Thursday, 2 February 2017

സാന്ത്വന പരിചരണം -PALLIATIVE CARE -DR.ANJIT UNNI

“ഈ പഴങ്കൂടൊരു ചുമയ്ക്കടി ഇടറി വീഴാം… വ്രണിതമാം കണ് ഠത്തില് ഇന്നു നോവിത്തിരി കുറവുണ്ട് വളരെ നാള് കൂടി ഞാൻ നേരിയ നിലാവിന്റെ പിന്നിലെ അനന്തതയിലലലിയും ഇരുൾ നീലിമയിൽ എന്നോ പഴകിയൊരോർമ്മകൾ മാതിരി നിന്നു വിറക്കുമീ ഏകാന്ത താരകളെ ഇന്നൊട്ട് കാണട്ടെ, നീ തൊട്ടു നില്‍ക്കു”



അപരിഹാര്യമായ ദുർവിധി അർബുദത്തിന്റെ രൂപത്തിൽ കടന്നു വന്നപ്പോൾ എഴുതിയതാണ് സഫലമീ യാത്ര എന്ന കവിതയെന്നു കവിയുടെ മകൻ സ്മരിക്കുന്നുണ്ട് . കോഴിക്കോട് മെഡിക്കൽ കോളേജിൽ തൊണ്ടയ്ക്ക് ശസ്ത്രക്രിയ കഴിഞ്ഞു തിരുവനന്തപുരം റീജ്യണൽ കാൻസർ സെന്ററിൽ റേഡിയേഷൻ ചികൽസയി ലായിരുന്ന ശ്രീ എൻ .എൻ കക്കാട് ജീവിതത്തിലേക്ക് മടങ്ങി വന്നു വീണ്ടും കവിതകൾ എഴുതി .
വ്രണിതമായ കണ്ഠത്തിലെ നോവ് കുറഞ്ഞപ്പോൾ വളരെ നാൾ കൂടി, നേരിയ നിലാവും ഇരുൾ നീലിമയും വിറയ്കുന്ന താരകളും പകരുന്ന കാഴ്ച സഹർഷം നുകരുന്ന ചിത്രം വേദനയിൽ നിന്നുള്ള മോചനം- വിശേഷിച്ചും ,ജീവിതാന്ത്യത്തെ അനിവാര്യമായ യാഥാർഥ്യമായി നേർക്കുനേർ കണ്ടുകൊണ്ടിരുന്ന വരുടെ ജീവിതസൗഖ്യത്തിനു എത്ര വലുതാണ് എന്ന സന്ദേശം തരുന്നു .രണ്ടു ദിവസം മുൻപ് , ജനുവരി 15 നു പാലിയേറ്റീവ് കെയർ ദിനം ആയി കേരളത്തിൽ ആചരിക്കപ്പെട്ടു.
എന്താണ് PALLIATIVE കെയർ
ദീർഘകാലം നീണ്ടു നിൽക്കുന്ന ,ജീവിത നിലവാരത്തെ സാരമായി ബാധിക്കുന്ന ഏതൊരു രോഗിക്കും നൽകുന്ന സമ്പൂർണവും ക്രിയാത്മകവും ആയ പരിചരണം ആണ് Palliative Care* . ഇത്തരക്കാർക്ക്, വേദന നിവാരണം ഉൾപ്പെടെ രോഗപീഡകളിൽ നിന്ന് മോചനം നൽകി ജീവിതം പരമാവധി ക്ലേശരഹിതമായി മുന്നോട്ട് കൊണ്ടുപോകുവാനും ദിനരാത്രങ്ങൾ സാധാരണ ജീവിതം കണക്കു യാതനരഹിതം ആക്കുവാനും യത്നിക്കുന്നു . പാലിയേറ്റീവ് ചികിത്സ നിർദേശിക്കപ്പെടുന്ന എല്ലാവരും മരണം വിധിക്കപ്പെട്ടവരാണ് എന്ന ഒരു തെറ്റിധാരണയും വ്യാപകം ആയിട്ടുണ്ട്. ശാസ്ത്രം എന്നതിനും മുകളിൽ സ്നേഹവും ആർദ്രതയും സഹാനുഭീതിയും നിറഞ്ഞ ഒരു പ്രസ്ഥാനം ആണ് palliative care
അൽപ്പം ചരിത്രം


മരണാസന്നരായ രോഗികൾക്ക് ശാരീരകവും മാനസികവും വൈകാരികവും ആയ സൗഖ്യം ലക്ഷ്യമിട്ടു തുടങ്ങിയ hospice കളാണ് ഇന്നത്തെ palliative care പ്രസ്ഥാനത്തിന്റെ മുന്നോടി. St Christophers hospice എന്ന ലോകത്തിലെ ആദ്യ പാലിയേറ്റിവ് ഹോസ്പിസ് UK യിൽ 1967ഇൽ സ്ഥാപിച്ചത് ഡെം സിസിലി സോണ്ടേഴ്സ് എന്ന ഡോക്ടർ ആയിരുന്നു. മരണത്തോടും മരണാസന്നരോടും സമൂഹത്തിനുള്ള മനോഭാവം ആ സമൂഹത്തെ കുറിച്ച് ഒരു പാട് നമുക്ക് പറഞ്ഞു തരും എന്ന് അവർ ഓർമിപ്പിച്ചു .നല്ല മരണം എന്ന ആശയം വളരെ പഴയതെങ്കിലും ഒരു ശാസ്ത്രമെന്ന നിലയ്ക്ക് പ്രചാരം നേടി തുടങ്ങി.
Dr. Elisabeth Kubler-Ross മരണാസന്നരെ കുറിച്ച് നടത്തിയ പഠനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടതും ഈ വിഷയത്തിലേക്കു കൂടുതൽ ശ്രദ്ധ പതിക്കാനിടയാക്കി .നിഷേധം ,ക്രോധം ,വില പേശൽ ,വിഷാദം ,രാജിയാകൽ എന്നീ അഞ്ചു ഘട്ടങ്ങളിലൂടെ മരണാസന്നരുടെ ദുഃഖാവസ്ഥ കടന്നു പോകുന്നു എന്ന് ആ മനശ്ശാസ്ത്രജ്ഞ വിലയിരുത്തി. Palliative care ഇന്ന് മരണാസന്നർക്കു ശിഷ്ട ജീവിതം ക്ലേശ രഹിതമാക്കാൻ മാത്രമല്ല നൽകുന്നത് ,അനിയന്ത്രിതമായ രോഗപീഡകളിൽ ,രോഗത്തിന്റെ ഏതു ദശയിലും ഉപയോഗിക്കുന്നുണ്ട് .

