Thursday 2 February 2017

ഇന്റർനെറ്റും വ്യാജ ആരോഗ്യവിവരങ്ങളും PART 2 - DR.DEEPU SADASIVAN



വ്യാജ സന്ദേശങ്ങളെ(ഹോക്സുകള്‍ )ക്കുറിച്ച്
Dr Deepu Sadasivan എഴുതിയ ലേഖനത്തിന്റെ രണ്ടാം ഭാഗം.

മെഡിക്കല്‍ രംഗവുമായി ബന്ധപ്പെട്ടു അടുത്തിടെ പ്രചാരം ചില കിംവദന്തികളും അവയ്ക്ക് പിന്നിലെ വാസ്തവവും.
I. ”ബ്ലഡ്‌ പ്രഷര്‍,പ്രമേഹം എന്നിവയ്ക്ക് മരുന്ന് കഴിക്കാന്‍ പാടില്ല...”എന്ന് തുടങ്ങി അനേകം അസംബന്ധങ്ങള്‍ അടങ്ങിയ ഒരു ശബ്ദ സന്ദേശം അടുത്തിടെ പ്രചുരപ്രചാരം നേടി.തികഞ്ഞഅവസ്തവങ്ങള്‍നിറഞ്ഞ ഈ സന്ദേശം നല്‍കിയത് മെഡിക്കല്‍ രംഗവുമായി പുലബന്ധം പോലുമില്ലാഞ്ഞ ഒരാള്‍ ആയിരുന്നു എന്നാണറിയുന്നത്.മേയോ ക്ലിനിക്കിലെ ഒരു ഡോക്ടര്‍ പറഞ്ഞു എന്ന പേരിലാണ് ഇത് പ്രചരിച്ചത്.മേയോ ക്ലിനിക്കില്‍ ഇതേ പേരില്‍ ഒരു ഡോക്ടര്‍ ഇല്ലെന്നത് വേറെ കാര്യം!
II. “ഐ എം എ യുടെ മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതി അബോര്‍ഷന്‍ ചെയ്തെടുക്കുന്ന ഭ്രൂണങ്ങള്‍ ശേഖരിച്ചു വാക്സിന്‍ ഉല്‍പ്പാദിപ്പിക്കാന്‍ വേണ്ടി ഉള്ളതാണ്” പച്ചവെള്ളം തിളപ്പിച്ച്‌ കുടിക്കാന്‍ പാടില്ല എന്നൊക്കെ ആഹ്വാനം ചെയ്യുന്ന ഒരു പ്രശസ്തന്റെ ആണ് ഈ വാചകങ്ങള്‍.
*ഐ.എം.എ യോ എന്തിനു ലോകത്തെവിടെയെങ്കിലും ശാസ്ത്രഞ്ജന്മാരോ വാക്സിന്‍ ഉണ്ടാക്കാന്‍ നിലവില്‍ ഭ്രൂണം തപ്പി നടക്കുന്നില്ല
ചിലതരം വാക്സിന്‍ ഉല്‍പ്പാദനത്തില്‍ ഉപയോഗിക്കുന്ന വൈറസ് വളര്‍ത്തി എടുക്കാന്‍ ജീവനുള്ള കോശങ്ങള്‍ ആവശ്യമാണ്‌.1964 & 70 വര്‍ഷങ്ങളില്‍ രണ്ടു പ്രാവശ്യം മാത്രം രണ്ടു വത്യസ്ഥഭ്രൂണങ്ങളില്‍ നിന്ന്(അനുവാദത്തോടെ) സ്വീകരിച്ച കോശങ്ങള്‍ പല തലമുറ ആയി സെല്‍ കള്‍ച്ചറിലൂടെ വിഭജിപ്പിച്ചു അത് നിരന്തരമായി ഉപയോഗിച്ചാണ് ഇത്രയും വര്ഷം ലോകം എമ്പാടും പലവിധ രോഗത്തിനുള്ള ഇത്തരം വാക്സിന്‍ ഉല്‍പ്പാദനം നിലവിലും നടത്തുന്നത്.(WI-38 അല്ലെങ്കില്‍ MRC-5 cell strains)
*അതായത് ആദ്യത്തെ പ്രൈമറി സെല്‍ലൈന്‍ കഴിഞ്ഞാല്‍ പിന്നീട് വിഭജിച്ചു വന്ന കോശങ്ങള്‍ ഒക്കെ ഭ്രൂണത്തില്‍ ഉണ്ടായവ അല്ല മറിച്ചു ലാബില്‍ വിഭജിച്ചു ഉണ്ടായവ ആണ്.
