Thursday 2 February 2017

ഇന്‍റെര്‍നെറ്റും വ്യാജ ആരോഗ്യവിവരങ്ങളും - DR.DEEPU SADASIVAN



ഇന്റര്‍നെറ്റ്‌ മുഖേന പ്രചരിപ്പിക്കപ്പെടുന്ന വ്യാജ സന്ദേശങ്ങളെ എങ്ങനെ സമീപിക്കണം എന്ന് Dr Deepu Sadasivan എഴുതിയ ലേഖനം.(ഭാഗം -1)OUR PAGE
“ഡൈഹൈഡ്രജന്‍ മോണോക്സൈഡ് എന്ന രാസവസ്തുവിനെ പറ്റി കേട്ടിട്ടുണ്ടോ?ഇത് നിരോധിക്കണം എന്ന ആഹ്വാനങ്ങള്‍ മൂന്നു പതിറ്റാണ്ട് എങ്കിലുമായി ലോകമെമ്പാടും നടന്നു വരുന്നുണ്ട്.ഇതിന്റെ കുഴപ്പം എന്താന്നല്ലേ...
ഇത് ശ്വാസകോശത്തില്‍ എത്തപ്പെട്ടാല്‍ ആള്‍ മരണപ്പെടാം,ഇതിന്റെ ഖര രൂപവുമായി ശരീരം ദീര്‍ഘ നേരം സംബര്‍ക്കത്തിലിരുന്നാല്‍ ആ ഭാഗത്ത് കേടുപാടുകള്‍ ഉണ്ടാവാം,വാതക രൂപത്തില്‍ ആണെങ്കില്‍ ശരീരത്തില്‍ പൊള്ളല്‍ ഉണ്ടാക്കാം,ആസിഡ് മഴ എന്ന പ്രതിഭാസത്തിന്റെ ഒരു പ്രധാന ഘടകമാണ് ഇത് എന്തിനു ഇരുമ്പിനെ വരെ ദ്രവിപ്പിക്കാന്‍ പോന്നതാണ് ഈ രാസവസ്തു,ശരീരത്തില്‍ നിന്ന് മുറിച്ചുമാറ്റുന്ന കാന്‍സര്‍ മുഴകളില്‍ വരെ ഇതിന്റെ സാന്നിധ്യം ഉണ്ട്.”
സംഗതി എന്തെന്ന് പറയാം ൈഡഹൈഡ്രജന്‍ മോണോക്സൈഡ് എന്നാല്‍ H2O അതായത് നമ്മുടെ പച്ച വെള്ളം തന്നെ.ഇനി മുകളില്‍ എഴുതിയത് ഒന്നുകൂടി വായിച്ചു നോക്കുക.
1983 മുതല്‍ക്കു പലപ്പോഴും ലോകത്തിന്റെ പലഭാഗത്തും പ്രചരിച്ച ഒന്നാണ് ൈഡഹൈഡ്രജന്‍ മോണോക്സൈഡ് കഥകള്‍.പലപ്പോഴും ഏപ്രില്‍ ഫൂള്‍ സമയത്ത് തമാശ ആയും മറ്റും ഇറക്കിയ ഈ കഥ വലിയ ഒരു വിഭാഗം ആള്‍ക്കാര്‍ വളരെ സീരിയസായി എടുത്തു ഇതിനെതിരെ പല വിധ പ്രവര്‍ത്തികളിലും ഏര്‍പ്പെട്ടു എന്നതാണ് രസകരം.ഇത് ബാന്‍ ചെയ്യാന്‍ പിന്തുണ കൊടുത്ത രാഷ്ട്രീയക്കാരും,ആക്ടിവിസ്റ്റുകളും ഒക്കെ ഉണ്ടായിട്ടുണ്ട്.
എന്നാല്‍ സാമാന്യജനം എങ്ങനെ ഇത്തരം ഗൂഡാലോചന സിദ്ധാന്തങ്ങള്‍ക്കും വ്യാജ സന്ദേശങ്ങള്‍ക്കുമൊക്കെ വശംവദര്‍ ആവുന്നു എന്നത് സമര്‍ഥിക്കാനും,വിമര്‍ശനാത്മക ചിന്തയും യുക്തിചിന്തയും വളര്‍ത്താനുമൊക്കെ ഈ ഉദാഹരണം ഉപയോഗിക്കാറുണ്ട്.