സാന്ത്വനപരിചരണവും കേരളവും
എൺപതുകളുടെ തുടക്കത്തിൽ ആണ് palliative care ഭാരതത്തിൽ വേര് പിടിച്ചു തുടങ്ങുന്നത് ., 1986ഇൽ, ശാന്തി അവേഡ്നാ സദൻ എന്ന ഹോസ്പിസ് മുംബൈയിൽ സ്ഥാപിക്കപ്പെട്ടതും 1994ൽ ഇന്ത്യൻ അസ്സോസിയേഷൻ ഫോർ പാലിയേറ്റീവ് കെയർ രൂപീകൃതമായതും ഈ പ്രസ്ഥാനത്തിന്റെ പ്രാരംഭമായി കണക്കാകാം . അവിടുന്നിങ്ങോട്ട് നോക്കിയാൽ ചില പ്രധാന നഗരങ്ങളിലെ ആശുപത്രികൾ മാറ്റി നിർത്തിയാൽ PALLIATIVE CARE വളർന്നത് കേരളത്തിൽ ആണ് എന്ന് നിസ്സംശയം പറയാം..
ഭാരതം മുഴുവൻ എടുത്താൽ ഒരു ശതമാനം ജനതയ്ക്കു മാത്രം ആണ് പാലിയേറ്റീവ് പരിചരണം ലഭിക്കുന്നത് . ജീവിതാന്ത്യത്തിലെ പരിചരണം കണക്കിലെടുത്തു മരിക്കുവാൻ ഏറ്റവും മികച്ച രാജ്യങ്ങടെയും ഏറ്റവും മോശം രാജ്യങ്ങളുടെയും ലിസ്റ്റിൽ ഒട്ടും അഭിമാനകരമായ അവസ്ഥയിൽ അല്ല ഭാരതം .2010 നെ അപേക്ഷിച്ചു സ്ഥിതി മെച്ചപ്പെടുത്തിയ ഭാരതം 80 രാജ്യങ്ങളുടെ പട്ടികയിൽ 67 ആം സ്ഥാനത്താണ് . ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയും അപ്രാപ്യതയും ,ഉയർന്ന ജനസാന്ദ്രത , ഭൂപ്രകൃതി ഉണർത്തുന്ന വെല്ലുവിളികൾ,നാർക്കോട്ടിക് സ്വഭാവം ഉള്ള വേദനാസംഹാരികളുടെ ലഭ്യതക്ക് നിയമപരമായ തടസ്സങ്ങൾ ,ഭരണനേതൃത്വത്തിന്റെ നയപരവും സാമ്പത്തികവും ആയ പിന്തുണയുടെ അഭാവം എന്നിങ്ങനെ ഒരു പാട് ഘടകങ്ങൾ ഇതിൽ ഉണ്ട് .
കേരളം ഇവിടെയും വികസിത രാജ്യങ്ങളോട് കിട പിടിക്കുന്നു. രാജ്യത്തിലെ പാലിയേറ്റീവ് പരിചരണ കേന്ദ്രങ്ങളിൽ മൂന്നിൽ രണ്ടും കേരളത്തിൽ ആണ്. 1993ഇൽ കോഴിക്കോട്, Dr .സുരേഷ് കുമാർ ,Dr.രാജഗോപാൽ മുതലായവരുടെ നേത്ര്യത്വത്തിൽ pain and palliative care society (PPCS) ആരംഭിച്ചു. ഗവണ്മെന്റ് ആശുപത്രികളിലെ രോഗികൾക്ക് പാലിയേറ്റിവ് കെയർ നൽകുക എന്നതായിരുന്നു ഉദ്ദേശം. ചിലവ് കുറഞ്ഞതും ,സമൂഹാധിഷ്ഠതവും സുസ്ഥിരവും ആയ neighbourhood network for palliative care (NNPC) എന്ന ആശയത്തിന്മേലാണ് കേരളത്തിലെ palliative കെയർ മുന്നേറിയത്. പരിശീലനം ലഭിച്ച തദ്ദേശീയരായ സന്നദ്ധപ്രവർത്തകരടങ്ങിയ ഒരു സംഘം ആണതിന്റെ ശക്തി . ഡോക്ടറും, നഴ്സും, സാമൂഹികപ്രവർത്തകരും നാട്ടുകാരായ ഒരുപാട് സന്നദ്ധപ്രവർത്തകരും ഉണ്ടാവുന്ന ഈ മോഡൽ ലോകാരോഗ്യ സംഘടനയുടെ പ്രശംസയ്ക്ക് പാത്രമായ ഒന്നാണ് . Pallium india പോലുള്ള ട്രസ്റ്റുകളുടെ സജീവമായ ഇടപെടലും എടുത്തു പറയേണ്ടതാണ്.
ഇന്ത്യയിൽ ആദ്യമായി 2008ൽ കേരളാ ഗവണ്മെന്റ് പാലിയേറ്റീവ് കെയർ പോളിസി പ്രഖ്യാപിച്ചു. ആരോഗ്യകേരളം പോലുള്ള പദ്ധതികൾ വഴി ഇത് പൊതുജനാരോഗ്യവുമായി വിജയകരമായി ബന്ധിപ്പിക്കുവാൻ സാധിച്ചിട്ടുണ്ട്..തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ വഴി നടപ്പിലാക്കുന്ന ഹോം കെയർ (വീട്ടിൽ നടത്തുന്ന അടിസ്ഥാന പരിചരണം )മുതൽ മുകളിലോട്ടു മൂന്നു തട്ടുകളായുള്ള പ്രവർത്തന രൂപ രേഖയാണ് ഇതിനുള്ളത് . താരതമ്യേനെ പിന്നോക്ക ജില്ലകളായി കരുതപ്പെടുന്ന ഇടുക്കി ,വയനാട് ,മലപ്പുറം പോലുള്ള ജില്ലകൾ ഈ ദിശയിൽ വൻ മുന്നേറ്റമാണ് നടത്തുന്നത് ക്രിയാത്മകമായ സമൂഹ ഇടപെടൽ ,കർമബോധമുള്ള നേതൃത്വം ,നയപരമായ പിന്തുണ നൽകുന്ന ഭരണം എന്നിവയെല്ലാം ആണ് കേരളത്തിലെ വിജയത്തിന് ഈ പിന്നിൽ .ഇന്ന് ഒരു വൻ ജനകീയ പ്രസ്ഥാനം ആണ് കേരളത്തിലെ PALLIATIVE CAREശൃംഖല
എന്താണ് PALLIATIVE CAREൽ നടക്കുന്നത്
അതികഠിനമായ രോഗപീഢയാൽ ബുദ്ധിമുട്ടുന്ന രോഗിയോടും കുടുംബത്തോടും സംസാരിച്ചു യാതനകളുടെ തീവ്രത മനസ്സിലാക്കുകയാണ് ആദ്യ പടി . ഇതിൽ സോഷ്യൽ വർക്കർ ,സന്നദ്ധ പ്രവർത്തകർ എന്നിവരും വലിയ പങ്കു വഹിക്കുന്നു ..
പഴകിയതും പടർന്നതുമായ കാൻസർ , ഭേദമാകാത്ത പക്ഷാഘാതം ,ഗുരുതരമായ ഹൃദയ /വൃക്ക/ ശ്വാസകോശ രോഗങ്ങൾ ,സാധാരണ ജീവിതത്തിലേക്കു മടങ്ങിവരവ് ദുഷ്കരമായ രീതിയിൽ തലച്ചോറിനും സ്പൈനൽ കോർഡിനും ക്ഷതമേൽകുന്ന പരിക്കുകൾ ,എയിഡ്സ് രോഗികൾ ,തളർച്ചാ രോഗങ്ങൾ പിടി പെട്ടവർ തുടങ്ങിയവരാണ് മിക്കപ്പോഴും ഇത് വേണ്ടി വരുന്നവർ.
രോഗിയുടെ വേദനയുടെ കാഠിന്യം അനുസരിച് മോർഫിൻ ഉൾപ്പെടെയുള്ള വേദനസംഹാരികൾ കൃത്യമായ അളവിൽ വിദഗ്ധ നിരീക്ഷണത്തിൽ ഉപയോഗിക്കപ്പെടുന്നു . പാർശ്വഫലങ്ങൾ ഉളവാക്കാവുന്ന ഇത്തരം ഉപാധികൾ സൂക്ഷ്മനിരീക്ഷണത്തിലാണ് നൽകുന്നത് . വേദനാസംഹാരത്തിൽ മാത്രമൊതുങ്ങന്നതല്ല മിക്കപ്പോഴും ഇവരുടെ യാതനകൾ .
ശ്വാസം മുട്ട് ,ഛർദി ,തുടര്ച്ചയായി കിടക്കുന്നവർക്കുണ്ടാകുന്ന വ്രണങ്ങൾ ,മലബന്ധം ,മൂത്രതടസ്സമെന്നിങ്ങനെ പലതരം യാതനകൾ ... യാതനകൾ ദുസ്സഹമാകുന്നത് പരിചരിക്കാൻ ആളില്ലാതെ വരുമ്പോഴാണ് എന്നാണ് ആദ്യ പാലിയേറ്റിവ് ഹോസ്പിസ് UK യിൽ സ്ഥാപിച്ച ഡെം സിസിലി സോണ്ടേഴ്സ് പറഞ്ഞിട്ടുള്ളത്. ഇത്തരം വ്യഥകളെല്ലാം സുഖപ്പെടുത്താനുള്ള ശ്രമങ്ങളിൽ ജോലി അവസാനിക്കുന്നില്ല .ശാരീരികമായ വ്യഥകൾ പോലെ മുറിവുണ്ടാക്കുന്നതാണ് മാനസികവും സാമൂഹികവും ആയ വ്യസനങ്ങളും വ്യഥകളും. ഇവയിലെല്ലാം ക്രിയാത്മകമായി ഇടപെടുന്നതാണ് സാന്ത്വന പരിചരണം.
വഴിവിളക്കുകളും വൈതരണികളും
ലോകമെമ്പാടും ആവശ്യക്കാരിൽ 14 ശതമാനത്തിനു മാത്രമേ palliative care ലഭ്യമാകുന്നുള്ളൂ എന്ന് ലോകാരോഗ്യസംഘടന കണക്കുകൾ ചൂണ്ടികാണിക്കുന്നു . വേദനയിൽ നിന്നും പീഡകളിൽ നിന്നും മോചനം നേടുക എന്ന രോഗിയുടെ ആവശ്യത്തിന് വൈദ്യലോകം അടങ്ങിയ സമൂഹം വേണ്ടത്ര മുൻഗണന നൽകിയിട്ടുണ്ടോ എന്നത് സംശയകരം ആണ് . വ്യക്തമായ ദേശിയ സാന്ത്വന പദ്ധതിയോ നയമോ പോലും മിക്ക രാജ്യങ്ങളിലും നിലവിൽ ഇല്ല

National Program for Palliative Care എന്ന ദേശീയ ആരോഗ്യ പദ്ധതി ഈ ദിശയിൽ വൈകിയ വേളയിലെങ്കിലും നമ്മുടെ രാജ്യം രൂപം നൽകിയിട്ടുണ്ടെങ്കിലും ഇനിയും വളരെയേറെ ചെയ്യാനിരിക്കുന്നു . മോർഫിൻ പോലുള്ള മരുന്നുകളുടെ ലഭ്യതയും പ്രാപ്യതയും നിയമ പ്രകാരം വളരെ ദുഷ്കരമാകുന്ന അവസ്ഥയാണ് മറ്റൊരു വെല്ലുവിളി . നിയമ ഭേദഗതിയിലൂടെ അവസ്ഥ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും കേരളം പോലുള്ള ചില സംസ്ഥാനങ്ങൾ ഒഴിച്ച് സ്ഥിതി ഇപ്പോഴും ആശാവഹമല്ല .മെഡിക്കൽ വിദ്യാഭ്യാസത്തിൽ PALLIATIVE CARE പാഠങ്ങൾ ഉൾപെടുത്തുക എന്നതും ഒരു ചികിത്സാ രീതി എന്ന നിലയിൽ സാന്ത്വന പരിചരണം ശാസ്ത്രീയമായി വളർച്ച നേടാൻ ആവശ്യമാണ് .PALLIATIVE CARE ൽ MD യും CANCERPAIN മാനേജ്മന്റ് ൽ DM കോഴ്സുകളും ചില മുൻനിര സ്ഥാപനങ്ങളെങ്കിലും ആരംഭിച്ചിട്ടുണ്ട് എന്നത് ശുഭ പ്രതീക്ഷയേകുന്നു.
സഫലമീ യാത്ര
എഴുപതുകളിൽ കാൻസർ രോഗിയായ ആനന്ദ് ആയി വെള്ളിത്തിരയിൽ പകർന്നാടിയ രാജേഷ് ഖന്നയുടെ കഥാപാത്രം കാൻസർ ചികിത്സകനായ ബച്ചന്റെ ഡോക്ടർ ഭാസ്കർ എന്ന ബാബു മൊശായിയോട് പറയുന്ന പ്രശസ്തമായ ഡയലോഗ് ഉണ്ട് ,
'ജീവിതം വലുതായിരിക്കുന്നതിലാണ് കാര്യം മൊശായി, നീണ്ടതായിരിക്കുന്നതിലല്ല " ജീവിതത്തിന്റെ വലുപ്പത്തെ ഇടുക്കുന്ന എല്ലാ വ്യഥകളിൽ നിന്നും വ്യസനങ്ങളിൽ നിന്നും ഗുരുതരമായ രോഗങ്ങളുള്ളവരെ നമുക്ക് പരിചരിക്കാം .അവരുടെ യാത്ര സഫലം മാത്രം അല്ല സുഖകരവും ആയി തീരട്ടെ.
(*എന്നടയാളപ്പെടുത്തിയ വാചകത്തിനു കടപ്പാട് – Dr.പ്രശാന്ത് .സി .വി,Palliative care expert,RCC ,Thiruvananthapuram)

SHAKEN BABY SYNDROME - DR. DEEPU SADASIAVAN



കുഞ്ഞുങ്ങളെ മുകളിലേക്ക് "എറിഞ്ഞു" കളിക്കുമ്പോള്‍ മാരകമായ അപകടം സംഭവിക്കാം!!
 ഡോ:ദീപു സദാശിവന്‍ എഴുതുന്നു..