*ഭ്രൂണത്തിന് ഉള്ളിലെ ശ്വാസകോശത്തിലെfibroblast cells എന്ന് വിളിക്കപ്പെടുന്ന സൂക്ഷ്മ കോശം മാത്രമാണ് അല്പം എടുത്തിട്ടുള്ളത്!
*എന്ന് മാത്രമല്ല ഈ കോശങ്ങള്‍ വാക്സിനില്‍ ഉണ്ടാവില്ല,വൈറസിനെ മാത്രമാണ് വാക്സിന്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്.
ഇത് രണ്ടു ഉദാഹരണം മാത്രം,വിഷയത്തില്‍ അടിസ്ഥാന അവഗാഹം ഉള്ള ആളുകള്‍ക്ക് എളുപ്പത്തില്‍ പൊളിക്കാവുന്ന അനേകം വ്യാജ അവകാശവാദങ്ങളുമായാണ് ഇത്തരം സന്ദേശങ്ങള്‍ പ്രചരിക്കുന്നത്.
ഇവ ഉണ്ടാക്കുന്ന മോശം പ്രത്യാഘാതങ്ങള്‍ എന്തൊക്കെ?
ഭൂമി പരന്നതാണ്,മനുഷ്യന്‍ചന്ദ്രനിലിറങ്ങിയിട്ടേയില്ല,സവാള കൊണ്ട് ഐഫോണ്‍ ചാര്‍ജ് ചെയ്യാം,ആറു തലയുള്ള നാഗം,ജനഗണമന ഏറ്റവും മികച്ച ദേശീയഗാനമായി യുനെസ്കോ തിരഞ്ഞെടുത്തു എന്നിവയൊക്കെ ഒരു പരിധിവരെ അവഗണിക്കാം.
എന്നാല്‍ ചിലത് അങ്ങനെയല്ല,വ്യക്ത്യാധിഷേപങ്ങള്‍ പേറുന്ന ചിലതുണ്ട്.ജിഷയുടെ കൊലപാതകി എന്ന പേരില്‍ മറ്റൊരു ചെറുപ്പക്കാരന്റെ ചിത്രങ്ങള്‍ പ്രചരിച്ച സംഭവമെടുക്കൂ,എത്ര ഗുരുതരമാണത്?മസ്തിഷ്ക ആഘാതം ഉണ്ടായ പോലീസുകാരന്‍ മദ്യപിച്ചു ലക്ക് കെട്ടതാണ് എന്ന പ്രചരണം വഴി അദ്ദേഹത്തിന്‍റെഔദ്യോഗിക/വ്യക്തി ജീവിതങ്ങള്‍ വരെ പ്രതിസന്ധിയിലായി എന്നാണു പിന്നീട് അറിഞ്ഞത്.
മെഡിക്കല്‍ രംഗവുമായി ബന്ധപ്പെട്ടു വരുന്ന പല വ്യാജ സന്ദേശങ്ങളും ഇത് പോലെ ദൂരവ്യാപകമായ മോശം പ്രത്യാഘാതങ്ങള്‍ സമൂഹത്തില്‍ ഉണ്ടാക്കാന്‍ പോന്നതുമാണ്.
 ഏതെങ്കിലും ഒരു വസ്തുവിന് എതിരെ നടക്കുന്ന കുപ്രചരണങ്ങള്‍ അതിന്റെ വില്‍പ്പനയ്ക്കും അതുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ക്കും പ്രതികൂലമാവുന്നു.
സൂപ്പെര്‍ മാര്‍ക്കെറ്റില്‍ ചെന്നപ്പോള്‍ മുട്ട കിട്ടാനില്ല,കാരണം അന്വേഷിച്ചപ്പോള്‍ ചൈനീസ് മുട്ട ഇറങ്ങുന്നു,അത് ആരോഗ്യത്തിനു അത്യാപത്ത്‌ എന്ന വാര്‍ത്ത(വ്യാജ)യുടെ പരിണിതഫലം.

