Sunday 12 February 2017

തീപ്പൊള്ളലേറ്റാൽ- പ്രഥമ ശുശ്രൂഷ - INFOCLINIC TEAM

തീപ്പൊള്ളലേറ്റാൽ- പ്രഥമ ശുശ്രൂഷ
എഴുതിയത്: Dr. Jimmy Mathew, Dr. Jithin T Josephh, Dr. Purushothaman Kuzhikkathukandiyil & Dr. Jinesh PS

നമ്മുടെ നാട്ടിൽ നടക്കുന്ന അസ്വാഭാവിക മരണങ്ങളിൽ ഏതാണ്ട് 10 ശതമാനവും പൊള്ളൽ മൂലമാണ്. അതിൽ ഏതാണ്ട് 45 - 50 ശതമാനം ആത്മഹത്യകളും ഏതാണ്ടത്ര തന്നെ അപകട മരണങ്ങളുമാണ്, വളരെ ചെറിയ ഒരു ശതമാനം മാത്രമാണ് കൊലപാതകങ്ങൾ. ഭർത്താവിനെയോ ബന്ധുക്കളെയോ ഭയപ്പെടുത്താൻ വേണ്ടി മാത്രം അഭിനയിച്ചതാണ് എന്ന് പറഞ്ഞവരെയും കണ്ടിട്ടുണ്ട്.
തീനാളം, കത്തുന്ന ഇന്ധനങ്ങൾ, ചുട്ടുപഴുത്ത ലോഹങ്ങൾ, വീര്യമേറിയ ആസിഡ്-ആൽക്കലി, തിളച്ച വെള്ളം തുടങ്ങിയവയിൽ നിന്നെല്ലാം പൊള്ളലേൽക്കാവുന്നതാണ്. ശരീരത്തിലേറ്റ പൊള്ളലിന്റെ വ്യാപ്തി അനുസരിച്ചാണ് രക്ഷപെടാനുള്ള സാധ്യത കണക്കാക്കുന്നത്.
ഉപരിതലത്തില്‍ മാത്രമുള്ളതും ആഴത്തിൽ ബാധിച്ചതും എന്നിങ്ങനെ പൊള്ളലിനെ രണ്ടായി തിരിക്കാം. ആഴത്തിലുള്ള പൊള്ളലാണ് കൂടുതൽ അപകടകരമെങ്കിലും ഉപരിതലത്തിൽ മാത്രമുള്ള പൊള്ളലിനാണ് വേദനകൂടുതൽ.
പൊള്ളലിന്റെ വ്യാപ്തി കൂടുന്നതനുസരിച്ച് തീവ്രതയും കൂടുമെന്നു പറഞ്ഞല്ലോ. 20 ശതമാനത്തിൽ കൂടിയ പൊള്ളലുകളെല്ലാം അപകടകരമാണ്. അമ്പതു ശതമാനത്തിനു മേലെയാണ് പൊള്ളലെങ്കിൽ മരണപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. "Rule of 9" രീതി അവലംബിച്ചായിരുന്നു പൊള്ളലിന്റെ വ്യാപ്തി കണക്കാക്കിയിരുന്നത്. ഇതനുസരിച്ച് തല, കൈ, കാലിന്റെ മുൻഭാഗം, കാലിന്റെ പിൻഭാഗം, നെഞ്ചിന് മുൻഭാഗം, നെഞ്ചിന് പിൻഭാഗം, വയറിന് മുൻഭാഗം, വയറിന് പിൻഭാഗം എന്നിങ്ങനെ ഓരോ ഭാഗത്തെയും ശരീരത്തിന്റെ 9 ശതമാനമായി കണക്കാക്കുന്നു. ബാക്കിയുള്ള ഒരു ശതമാനം ബാഹ്യ ലൈംഗികാവയവങ്ങളുടേതാണ്. (ചിത്രം: https://goo.gl/lE2ex6, 1st comment)