കുഞ്ഞുങ്ങളെ മുകളിലേക്ക് എറിഞ്ഞു പിടിക്കുന്നത്‌ വളരെ അപകടകരം ആയ കാര്യം ആണ്,എന്നാല്‍ ഇതിന്റെ അപകട സാധ്യത മനസ്സിലാക്കാതെ പലരും ചെയ്തിട്ടുള്ള കാര്യമായിരിക്കാമിത്.
പലരും കളി ആയിട്ടാണ് കുഞ്ഞുങ്ങളെ ഇങ്ങനെ ചെയ്യുന്നത് പലപ്പോളും കുഞ്ഞുങ്ങള്‍ ഇത് ആസ്വദിക്കുകയും ചിരിക്കുകയും ചെയ്യും എന്നാല്‍ ചിലപ്പോള്‍ കളി കാര്യം ആവും.
കുഞ്ഞു കൈ വിട്ടു താഴെ വീഴാന്‍ ഉള്ള സാധ്യത ഞാന്‍ പറയാതെ തന്നെ ഏവര്‍ക്കും ഊഹിക്കാം എന്നാല്‍ അതിലും വലിയ അപകടവും സംഭവിക്കാം.
☠ഇത് ചിലപ്പോള്‍ കുഞ്ഞുങ്ങള്‍ക്ക്‌ തലച്ചോറിനു കേടുപാടുകളും,തുടര്‍ന്ന് മാരകമായ രോഗാവസ്ഥയും ഉണ്ടാക്കാം.


ജീവിതകാലം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന രോഗാതുരതയോ (പക്ഷാഘാതം പോലുള്ള തളര്‍ച്ചയോ,അന്ധതയോ ഒക്കെ )കൂടാതെ മരണം പോലുമോ തല്‍ഫലമായി ഉണ്ടാവാം ഇതിനെയാണ് ഷേക്കണ്‍ ബേബി സിണ്ട്രോം(Shaken Baby Syndrome) എന്ന് വിശേഷിപ്പിക്കുന്നത്.യാതൊരു കാരണവശാലും കൊച്ചു കുഞ്ഞുങ്ങളെ പ്രത്യേകിച്ച് രണ്ടു വയസ്സില്‍ താഴെ ഉള്ള കുഞ്ഞുങ്ങളെ അങ്ങനെ എറിയുകയോ കുലുക്കുകയോ ചെയ്യാന്‍ പാടില്ല.
✪കുഞ്ഞുങ്ങളുടെ അസ്ഥിവ്യവസ്ഥയും അവയെ ബന്ധിപ്പിക്കുന്ന മസിലുകളും ശരീരഭാഗങ്ങളും മുതിര്ന്നവരിലെ പോലെ ശക്തി ആര്ജ്ജിച്ചിട്ടില്ല.ഇങ്ങനെ എടുത്തു ഉലയ്ക്കുമ്പോള്‍ പിടലിയുടെ അസ്ഥിരത കൊണ്ട് തല കുലുങ്ങുകയും തലയോട്ടിയുടെ ഉള്ളില്‍ ബ്രെയിന്‍ ചലിക്കുകയും തലയോട്ടിയുടെ അന്തര്‍ഭാഗത്ത് തട്ടി പലതരം പരുക്കുകള്‍ ഉണ്ടാവാം പ്രത്യേകിച്ച് ആന്തരിക രക്ത സ്രാവം ഉണ്ടാവുകയും ചെയ്യാം തല്ഫലം ആയിട്ടാണ് മേല്‍പ്പറഞ്ഞ ഗുരുതരാവസ്ഥകള്‍ ഉണ്ടാവുന്നത്.
കൂടാതെ നട്ടെല്ലിനും സുഷുംനയ്ക്കും ഒക്കെ പരുക്കുകള്‍ സംഭവിക്കാം,വാരിയെല്ലുകള്‍ ഒടിയാം.
ഇത്തരത്തില്‍ പരുക്കുകള്‍ ഏല്‍ക്കുന്ന കുഞ്ഞുങ്ങളില്‍ 25 ശതമാനം എങ്കിലും മരണപ്പെടുന്നു എന്നാണു കണക്കുകള്‍!
✪കരച്ചില്‍ നിര്‍ത്താന്‍ വേണ്ടിയും,കുട്ടികളോട് ദേഷ്യം പ്രകടിപ്പിക്കുന്നതിനും വേണ്ടിയും ഒക്കെ ഉള്ള ശക്തമായ കുലുക്കലുകള്‍ ഇതിനു കാരണമാവാം.
✪പല രാജ്യങ്ങളിലും ഇതിനെ ഒരു തരത്തില്‍ ഉള്ള ബാല പീഡനം ആയിട്ടാണ് ഇന്ന് ഇതിനെ കാണുന്നത്.നമ്മുടെ നാട്ടില്‍ ഈ അവസ്ഥ പലപ്പോളും തിരിച്ചറിയപ്പെടുന്നു പോലും ഉണ്ടാവില്ല.അമേരിക്കയിലെ കണക്കുകള്‍ പ്രകാരം പ്രതിവര്‍ഷം 1500 കുട്ടികള്‍ക്ക് ഇത് സംഭവിക്കുന്നു എന്നാണു.
✪യാതൊരു കാരണവശാലും കുഞ്ഞുങ്ങളെ ശക്തമായി കുലുക്കുകയോ മുകളിലേക്ക് എറിഞ്ഞു പിടിച്ചു കളിക്കുകയോ ചെയ്യരുത് എന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചു കൊണ്ട് നിര്‍ത്തുന്നു.
ഇത്തരം ഒരു അവബോധം ഏവരിലേക്കും എത്തിയാല്‍ നന്ന് എന്ന് കരുതുന്നു.

കാലത്തിന്റെ തിമിരകാഴ്ച്ചകൾ - Navajeevan Navalayam

ഗവ:യു.പി.സ്കൂള്‍,പൈനാവ്,ഇടുക്കി നാലാം ക്ലാസ്സില്‍ പഠിക്കുന്ന കാലം. അധ്യയനവര്‍ഷംആരംഭിച്ച് കുറച്ച്‌നാളുകള്‍ക്ക് ശേഷം ക്ലാസ്സിലേക്ക് പതിയെ തപ്പിതടഞ്ഞ് ഒരു തടിച്ച സോഡാഗ്ലാസ്‌ കണ്ണടയും വച്ചുകൊണ്ട്, ഷര്‍ട്ടിലെ കോളറിനിടയിലൂടെ തോളെല്ല് ഉന്തി നല്ല പൊക്കമുള്ള ഒരു പയ്യന്‍ കടന്നു വന്നു. ക്ലാസ്സ്‌ടീച്ചര്‍ അവനെ കൈപിടിച്ച് മുന്‍ബെഞ്ചില്‍ എന്‍റെയടുത്ത് ഇരുത്തി. എനിക്ക് ആദ്യം മനസിലായില്ല എന്തിനാണ് ഇത്രേം ഉയരമുള്ള ഇവനെ എന്‍റെയടുത്ത് പിടിച്ചിരുത്തിയതെന്ന്!. എന്നെ നോക്കിയ ആദ്യ നോട്ടത്തില്‍ തന്നെ കട്ടികണ്ണടയിലൂടെ അവന്‍റെ കണ്ണുകള്‍ വലുതായ് കാണപെട്ടു. അത് എന്നെ ഭയപെടുത്തി. ഒരു ഞെട്ടലിന്‍റെ ആഘാതത്തില്‍ നിന്ന എന്നെ ഉന്തിയ മഞ്ഞപല്ലുകള്‍ കാട്ടി ചിരിച്ചു.

ക്ലാസ്സില്‍ ടീച്ചര്‍ നോട്ട് പറയുമ്പോള്‍ അവന്‍ അടുത്ത ബുക്കില്‍ നോക്കി അക്ഷരങ്ങള്‍ പെറുക്കി എഴുതാന്‍ ശ്രമിച്ചിരുന്നത് കാണുന്നത് തന്നെ ഒരു കൗതുകം ആയിരുന്നു. അന്നത്തെ എട്ട് രൂപാ ബുക്കിന്‍റെ ഒരു താള്‍ അവന്‍റെ അഞ്ചു വരികള്‍ക്ക് ഉള്ളില്‍ അവസാനിക്കുമായിരുന്നു. അവന്‍റെ അഭിപ്രായങ്ങള്‍ക് ആരും ഒരു വിലയും കല്പിച്ചിരുന്നില്ല. ക്ലാസ്സില്‍ അവന്‍ എന്തെങ്ങിലും സംസാരിച്ച്‌ തുടങ്ങുമ്പോള്‍ തന്നെ എല്ലാവരും അവനെ നോക്കി ഒരു കോമാളിയെ കാണുന്ന പോലെ ആക്കി ചിരിക്കുമായിരുന്നു.
അങ്ങിനെ കൊല്ലപരീക്ഷ കഴിഞ്ഞു. എല്ലാവരും അഞ്ചാം ക്ലാസ്സിലേക്ക് ജയിച്ചു.അവനൊഴികെ. അതോടുകൂടിഅവനോടുള്ള ചങ്ങാത്തം അവസാനിച്ചു. കൂടെ അവന്‍റെ ഓര്‍മ്മകളും.

ഇവിടെ വര്‍ത്തമാനത്തില്‍ നിന്നൊരു തിരിഞ്ഞു നോട്ടം അനിവാര്യമാകുമ്പോള്‍ തോന്നുന്ന വികാരം ഇതാണ്. 'സാരമായ കാഴ്ച കുറവനുഭവിക്കുന്ന കുട്ടികൾക്ക് ഒരു സാധാരണ സ്കൂളില്‍ മറ്റ് കുട്ടികളോടൊപ്പം ഇരുന്ന് പഠിക്കേണ്ടി വരുമ്പോൾ നേരിടേണ്ടിവരുന്ന അവഗണന, ഒറ്റപെടുത്തല്‍ ; സഹപാഠികളില്‍ നിന്നും, അധ്യാപകരില്‍ നിന്നും, സമൂഹത്തില്‍ നിന്നും എന്തിന്‌ സ്വന്തം വീട്ടില്‍ നിന്നു പോലും'.

