Sunday 12 February 2017

അല്‍ഷൈമേഴ്സ് രോഗം മുന്‍കൂട്ടിയറിയാം - Dr. SHAHUL AMEEN

അല്‍ഷൈമേഴ്സ് രോഗം മുന്‍കൂട്ടിയറിയാം
ഡോ. ഷാഹുല്‍ അമീന്‍ shahul ameen(സൈക്ക്യാട്രിസ്റ്റ്) എഴുതുന്നു
ഒരറുപതുവയസ്സു കഴിയുന്നതോടെ ഒട്ടേറെപ്പേരെ പിടികൂടാറുള്ളൊരു രോഗമാണ് അല്‍ഷൈമേഴ്സ് ഡെമന്‍ഷ്യ. ഓര്‍മശക്തിയും വിവിധ കാര്യങ്ങള്‍ക്കുള്ള കഴിവുകളും നഷ്ടമാവുകയാണതിന്റെ മുഖ്യലക്ഷണം.
അങ്ങിനെ സംഭവിക്കുന്നത് തലച്ചോറിലെ കോശങ്ങള്‍ കുറേശ്ശെക്കുറേശ്ശെയായി നശിക്കുന്നതിനാലുമാണ്. വഷളാവുന്നതിനു മുമ്പേതന്നെ രോഗം തിരിച്ചറിയുകയും ചികിത്സയെടുക്കുകയും ചെയ്താലത് രോഗിക്കും കൂടെ ജീവിക്കുന്നവര്‍ക്കും പിന്നീടു നേരിടേണ്ടിവരാവുന്ന കഷ്ടതകള്‍ക്ക് ഏറെ ആശ്വാസമാവും. ദൌര്‍ഭാഗ്യവശാല്‍, ഈ രോഗം പിടിപെടുന്നവര്‍ ആദ്യമൊക്കെ പ്രകടമാക്കുന്ന ലക്ഷണങ്ങള്‍ മിക്കപ്പോഴും പ്രായസഹജമായ ബലഹീനതകള്‍ മാത്രമായി തെറ്റിദ്ധരിക്കപ്പെട്ടുപോവാറുണ്ട്. അല്‍ഷൈമേഴ്സിന്റെ ആരംഭവും വാര്‍ദ്ധക്യസഹജമായ ഓര്‍മപ്പിശകുകളും തമ്മിലുള്ള പത്തു വ്യത്യാസങ്ങള്‍ പരിചയപ്പെടാം:

🔴ചെയ്യാനുള്ള കാര്യങ്ങളും പരിചയക്കാരുടെ പേരുമെല്ലാം ഡെമന്‍ഷ്യയൊന്നുമില്ലാത്ത വയോജനങ്ങളും ഇടക്കൊക്കെ മറന്നുപോവുകയും എന്നാല്‍ ഇത്തിരിനേരം കഴിഞ്ഞ്‌ അവര്‍ക്കതൊക്കെ ഓര്‍ത്തെടുക്കാനാവുകയും ചെയ്തേക്കാം.
തൊട്ടുമുമ്പു നടന്ന കാര്യങ്ങള്‍ നിരന്തരം മറന്നുപോവുന്നെങ്കില്‍ പക്ഷേയത് അല്‍ഷൈമേഴ്സ്ത്തുടക്കത്തിന്റെ സൂചനയാവാം. പ്രധാനപ്പെട്ട തിയ്യതികളും സംഭവങ്ങളും പോലും ഓര്‍മ നില്‍ക്കാതാവുക, ഒരേ കാര്യത്തെപ്പറ്റിത്തന്നെ പിന്നെയുംപിന്നെയും അന്വേഷിക്കാന്‍ തുടങ്ങുക, മുമ്പ് പരാശ്രയമേതുമില്ലാതെ ഓര്‍ത്തുവെച്ചുചെയ്തുപോന്നിരുന്ന കാര്യങ്ങള്‍ക്ക് കുറിപ്പുകളുടെയോ കുടുംബാംഗങ്ങളുടെയോ കൈത്താങ്ങു തേടിത്തുടങ്ങുക എന്നിവയും അല്‍ഷൈമേഴ്സിന്റെ പ്രാരംഭലക്ഷണങ്ങളാവാം.

🔴കണക്കുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ഇടക്കു ചെറിയ പിഴവുകള്‍ പറ്റുക വാര്‍ദ്ധക്യസഹജമാവാം. എന്നാല്‍ ചെയ്യുന്ന കണക്കുകള്‍ മിക്കതും തെറ്റുന്നതും, കാര്യങ്ങളൊന്നുമേ സ്വയം ആസൂത്രണംചെയ്തു നടപ്പാക്കാനാകാതാവുന്നതും, പ്രവൃത്തികള്‍ മുഴുമിക്കാന്‍ പഴയതിലും സമയമാവശ്യമായിത്തുടങ്ങുന്നതും ഗൌരവത്തിലെടുക്കണം.

🔴ടീവിയോ മറ്റോ പ്രവര്‍ത്തിപ്പിക്കാന്‍ ഇടയ്ക്കു വല്ലപ്പോഴും പരസഹായം തേടേണ്ടിവരിക സ്വാഭാവികമാവാം. എന്നാല്‍ ദൈനംദിന കൃത്യങ്ങള്‍ക്കോ പണമിടപാടുകള്‍ക്കോ ക്ലേശമുടലെടുക്കുകയോ ചിരപരിചിതമായ കളികളുടെ നിയമങ്ങള്‍ മറന്നുപോവുകയോ ചെയ്യുന്നെങ്കില്‍ അതു പ്രായസഹജം മാത്രമാവില്ല.

