു വേലക്കാരി ആയി ജോലി നോക്കുകയും ചെയ്തു . 1931 ല്‍ ആണ് ഇത് നടക്കുന്നത് .അതിനു ഒരു വര്ഷം മുന്‍പേ ഡച്ച്‌ ചിത്രകാരനായ Einar Wegener സര്‍ജറിയിലൂടെ സ്ത്രീ ആയി മാറി Lili Elbe എന്ന പേര് സ്വീകരിച്ചിരുന്നു .https://en.wikipedia.org/wiki/Lili_Elbe
ലോകത്തെ ആദ്യ TRANSGENDER എന്ന് വിളിക്കുന്നത്‌ ഇവരെയാണ് .ലിംഗ മാറ്റ ശസ്ത്രക്രിയ നടത്തിയ ചില വ്യക്തികളെ ഇവിടെ പരിചയപ്പെടാം http://www.straitstimes.com/…/celebrities-who-have-undergon…
ആര്‍ക്കൊക്കെ ആണ് ഈ ശസ്ത്രക്രിയ ചെയ്യുന്നത്?
പ്രധാനമായും രണ്ടു വിഭാഗങ്ങള്‍ക്ക്
1.ജന്മനാ വ്യക്തമായ ലിംഗം ഇല്ലാത്ത (inter sex) കുട്ടികള്‍ക്ക് . ഇത്തരക്കാരെ ചെറുപ്പത്തിലെ തന്നെ ഏതെങ്കിലും പ്രത്യേക ലിംഗത്തിലേക്ക് സര്‍ജറി വഴി മാറ്റുകയാണ് ചെയുന്നത് . സാധാരണയായി സ്ത്രീ ലിംഗത്തിലേക്ക് ആണ് ഇത്തരം മാറ്റം നടത്തുക . ഈ സര്‍ജറി പൊതുവേ എളുപ്പമായതുകൊണ്ടും കൂടുതല്‍ വിജയകരം ആയതുകൊണ്ടും ആണ് ഇത് .ഇപ്പോളത്തെ കാഴ്ചപ്പാട് അനുസരിച്ച് കുട്ടി വലുതായി സ്വയം ഏതു ലിംഗമായി തന്നെ കരുതുന്നുവോ ആ വിഭാഗത്തിലേക്ക് മാറ്റുന്നതാണ് ഭാവിയിലേക്ക് നല്ലത് എന്ന് കരുതുന്നു .
2. ജന്മന ഏതെങ്കിലും വ്യക്തമായ ലിംഗം ഉള്ള ഒരാള്‍ അതിന്‍റെ എതിര്‍ വിഭാഗം ആയി മാറാന്‍ അതിയായി ഇഷ്ടപെടുന്ന(gender identification disorder or sexual dysphoria) അവസ്ഥ ഉള്ളവരില്‍ . പൊതുവേ transgender ആള്‍ക്കാരില്‍ ഈ അവസ്ഥ ഉണ്ട് , കൂടാതെ സ്വവര്‍ഗ രതി ഇഷ്ടപെടുന്ന്ന ചിലരിലും ഈ അവസ്ഥ കാണാറുണ്ട് . ഇവരില്‍ രണ്ടു തരത്തില്‍ ഉള്ള മാറ്റങ്ങള്‍ സാധ്യമാണ് . പുരുഷനില്‍ നിന്ന് സ്ത്രീ രൂപത്തിലേക്കും ( male to female ), സ്ത്രീയില്‍ നിന്ന് പുരുഷ രൂപത്തിലേക്കും ( female to male ). ഇതില്‍ male to female സര്‍ജറി പൊതുവേ എളുപ്പമുള്ളതാണ് . ശസ്ത്രക്രിയക്കു ശേഷമുള്ള ഇത്തരക്കാരുടെ റിസള്‍ട്ടും മികച്ചതാണ് . female to male ശസ്ത്രക്രിയ കൂടുതല്‍ ശ്രമകരമാണ് . ആർക്കെങ്കിലും ഓടി ഒരു ആശുപത്രിയിൽ ചെന്ന് എന്നെ ആണാക്കണം എന്നോ പെണ്ണാക്കണം എന്നോ ആവശ്യപ്പെട്ടാൽ ഇത് ചെയ്തു കിട്ടില്ല . ഒരു മാനസിക രോഗ ഡോക്ടർ തുടർച്ചയായ പരിശോധനകൾ നടത്തി ഒരു വ്യക്തിക്ക് നിലവിലുള്ള ലിംഗത്തിൽ തുടരുന്നത് മാനസികമായി ബുദ്ധിമുട്ടു ഉണ്ടാക്കും എന്ന് കണ്ടെത്തി സർജറി ചെയ്യുന്നതിലോടെ ഇതിനു കുറവുണ്ടാകും എന്ന് ഉറപ്പു പറയണം .