അന്നത്തെ പ്രായം ഈ വകതിരിവുകളെ ഉള്‍കൊള്ളാനുള്ള പ്രാപ്തി കൈവരിച്ചിരുന്നില്ല. അവനെ പോലുള്ള കോടികണക്കിന് കുട്ടികള്‍ ഈ സമൂഹത്തില്‍ ഉണ്ടെന്ന് മനസിലാക്കുമ്പോള്‍ ( ലോകജനതയുടെ 285 മില്യണ്‍ കാഴ്ചവൈകല്യം ഉള്ളവരില്‍ 19 മില്യണ്‍ കുട്ടികള്‍ ആണ്) , സമൂഹത്തില്‍ അവർ നേരിടുന്ന അവഗണന, ഒറ്റപെടുത്തല്‍ ഇവ ആലോചികുമ്പോള്‍ മാത്രമാണ് ഈ വിഷയം പ്രസക്തമാകുന്നത്.

വിവിധ സാമുദായിക, സഹോദര സംഘടനകളുടെയും മറ്റും ആഭിമുഖ്യത്തില്‍ ഇന്നാട്ടില്‍ നേത്രപരിശോധന ക്യാമ്പും സൗജന്യ തിമിരശസ്ത്രക്രിയകളും നടക്കാറുണ്ട്. എന്നാല്‍ ഒരൊറ്റ സംഘടനകളും "LOW VISION" എന്ന ഈ ഗണത്തില്‍പെട്ടവർക്ക് വേണ്ടി കാര്യമായി ഒന്നും തന്നെ ചെയ്യാത്തൊരു പ്രവണതയാണ് കണ്ടുവരുന്നത്. ഈക്കൂട്ടരുടെ തുടര്‍വിദ്യാഭ്യാസം, പുനരധിവാസം,ജോലിസാധ്യതകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഒട്ടുമിക്ക സംഘടനകളും മുന്‍കൈ എടുക്കാത്തതിനു കാരണം അത്യന്തം ശ്രമകരവും ക്ഷമയേറിയതും കാലതാമസമേറിയതുമായ പരിപാടി ആണ് ഇവരുടെ ദൈനംദിന ക്രിയകളുടെ പരിശീലനം എന്നത്.
ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഒരിക്കലും ഒരു ഉടനടി പ്രതിഫലം; അത് രോഗിയുടെ രോഗം മാറുമ്പോള്‍ ഒരു ഡോക്ടറിനു ഉണ്ടാകുന്ന പുഞ്ചിരി നിറച്ച വികാരമോ, സാമ്പത്തികപരമായ ലാഭമോ ; ഉണ്ടാകാത്ത ഒരു മേഖല കൂടിയാണിത്.

പ്രധാനമായും ജനിതകപരമായ വൈകല്യങ്ങൾ, പോഷകാഹാരക്കുറവ്, കുട്ടികളിലെ തിമിരം, കുട്ടികളിലെ ഗ്ലോക്കോമ, കണ്ണിലേറ്റ ആഴമുള്ള മുറിവുകൾ എന്നിവയാണ് കുട്ടികളിലെ കാഴ്ച വൈകല്യത്തിന് കാരണം. ഇതിന്റെ ചികിത്സ എന്നുപറയുന്നത് കാരണമനുസരിസിച്ചാണ്.
തക്ക സമയത്തുള്ള ചികിത്സ ലഭിക്കാത്തതുകൊണ്ടോ ചികിൽസിച്ചു ഭേദമാക്കാൻ പറ്റാത്തതോ ആയ കാരണങ്ങൾ കൊണ്ട് നല്ലൊരു ശതമാനം ഇന്നും 'ലോ വിഷൻ ' എന്ന വേർതിരിവിൽ തന്നെ തുടരുന്നു.

അംഗപരിമിതരോട് , അത് ചലനത്തിനുള്ള പരിമിതിയാകട്ടെ , കാഴ്ച ആവട്ടെ കേൾവിയാകട്ടെ സമൂഹത്തിനു ചില ബാധ്യതകൾ ഉണ്ട് . സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈ പിടിച്ചു ഒപ്പം നടക്കാൻ അവരെ പ്രാപ്തരാക്കാനുള്ള ബാധ്യത . ഇതൊരു ദയാ ദാക്ഷിണ്യം അല്ല .നമ്മുടെയെല്ലാം കടമയാണ്. അവരുടെ അവകാശവും .

അവര്‍ക്കും മറ്റുള്ളവരെപോലെ വായിക്കാനും (തീരെ അന്ധര്‍ക്ക് ബ്രയ്ല്‍ലിപി ഉപയോഗിച്ചുള്ള വായനാരീതി) വിവിധ കോഴ്സുകളില്‍ ചേരാനും, ജോലി സമ്പാദിക്കാനും തീരെ അന്ധര്‍ക്ക് കരകൌശലവസ്തു നിര്‍മ്മാണം, ടെലിഫോണ്‍ ബൂത്ത്‌, പുസ്തകനിര്‍മ്മാനം,കലാപരവും കായികപരവുമായ മേഖലകളില്‍ ഉള്ളര്‍ക്ക് ആ മേഖലയില്‍ ഉള്ള തൊഴില്‍ തുടങ്ങിയ സാധ്യതകള്‍ ഉണ്ടെന്നും അത് വഴി ധന സമ്പാദനവും ; കൂടാതെ വിവാഹവും കുടുംബവും കുട്ടികളും അവര്‍ക്കും സാധ്യമാകുമെന്നും അവരെ ധരിപ്പിക്കണം. അന്ധരായി ജനിച്ച് ജീവിച്ച്‌ കാഴ്ച്ചയുള്ളവരെക്കാള്‍ ഈ ലോകത്തിന്‍റെ ഉള്‍കാഴ്ച കണ്ട് ജയിച്ച വ്യക്തികളുടെ ജീവിതം ഇക്കൂട്ടര്‍ക്ക് ഒരു പ്രചോദനം ആകും. ഉദാ;ഹെല്ലെന്‍ കെല്ലെര്‍, ലൂയിസ് ബ്രയ്ന്‍, ജോൺ ബ്രാംമിൽട്ടൻ.
(ഇവരെപ്പറ്റി അറിയാൻ ചിത്രങ്ങൾ കാണുക )

ജന്മനാ ഉള്ള കാഴ്ച്ച വൈകല്യങ്ങള്‍, ക്ഷതം മൂലമുള്ള കാഴ്ച നഷ്ടപെടല്‍, ആല്‍ബിനിസം, കാഴ്ച ഞരമ്പ് സംബന്ധമായ രോഗങ്ങള്‍ മുതലായവ മേല്‍പറഞ്ഞ 19 മില്യണ്‍ കുട്ടികളോടൊപ്പം ഈ ഭൂമുഖത്ത് നിന്നും നാമാവശേഷമാകും എന്നും ഞാന്‍ വിശ്വസികുന്നില്ല.

പക്ഷെ ഇപ്പോൾ കേട്ട് വരുന്ന വൈക്കം വിജയലക്ഷ്മിയുടെ കാര്യത്തെ ഒന്നവലോകനം ചെയ്യുമ്പോൾ ജന്മനാ അന്ധയായ ഒരാൾക്ക് ഈ യൗവനത്തിൽ ചികിത്സ ചെയ്ത് കാഴ്ചതിരികെ കിട്ടി എന്ന് പറയുന്ന വാർത്ത ശരിയാകാൻ സാധ്യത ഇല്ല. കാരണം നമ്മുടെ കണ്ണിലെ കാഴ്ചഞരമ്പിന്റെ ജനിതകപരമായ തകരാറാണെങ്കിൽ അതിന് ശാശ്വതമായ പരിഹാരം കുറവായിരിക്കും. കാരണം കാഴ്ചഞരമ്പിന്റെ നല്ലൊരു ശതമാനം വളർച്ചയും ഭ്രൂണാവസ്ഥയിലും ജനിച്ച ആഴ്ചകൾക്കുള്ളിലും നടന്നിരിക്കും. ഇനി കാഴ്ച ഞരമ്പിനു മുന്നിലുള്ള ലെൻസ്, നേത്രപടലം എന്നിവയുടെ തകരാറാണെങ്കിൽ വളരെ ചെറുപ്പത്തിൽ തന്നെ ചികിൽസിക്കണം. ശസ്ത്രക്രിയകളും വേണ്ടി വന്നേക്കാം.മാത്രമല്ല നന്നേ ചെറുപ്പത്തിൽ തന്നെ കുട്ടി വസ്തുക്കളെ നോക്കി പരിശീലിച്ചില്ല എങ്കിൽ കാഴ്ചഞരമ്പുകൾ മന്ദീഭവിച്ച് 'അംബ്‌ലോപ്യ '(Amblyopia) എന്ന അവസ്ഥ വന്നുചേരും.
മേൽ പറഞ്ഞിരിക്കുന്ന രണ്ടിൽ ഏതെങ്കിലും ഒന്ന് വൈക്കം വിജയലക്ഷിയുടെ കാര്യത്തിൽ നടന്നിട്ടുണ്ടായിരിക്കണം എന്ന കാര്യം അല്പം വ്യസനത്തോട് കൂടി പറയട്ടെ. പിന്നെ വെട്ടം കാണാൻ പറ്റുന്നു എന്നൊക്കെ പറയുന്നത് പ്രീതീക്ഷകളെല്ലാം നഷ്‌ടമായൊരവസരത്തിൽ നൂറു ശതമാനം ഉറപ്പോടെ പച്ചവെള്ളം കുടിച്ചാൽ പോലും അതിന് നമ്മളിൽ പ്രവർത്തിക്കാൻ കഴിഞ്ഞു കഴിയും എന്നൊരു വിശ്വാസം ഇല്ലേ. 'പ്ലാസിബോ എഫക്ട്' എന്നൊക്കെ വേണേൽ പറയാം. ആ വിശ്വാസത്തിന്റെ തിരുശേഷിപ്പാണെന്നേ പറയാനാകൂ. ഇനി ശാസ്ത്രത്തിനും മുകളിൽ, ശാസ്ത്രത്തിന്റെ നിർവചനാതീതമായ കണ്ടുപിടിത്തങ്ങളുടെ ഭാഗമാണ് ഈ വാർത്തയെങ്കിൽ അതിനെയും സ്വാഗതം ചെയ്യുന്നു. കാലം തെളിയിക്കട്ടെ !