OUR PAGE
ഏറ്റവും ഒടുക്കം വന്ന പരോപകാര കിംവദന്തി ആയ കൃത്രിമചൈനീസ് മുട്ട വ്യാജ വാര്‍ത്ത ആയിരുന്നു എന്ന് അത് പ്രചരിപ്പിച്ച മാദ്ധ്യമങ്ങള്‍ തന്നെ പിന്നീട് വാര്‍ത്ത കൊടുത്തെങ്കിലും സമൂഹമദ്ധ്യത്തില്‍ അതുണ്ടാക്കിയ ഭീതി ഒഴിഞ്ഞിട്ടില്ല!ആലോചിച്ചു നോക്കൂ മുട്ട വ്യവസായത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എത്ര ചെറുകിട/വന്‍കിട കച്ചവടക്കാര്‍ക്ക് ഇത് കൊണ്ട് എന്തൊക്കെ തരം ബുദ്ധിമുട്ടുകള്‍ ഉണ്ടായിക്കാണും എന്ന്?!
 മറുവശത്ത്‌ ചില വസ്തുക്കള്‍ക്ക് പ്രത്യേക മൂല്യം ഉണ്ടെന്ന പ്രചരണം അതിന്റെ വില്‍പ്പനയ്ക്ക് അനുകൂലം ആവുന്ന സാഹചര്യവും ഉണ്ട്.
ലക്ഷ്മിതരുവിന്റെയും മുള്ലാത്തയുയുടെയും വിലയും വില്‍പ്പനയും കുതിച്ചു ഉയര്‍ന്നത് ഓര്‍ക്കാവുന്നതാണ്.
 കപട ശാസ്ത്രങ്ങള്‍ക്കു പ്രചാരവും സ്വീകാര്യതയും വര്‍ദ്ധിപ്പിക്കുന്നു.
ഇത് ജനങ്ങളില്‍ ആശയക്കുഴപ്പവും,ആശങ്കയും,ശാസ്ത്രത്തെക്കുറിച്ച് സംശയവും ഉണ്ടാക്കും.ശാസ്ത്രീയ രീതികള്‍ അവലംബിക്കുന്നതില്‍ നിന്നും അവരെ വിമുഖരാക്കുന്നു.
വടക്കന്‍ ജില്ലകളില്‍ കേന്ദ്രീകരിച്ചു വാക്സിന് എതിരെ ചിലരുടെ ദീര്‍ഘകാല പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ മികച്ച ഉദാഹരണം ആണ്.തല്‍ഫലമായി ആ പ്രദേശങ്ങളിലെ വാക്സിനേഷന്റെ തോത് കേരളത്തിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് ഗണ്യമായി കുറയുകയും ഇതിന്റെ പരിണിതഫലമായി കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി നാം കേരളത്തില്‍ നിന്ന് തന്നെ ഇല്ലാതാക്കി എന്ന് കരുതപ്പെട്ടിരുന്ന ഡിഫ്തീരിയ,ടെറ്റനസ് പോലുള്ള പകര്‍ച്ചവ്യാധികള്‍ ഈ പ്രദേശത്തു തിരിച്ചു വരവ് നടത്തി കുറെ പേരുടെ ദയനീയ മരണത്തിനു പോലുമിടയാക്കി.
 കുപ്രചരണങ്ങളില്‍ വിശ്വസിക്കുന്നത് മൂലമുള്ള ആരോഗ്യ സംബധമായ പ്രതിസന്ധികള്‍.
രോഗികളുടെയും ചികിത്സകരുടെയും മനോവീര്യത്തെ മോശമായി ബാധിക്കുന്നു.
ഉദാ:ക്യാന്‍സറിനു മരുന്നില്ല,അവയവദാനം തട്ടിപ്പാണ് എന്നൊക്കെയുള്ള പ്രചാരണങ്ങള്‍ കൊഴുക്കുമ്പോള്‍ ഈ രോഗത്തിന്റെ ചികിത്സയുമായി ബന്ധപ്പെട്ട ഡോക്ടര്‍മാരുടെയും രോഗികളുടെയും മനോവീര്യത്തെയാണ് അലോസരപ്പെടുത്തുന്നത്.അവയവദാന സന്നദ്ധത കുറയുന്നത് അനേകരുടെ ജീവിക്കാനുള്ള പ്രതീക്ഷയെയാണ് അസ്തമിപ്പിക്കുന്നത്.