എങ്ങനെയാണ് ഈ ശസ്ത്രക്രിയ നടത്തണം എന്ന തീരുമാനം എടുക്കുന്നത്?
വിദഗ്ദ്ധരായ ഒരുപറ്റം ഡോക്ടരുമാരുടെ പരിശ്രമം ഈ ശസ്ത്രക്രിയക്കു ആവശ്യമാണ് .
stage 1 :ഇതിലെ ഒരു പ്രധാന റോള്‍ വഹിക്കുന്ന വ്യക്തി മാനസികാരോഗ്യ(psychiatrist) വിധഗ്തനാണ് . ഒരു വ്യക്തിക്ക് ഈ പറയുന്ന മാനസിക അവസ്ഥ ഉണ്ടെന്നു കണ്ടെത്തുന്നതും അത് ഉറപ്പിക്കുന്നതും , ഒപ്പം ഇത്തരത്തില്‍ ഒരു ശസ്ത്രക്രിയ അവരുടെ മാനസിക അവസ്ഥയ്ക്കും ഭാവിയിലും ഗുണം ചെയ്യുമോ എന്നും ഉള്ള നിര്‍ണയം നടത്തുന്നത് അദ്ധേഹമാണ് . ശസ്ത്രക്രിയക്ക് ഒരുങ്ങുന്നതിനു മുന്‍പും പിന്‍പും മാനസികമായ മുന്നൊരുക്കങ്ങള്‍ കൊടുക്കുന്നതും ഈ ഡോക്ടര്‍ ആണ് . ഈ വ്യക്തിയെ പരിചരിക്കുന്ന മാനസികാരോഗ്യ ഡോക്ടറുടെ നിര്‍ദേശം ഉണ്ടെങ്കില്‍ മാത്രമേ ഇത്തരം ഒരു ശസ്ത്രക്രിയക്കു ഉള്ള തീരുമാനം എടുക്കുകയുള്ളൂ . ഈ വ്യക്തിയുടെ കുടുംബാങ്ങള്‍ക്കും വിധഗ്ത ഉപദേശങ്ങളും നിര്‍ദേശങ്ങളും ആവശ്യമാണ് . ഇത്തരം വ്യക്തികള്‍ വര്‍ഷങ്ങളായി തന്നെ എതിര്‍ ലിംഗക്കാരുടെ സ്വഭാവ രീതികളും , വസ്ത്ര ധാരണവും ഒക്കെ ഉള്ളവര്‍ ആയിരിക്കും . അങ്ങനെ അല്ലാത്തവര്‍ക്ക് ഈ പരിശീലനവും ലഭിക്കേണ്ടതുണ്ട് .
stage 2 : ഹോര്‍മോണ്‍ ചികിത്സ
ഒരു എന്ടോക്രിനോളജിസ്റ്റ്(endocrinologist) ആണ് ഈ ഘട്ടത്തിന് മേല്‍നോട്ടം വഹിക്കുന്നത് . പുരുഷന്‍ ആകാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് പുരുഷ ഹോര്‍മോണുകള്‍ ( testosterone) നല്‍കുകയാണ് ഈ ഘട്ടത്തില്‍ ചെയ്യുന്നത്. അതുപോലെ സ്ത്രീ ആകാന്‍ ആഗ്രഹിക്കുന്ന പുരുഷന് സ്ത്രീ ഹോര്‍മോണുകള്‍ ( estrogen) നല്‍കും . പുരുഷന്‍റെ ശരീര പ്രക്രതി മാറി സ്ത്രീകളുടെ ശരീര സവിശേഷതകള്‍ ഉണ്ടാവാന്‍ ഇത് കാരണം ആകുന്നു .ഏകദേശം ഒരു വര്‍ഷത്തോളം ഈ ചികിത്സ നീണ്ടു നില്‍ക്കും .
stage 3: ഈ സര്‍ജറിക്ക് വേണ്ട മാനസിക ശാരീരിക മുന്നൊരുക്കങ്ങളും , മറ്റു അനുകൂല സാഹചര്യങ്ങളും ഉണ്ടെങ്കില്‍ മാത്രമേ ലിംഗമാറ്റ ശസ്ത്രക്രിയയുമായി മുന്നോട്ടു പോകുകയുള്ളൂ . പല ഘട്ടങ്ങള്‍ ആയാണ് ഈ സര്‍ജറി നടക്കുന്നത് . 2 പേരിലും ശസ്ത്രക്രിയ വ്യത്യസ്തമാണ് .