ഏഴ് ഫോണ്‍ കോളുകളുടെ ചിലവില്‍ എനിക്ക് അറിയാന്‍ സാധിച്ചു എന്‍റെ ആ പഴയ സുഹൃത്ത് ഇടുക്കി പൈനാവ് കലക്ട്രേറ്റില്‍ ജോലി ചെയ്യുന്നെന്ന്. അത് അവന്‍റെ നിശ്ചയദാർഢ്യത്തിന്റെ വിജയം. അവന്‍റെ മാത്രം വിജയം.
ഹെലൻ കെല്ലർ
ആദ്യമായി ഒരു ബാച്ച്ലർ ഡിഗ്രിയെടുത്ത അന്ധയും ബധിരയുമായ വ്യക്തിയായിരുന്നു ഹെലൻ കെലെർ. ജനിച്ച് 19മാസം പ്രായമുള്ളപ്പോൾ തന്നെ തലച്ചോർ സംബന്ധമായ പനിബാധിച്ച് കാഴ്ച, കേൾവി എന്നിവ നഷ്ടപെട്ടു. തുടർന്ന് ആനി സള്ളിവൻ എന്നൊരു ടീച്ചറുടെ സഹായത്തോടെ പ്രകൃതിയെയും നിത്യോപയോഗ സാധനങ്ങളെയും തൊട്ടറിഞ്ഞും ഗന്ധം മനസ്സിലാക്കിയും പഠിച്ചു. കാലക്രമേണ അമേരിക്കൻ എഴുത്തുകാരി, സാമൂഹ്യപ്രവർത്തക എന്നീ നിലകളിൽ ലോകശ്രദ്ധ നേടി.ആത്മകഥ:- The story of my life -Helen keler.

ലൂയിസ് ബ്രയിൽ
അന്ധരുടെ വായനാ ലിപിയായ 'ബ്രയിൽ ലിപി'യുടെ ഉപജ്ഞാതാവ്. കുട്ടിക്കാലത്തു ഒരപകടം സംഭവിച്ചതിനെ തുടർന്ന് രണ്ട് കണ്ണിലെയും കാഴ്ച നഷ്ട്ടപെട്ടു. തുടർന്ന് മനസ്സിലെ ആശയങ്ങളെ രേഖപ്പെടുത്താനും അത് മറ്റ് അന്ധരായവർക്ക് തൊട്ട് മനസിലാക്കാനുമായി ഒരു ലിപി ആവിഷ്ക്കരിച്ചു. ബ്രയിൽ. ഇന്ന് ലോകത്തിലെ എല്ലാ അന്ധർക്കും എഴുതാനും വായിക്കുവാനും പറ്റുന്നത് ഇതുകൊണ്ടാണ്.
ജോൺ ബ്രാംബ്ലിറ്റ്
ഇദ്ദേഹത്തിന് 30 വയസ്സായിരിക്കുമ്പോൾ തന്നെ തലച്ചോർ സംബന്ധമായ രോഗം പിടിപെട്ട് രണ്ട് കണ്ണിന്റെയും കാഴ്ച നഷ്ട്ടപെട്ടു. തുടർന്ന് ഒരു വൻ വിഷാദരോഗത്തിലേക്ക് പോയ അദ്ദേഹം തന്റെയുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന ചിത്രകാരനെ പുറത്തെടുത്തു. ഓരോ നിറങ്ങളുടെയും കട്ടി വിരലുകൾ കൊണ്ട് തൊട്ടറിഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം വരച്ചത്.
മർല റുണ്യൻ
അമേരിക്കൻ അത്‌ലറ്റ്. ഒൻപതാം വയസ്സിൽ കാഴ്ചഞരമ്പിന്റെ ജനിതകപരമായ കാരണങ്ങളാൽ കാഴ്ച നഷ്ട്ടപെട്ടു. 1992 ലെ പാരാളിബിക്സിൽ 4 ഗോൾഡ് മെഡൽ നേടി. 2000 ലെ സിഡ്നി ഒളിംപിക്സിൽ 1500 മീറ്റർ ഓട്ടത്തിൽ എട്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.
പ്രഞ്ജാൽ പാട്ടീൽ
നമ്മുടെ രാജ്യത്തിനു അഭിമാനിക്കാൻ ഒരാൾ കൂടി. പ്രഞ്ജാൽ പാട്ടീൽ. ആറാം വയസ്സിൽ ഒരാപകടം മൂലം കാഴ്ച നഷ്ടപ്പെട്ട പാട്ടീൽ തുടർ വിദ്യാഭാസം മുഴുവൻ ബ്രയിൽ ഉപയോഗിച്ചുകൊണ്ടായിരുന്നു. തുടർന്ന് പൊളിറ്റിക്കൽ സയൻസിൽ ഗ്രാജുവേറ്റും ആർട്സിൽ മാസ്റ്റർ ഡിഗ്രിയെടുക്കുകയും ചെയ്തു. ഇടയിലെപ്പോഴോ IAS നോട് തോന്നിയ മോഹവും കഠിനാദ്ധ്വാനവും വെറുതെയായില്ല. ആദ്യ ശ്രമത്തിൽ തന്നെ UPSC പരീക്ഷയെഴുതി അഖിലേന്ത്യ പരീക്ഷയിൽ 773 സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.

കുട്ടികളിലെ അപായ സാധ്യതകൾ- Purushothaman Kuzhikkathukandiyil

ഡോ:പുരുഷോത്തമൻ AUTHOR(തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ശിശുരോഗവിഭാഗം മേധാവി) തയ്യാറാക്കിയ ലേഖനം.


നമ്മൾ വലിയവർക്കു എന്തെങ്കിലും അസുഖം വരുമ്പോൾ ഉള്ളതിനേക്കാൾ ,വീട്ടിലെ കുഞ്ഞുങ്ങൾക്ക് അസുഖം ഉണ്ടാവുമ്പോഴാണ് നമ്മൾ ഏറെ മനോവിഷമം അനുഭവിക്കുന്നത് .അസുഖം മുഴുവൻ മാറി ,കുഞ്ഞു പൂർണ ആരോഗ്യാവസ്ഥ പ്രാപിക്കും വരെ നമ്മൾ അനുഭവിക്കുന്ന ആധി ചെറുതല്ല .എന്നാൽ ഒട്ടും പ്രതീക്ഷിക്കാതെ പൂർണ ആരോഗ്യമുള്ള ഒരു കുഞ്ഞു ഒരപകടത്തിൽ പെടുമ്പോഴോ ചിലപ്പോഴെങ്കിലും അത് മൂലം മരണം സംഭവിക്കുമ്പോഴോ ,അതൊരിക്കലും മറക്കാൻ ആവാത്ത മുറിവായി ജീവിതകാലം മുഴുവൻ നമ്മളെ വേട്ടയാടും .
കുട്ടികൾക്ക് സംഭവിക്കാൻ സാധ്യതയുള്ള അപകടങ്ങളെ കുറിച്ച് കുറച്ചൊക്കെ അറിവും അത് തടയാനുള്ള ശ്രദ്ധയും മുൻകരുതലും നമ്മൾ കാട്ടിയാൽ ഇവയിൽ പലതും ഒഴിവാക്കാൻ പറ്റും
മുതിർന്നവർക്കു സംഭവിക്കാറുള്ള രീതിയിലുള്ള അപകടങ്ങളിൽ പലതും കുട്ടികളിലും ഉണ്ടാവാറുണ്ട് എങ്കിലും കുട്ടികളുടെ ഇടയിലുള്ള അപകടങ്ങളുടെ കാരണങ്ങൾ പലപ്പോഴും വ്യത്യസ്തമാ ആണ് . ഈ അപകടങ്ങളുടെ പട്ടിക വളരെ നീണ്ടതാണെന്നിരിക്കെ നമ്മൾ സാധാരണമായി അഭിമുഘീകരിക്കുന്ന ചിലതിനെ കുറിച്ച് മാത്രം ഇവിടെ പറയാം .
കുട്ടികൾക്ക് മുട്ടിലിഴയുന്ന പ്രായം തൊട്ടു ഏകദേശം ആറു വയസ്സ് ആവുന്നത് വരെയുള്ള കാലത്താണ് അപകടങ്ങൾ ഏറെയും ഉണ്ടാവുന്നത് .ഇതിനു ശേഷം ഇത്തിരി കാലം ഒന്ന് കുറഞ്ഞ ശേഷം കൗമാര പ്രായം ആവുമ്പൊ അപകടങ്ങളുടെ കണക്കുകൾ കൂടുന്നതായാണ് കാണുന്നത് പ്രത്യേകിച്ച് ആൺകുട്ടികളിൽ . ഇത്രയും പറഞ്ഞത് കൊണ്ട് നവജാത ശിശുക്കളിലും തീരെ ചെറിയ പ്രായത്തിലും അപകടങ്ങൾ ഒന്നും ഉണ്ടാവില്ല എന്നർത്ഥമില്ല . അമ്മയും കുഞ്ഞും എന്ന സങ്കല്പം ആദ്യം നമ്മുടെ മനസ്സിൽ ഉണർത്തുന്ന ചിത്രം ഉണ്ണിയെ തൊട്ടിലിൽ കിടത്തി താരാട്ടു പാടി ഉറക്കുന്ന അമ്മയുടേതാണ് .ഇത് തുണി കൊണ്ട് കെട്ടിയ തൊട്ടിൽ ആവുമ്പൊ അമ്മയുടെ കണ്ണ് തെറ്റിയാൽ ചിലപ്പോ തൊട്ടിലില് തുണിയോ ചെറിയ തലയിണയോ കൊണ്ട് ശ്വാസ തടസ്സം വന്നു കുഞ്ഞിന് അപകടം സംഭവിക്കാം .
മറ്റൊരു കാര്യം ആഹാര പദാർത്ഥങ്ങൾ കുഞ്ഞിന്റെ ശ്വാസ നാളത്തേക്ക് കയറുന്നതാണ് .തല ഉയർത്തി വെച്ച് ആഹാരങ്ങൾ കൊടുക്കുന്നതിനു പകരം കാലിൽ മലർത്തി കിടത്തി വായിൽ കോരി ഒഴിച്ച് കൊടുക്കുന്നത് ഇതിനു ഇടയാക്കും .