ഇന്നിപ്പോ ഇമ്മാതിരി കഥകള്‍ ഇന്റര്‍നെറ്റ് വഴിയാണ് പരക്കുന്നത്,പറക്കുന്നത് എന്ന് വേണേലും പറയാം,വൈറല്‍ മെസ്സേജുകള്‍ ഒക്കെ അക്ഷരാര്‍ത്ഥത്തില്‍ പറ പറക്കുകയാണല്ലോ!
വിവരസാങ്കേതികവിദ്യ ഉപയോഗിച്ച് വിവരങ്ങള്‍ അതിവേഗം ബഹുദൂരം കൈമാറുന്നതിനൊപ്പം തന്നെ തെറ്റായ വിവരങ്ങളും ഇതേ വേഗതയില്‍ കൈമാറപ്പെടുന്നുണ്ട്,തെറ്റായ വിവരങ്ങള്‍ക്ക് വേഗതയും മൈലേജും അല്പം കൂടുതലാണങ്കിലെയുള്ളൂ.പ്രത്യേകിച്ച് ആരോഗ്യരംഗവുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങള്‍/വ്യാജ മെസ്സജുകള്‍ വസ്തുതാപരം എന്ന രീതിയില്‍ പ്രചരിപ്പിക്കപ്പെടുന്ന അനാരോഗ്യപ്രവണത ഇന്ന് നിലവിലുണ്ട്.
സോഷ്യല്‍ മീഡിയയുടെ അനന്ത സാധ്യത ഉപയോഗപ്പെടുത്തി,Hoax എന്ന് ഇംഗ്ലീഷില്‍ അറിയപ്പെടുന്ന അവാസ്തവ/വ്യാജ മെസ്സജുകള്‍ അഥവാ കിംവദന്തികള്‍ നമ്മുടെ നാട്ടില്‍ ഇന്ന് വിപുലമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്‌.
വ്യവസ്ഥാപിതമായ സത്യങ്ങളെക്കാള്‍ കൌതുകജനകമായ /ഞെട്ടിപ്പിക്കുന്ന/ഭീതിജനകമായ/ജുഗുപ്താസവഹമായ സന്ദേശങ്ങളോടും, അതുമല്ലെങ്കില്‍ അല്പം എരിവും പുളിയും കലര്‍ത്തിയ അസത്യങ്ങളോടും അര്‍ദ്ധ സത്യങ്ങളോടും ഒക്കെ ജനസാമാന്യത്തിനു ഒരു ഗോസിപ്പിനോട് എന്ന പോലെ പ്രതിപത്തി ഉണ്ടെന്നത് വാസ്തവമാണ്.
യുക്തിഭദ്രമാണോ വസ്തുതാപരമാണോ എന്നൊന്നും വിശകലനം ചെയ്യാന്‍ മെനക്കെടാതെ, മുന്നും പിന്നും നോക്കാതെ ഇത്തരം സന്ദേശങ്ങള്‍ കണ്ടാല്‍ കണ്ടാല്‍ അപ്പൊ ഷെയര്‍ ചെയ്യുക എന്നതാണ്പലരുടെയും ഹോബി.
രണ്ടു ക്ലിക്കില്‍ ചെയ്യുന്ന ഈ ഫോര്‍വേഡ് പ്രക്രിയ കൊണ്ട് ഉണ്ടായേക്കാവുന്ന ഗുണ ദോഷഫലങ്ങളെക്കുറിച്ച് നാം കൂടുതല്‍ അവബോധം ഉള്ളവര്‍ ആവേണ്ടിയിരിക്കുന്നു.
പലപ്പോഴും പരോപകാരമെന്നോ നിഷ്കാമകര്‍മ്മമെന്നോ ഒക്കെ കരുതി ചെയ്യുന്ന ഈ പരിപാടിക്ക് ദൂരവ്യാപകമായ മോശം പ്രത്യാഘാതങ്ങള്‍ സമൂഹത്തില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞേക്കും,ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്തേക്കും എന്ന് ചുരുക്കം.