പുരുഷന്‍ സ്ത്രീ ആകുമ്പോള്‍- trans women:

മുകളില്‍ പറഞ്ഞതുപോലെ ഇത് കൂടുതല്‍ എളുപ്പമുള്ളതും വിജയപ്രധവും ആണ് .ആദ്യം ചെയ്യുന്നത് പുരുഷ ലിംഗവും വൃഷ്ണവും എടുത്തു മാറ്റുകയാണ് (penectomy and orchiectomy).തുടര്‍ന്ന് അടുത്ത ഘട്ടത്തില്‍ സ്ത്രീകളുടെ സവിശേഷ അവയവമായ യോനി (vagina ) പുരുഷനില്‍ രൂപപ്പെടുത്തി എടുക്കുകയാണ് – surgical reconstruction of vagina. ഇതിനു penile inversion, sigmoid colon neovagina technique തുടങ്ങിയ മാര്‍ഗ്ഗങ്ങള്‍ ഉണ്ട് . പുരുഷ ലിംഗത്തിന്‍റെ ഒരു ഭാഗം രൂപഭേദം വരുത്തി ഈ പുതിയ യോനിയില്‍ നിലനിര്‍ത്തും ( സ്ത്രീകളില്‍ ഉദ്ധാരണം ഉണ്ടാവാന്‍ വേണ്ടി ). തുടര്‍ന്ന് ഹോര്‍മോണ്‍ ചികില്‍സ തുടരും , അതോടെ സ്ത്രീകളുടെ ശരീര സവിശേഷതകള്‍ പതിയെ വന്നു തുടങ്ങും . സ്‌തന വളർച്ച ഒക്കെ ഈ സമയത്താണ് . തുടര്‍ന്നും മാനസിക പരിചരണം ആവശ്യമാണ് . നിലവില്‍ ഇത്തരം സര്‍ജറി കഴിഞ്ഞാല്‍ ഗര്‍ഭ ധാരണം സാധ്യമല്ല , എന്നാല്‍ ഭാവിയില്‍ ഇതു സാധ്യമാക്കാൻ ഉള്ള പഠനങ്ങൾ നടക്കുകയാണ്
.
സ്ത്രീ പുരുഷന്‍ ആകുമ്പോൾ trans men :

പ്രാവര്‍ത്തികമായി ബുദ്ധിമുട്ടുള്ള പ്രക്രിയ ആണിത് . ആദ്യപടി ആയി സ്തനങ്ങള്‍ എടുത്തുമാറ്റുകയാണ് ചെയ്യുന്നത് ( mastectomy) ,തുടര്‍ന്ന് ഗര്‍ഭ പാത്രവും , അണ്ടാശയവും എടുത്തു മാറ്റുകയാണ് ( hysterectomy+ salpingo oopherectomy). തുടര്‍ന്ന് യോനി രൂപമാറ്റം വരുത്തുകയും ( vaginectomy) , അവസാനമായി ഏറ്റവും ബുദ്ധിമുട്ട് ഉള്ള , ആണ്‍ ലിംഗം ഉണ്ടാക്കിയെടുക്കുന്ന പ്രക്രിയ ( phalloplasty) നടത്തുന്നു .കാലിലെ പേശികളില്‍ നിന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പുരുഷ ലിംഗം സൃഷ്ടിച്ചത് .അതുപോലെ കൈയിൽ നിന്നും അല്ലെങ്കിൽ കൃത്രിമ ഇമ്പ്ലാൻറ് ഉപയോഗിച്ചും ഇത് സാധ്യമാകും . തുടര്‍ന്ന് ആണ്‍ ഹോര്‍മോണ്‍ ചികിത്സ തുടരുന്നു .
എന്താണു ശസ്ത്രക്രിയക്ക് ശേഷം ഉള്ള ഇവരുടെ അവസ്ഥ ?