രോഗിയുടെ ആരോഗ്യം തന്നെ അപകടത്തില്‍ ആവുന്ന സ്ഥിതി വിശേഷം
അനാവശ്യമായ ഭീതി ജനിപ്പിച്ചു അതിലൂടെ ജനങ്ങളെ തങ്ങളുടെ ബദല്‍ ചികിത്സാ രീതികളില്‍ എത്തിക്കുക എന്ന തന്ത്രമാണ് ചിലര്‍ പയറ്റുന്നത്,ആള്‍ക്കൂട്ടത്തില്‍ “കള്ളന്..കള്ളന്‍” എന്ന് വിളിച്ചു പറയുകയും ആ ബഹളത്തിനിടയില്‍ ആളുകളുടെ പോക്കെറ്റ്‌ അടിക്കുകയും ചെയ്യുന്ന നിലവാരത്തില്‍ ഉള്ള ഒരു തരം തന്ത്രം തന്നെ!
ലക്ഷ്മി തരു,മുള്ളാത്ത എന്നീ ചെടികള്‍ ക്യാന്‍സറിനു ഉത്തമ ഔഷധം ആണെന്ന് പ്രചരിപ്പിക്കുക വഴി മറ്റു മരുന്നുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കി ഇത് ഉപയോഗിക്കാന്‍ പലരെയും പ്രേരിതരാക്കി.
അന്തരിച്ച ശ്രീ.ജിഷ്ണു ഇതിന്റെ ഒരു ഇര ആണെന്ന് സ്വയം വെളിപ്പെടുത്തിയിരുന്നു.ആളുകള്‍ നിരന്തരം പറയുന്നത് കേട്ട് ലക്ഷ്മിതരു ഉള്‍പ്പെടെ ഉള്ളവ കഴിക്കുകയും ഒടുവില്‍ രോഗം മൂര്‍ച്ചിക്കുകയും ചെയ്തു എന്നും ഇനിയാരും ഇത്തരം തെറ്റായ പ്രചരണങ്ങള്‍ക്ക് വശംവദര്‍ ആവരുത് എന്ന് ജിഷ്ണു ഫേസ് ബുക്കില്‍ കുറിച്ചിരുന്നു.
https://www.facebook.com/jishnuraghavanofficial/posts/712654482177386?hc_location=ufi
ലക്ഷ്മിതരു ക്യാന്‍സര്‍ ഭേദപ്പെടുത്തിയെന്നു അനുഭവസാക്ഷ്യ പ്രചരണം തുടങ്ങിയ ശ്രീ.സെബി പിന്നീട് ക്യാന്‍സര്‍ രോഗത്തിന് കീഴ്പ്പെട്ടു മരിക്കുക ആണ് ഉണ്ടായതെന്ന വാര്‍ത്ത ഇതിനെത്തുടര്‍ന്ന് ലക്ഷ്മിതരുവിന്റെ ഗുണഗണങ്ങള്‍ പ്രചരിപ്പിച്ച കൂട്ടരില്‍ ചെറിയ ശതമാനം മാത്രമേ ചിലപ്പോള്‍ കേട്ട് കാണുള്ളൂ.
വ്യാജ സന്ദേശം കേട്ടത് അനുസരിച്ച് രക്താതിസമ്മര്‍ദ്ദത്തിനു ഇലുംബന്‍ പുളി സ്ഥിരമായി കഴിച്ചു ഒടുവില്‍ അതിലെ ഒക്സലേറ്റ് അംശം കൊണ്ട് കിഡ്നി നിറയെ സ്റ്റോണ്‍ ആയി കിഡ്നി തന്നെ തകരാറില്‍ ആയ വ്യക്തിയുടെ കഥയും അടുത്തിടെ കേട്ടിരുന്നു.
ചികിത്സയുടെ പേരില്‍ സാമ്പത്തിക ചൂഷണം
 ഇത്തരം വ്യാജ മെസ്സെജുകളിലൂടെ ശ്രദ്ധ പിടിച്ചു പറ്റിയ ചിലര്‍ ഏഴു ദിവസം കൊണ്ട് ഡോക്ടര്‍ ആവാനുള്ള ക്ലാസ്സുകള്‍,കേരളത്തില്‍ ഉടനീളം എട്ടോളം ഇതരവൈദ്യ ചികിത്സാലയങ്ങള്‍,ബാലിയില്‍ പഞ്ച നക്ഷത്ര ഹോട്ടലില്‍ വെച്ച് ലക്ഷക്കണക്കിന്‌ ഫീസ്‌ വാങ്ങുന്ന ക്ലാസ്സുകള്‍ എന്നിവ നടത്തുന്നുണ്ട്.ചുരുക്കം പറഞ്ഞാല്‍ ചില മെസ്സേജുകളുടെ പുറകെ പോയാല്‍ ധനനഷ്ടവുമുണ്ട്.