തല, മുഖം, കഴുത്ത്, ലൈംഗികാവയവങ്ങൾ എന്നിവയിലുണ്ടാവുന്ന പൊള്ളൽ കൂടുതൽ അപകടകരമാണ്. സ്ത്രീകളെയും കുട്ടികളെയും കൂടുതൽ അപകടകരമായി ബാധിക്കുന്നു.
ശിശുക്കളിലും കുട്ടികളിലും തലയുടെ ഉപരിതല വിസ്തീര്‍ണ്ണത്തിന്റെ ശതമാനം മുതിർന്നവരേക്കാൾ കൂടുതലാണ്. അതുകൊണ്ട് "Rule of 9" അവരിൽ ഉപയോഗിക്കാനാവില്ല. Lund and Browder's എന്ന താരതമ്യേന പുതിയ കണക്കുകൂട്ടൽ രീതിയാണ് ഇപ്പോൾ അവലംബിക്കുന്നത്. ഇതനുസരിച്ച് ശരീരഭാഗങ്ങളുടെ വിസ്തൃതി കണക്കാക്കുന്ന രീതി ചിത്രത്തിൽ വിവരിച്ചിരിക്കുന്നു. ഒരു വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളുടെ തല 18 ശതമാനവും ഓരോ കാലുകൾ 13.5 ശതമാനവും ആണ്. പിന്നീട് ഓരോ വയസ് കഴിയുമ്പോളും തലയിൽ നിന്നും ഒരു ശതമാനവും കാലുകളിൽ നിന്ന് 0.5 ശതമാനവും കുറഞ്ഞുവരുന്നു. (ചിത്രം: https://goo.gl/BHiiLZ, 2nd comment)
പൊള്ളലേറ്റവർക്ക് പല കാരണങ്ങൾ മൂലം മരണം സംഭവിക്കാം. കാർബൺ ഡയോക്‌സൈഡ്, കാർബൺ മോണോക്‌സൈഡ് എന്നിവ ശ്വസിക്കുന്നത് മൂലമുണ്ടാകുന്ന ശ്വാസം മുട്ടല്‍ (Suffocation), ശ്വാസനാളത്തിലുണ്ടാവുന്ന നീർവീക്കം (Laryngeal spasm and glottic edema), നിർജലീകരണം (Hypovolemic shock due to dehydration), Neurogenic shock എന്നിവ മൂലം പൊള്ളലേറ്റ് 48 മണിക്കൂറിനകം മരണം സംഭവിക്കാം. അണുബാധ, വൃക്കകളുടെയും കരളിന്റെയും പ്രവർത്തനം നിലക്കുക, ടെറ്റനസ് തുടങ്ങിയവ മൂലം 48 മണിക്കൂറിന് ശേഷവും മരണം സംഭവിക്കാം.
നമ്മുടെ നാട്ടിലെ തീപൊള്ളലിന്റെ ചികിത്സ അത്ര മികച്ചതല്ല. അതിനാൽ പൊള്ളലേൽക്കുന്നത് തടയുകയാണ് ഏറ്റവുംഅഭികാമ്യം. എന്നാൽ പലപ്പോഴും നമ്മൾ അപകടങ്ങൾ ക്ഷണയിച്ചുവരുത്തുകയാണ് പതിവ്.