ഏട്ടൻമ്മാരുടെ ഇഷ്ടം കൂടിയാൽ

വീട്ടിൽ ഒരുണ്ണി പിറക്കുമ്പോ ഇത്തിരി മൂത്ത ഏട്ടനോ ചേച്ചിക്കൊ ഇഷ്ട്ടം കൂടി അവർക്കും തോന്നും കുഞ്ഞിന് ആഹാരങ്ങൾ വായിൽ വെച്ച് കൊടുക്കാൻ . അമ്മയുടെ കണ്ണ് തെറ്റുമ്പോ കയ്യിലുള്ള മിട്ടായിയും , കളിപ്പാട്ടത്തിന്റെ ഇത്തിരി ഭാഗങ്ങളും , വായിലോ മൂക്കിലോ ചെവിയിലോ വെച്ച് കൊടുക്കും ,ഇഷ്ട്ടം കൊണ്ടാവും .ചിലപ്പോ കുഞ്ഞിനെ പൊക്കിയെടുത്തു നടക്കാനും അപ്പൊ താഴെ ഇടാനും സാധ്യത ഏറും . ഇത്തിരിയും കൂടി വല്യ ഏട്ടൻമ്മാർ കുഞ്ഞുങ്ങളെ കളിപ്പിക്കാൻ വായുവിൽ എറിഞ്ഞു പിടിക്കുന്നതും അബദ്ധത്തിൽ നിലത്തു വീണു ഗൗരവമുള്ള അപകടങ്ങൾ ഉണ്ടാവുന്നതും കുറവല്ല .
കുഞ്ഞുങ്ങളെ ഉയരത്തില്‍ എറിഞ്ഞു പിടിക്കുന്നത്‌ ഷേക്കന്‍ ബേബി സിണ്ട്രോം എന്ന ഗുരുതര രോഗത്തിന് കാരണം ആവാം,കൂടുതല്‍ അറിയാന്‍ https://www.facebook.com/infoclinicindia/posts/1161271410657368

ആഭരണങ്ങൾ

കൊച്ചു കുഞ്ഞുങ്ങളുടെ അമ്മമാരുടെ ആഭരണങ്ങൾ ചിലപ്പോ മുറിവുണ്ടാകാറുണ്ട് . അത് പോലെ കുഞ്ഞുങ്ങളുടെ വിരലുകളിൽ അണിയിക്കുന്ന മോതിരങ്ങൾ ഉറിഞ്ചി കുടിക്കുന്നതിനിടയിൽ വിഴുങ്ങി പോകാറുണ്ട് . വസ്ത്ര ധാരണത്തിനു ഉപയോഗിക്കുന്ന സേഫ്റ്റി പിന്നുകളും മുടി കെട്ടി വെക്കുന്നതിനു ഉപയോഗിക്കുന്ന പിന്നുകളും കോറി വരഞ്ഞു മുറിവ് സംഭവിക്കാം . നേർത്തെങ്കിലും പൊട്ടാത്ത തരത്തിലുള്ള നൂലിഴകളും ചിലപ്പോ തലനാരിഴകളും ആൺ കുട്ടികളുടെ ജനനേന്ദ്രിയങ്ങളിലും വിരലുകളിലും ചുറ്റി വരിഞ്ഞു രക്ത പ്രവാഹം തടസ്സപ്പെടാം .
കാണുന്നതെന്തും കൈക്കലാക്കാനുള്ള ഔൽസുക്യം നേരത്തെ തന്നെ തുടങ്ങും എങ്കിലും എവിടെ വേണമെങ്കിലും ചെന്നെത്തി അത് കൈക്കലാക്കാം എന്ന അവസ്ഥ കൈവരുന്നത് മുട്ടിൽ ഇഴയാൻ തുടങ്ങുമ്പോഴാണ് . ഒന്ന് കണ്ടു , ഒന്ന് തൊട്ടു നോക്കിയാലുംക് മതി വരില്ല ഇപ്രായക്കാർക്കു . അത് വായിലേക്ക് കൊണ്ട് ചെന്നാലേ തൃപ്തിയാവൂ .
മൂർച്ചയുള്ളതിനെ കയ്യിൽ പിടിച്ചു മുറിവേല്ക്കാം , തീയിലേക്ക് കൈ നീട്ടി പൊള്ളലേൽക്കാം ,പാമ്പ് കടിയോ പട്ടിയുടെയോ പൂച്ചയുടെയോ കടിയും മാന്തും കൊള്ളാം .വായിലേക്ക് എടുത്ത് വെക്കുന്നത് ചിലപ്പോ വിഷ വസ്തുക്കൾ ആവാം . വയറിലെ അണുബാധയും വിരശല്യവും ഒക്കെ ഉണ്ടാവാനും സാധ്യത ഏറെ ഉള്ളൊരു കാലഘട്ടം ആണിത് .

കുളത്തിലും പുഴയിലും എന്തിനു ബക്കറ്റിൽ വരെ അപകടം പതിയിരിക്കുന്നു

കുളത്തിലും പുഴയിലും കുളിക്കുവാൻ പോയി ഒഴുക്കിൽ പെട്ട് അപകടം ഉണ്ടാവുന്നത് ഇത്തിരി കൂടി പ്രായം കൂടിയോർക്കു ആണെങ്കിലും ഈ ചെറു പ്രായത്തിൽ നമ്മൾ തീരെ ആലോചിക്കാത്ത വിധം മുങ്ങി മരണങ്ങൾ സംഭവിക്കാറുണ്ട് .ബക്കറ്റിലും മറ്റും പിടിച്ചു വെച്ച വെള്ളത്തിലേക്ക് വീണു .
മുന്നിൽ കാണുന്നതെന്തും അവനു നല്ലതു മാത്രം . അതിന്റെ നല്ലതല്ലാത്ത വശം അവൻ അനുഭവത്തിൽ നിന്നാണ് അറിയുന്നത് . നല്ലതും ചീത്തയും വേർതിരിച്ചറിയുന്നത് വരെയുള്ള കാലഘട്ടം മുഴുവൻ മുൻപറഞ്ഞ അപകടങ്ങൾക്കു സാധ്യത ഉണ്ട് . അപടകങ്ങൾ ഒഴിവാക്കാൻ എന്തിനും ഏതിനും അരുതുകളും നിരുത്സാഹപ്പെടുത്തലുകളും ഏറെ ആവുകയുമരുത്.കണ്ടും അനുഭവിച്ചും അറിയുന്നത് വളർച്ചയുടെയും ബുദ്ധി വികാസനത്തിന്റെയും അനിവാര്യത ആണ് . നമ്മുടെ നിലപാടുകൾ ഇതിനു രണ്ടിനും ഇടയിലായിരിക്കണം. കണ്ടു കൊണ്ടൊരു വേലി കെട്ടി അനുവദിക്കാവുന്നത് അനുവദിച്ചു കൊണ്ട് .

മരുന്നും ഗുളികയും

ഒന്ന് രണ്ടു വയസ്സുകാരുടെ മറ്റൊരു ഇഷ്ടം വലിയോരു ചെയ്യുന്നതെന്തും അത് പോലെ അനുകരിക്കുന്നതാണ് . നമ്മൾ ചെയ്യുന്ന നല്ല കാര്യങ്ങൾ കണ്ടു പഠിക്കുന്നത് നല്ലത് തന്നെ . എന്നാൽ ചിലപ്പോ അത്രയൊന്നും ആലോചിക്കാതെ നമ്മൾ ചെയ്യുന്ന ചില കാര്യങ്ങൾ അനുകരിച്ചു അക്കിടി പറ്റാറുണ്ട് . അച്ഛനും അമ്മയും പുറത്തേക്കു പോയാൽ അപ്പൂപ്പനും അമ്മൂമ്മയും ആകും അവരുടെ കളിക്കൂട്ടുകാർ . കളിയും കഥയും അനുഭവവും ഒക്കെ പുതിയ തലമുറയിലേക്കു പകർന്നു കൊടുക്കുന്ന അപ്പൂപ്പൻമ്മാർ ഒരു പരിധി വരെ അച്ഛനമ്മമാരുടെ തിരക്കുകൾക്ക്‌ പരിഹാരം ആവുന്നുണ്ട് . പലപ്പോഴും ഇവരാവും കുട്ടികളുടെ റോൾ മോഡലുകൾ . ഊണ് മേശയിൽ ഒരുമിച്ചിരുന്നു കാളി തമാശ പറഞ്ഞു ആസ്വദിച്ചു ആഹാരം കഴിക്കുന്നത് ശരി . എന്നാൽ അതിന്റെ ഒടുവിൽ മരുന്ന് പാത്രം തുറന്നു ഗുളികകൾ എടുത്തു ഒന്നൊന്നായി വായിലിട്ടു ഒരു കവിൾ വെള്ളവും അകത്താക്കി ഏമ്പക്കം വിടുന്നത് ഇവർ ഇത്തിരി കൗതുകത്തോടെ നോക്കി കാണും . അതെന്തോ വലിയ കാര്യം ആണെന്ന് ധരിച്ചു അതൊന്നു പ്രയോഗിച്ചു നോക്കാൻ തക്കം പാർത്തു ഇരിക്കും , കണ്ണ് തെറ്റുമ്പോ അത് പ്രയോഗത്തിൽ വരുത്തുകായും ചെയ്യും . വാർധക്യ കാലത്തു ഓർമ്മ പിശക് പതിവാണല്ലോ . പ്രേഷറിന്റെയും ഷുഗറിന്റെയും ഒക്കെ ഗുളികകൾ വെച്ചിടത് മറക്കും , ചിലപ്പോ സ്ട്രിപ്പ് പൊട്ടിക്കുമ്പോ താഴെ പോകും . തിരഞ്ഞു നോക്കി ചെലപ്പോ കാണാതെ പോവും . ഉച്ചയാവുമ്പോ ആവും ഒരു കുഴപ്പവും ഇല്ലാത്ത കുഞ്ഞിന് കുഞ്ഞിന്റെ ബോധം പോയി ആശുപത്രിയിൽ എത്തിപ്പെടുന്നത് . പ്രമേഹത്തിന്റെ ഗുളികകൾ കഴിച്ചു പോയി ഷുഗർ ലെവൽ വളരെ കുറഞ്ഞു അപസ്മാരം ഇളകിയോ , പ്രേഷറിന്റെ ഗുളിക കഴിച്ചു ബിപി നന്നേ താഴെ പോയോ ഒക്കെ ഗൗരവ നിലയിൽ ആവും എത്തിപ്പെടുന്നത് . കാര്യമറിയാതെ മണിക്കൂറുകളോളം ഡോക്ടർമാരുടെ മുൻപിൽ ചോദ്യ ചിഹ്നമായി ഒരു പാട് പരിശോധനകളും കഴിഞ്ഞ ശേഷം ആവും പതിയെ ഈ കഥയുടെ ചുരുളഴിയുന്നത് . അപ്പോഴേക്കും ചിലപ്പോ വിലപ്പെട്ട സമയം നഷ്ടപ്പെടാനും ജീവൻ തന്നെ അപകടത്തിൽ ആവാനും വഴിയുണ്ട് . ഭക്ഷണ മേശയിൽ മരുന്നുകൾ വെക്കുന്നതും കുട്ടികളുടെ മുൻപിൽ വെച്ച് മരുന്നുകൾ കഴിക്കുന്നതും ഒഴിവാക്കണം .