ശാസ്ത്രീയം എന്ന ലേബലില്‍ പ്രചരിക്കുന്ന പലതും അര്‍ദ്ധസത്യങ്ങളോ,അസത്യങ്ങളായ കപട ശാസ്ത്രമോ ആരുടെയെങ്കിലും ഭാവനാവിലാസമോ ഒക്കെ ആയിരിക്കും!എന്നാല്‍ വിവരവും വിദ്യാഭ്യാസവും ഉണ്ടെന്നൊക്കെ കരുതുന്നവര്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന്‌ ആള്‍ക്കാര്‍ ഇത് കാണുകയും,പല ഉറവിടങ്ങളില്‍ നിന്ന് പല തവണ മുന്നിലെത്തുകയുമൊക്കെ ചെയ്യുമ്പോള്‍ കുറെ പേര്‍ എങ്കിലും ഇത് വിശ്വസിക്കുന്നു,കുറച്ചു പേര്‍ ആശയക്കുഴപ്പത്തില്‍ ആവുന്നു,പൊതുവില്‍ സമൂഹത്തിന്റെ ശാസ്ത്രബോധത്തെ ഇത് ബാധിക്കുന്നു എന്നതൊക്കെ ചെറിയ ദോഷമല്ല.
ഇതില്‍ ചിലതിനു വളരെയധികം പ്രചാരം ആവുമ്പോള്‍വാര്‍ത്തയുടെ ആധികാരികത ഉറപ്പു വരുത്താതെമുന്‍നിര മാദ്ധ്യമങ്ങള്‍ വരെ ഇത് പോലുള്ള കഥകള്‍ പ്രചരിപ്പിക്കുന്നയിടം വരെ എത്തിച്ചേര്‍ന്നിരിക്കുന്നു ഇതിന്റെ പരിണിതഫലങ്ങള്‍.
കിംവദന്തികളുടെ ഉറവിടം എന്താണ്?എങ്ങനെഉടലെടുക്കുന്നു?
I. ചിലത്, ഒന്ന് ആളാവാന്‍,കേവല ശ്രദ്ധ കിട്ടാനുള്ള ചിലരുടെ മനോനിലയില്‍ നിന്ന് ഉടലെടുക്കുന്ന സംഗതിയാണ്.കുറച്ചു ലൈക്ക് ഷെയര്‍ എന്നിവ കിട്ടി നിര്‍വൃതി അടയുന്ന ചിലര്‍ എങ്കിലുമുണ്ട്.
II. എന്നാല്‍ ചിലതാവട്ടെ ബോധപൂര്‍വം കെട്ടിച്ചമച്ചതാണ്!ആരോഗ്യരംഗവുമായി ബന്ധപ്പെട്ടു വരുന്ന ഭൂരിഭാഗവും ഈ വിഭാഗത്തില്‍ പെടുന്നു എന്നത് ആശങ്ക ഉണര്‍ത്തുന്ന ഒന്നാണ്.ഇതിനു പിന്നില്‍ സാമ്പത്തിക നേട്ടം പ്രശസ്തി എന്നിവയുള്‍പ്പെടെ ഉള്ള സ്ഥാപിത താല്‍പ്പര്യങ്ങള്‍ കാണും.
സ്വന്തം പ്രശസ്തി,കച്ചവട താല്പര്യങ്ങള്‍,സാമ്പത്തിക നേട്ടം എന്നിവയ്ക്ക് വേണ്ടി ചിലരീമാര്‍ഗ്ഗം തിരഞ്ഞെടുക്കുന്നു എന്നതാണ് ഇന്ന് പരക്കെ കാണപ്പെടുന്നത്.കപട ശാസ്ത്രങ്ങളുടെ പ്രചരണം പ്രധാനമായും നടക്കുന്നത് ഈ മാര്‍ഗ്ഗേനെയാണ്.മിഡ് ബ്രെയിന്‍ ആക്ടിവേഷന്‍ പോലുള്ള അത്യാധുനിക തട്ടിപ്പ് തുടങ്ങി വലംപിരി ശംഖു ഒടി വിദ്യ മന്ത്രവാദം ലാടവൈദ്യം എന്നിങ്ങനെയുള്ള പഴയ തട്ടിപ്പുകള്‍ വരെ നിലവില്‍ ഈ തന്ത്രമുപയോഗിച്ചു മാര്‍ക്കെറ്റ് ചെയ്യുന്നുണ്ട്.