ശ്രദ്ധിക്കേണ്ട കുറച്ചുകാര്യങ്ങൾ:

1. സ്വയം തീ കൊളുത്തുന്നതിനെപ്പറ്റി തമാശക്ക് പോലും ആലോചിക്കാതിരിക്കുക.
2. പാചകം ചെയ്യുമ്പോഴും തീയുമായി അടുത്തിടപഴകുമ്പോളും വളരെ സൂക്ഷിക്കുക. സാരി, ഷാൾ, തട്ടം, മുണ്ട് എന്നിവ തീയിൽ വീഴാവുന്ന രീതിയിലായിരിക്കരുത്.
3. ചെറിയ കുട്ടികളെ അടുക്കളയിൽ തനിയെ പാചകം ചെയ്യാൻ അനുവദിക്കരുത്.
4. പാചകം ചെയ്യുമ്പോൾ ഗ്യാസിന്റെ ഗന്ധം അനുഭവപ്പെട്ടാൽ വന്നാൽ സിലിണ്ടറിന്റെ പ്രവർത്തനം പൂർണമായും നിർത്തുക. വൈദ്യുതി സ്വിച്ചുകൾ ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യരുത്. ജനലും വാതിലും മണം പോകുന്നത് വരെ തുറന്നിടുക. എത്രയും വേഗത്തിൽ റിപ്പയറിനു വിദഗ്ദ്ധരെ വിളിക്കുക.
5. സിഗരറ്റ്, കത്തുന്ന തീപ്പെട്ടി എന്നിവ കെടുത്തി എന്നുറപ്പു വരുത്തിയതിനു ശേഷം മാത്രം കളയുക.
6. തിളച്ച വെള്ളം ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക. കുട്ടികളിലെ നല്ലൊരു ശതമാനം പൊള്ളലും തിളച്ച വെള്ളം മൂലമുണ്ടാവുന്നതാണ്. കുളിക്കാനും മറ്റും ബക്കറ്റിൽ ചൂടുവെള്ളം എടുത്തുവെക്കുമ്പോൾ സൂക്ഷിക്കുക.
7. വൈദ്യുതി ഉപകരണങ്ങൾ ശ്രദ്ധയോടെ ഉപയോഗിക്കുക; പ്രത്യേകിച്ചും തേപ്പുപെട്ടി പോലുള്ള ഉപകരണങ്ങൾ.
8. ഹൈ ടെൻഷൻ ലൈനുകളിൽ തട്ടി ഉണ്ടാകുന്ന പൊള്ളലുകളോളം അപകടകാരി മറ്റൊന്നില്ല. പറ്റിയാൽ മരണം അഥവാ ഗുരുതര അംഗവൈകല്യം ഉറപ്പാണ്. വളരെ ആഴത്തിലുള്ള പൊള്ളലുകൾ എല്ലിലും രക്തക്കുഴലിലും മറ്റും ബാധിക്കുന്നതിനാൽ കൈ, കാൽ ഒക്കെ മുറിച്ചു മാറ്റേണ്ടി വരുന്നത് സാധാരണമാണ് . മരങ്ങളിൽ കായ് പറിക്കാൻ നീളത്തിലുള്ള തോട്ടികൾ ഉപയോഗിക്കുന്നത് മൂലമുള്ള ഗുരുതര വൈദ്യുത ആഘാതങ്ങൾ വളരെ കൂടി വരുന്നു. അത്തരം സാഹചര്യങ്ങളിൽ വളരെയധികം ശ്രദ്ധിക്കുക.
9. പടക്കം, പൂത്തിരി തുടങ്ങിയ വസ്തുക്കൾ സൂക്ഷിച്ചുപയോഗിക്കുക. കൈയിൽ വച്ച് പൊട്ടിക്കുക, പൊടി കൂട്ടിയിട്ടു കത്തിക്കാൻ ശ്രമിക്കുക തുടങ്ങിയുള്ള വീരസ്യങ്ങൾ ഒഴിവാക്കുക.
10. ഉത്സവങ്ങളിലും മറ്റുമുള്ള വെടിക്കെട്ടുകൾ സുരക്ഷിതമായ അകലം പാലിച്ച് മാത്രം വീക്ഷിക്കുക. അത്തരം അവസരങ്ങളിൽ വളരെയധികം തിക്കും തിരക്കും ഉള്ള സ്ഥലങ്ങൾ ഒഴിവാക്കുക.
11. വർദ്ധിച്ചുവരുന്ന ഇത്തരം അപകടങ്ങൾ കണക്കിലെടുത്ത് ശക്തിയേറിയ കരിമരുന്ന് പ്രയോഗങ്ങൾ സാധിക്കുമെങ്കിൽ ഒഴിവാക്കുക. ലേസർ പോലുള്ള അപകടരഹിതമായ ശബ്ദ മലിനീകരണം കൂടി ഇല്ലാത്ത ആധുനിക സാങ്കേതിക വിദ്യകൾ ആഘോഷാവസരങ്ങളിൽ ഉപയോഗിക്കാൻ ശ്രമിക്കുക.
പൊള്ളലേറ്റാൽ എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്ന് നമുക്ക് ഇനിയും അറിയില്ല എന്നതാണ് സത്യം. പൊള്ളലേറ്റ ഭാഗത്ത് മഷി തേക്കുക, പല്ല് തേക്കാനുപയോഗിക്കുന്ന പേസ്റ്റ് തേക്കുക, തേൻ പരട്ടുക തൂങ്ങിയ പല അനാവശ്യ കാര്യങ്ങളും ചെയ്‌യുന്നതായി കാണാറുണ്ട്. അതിനാൽ പൊള്ളലേറ്റയാൾക്ക് നൽകേണ്ട പ്രഥമ ശുശ്രൂഷയെ കുറിച്ചുകൂടി ഉൾപ്പെടുത്താൻ എന്നുകരുതുന്നു.