മണ്ണെണ്ണ

പണ്ട് പാചകത്തിന് മണ്ണെണ്ണ ഉപയോഗിക്കുന്നതു പതിവായിരുന്നു . ഇപ്പോൾ അത് കുറവാണെങ്കിലും മറ്റെന്തെങ്കിലും ഒക്കെ ആവശ്യങ്ങൾക്ക് ഇത്തിരി എങ്കിലും മണ്ണെണ്ണ സൂക്ഷിക്കാത്ത വീടുകൾ കുറവാണ് . എന്നാൽ പലപ്പോഴും വീടുകളിൽ ഇത് സൂക്ഷിക്കുന്നത് തീരെ അലക്ഷ്യമായി ആണ് . കുട്ടികൾക്ക് കയ്യെത്തിപ്പിടിക്കാവുന്ന ഇടത് ,പലപ്പോഴും കുടിക്കുന്ന വെള്ളം വെക്കുന്ന അതെ കുപ്പിയിലോ പാത്രങ്ങളിലോ ആവും . ചില കുട്ടികൾക്ക് മണ്ണെണ്ണയുടെ മണവും ഇഷ്ട്ടമാണ് . ഒരിത്തിരി എടുത്തു വായിൽ കമിഴ്ത്തിയില് മഴവെള്ളത്തിൽ ഒരു തുള്ളി വീണാലത്തെ പോലെ ആവും ,ഒരു പാട പോലെ ശാസനാളത്തിലും ശാശകോശ ഭിത്തികളിലും ആകെ പടരും. ശ്വാസ തടസ്സവും ചുമയും പിന്നീട് അണുബാധയും ഒക്കെയായി ഒരു പാട് ദിവസത്തെ ആശുപത്രി വാസവും ചിലപ്പോഴെങ്കിലും ജീവഹാനിക്കും ഇടയാകും .
ഇതിനു മാത്രമായി പ്രത്യൗഷധങ്ങൾ ഒന്നും ചെയ്യാനുമില്ല .
വീടും ഫർണിച്ചറും പെയിന്റ് ചെയ്ത ശേഷം ബാക്കി വരുന്ന പൈന്റും ട്ടർപന്റൈനും വാർണീഷും ഒക്കെ ഇത് പോലെ തന്നെ അപകടം വരുത്താറുണ്ട് . കാർഷിക വൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നവരുടെ വീടുകളിൽ പലപ്പോഴും പല തരത്തിലുള്ള കീട നാശിനികൾ കരുതി വെക്കുന്നത് സാധാരണം ആണ് . അവയിൽ ഏറ്റവും അപകടകാരി ആയത് ഓര്ഗാനോ ഫോസ്ഫറസ് വിഭാഗത്തിൽ പെട്ട കീടനാശിനികൾ ആണ് . അതീവ ഗുരുഅത്തരമായ വിഷബാധയും മിക്കപ്പോഴും മരണത്തിലേക്ക് നയിക്കാവുന്നവയും ആണ് ഇവ . കൃഷിയാവശ്യങ്ങൾക്കുപയോഗിച്ചു ബാക്കി വരുന്ന കീട നാശിനികൾ കുഞ്ഞുങ്ങൾക്ക് കിട്ടാൻ ഇടയായാൽ ഇവ വായിലൂടെ മാത്രമല്ല തോക്കിലൂടെയും , കണ്ണിലൂടെയും മൂക്കിലൂടെയും എല്ലാം ആഗിരണം ചെയ്യപ്പെടാം. എപ്പോഴെങ്കിലും വായിലെടുത്തു ഒഴിച്ച നിലയിലോ ദേഹത്ത് നനഞ്ഞതായി കണ്ടാലോ എത്രയും പെട്ടെന്ന് നനഞ്ഞ വസ്ത്രങ്ങൾ മാറ്റി സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക. എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിച്ചു വയറു കഴുകണം . കുട്ടിയെ ആശുപത്രിയിൽ എത്തിക്കുന്നതോടൊപ്പം ബാക്കിയായ മരുന്ന് ലേബൽ കളയാതെ ഡോക്ടറുടെ അടുത്ത് കൊണ്ട് വരണം . കീട നാശിനികളിൽ പല തരാം ഉണ്ടെന്നു പറഞ്ഞല്ലോ . അതിൽ ചിലതിനു പ്രത്യൗഷധം ചെയ്യാൻ പറ്റുന്നതുണ്ട് , പറ്റാത്തതുമുണ്ട് . ഇതിന്റെ രാസ നാമം അറിഞ്ഞാലേ ഇത് തീരുമാനിക്കാൻ പറ്റൂ . കുപ്പിയിൽ നിന്ന് എത്ര അകത്തു ചെന്ന് എന്നും അറിയാൻ സഹായിക്കും ഇത്

മുറിവും ഒടിവും ചതവും

കുട്ടികൾ സ്‌കൂളിൽ ചേരുന്ന പ്രായം ആവുമ്പോഴേക്കും ഓട്ടവും ചാട്ടവും , മരത്തിലും മതിലിലും വലിഞ്ഞു കയറുന്നതും ഒക്കെ ആവും അവരുടെ രീതികൾ . മുറിവും ചതവും ഒടിവും ഒക്കെ ആവും ഇപ്രായത്തിൽ ഏറെ .രക്ഷാ കർത്താക്കൾ പോലെ തന്നെ സ്‌കൂളിലെ അദ്യാപകരും കുഞ്ഞുങ്ങൾക്ക് അപകടം പറ്റാൻ സാധ്യത ഉള്ള സാഹചര്യങ്ങൾ മുൻകൂട്ടി കാണണം. വീടായാലും സ്‌കൂൾ ആയാലും അവയുടെ നിർമ്മാണ ഘട്ടം തൊട്ടിങ്ങോട്ടുള്ള ഓരോ തലത്തിലും കുഞ്ഞുങ്ങളുടെ സുരക്ഷക്ക് പ്രാധാന്യം നൽകി കൊണ്ടാവണം പ്ലാൻ ചെയ്യുന്നത് . തറയുടെ ഉയരം , കോണിപ്പടികളുടെ ഉയരവും വീതിയും , കൈപ്പിടികളും സൗകര്യം , നിലത്തെ ടൈലുകൾ വഴുക്കലും ഒക്കെ കുട്ടികളുടെ അപകട സാധ്യത കൂടി കണക്കിലെടുത്തു വേണം തീരുമാനിക്കാൻ. അംഗ പരിമിതരായ കുട്ടികളുടെ സൗകര്യവും ഇക്കാര്യത്തിൽ കണക്കിലെടുക്കണം .
കുട്ടികള് വൈദ്യുത ആഘാതം ഏൽക്കാൻ ഒരു തരത്തിലും സാധ്യത ഇല്ലാത്ത വിധത്തിൽ ആവണം വൈദ്യുതീകരണം ചെയ്യേണ്ടത് .

തീപ്പൊള്ളലുകൾ

തീപ്പൊള്ളലുകൾ ആണ് മറ്റൊന്ന് . . അടുക്കളയിൽ മണ്ണെണ്ണയോ വിറകോ ഉപയോഗിക്കുന്പോഴോ മണ്ണെണ്ണ വിളക്കുകൾ ഉപയോഗിക്കുമ്പോഴോ കുട്ടികൾക്ക് പൊള്ളൽ നിൽക്കാനുള്ള സാധ്യതകൾ മുൻകൂട്ടി കാണണം .
പലപ്പോഴും ആഘോഷ അവസരങ്ങളിൽ ആണ് ഇത്തരം അപകടങ്ങൾ കൂടുതലും സംഭവിക്കുന്നത്. ശബ്ദവും വെളിച്ചവും എന്നും നമ്മൾ ബലഹീനതകൾ ആണ് . തൃശൂർ പൂരവും വെടിക്കെട്ടും നെഞ്ചിലേറ്റാത്ത മലയാളികൾ ഇല്ല. എന്നാൽ ഒപ്പം ഉണ്ടാവുന്ന അപകടങ്ങൾ കുറെ കണ്ണീർ കഥകൾ ബാക്കി ആക്കുന്നു . കമ്പിത്തിരിയും പടക്കവും സൂക്ഷതയില്ലാതെ കൈ കാര്യം ചെയ്തു കയ്യും കണ്ണും നഷ്ട്ടപ്പെടുന്ന ബാല്യം എങ്ങനെ ഉനാവാതിരിക്കും എന്നത് നമ്മൾ ഓരോരുത്തരും മനസ്സ് വെക്കണം . തീയും പുകയും കണ്ണീരും വേദനയും ഇല്ലാത്ത നിറവും സംഗീതവും കൊണ്ടാവണം നമ്മളുടെ ആഘോഷങ്ങൾ .
സ്‌കൂളിൽ വിടുന്ന കാലഘട്ടത്തിൽ ആൺ കുട്ടികളെ ഇടുവിക്കുന്ന ട്രൗസറുകളിൽ സിബ് ഉള്ളവ ആണെങ്കിൽ ശ്രദ്ധിക്കണം . അടിയിൽ മറ്റൊരു കുഞ്ഞു ഷഡി വേണം. മൂത്രമൊഴിച്ചു ധൃതിയിൽ സിബ് ഇടുമ്പോ “ശുന്നാ മണി “ സിബിൽ പെടും . അഥവാ പെട്ടാലും , അതങ്ങനെ തന്നെയോ , ട്രൗസർ തുണിയുടെ അതിന്റെ ചുറ്റും വെട്ടിയെടുത്തു കൊണ്ടോ ആസ്പത്രിയിൽ കൊണ്ട് വരണം. പിടിച്ചു വലിച്ചു എടുക്കാൻ ശ്രമിക്കരുത് .