രോഗി ചികില്‍സക ബന്ധത്തില്‍ വിള്ളല്‍
ചികിത്സാ സംബന്ധമായ കാര്യങ്ങളില്‍ സംശയത്തിന്റെ വിത്തുകള്‍ പാകുന്നത് പരസ്പര വിശ്വാസത്തിലും ചികിത്സയിലും ഗുരുതര പ്രതിസന്ധികള്‍ സൃഷ്ട്ടിക്കും..
എങ്ങനെയാണ് ഈ പ്രതിഭാസത്തെ നേരിടേണ്ടത്?
വിവേചന ബുദ്ധിയോടെ വിവേകപൂര്‍വം ഓരോരുത്തരും പെരുമാറുക എന്നതാണ് ഏറ്റവും പ്രധാനം.വസ്തുനിഷ്ടമായി അപഗ്രഥിക്കാനുള്ള അവബോധം കൈവെടിയാതിരിക്കുക.
എല്ലാ സന്ദേശങ്ങളും വസ്തുതാപരാമാവണമെന്നില്ല എന്നുള്ള അവബോധം ഉണ്ടാവണം.നെല്ലും പതിരും തിരിച്ചറിയാന്‍ ഇന്ന് അനേകം മാര്‍ഗ്ഗങ്ങള്‍ ഉണ്ട്
 സന്ദേശത്തിലെ വസ്തുതകള്‍ അപഗ്രഥിക്കാന്‍ പ്രസക്ത ഭാഗം ഗൂഗിളില്‍ പരതാം.സെക്കന്റുകള്‍ കൊണ്ട് സംശയം പഹലം കിട്ടിയെക്കുംപല ഹോക്സ് കളും മുന്‍പേ തന്നെ പൊളിച്ചടുക്കിയിട്ടുള്ളതാവും.
 എന്നാല്‍ ഗൂഗിള്‍ സേര്‍ച്ച്‌ ഫലങ്ങളെ അപഗ്രഥിക്കാനും വിവേചന ബുദ്ധി ഉപയോഗിക്കേണ്ടതുണ്ട്.അസംബന്ധങ്ങളും അവാസ്തവങ്ങളും എഴുതി പിടിപ്പിച്ചിരിക്കുന്ന അനേകം സൈറ്റുകള്‍ ഇന്റര്‍നെറ്റില്‍ ഉള്ളതും ചിലപ്പോ ഗൂഗിള്‍ മുന്നില്‍ നിരത്തും.
ഇതിനു ഗൂഗിള്‍ തന്നെ ഒരു പ്രതിവിധി കൊണ്ട് വരുന്നു എന്നതാണ് ഏറ്റവും ഒടുവിലത്തെ വാര്‍ത്ത ഒരു വസ്തുതാപരം ആണോ എന്ന് ഓരോ വാര്‍ത്തയും പരിശോധിക്കാന്‍(Fact check) സേര്‍ച്ച്‌ റിസള്‍ട്ടില്‍ തന്നെ മാര്‍ഗം ഉണ്ടാക്കുന്ന രീതി യു.കെ യിലും യു .എസ് ലും ഗൂഗിള്‍ ആരംഭിക്കാന്‍ പോവുന്നു.
 എന്തായാലും അത് വരെ ചെയ്യാവുന്നത് ആധികാരിക സൈറ്റുകളെ മാത്രം മുഖവിലയ്ക്ക് എടുക്കുക.
 സന്ദേശങ്ങളുടെ ഉറവിടം ഏതാണ് എന്നും ആധികാരികമാണോ എന്നും കണ്ടെത്താന്‍ ശ്രമിക്കുക.എന്താണ് പ്രചരിപ്പിക്കുന്ന വ്യക്തിയുടെ/സ്ഥാപനത്തിന്റെ ഉദ്ദേശം എന്ന് വിലയിരുത്താം.
 കുറച്ചു കൂടി മികച്ച മറ്റൊരു മാര്‍ഗ്ഗം മെസ്സജിലെ വിഷയത്തില്‍ വിദഗ്ദ്ധരായവര്‍ നിങ്ങളുടെ പരിചയ വലയത്തില്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് മെസ്സേജ് ഫോര്‍വേഡ് ചെയ്തു അതിനു പിന്നിലെ സത്യങ്ങള്‍ ചോദിച്ചു അറിഞ്ഞതിനു ശേഷം വസ്തുതാപരമാനെങ്കില്‍ മാത്രം പ്രചരിപ്പിക്കുക.