അന്ഗീകൃതം അല്ലാത്ത ചികിത്സാ സമ്പ്രദായങ്ങളും,യോഗ്യത ഇല്ലാത്ത വ്യാജ ചികിത്സകരും ഫേസ്ബുക്ക്‌,വാട്സ്ആപ്,യൂട്യൂബ്,വെബ്‌പേജുകള്‍ എന്നിവയിലൂടെ മോഡേണ്‍ മെഡിസിനെക്കുറിച്ചും ശാസ്ത്രത്തെയും ഒക്കെ കുറിച്ച് അവാസ്തവങ്ങള്‍ പ്രചരിപ്പിക്കുന്നത് കാണാം.ഉദാ:വാക്സിന്‍ വിരുദ്ധത,കീമോഫോബിയ,അശാസ്ത്രീയത എന്നിങ്ങനെ പലതും ജനങ്ങളില്‍ ഭീതി ചെലുത്തുന്ന രീതിയില്‍ പ്രചരിപ്പിക്കുകയും ഇതിലൂടെ തങ്ങള്‍ക്കു കിട്ടുന്ന ജനശ്രദ്ധയും വിശ്വാസ്യതയും ഒക്കെ മറ്റു താല്‍പ്പര്യങ്ങള്‍ നടപ്പാക്കാന്‍ ഉപയോഗിക്കുകയും ചെയ്യുന്നു.സംശയ വ്യാപാരികള്‍ ആണിവര്‍,ശരിയെന്നു പലര്‍ക്കും തോന്നുന്ന തരത്തില്‍ ഉള്ള ഗൂഡാലോചനാ സിദ്ധാന്തങ്ങള്‍ ആണ് സ്ഥിരമായി സമൂഹത്തില്‍ വാരി വിതറുന്നത്.കുളം കലക്കി മീന്‍ പിടിക്കുന്ന രീതി!
ഒരു ഹോക്സ് ചമയ്കുന്ന രീതി,
 ശാസ്ത്രം സുതാര്യമായും, ആര്‍ക്കും പെട്ടന്ന് പ്രാപ്യമാവുന്ന വിധത്തിലും പ്രദാനം ചെയ്തിരിക്കുന്ന വിവരങ്ങള്‍ ശേഖരിച്ചിട്ടു, ശാസ്ത്രത്തിന്റെ തന്നെ വക്കും അരികും തോണ്ടി എടുത്തു അത് തന്നെ ആയുധമാക്കി(അല്‍പ ജ്ഞാനം അപകടമാക്കി) വിളമ്പുക ആണ് ഇക്കൂട്ടര്‍ ചെയ്യുക.കൂട്ടത്തില്‍ ബോധപൂര്‍വ്വം വസ്തുതകളെവക്രീകരിക്കുക,പച്ചക്കള്ളം സമാസമം ചേര്‍ക്കുക,വസ്തുതകളില്‍ വെള്ളം ചേര്‍ക്കുക എന്നിവയും ഉണ്ടാവും.
ഉദാ:മിഡ് ബ്രെയിന്‍ ആക്ട്ടിവേഷന്‍ എന്ന തട്ടിപ്പിന് പ്രചരണം കൊടുക്കുന്ന മെസ്സേജില്‍ ന്യൂറോ സയന്‍സുമായി ബന്ധപ്പെട്ട തിയറികളും മെഡുടുല്ല ഓബ്ലാന്ഗെറ്റ പോലുള്ള സാങ്കേതിക പദങ്ങളും തിരുകി കയറ്റിയതിനു ശേഷമാണ് ചില കപട സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കുന്നത്‌.മെഡിക്കല്‍ രംഗത്ത് ഉള്ള ഒരാള്‍ക്ക്‌ പൊള്ളത്തരം മനസ്സിലായെക്കാമെങ്കിലും വായിക്കുന്ന മറ്റു പലര്‍ക്കും ഇത് ശാസ്ത്രീയമാണെന്ന് തോന്നിപ്പോവും.പല വ്യാജമെസ്സേജ്കള്‍ക്കും സ്വീകാര്യത കിട്ടുന്നത് ഇതില്‍ വീണു പോവുന്നവര്‍ അത്യാവശ്യം വിദ്യാഭ്യാസവും യോഗ്യതകളും ഉള്ളവര്‍ ആണ് എന്നതിനാല്‍ കൂടി ആണ്.
