Thursday 2 February 2017

SHAKEN BABY SYNDROME - DR. DEEPU SADASIAVAN



കുഞ്ഞുങ്ങളെ മുകളിലേക്ക് "എറിഞ്ഞു" കളിക്കുമ്പോള്‍ മാരകമായ അപകടം സംഭവിക്കാം!!
 ഡോ:ദീപു സദാശിവന്‍ എഴുതുന്നു..


കുഞ്ഞുങ്ങളെ മുകളിലേക്ക് എറിഞ്ഞു പിടിക്കുന്നത്‌ വളരെ അപകടകരം ആയ കാര്യം ആണ്,എന്നാല്‍ ഇതിന്റെ അപകട സാധ്യത മനസ്സിലാക്കാതെ പലരും ചെയ്തിട്ടുള്ള കാര്യമായിരിക്കാമിത്.
പലരും കളി ആയിട്ടാണ് കുഞ്ഞുങ്ങളെ ഇങ്ങനെ ചെയ്യുന്നത് പലപ്പോളും കുഞ്ഞുങ്ങള്‍ ഇത് ആസ്വദിക്കുകയും ചിരിക്കുകയും ചെയ്യും എന്നാല്‍ ചിലപ്പോള്‍ കളി കാര്യം ആവും.
കുഞ്ഞു കൈ വിട്ടു താഴെ വീഴാന്‍ ഉള്ള സാധ്യത ഞാന്‍ പറയാതെ തന്നെ ഏവര്‍ക്കും ഊഹിക്കാം എന്നാല്‍ അതിലും വലിയ അപകടവും സംഭവിക്കാം.
☠ഇത് ചിലപ്പോള്‍ കുഞ്ഞുങ്ങള്‍ക്ക്‌ തലച്ചോറിനു കേടുപാടുകളും,തുടര്‍ന്ന് മാരകമായ രോഗാവസ്ഥയും ഉണ്ടാക്കാം.


ജീവിതകാലം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന രോഗാതുരതയോ (പക്ഷാഘാതം പോലുള്ള തളര്‍ച്ചയോ,അന്ധതയോ ഒക്കെ )കൂടാതെ മരണം പോലുമോ തല്‍ഫലമായി ഉണ്ടാവാം ഇതിനെയാണ് ഷേക്കണ്‍ ബേബി സിണ്ട്രോം(Shaken Baby Syndrome) എന്ന് വിശേഷിപ്പിക്കുന്നത്.യാതൊരു കാരണവശാലും കൊച്ചു കുഞ്ഞുങ്ങളെ പ്രത്യേകിച്ച് രണ്ടു വയസ്സില്‍ താഴെ ഉള്ള കുഞ്ഞുങ്ങളെ അങ്ങനെ എറിയുകയോ കുലുക്കുകയോ ചെയ്യാന്‍ പാടില്ല.
✪കുഞ്ഞുങ്ങളുടെ അസ്ഥിവ്യവസ്ഥയും അവയെ ബന്ധിപ്പിക്കുന്ന മസിലുകളും ശരീരഭാഗങ്ങളും മുതിര്ന്നവരിലെ പോലെ ശക്തി ആര്ജ്ജിച്ചിട്ടില്ല.ഇങ്ങനെ എടുത്തു ഉലയ്ക്കുമ്പോള്‍ പിടലിയുടെ അസ്ഥിരത കൊണ്ട് തല കുലുങ്ങുകയും തലയോട്ടിയുടെ ഉള്ളില്‍ ബ്രെയിന്‍ ചലിക്കുകയും തലയോട്ടിയുടെ അന്തര്‍ഭാഗത്ത് തട്ടി പലതരം പരുക്കുകള്‍ ഉണ്ടാവാം പ്രത്യേകിച്ച് ആന്തരിക രക്ത സ്രാവം ഉണ്ടാവുകയും ചെയ്യാം തല്ഫലം ആയിട്ടാണ് മേല്‍പ്പറഞ്ഞ ഗുരുതരാവസ്ഥകള്‍ ഉണ്ടാവുന്നത്.
കൂടാതെ നട്ടെല്ലിനും സുഷുംനയ്ക്കും ഒക്കെ പരുക്കുകള്‍ സംഭവിക്കാം,വാരിയെല്ലുകള്‍ ഒടിയാം.
ഇത്തരത്തില്‍ പരുക്കുകള്‍ ഏല്‍ക്കുന്ന കുഞ്ഞുങ്ങളില്‍ 25 ശതമാനം എങ്കിലും മരണപ്പെടുന്നു എന്നാണു കണക്കുകള്‍!
✪കരച്ചില്‍ നിര്‍ത്താന്‍ വേണ്ടിയും,കുട്ടികളോട് ദേഷ്യം പ്രകടിപ്പിക്കുന്നതിനും വേണ്ടിയും ഒക്കെ ഉള്ള ശക്തമായ കുലുക്കലുകള്‍ ഇതിനു കാരണമാവാം.
✪പല രാജ്യങ്ങളിലും ഇതിനെ ഒരു തരത്തില്‍ ഉള്ള ബാല പീഡനം ആയിട്ടാണ് ഇന്ന് ഇതിനെ കാണുന്നത്.നമ്മുടെ നാട്ടില്‍ ഈ അവസ്ഥ പലപ്പോളും തിരിച്ചറിയപ്പെടുന്നു പോലും ഉണ്ടാവില്ല.അമേരിക്കയിലെ കണക്കുകള്‍ പ്രകാരം പ്രതിവര്‍ഷം 1500 കുട്ടികള്‍ക്ക് ഇത് സംഭവിക്കുന്നു എന്നാണു.
✪യാതൊരു കാരണവശാലും കുഞ്ഞുങ്ങളെ ശക്തമായി കുലുക്കുകയോ മുകളിലേക്ക് എറിഞ്ഞു പിടിച്ചു കളിക്കുകയോ ചെയ്യരുത് എന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചു കൊണ്ട് നിര്‍ത്തുന്നു.
ഇത്തരം ഒരു അവബോധം ഏവരിലേക്കും എത്തിയാല്‍ നന്ന് എന്ന് കരുതുന്നു.

No comments:

Post a Comment