🔴ദിവസമോ തിയ്യതിയോ ഓര്‍ത്തെടുക്കാന്‍ സ്വല്‍പം കൂടുതല്‍ സമയമെടുക്കുക നോര്‍മലാവാം. എന്നാല്‍ നില്‍ക്കുന്ന സ്ഥലമേതാണ്, അവിടെ എത്തിപ്പെട്ടതെങ്ങിനെയാണ് എന്നതൊക്കെ മറന്നുപോവുന്നെങ്കിലോ, തിയ്യതിയോ കാലം നീങ്ങുന്നതോ ഒക്കെ ഓര്‍ത്തിരിക്കാനാവാതെ വരുന്നെങ്കിലോ അല്‍ഷൈമേഴ്സ് സംശയിക്കാം.

🔴തിമിരമോ മറ്റോ മൂലം കാഴ്ചശക്തി കുറയാം. എന്നാല്‍ വായനയോ നിറം തിരിച്ചറിയുന്നതോ അകലം ഊഹിച്ചെടുക്കുന്നതോ ദുഷ്കരമാവുന്നെങ്കില്‍ പ്രശ്നം കണ്ണിന്റെ തന്നെയാവണമെന്നില്ല, അല്‍ഷൈമേഴ്സിന്റെ ഭാഗവുമാവാം.

🔴സംസാരമദ്ധ്യേ യോജിച്ച വാക്കു തെരഞ്ഞുപിടിക്കാന്‍ ഇടക്കൊന്നു തപ്പിത്തടയേണ്ടി വരിക വാര്‍ദ്ധക്യസഹജമാണ്. എന്നാല്‍ സംഭാഷണങ്ങളില്‍ ശ്രദ്ധയൂന്നാനോ ഭാഗഭാക്കാവാനോ കഴിയാതാവുന്നതും വാചകങ്ങള്‍ പാതിവഴി നിര്‍ത്തേണ്ടിവരുന്നതും എന്താണു പറഞ്ഞുകൊണ്ടിരുന്നതെന്ന് ഓര്‍മ കിട്ടാതെ ഒരേ കാര്യം പിന്നെയുമാവര്‍ത്തിക്കുന്നതും സംസാരത്തില്‍ തെറ്റായ വാക്കുകള്‍ പ്രത്യക്ഷപ്പെടുന്നതും സാരമായെടുക്കണം.

🔴ഒരു സാധനം എവിടെയാണു വെച്ചതെന്ന് ചിലപ്പോഴൊക്കെ മറന്നുപോവുന്നതും താമസംവിനാ അതോര്‍ത്തെടുക്കുന്നതും വാര്‍ദ്ധക്യത്തിന്റെ ഭാഗമാവാം. എന്നാല്‍ വസ്തുവകകള്‍ അടിക്കടി എവിടെയെങ്കിലും വെച്ചുമറന്നുപോവുന്നതിനെയും ആരോ അവ മോഷ്ടിച്ചെന്ന് വ്യാജാരോപണമുയര്‍ത്തുന്നതിനെയും അങ്ങിനെ കാണാനാവില്ല.

🔴ഇടക്കെപ്പോഴെങ്കിലുമൊക്കെയൊരു പിശകുള്ള തീരുമാനം ആരുമെടുക്കാം. എന്നാല്‍ സാഹചര്യങ്ങളെ വിലയിരുത്തുന്നതിലും ഉചിതമായ തീരുമാനങ്ങളെടുക്കുന്നതിലും ദേഹശുദ്ധി പാലിക്കുന്നതിലുമൊക്കെയുള്ള നിരന്തരമായ വീഴ്ചകള്‍ അല്‍ഷൈമേഴ്സിന്റെ നാന്ദിസൂചകമാവാം.

🔴ഏതു പ്രായക്കാരെയും പോലെ മുതിര്‍ന്നവരുടെയും വൈകാരികനിലയില്‍ സാഹചര്യത്തിനൊത്ത വ്യതിയാനങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍ ചിരപരിചിതമായ സ്ഥലങ്ങളുടെയോ സാഹചര്യങ്ങളുടെയോ സ്വസ്ഥവൃത്തത്തില്‍ നിന്നു പുറംകടക്കേണ്ടി വരുമ്പോഴൊക്കെ അതിയായ ആകുലതയും കോപവും സംശയബുദ്ധിയുമൊക്കെ തലപൊക്കുന്നെങ്കിലത് അല്‍ഷൈമേഴ്സ് ഉളവാക്കുന്ന ഓര്‍മപ്പിശകുകളുടെ ഭാഗമാവാം.

🔴ജോലിപരമോ കുടുംബപരമോ സാമൂഹ്യപരമോ ആയ ഉത്തരവാദിത്തങ്ങളോട് ഇടക്കൊരു വിരക്തി തോന്നുന്നതിനെ വലിയ കാര്യമാക്കേണ്ടതില്ല. എന്നാല്‍ ജോലി, ബന്ധങ്ങള്‍, ഹോബികള്‍, സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയില്‍നിന്നു സദാ ഒഴിഞ്ഞുമാറാനുള്ള പ്രവണതയെ ലാഘവത്തോടെയെടുക്കരുത്

No comments:

Post a Comment