1. പ്രഥമ ശുശ്രൂഷ നൽകുന്ന ആളുടെ സുരക്ഷയാണ് പരമപ്രധാനം. സുരക്ഷ ഉറപ്പുവരുത്തിയതിനു ശേഷമേ സഹായത്തിനു മുതിരാവൂ.
2. വസ്ത്രത്തിനു തീ പിടിച്ചാൽ ഉടൻ നിലത്തു കിടന്നുരുണ്ട് തീകെടുത്താൻ ശ്രമിക്കാവുന്നതാണ്. വസ്ത്രത്തിൽ കത്തിയ തീയുമായി ഓടരുത്. ആരുടെയെങ്കിലും വസ്ത്രത്തിനു തീ പിടിച്ചാൽ നിലത്തുരുളാൻ പറഞ്ഞിട്ട് പുതപ്പോ ചാക്കോ പൊതിഞ്ഞോ, വെള്ളമൊഴിച്ചോ തീ കെടുത്താം.
3. 10 - 15 ശതമാനത്തിൽ താഴെയാണ് പൊള്ളലെങ്കിൽ 10 - 20 മിനിറ്റ് സമയത്തേക്ക് തണുത്ത വെള്ളം ഒഴിക്കുക. അതിൽ കൂടുതൽ ഭാഗത്ത് പൊള്ളലുണ്ടെങ്കിൽ വെള്ളമൊഴിക്കാൻ പാടില്ല. ഐസ് വെള്ളം അല്ല ഉപയോഗിക്കേണ്ടത്, തണുത്ത വെള്ളമാണ് ഉപയോഗിക്കേണ്ടത്. കുറച്ചുഭാഗത്ത് മാത്രമേ പൊള്ളലേറ്റുള്ളുവെങ്കിൽ ആ ഭാഗം വെള്ളത്തിൽ മുക്കി വെയ്ക്കുകയും ആകാം.
4. കരിഞ്ഞ വസ്ത്രങ്ങൾ മുറിച്ചുകളയുക. തീ പിടിച്ചതോ രാസ വസ്തുക്കൾ വീണതോ ആയ വസ്ത്രങ്ങൾ ആളുടെ ശരീരത്തു നിന്ന് മാറ്റുക. മുറിവിൽ ഒട്ടിപ്പിടിച്ച വസ്ത്രങ്ങൾ ബലമായി മാറ്റാൻ ശ്രമിക്കരുത്.
5. പൊള്ളലേറ്റ വ്യക്തിയെ ആ സ്ഥലത്തുനിന്നും മാറ്റുക, തീ കെടുത്തുക. തീ പിടിച്ച മുറികളിൽ വിഷവായു (Carbon monoxide) തങ്ങി നിൽക്കാൻ സാധ്യത ഉണ്ട്. ഇതുമൂലം ഉള്ള അപകടം ഒഴിവാക്കാനും ഒപ്പം വീണ്ടും പൊള്ളൽ ഏൽക്കാതെ ഇരിക്കാനുമാണിത്.
6. കുമിളകൾ പൊട്ടിക്കരുത് , ഒപ്പം പൊള്ളലിന് ഉപയോഗിക്കുന്ന മരുന്നുകൾ ഉണ്ടെങ്കിൽ അവിടെ ലേപനം ചെയ്യുകയുമാവാം.
7. പേസ്റ്റ് ,തേൻ, ബട്ടർ, തുപ്പൽ തുടങ്ങിയവ മുറിവിൽ പുരട്ടരുത്. മുറിവിൽ അണുബാധയുണ്ടാകുന്നതിനിത് കാരണമാകും.
8. ശരീരത്തിൽ ഇറുകി കിടക്കുന്ന ആഭരണങ്ങളും മറ്റും ഊരി മാറ്റുന്നത് ഉചിതമാണ്. പിന്നീട് നീരുണ്ടായാൽ ഇത് മാറ്റാൻ പറ്റാതെയാവുകയും രക്തയോട്ടം കുറയുകയും ചെയ്യും.
9. കുട്ടികളിലെ പൊള്ളൽ ചെറിയ ഭാഗത്തു ആണെങ്കിലും കൂടുതൽ ശ്രദ്ധ കൊടുക്കണം.
10. വൃത്തിയായ പുതപ്പിൽ പുതപ്പിച്ച് പൊള്ളലേറ്റ വ്യക്തിയെ എത്രയും പെട്ടന്ന് ആശുപത്രിയിൽ എത്തിക്കുക. വെള്ളവും ഭക്ഷണവും ഉടൻ കൊടുക്കാൻ ശ്രമിക്കരുത്. ചെറിയ പൊള്ളൽ ആണെങ്കിൽ പോലും വൈദ്യസഹായം തേടുന്നത് തന്നെയാണ് ഉചിതം
.