പഠനങ്ങള്‍ പറയുന്നത് സര്‍ജറിക്ക് ശേഷം ഇവരില്‍ പ്രത്യേകിച്ച് സ്ത്രീ ആയി മാറിയവരില്‍ മാനസിക സംഘര്‍ഷങ്ങള്‍ കുറവാണ് എന്നാണ് . തങ്ങളുടെ വ്യക്തിത്വം നിലനിർത്താൻ ഇത് സഹായിച്ചു എന്നാണ് പലരുടേം അഭിപ്രായം . മികച്ച ലൈംഗിക ജീവിതവും ഇവര്‍ക്ക് ലഭിക്കുന്നു എന്ന് പഠനങ്ങള്‍ പറയുന്നു . പൊതു സമൂഹം ഇവരെ അംഗീകരിക്കാനും സ്വീകരിക്കാനും ഇപ്പോളും മടിക്കുന്നു എന്നൊരു പ്രശ്നവും ഉണ്ട് . ഒപ്പം ചിലരിലെങ്കിലും gender dysphoria തുടരാറുണ്ട്. സർജറി കഴിഞ്ഞു ഗർഭ ധാരണം ഇപ്പോൾ സാധ്യമല്ല .അതുപോലെ ആണുങ്ങൾ ആയവരിൽ സെമെൻ ഉണ്ടാവുകയുമില്ല .അതുകൊണ്ടു നിലവിൽ ഇവർക്ക് കുട്ടികൾ ഉണ്ടാകാൻ സാധ്യത ഇല്ല . എന്നാൽ ഇത്തരത്തിലുള്ള പഠനങ്ങൾ നടക്കുകയാണ് .സമീപ ഭാവിയിൽ തന്നെ ഈ അവസ്ഥക്ക് മാറ്റം ഉണ്ടാകും എന്ന് കരുതാം .
നിയമങ്ങള്‍:
നിയമപരമായി ഈ സര്‍ജറിക്ക് തടസങ്ങള്‍ ഇല്ല . എന്നാല്‍ ചില ഇന്‍ഷുറന്‍സ് സ്ഥാപനങ്ങൾ ഇവര്‍ക്ക് ചികിത്സ ആനുകൂല്യങ്ങള്‍ നിഷേധിക്കാറുണ്ട് . ഇതിനെതിരെ വലിയ നിയമ യുദ്ധങ്ങള്‍ തന്നെ അമേരിക്കയില്‍ നടന്നിട്ടുണ്ട് . ലോകത്ത് ഏറ്റവും കൂടുതല്‍ ലിംഗ മാറ്റ ശസ്ത്രക്രിയ നടക്കുന്നത് തായിലണ്ടില്‍ ആണ് ,അതിനു ശേഷം ഇറാനിലും .ഇത്തരം സര്‍ജറികള്‍ ചെയ്യാന്‍ വിധഗ്ത പരിശീലനം ലഭിച്ചവര്‍ ഇന്ന് കുറവാണ് . ഈ പരിശീലനത്തിനും ,ഇത്തരം സര്‍ജറിക്ക് ഏകീകൃതരൂപം നല്‍കുന്നതിനുമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് WORLD PROFESSIONAL ASSOCIATION FOR TRANSGENDER HEALTH( WPATH) .http://www.wpath.org/ഇവര്‍ കാലാകാലങ്ങളില്‍ കൊണ്ടുവരുന്ന നിര്‍ദേശങ്ങളെ SOC-STANDARDS OF CARE എന്ന് പറയും
.
ഭാവി സാധ്യതകള്‍ :
ഭാവിയില്‍ ഗര്‍ഭപാത്രം മാറ്റി വെയ്ക്കുന്നതിനും അതിലൂടെ ഇവര്‍ക്ക് ഗര്‍ഭ ധാരണം നടത്തുന്നതിനും ഉള്ള സാധ്യതകള്‍ ഉണ്ട് . പരീക്ഷണങ്ങള്‍ നടക്കുകയാണ് .ഒപ്പം പുരുഷ ലിംഗം ഉദ്ധാരണ ശേഷിയോടെ പുനര്‍ നിര്‍മ്മിക്കുന്ന പരീകഷണങ്ങള്‍ നടക്കുന്നു .
ചിലവേറിയ ഈ സര്‍ജറികള്‍ നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചെയ്തു തുടങ്ങുന്നത് ഒരു വലിയ വിഭാഗത്തിന് ആശ്വാസമാണ് .ഇത്തരം ഒരു വെല്ലുവിളി ഏറ്റെടുത്ത ഡോക്ടറുമാരെ അഭിനന്ദിക്കാതെ വയ്യ .വലിയ മാനസിക സാമൂഹിക സംഘര്‍ഷങ്ങളിലൂടി കടന്നുപോകുന്നവര്‍ക്ക് ഒരു പരിഹാരം ആകുമത് . ഇവരെ മനസിലാക്കാനും ഇവരെ ഇവരുടെ വ്യക്തിത്വത്തോട് കൂടി അംഗീകരിക്കുവാൻ നമുക്കും സാധിക്കണം

No comments:

Post a Comment