 സംശയത്തിന്റെ കണിക പോലും ഉണ്ടെങ്കില്‍ ഷെയര്‍ ചെയ്യാതിരിക്കുക.
ഇന്ഫോക്ലിനിക് ഇത്തരം സന്ദേശങ്ങളെ അപഗ്രഥിച്ചു വസ്തുതകള്‍ പൊതു സമൂഹത്തിനു മുന്നില്‍ നിരത്താന്‍ സദാ ജാഗരൂകര്‍ ആണ് ഇത്തരം സന്ദേശങ്ങള്‍ ഞങ്ങള്‍ക്ക് അയച്ചു തരാവുന്നതാണ്.
പ്രചാരം നേടിയ വ്യാജസന്ദേശങ്ങളുടെ പിന്നിലെ സത്യം രേഖപ്പെടുത്തിയിരിക്കുന്ന ഒരു പിടി വെബ്സൈറ്റുകള്‍ ഇന്ന് നിലവിലുണ്ട്,ഈ സൈറ്റുകള്‍ സന്ദര്‍ശിച്ചാല്‍ സന്ദേശത്തിന് പിന്നിലെ തെറ്റും ശരിയും വേര്‍തിരിച്ചു അറിയാം.
സംശയജനകമായ മെസ്സെജുകളെക്കുറിച്ച് ആരാഞ്ഞറിയാന്‍ മലയാളത്തില്‍ത്തന്നെയൊരു ഫേസ് ബുക്ക്‌ ഗ്രൂപ്പും നിലവിലുണ്ട്.
https://www.facebook.com/groups/hoaxbashers
വ്യക്തികള്‍ക്ക് മാത്രമല്ല മാദ്ധ്യമങ്ങള്‍ക്കും പൊതുസമൂഹത്തിനും ഇക്കാര്യത്തില്‍ വലിയൊരു പങ്കു വഹിക്കാനുണ്ട്.
നമ്മുടെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 51 പ്രതിപാദിക്കുന്നു,
((h) to develop the scientific temper, humanism and the spirit of inquiry and reform)ശാസ്ത്രാവബോധം വളര്‍ത്തേണ്ടത് ഓരോ പൌരന്റെയും കടമ ആണെന്ന്.
മാദ്ധ്യമങ്ങള്‍ഇത്തരം സന്ദേശങ്ങള്‍ വിശകലനം ചെയ്യാതെ പ്രസിദ്ധീകരിക്കുന്നത് ഒഴിവാക്കാന്‍ പ്രത്യേക ശ്രദ്ധ ചെലുത്തുക,ശാസ്ത്ര വിഷയങ്ങളില്‍ വൈദഗ്ദ്ധ്യം നേടിയവരെ ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ നിയോഗിക്കുക,സമൂഹത്തിനു ദോഷം ചെയ്യുന്ന കിംവദന്തികളുടെ പിന്നിലെ വാസ്തവം ജനങ്ങളുടെ മുന്നിലെത്തിക്കുക.
“സത്യം ചെരുപ്പ് ഇടുമ്പോഴേക്കും കള്ളം മൂന്നു തവണ ലോകം വലം വെച്ച് കഴിഞ്ഞിരിക്കും” എന്ന ഉദ്ധരണി പ്രസക്തമാണ്.ഇത്തരം വ്യാജ സന്ദേശങ്ങള്‍ക്ക് കിട്ടുന്ന പ്രചരണം ഇതിനു പിന്നിലുള്ള സത്യങ്ങള്‍ക്ക് കിട്ടുന്നില്ല.കൈ വിട്ട കല്ലും, വാ വിട്ട വാക്കും പോലെ തിരിച്ചെടുക്കാനാവാത്ത പ്രതിഭാസമാണ് പലപ്പോഴും ഫോര്‍വേഡ് ചെയ്യുന്ന സന്ദേശങ്ങള്‍!ആയതിനാല്‍ ഇനിയൊരു സന്ദേശം ഫോര്‍വേഡ് ചെയ്യുന്നതിന് മുന്‍പ് അതിന്റെ വരും വരായ്മകളെക്കുറിച്ച് പല വട്ടം ചിന്തിക്കുക.

No comments:

Post a Comment