എന്നാൽ പലപ്പോഴും അണുബാധ പോലുള്ള പല കാരണങ്ങളാലും പൊള്ളലേറ്റവരിൽ മരണം സംഭവിക്കുന്നു. 20 ശതമാനത്തിന് മുകളിലുള്ള ഏത് പൊള്ളലും മരണകാരണമാകാവുന്നതാണ്. അതിനാൽ തന്നെ പൊള്ളലേറ്റാൽ എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കുക.
ആത്മഹത്യ, അപകടമരണം, കൊലപാതകം എന്നിങ്ങനെ മൂന്നു രീതിയിലും പൊള്ളൽ മൂലമുള്ള മരണങ്ങൾ സംഭവിക്കാമെന്ന് ആമുഖത്തിൽ പറഞ്ഞിരുന്നല്ലോ. ഇതുകൂടാതെ മറ്റെന്തെങ്കിലും മാർഗ്ഗത്തിൽ കൊലപ്പെടുത്തിയ ആളെ കത്തിക്കുകയും ചെയ്യാവുന്നതാണ്. കേരളതീയർക്ക് സുപരിചിതമായ കേസാണല്ലോ സുകുമാരക്കുറുപ്പ് കേസ്. ഇൻഷുറൻസ് തുക ലഭിക്കാനായി തന്നോട് രൂപ സാദൃശ്യമുള്ള ചാക്കോ എന്ന ഫിലിം റെപ്രസന്റേറ്റിവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന് ശേഷം കാറടക്കം കത്തിച്ചു എന്നതായിരുന്നു കേസ്. ഫൊറൻസിക് മെഡിസിൻ പ്രൊഫസർ ആയിരുന്ന ഡോ. ബി. ഉമാദത്തൻ ആണ് ആ പോസ്റ്റ് മോർട്ടം പരിശോധന നടത്തിയത്.
മരണാന്തര ദഹനമാണോ അല്ലയോ എന്നത് വിദഗ്ദ്ധമായ പോസ്റ്റ് മോർട്ടം പരിശോധനയിലൂടെ കണ്ടെത്താവുന്നതാണ്. എന്നാൽ ആത്മഹത്യ, അപകടം, കൊലപാതകം എന്നിവയിലേത് എന്ന് അഭിപ്രായം പറയുക ഒരു ഫൊറൻസിക് വിഭാഗം ഡോക്ടറെ സംബന്ധിച്ച് വലിയൊരു വെല്ലുവിളിയാണ്. എങ്കിലും അതിസൂക്ഷ്‌മതയുള്ള പോസ്റ്റ് മോർട്ടം പരിശോധനയിലൂടെ പൊള്ളലിന്റെ രീതിയും വിതരണവും അപഗ്രഥിച്ച് ചില നിഗമനങ്ങളിൽ എത്താൻ അന്വേഷണ ഉദ്യോഗസ്ഥരെ സഹായിക്കാൻ അവർക്കാകും.
ഓർക്കുക, തീ ഒരു സുഹൃത്താണ്. നമുക്ക് വളരെയധികം ഉപകാരങ്ങൾ ചെയ്‌യുന്ന സുഹൃത്ത്, പക്ഷേ ആ സുഹൃത്തിനെ വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്.
(മാതൃഭൂമി ഓൺലൈനിൽ പ്രസിദ്ധീകരിച്ച ലേഖനം: http://www.mathrubhumi.com/…/death-due-to-burn-injury-1.171

No comments:

Post a Comment