 വിശ്വാസ്യതയും സ്വീകാര്യതയും കിട്ടാന്‍ ചില സ്ഥാപനങ്ങളുടെ/പ്രമുഖ വ്യക്തികളുടെ ഒക്കെ പേര് ഉപയോഗിക്കുക ഉദാ: നാസ,മേയോ ക്ലിനിക് ഒക്കെയാണ് രീതി.
പ്രശസ്തി ആയിക്കഴിഞ്ഞാല്‍ വിഷയവുമായി ബന്ധപ്പെട്ട വൈദഗ്ദ്ധ്യം ഇല്ലെങ്കിലും ബഷീറിന്റെ വിശ്വവിഖ്യാതമായ മൂക്ക് എന്ന കൃതിയിലെ മൂക്കനെപ്പോലെ എന്തിലും ഏതിലും അഭിപ്രായം പറയുന്ന ചില പ്രശസ്തരുടെ അനുഭവസാക്ഷ്യങ്ങള്‍ കൂടി ചിലപ്പോള്‍ ഇവര്‍ കൂട്ടി ചേര്‍ക്കും.ഉദാ:ഹൃദയമാറ്റ ശസ്ത്രക്രിയയെ കുറിച്ച് ആധികാരിക അഭിപ്രായം പറയുന്ന സിനിമാ താരം,പ്രമേഹ ചികിത്സയെക്കുറിച്ച് സാക്ഷ്യം പറയുന്ന രാഷ്ട്രീയ നേതാവ് പോലുള്ള ഇനം പരിപാടികള്‍.(യാഥാര്‍ത്ഥ ശാസ്ത്രത്തിനു അനുഭവ സാക്ഷ്യങ്ങള്‍ വേണ്ടി വരില്ല, അനുഭവ സാക്ഷ്യങ്ങള്‍ക്ക് ശാസ്ത്രത്തില്‍ വലിയ പ്രസക്തിയുമില്ല.)
 വിദേശരാജ്യങ്ങളില്‍ പണ്ട് പ്രചരിച്ച ചില വ്യാജ മെസ്സജുകള്‍ മലയാളത്തിലേക്ക് തര്‍ജ്ജിമ ചെയ്തു പ്രചരിപ്പിക്കുന്നതും കാണാം.വലിയൊരു ശതമാനം കിംവദന്തികള്‍ ഇത്തരമാണ്.ഇതില്‍ പലതുമാവട്ടെ വ്യാജം ആണെന്ന് പലരും തെളിയിച്ചു കഴിഞ്ഞതും!
 ഫോട്ടോഷോപ്പും വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയര്‍കളുമൊക്കെ ഉപയോഗയുക്തമാക്കി വ്യാജഇമേജും വിഡിയോയും വരെ നിര്‍മ്മിക്കാം എന്ന് വന്നതോട് കൂടി ഇത്തരം പലതിന്റെയും ഒപ്പം വിശ്വാസ്യത കൂട്ടാന്‍ ഇതൊക്കെ ഉപയോഗിക്കുന്ന സ്ഥിതിയും വന്നിട്ടുണ്ട്.
ഇത്തരം മെസ്സേജ്കള്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നതിന് പിന്നിലെ മനോനില എന്താണ്?
ഷെയര്‍ ചെയ്യുന്നവരുടെ മനോനില പലതാണ് എങ്കിലും,
*യുക്തി/വിമര്‍ശനാല്‍മക ചിന്തയുടെ അഭാവം, ശാസ്ത്ര അവബോധമില്ലായ്മ എന്നിവ –ഇവയുടെ ഏറിയും കുറഞ്ഞും ഉള്ള പ്രതിഫലനമാണ് ആണ് ഇത്തരം ഷെയര്‍ ചെയ്യലിന് പിന്നില്‍ കാണാവുന്നത്‌.
*ലളിതയുക്തി - സങ്കീര്‍ണ്ണവും വിരസവുമായ ശാസ്ത്രീയ വിശദീകരണത്തെക്കാള്‍ ലളിതയുക്തിയില്‍ അഭിരമിക്കാന്‍ ഉള്ള താല്പര്യം കിംവദന്തികളെ വിശ്വസിക്കാന്‍ ചിലരെ പ്രേരിപ്പിക്കുന്നു.
*കാര്യഗൌരവമില്ലാത്ത സമീപനം - അനേകം സന്ദേശങ്ങള്‍ ആണ് ഇന്ന് പലരും ദിവസേന കാണുന്നത്.സന്ദേശത്തിന്റെ ഉള്ളടക്കം ശ്രദ്ധിച്ചു വായിക്കാതെ,അപഗ്രഥിക്കാന്‍ മെനക്കെടാതെ അമിത വേഗതയില്‍ അശ്രദ്ധമായി ഷെയര്‍ ചെയ്യുന്ന പ്രവണത.
*ഭീതിക്ക് അടിമപ്പെടുക – ഷെയര്‍ ചെയ്തില്ലെങ്കില്‍ അപകടമായെങ്കിലോ എന്നുള്ള ചിന്ത.ശീതളപാനീയത്തില്‍ എച് ഐ വി വൈറസ് കലര്‍ന്ന രക്തം ആരോ കുത്തി വെച്ചിരിക്കുന്നു അത് കൊണ്ട് അത് കുടിക്കാന്‍ പാടില്ല എന്ന് കേട്ടാല്‍ ഇനിയെങ്ങാന്‍ ശരിയാണെങ്കിലോ എന്ന് ഭയന്ന് ഷെയര്‍ ചെയ്യുന്നവരുണ്ട്.
*ഒഴുക്കിന് ഒത്തു നീങ്ങല്‍ - അനേകം പേര്‍ ഷെയര്‍ ചെയ്തത് വാസ്തവമാവും എന്ന ചിന്തയില്‍ പ്രചരിപ്പിക്കുന്നവര്‍ ഉണ്ട്.
*ഗൂഡാലോചന സിദ്ധാന്തങ്ങള്‍ വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള പ്രത്യേക മാനസിക നിലയുള്ളവര്‍ - വ്യക്തിഗതമായ മുന്‍തിക്താനുഭവങ്ങള്‍ ഉള്ളവര്‍,സംശയദൃഷ്ടിയില്‍ കാര്യങ്ങളെ വീക്ഷിക്കുന്ന പാരനോയിഡ് വ്യക്തിത്വം ഉള്ളവര്‍,അധികാര സ്ഥാപനങ്ങളെ ഒക്കെ സംശയ ദൃഷ്ടിയില്‍ മാത്രം വീക്ഷിക്കുന്നവര്‍ എന്നിവരൊക്കെ ഈ ഗണത്തില്‍ പെടാം.
*ആത്മരതി - ചിലര്‍ക്ക് ചാരിറ്റി പോസ്റ്റുകള്‍ സ്വയമേ വലിയ ഒരു സദ്കൃത്യം ചെയ്ത നിര്‍വൃതിയാണ്.മറ്റുള്ളവരുടെ മുന്നില്‍ താന്‍ ഒരു ചാരിറ്റി തല്പരന്‍ ആണെന്ന് കാണിക്കുകയും ചെയ്യാം.പക്ഷെ ചിലപ്പോള്‍ ഇത് തട്ടിപ്പുകാര്‍ക്ക് വളം ഇടുക ആവും,രോഗികള്‍ക്ക് സഹായധനം ആവശ്യപ്പെട്ടു വരുന്ന ചില മെസ്സേജുകള്‍ ചില യാഥാര്‍ത്ഥ ഗുണഭോക്താക്കള്‍ക്ക് പകരം ചിലര്‍ തട്ടിയെടുത്ത സംഭവങ്ങളുണ്ട്.

No comments:

Post a Comment