കടിയും കുത്തും

പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ ഭൂരിഭാഗവും പ്രായമുള്ളവരിൽ ആണ് . പാമ്പുകൾ കൂടുതൽ ഉള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരിലും രാത്രി കാലങ്ങളിൽ യാത്ര ചെയ്യുന്നവആർക്കും ആണ് ഇതിനു സാധ്യത കൂടുതൽ , എന്നാൽ കുട്ടികളിൽ പാമ്പ് കടിയേറ്റു മരണം അടയുന്ന അവസരങ്ങൾ അപൂർവ്വം അല്ല .പ്രത്യേകിച്ച് നാട്ടും പുറങ്ങളിൽ നിന്ന് . വീടിന്റെയും സ്‌കൂളിന്റെയും പരിസരങ്ങൾ, കുട്ടികൾ കളിക്കാനും പെരുമാറാനും ഇടയുള്ള സ്ഥലങ്ങളിൽ ഒക്കെ അദ്ധ്യാപകരുടെയും രക്ഷ കർത്താക്കളുടെയും ശ്രദ്ധ പതിയണം . ശംഖു വരയൻ പോലെ വിഷമുള്ള പാമ്പുകളിൽ ചിലവ വീടിനുള്ളിൽ കഴിയാൻ ഇഷ്ടപ്പെടുന്നവർ ആണ് .നിലത്തു പായ വിരിച്ചു കിടക്കുന്ന ആൾക്കാർ കൂടുതൽ ഇക്കാര്യത്തിൽ ശ്രദ്ധിക്കണം .
ഷൂവിന്റെ തണുപ്പ് ഇഷ്ട്ടപ്പെടുന്ന പാമ്പുകൾ അതിനുള്ളിൽ കയറി ഇരിക്കും . നിലത്തു വെച്ച ഷൂവിനുള്ളിലേക്കു കാൽ കടത്തും മുൻപ് ഇതൊന്നു കുടഞ്ഞു നോക്കുന്നത് നല്ലതാണു .
തേളും പഴുതാരയും ഒക്കെ നാട്ടും പുറങ്ങളിൽ സുലഭം . ഇതിൽ തേളിന്റെ കുത്തേറ്റു അപൂർവ്വമായി മരണം സംഭവിക്കാം . തേനീച്ചയോ കടന്നാലോ കുത്തുന്നത് മുഖത്തോ തലയിലോ ആവുമ്പൊ ഇത് കൊണ്ടും അപകടങ്ങൾ ഉണ്ടാവാം .

വാഹനാപകടങ്ങൾ

സ്‌കൂൾ വാഹനങ്ങളുടെ സുരക്ഷ അദ്ധ്യാപകരും രക്ഷാ കർത്താക്കളും ഉറപ്പു വരുത്തണം . വാഹനങ്ങളിൽ എന്നതിൽ കൂടുതൽ കുട്ടികളെ കുത്തി നിറക്കുന്നതും ,ഡ്രൈവർമാരുടെ അലക്ഷ്യമായ ഡ്രൈവിങ്ങും പലപ്പോഴും അപകടങ്ങൾ ഉണ്ടാക്കാം . കുട്ടികൾ കളിക്കുന്ന സ്‌കൂൾ കോമ്പൗണ്ടിനകത്തേക്കു വാഹനങ്ങൾ കടത്തരുത് . സ്‌കൂളുകളിലേക്കുള്ള റോഡുകളുടെയും ട്രാഫിക് സുരക്ഷയുടെയും കാര്യത്തിൽ സർക്കാർ സംവിധാനങ്ങളും കൂടുതൽ ജാഗ്രത കാട്ടിയാൽ കുരുന്നുകളുടെ ജീവൻ റോഡിൽ ഹോമിക്കപ്പെടുന്നതും ആജീവനാന്ത വൈകല്യവും ഒഴിവാക്കാം .
സ്‌കൂൾ അവധിക്കാലത്തും കുടുംബാങ്ങങ്ങളോടൊപ്പം അമ്യൂസ്‌മെന്റ് പാർക്കുകളിലേക്കു ഉല്ലാസ യാത പതിവാണ് ഇപ്പൊ . ഇടയിൽ വീണു കിട്ടുന്ന ഒഴിവു ദിവസങ്ങളിലും വാരാന്ത്യങ്ങളിലും മുനിസിപ്പാലിറ്റികളുടെയും കോർപ്പറേഷന്റെയും പാർക്കുകളിലും കുട്ടികൾക്ക് കളിക്കാനും ഉല്ലസിക്കാനും അവസരങ്ങൾ ഉണ്ടാവുന്നത് നല്ലതു . എങ്കിലും ഇവിടെയൊക്കെ കളിയ്ക്കാൻ ഒരുക്കുന്ന ചില സംവിധാനങ്ങൾ വളരെ ശ്രദ്ധാപൂർവ്വം ഒരുക്കുകാണാം, ഇക്കാര്യത്തിൽ വൈദഗ്ദ്യം ഉള്ളവരുടെ മേൽനോട്ടം ഉറപ്പു വരുത്തണം .
സിനിമ തീയേറ്ററുകളിലും വലിയ ഷോപ്പിംഗ് മാളുകളിലും കാർ പാർക്കിങ് സൗകര്യം പലപ്പോഴും കെട്ടിടത്തിന്റെ അടിത്തട്ടിൽ തീരെ കാറ്റ് കടക്കാത്ത സ്ഥലങ്ങൾ ആയിരിക്കും . സിനിമ കഴിയുമ്പോൾ ഒരു പാട് വാഹനങ്ങൾ ഒരേ സമയം സ്റ്റാർട്ട് ആക്കുന്ന അവസരങ്ങളിൽ വാഹനങ്ങളിൽ നിന്ന് പുറത്തേക്കു വരുന്ന പുക പടലങ്ങൾ കൊണ്ട് കൊണ്ട് ഇവിടം നിറയും . ഏറെ നേരം ഈ വായു ശ്വസിക്കുന്നത് കാർബൺ മോണോക്‌സൈഡ് എന്ന വിഷ വാതകം കൊണ്ടുള്ള വിഷബാധ ഉണ്ടാവാൻ ഇടയാക്കും .കുഞ്ഞുങ്ങളെ ഇങ്ങനെ ഉള്ള സ്ഥലത്തേക്ക് കൊണ്ട് പോവാതിരിക്കുക .

ഇലയും കായും പൂവും

സ്‌കൂളിൽ വെച്ചായാലും തൊടിയിലും പറമ്പിലും കാണുന്ന കായ്കളും ഇലകളും ഒക്കെ ചവച്ചു തുപ്പിയും രുചി നോക്കിയും ഒക്കെ ചിലപ്പോ അപകടങ്ങൾ ഉണ്ടാവാം. ചിലതിന്റെ ഇലകൾ ഒക്കെ ചെറിയ ചൊറിച്ചിലും തടിപ്പും അലർജിയും മാത്രം ഉണ്ടാക്കും. മറ്റു ചില കായകൾ ഏറെ അപകടകാരികൾ ആണ്. ഒതളങ്ങയും എരിക്കും ചില തരാം കുമിളുകളും എല്ലാം ഉദാഹരങ്ങൾ. ഏറെ ഭംഗിയുള്ള കുന്നിക്കുരു കടിച്ചു ചവച്ചിറക്കിയാൽ ഒരെണ്ണം മതി മരണം സംഭവിക്കാൻ .

ഇത്രയും പറഞ്ഞത് ഈ ഇത്തിരി അറിവുകൾ , ഇത്തിരി ശ്രദ്ധ കൊണ്ട് ഏറെ അപകടങ്ങൾ ഉണ്ടാവുന്നത് ഒരു പരിധി വരെ എങ്കിലും തടയാൻ ആവും എന്നതാണ് .

ഒരു ഓര്‍ത്തോ ചരിത്രം- Dr.Viz Dom




അസ്ഥിരോഗം നോക്കുന്ന ഡോക്ടര്‍ക്ക് വാക്സിനുമായി എന്താണ് ബന്ധം എന്ന് ചോദിച്ചാൽ കാര്യമായ ബന്ധം ഉണ്ട്. അതൊരു കഥയാണ്. ഓർത്തോ ഡോക്ടറുടെ കഞ്ഞിയിൽ മോഡേൺ മെഡിസിൻ പാറ്റ ഇട്ട പഴയ ഒരു ചതിയുടെ കഥ. ആ കഥയുടെ ചുരുളഴിയാന്‍ മറ്റെങ്ങും നോക്കണ്ട. ഓര്‍ത്തോപീഡിക്സ് എന്ന പേര് ഓര്‍ത്താല്‍ മതി. അസ്ഥിരോഗം ചികിത്സിക്കാന്‍ ഇരിക്കുന്ന ആളെ എന്തിന് ഓര്‍ത്തോ ഡോക്ടര്‍ എന്ന് വിളിക്കുന്നു? വാസ്തവത്തിൽ അസ്ഥിരോഗ വിദഗ്ദ്ധൻ എന്നു വിളിക്കുന്നത്‌ പോലും പൂര്‍ണമായും ശരിയല്ല. അനക്കരോഗവിദഗ്ധൻ എന്നോ മറ്റോ വിളിക്കുന്നതാവും കറക്റ്റ്‌. കാരണം അസ്ഥിക്കു പുറമേ പേശി, നാഡി, സന്ധി ഇങനെ മനുഷ്യന്‍റെ ചലനവുമായി ബന്ധപ്പെട്ട എല്ലാ അവയവങളുടെയും രോഗങ്ങൾ ഓർത്തോക്കാരന്‍റെ സ്വന്തമാണ്. ജീവിതം ചലനമാണ്, ചലനം ജീവിതവും (life is movement, movement is life) എന്ന റ്റാഗ്‌ലൈൻ ഓർത്തോപീഡിക് സർജന്‍റെ കര്‍മപഥം നയിക്കുന്നു, നയിക്കണം.
ഓര്‍ത്തോ എന്ന് വച്ചാല്‍ നേരെയുള്ളത്, അഥവാ വളവില്ലാത്തത് (orthos=straight/ correct) എന്നാണ് പഴയ ഗ്രീക്കുകാരുടെ ഭാഷയില്‍ അര്‍ത്ഥം. പീടിക്സ് (paidon= child) എന്നാല്‍ കുട്ടി എന്നും അര്‍ഥം. അതായതു വളവില്ലാത്ത കുട്ടി. ചുരുക്കത്തില്‍ വളവുകള്‍ ഇല്ലാതെ നേരെ നില്ക്കുന്ന കുട്ടിയെയാണ് ഓര്‍ത്തോപീഡിക്സ് എന്ന വാക്കു കൊണ്ടു ഉദ്ദേശിക്കുന്നത്. ഈ പേര് വീഴുന്നത് 1741 ലാണ്.
വികലാംഗരായ കുട്ടികള്‍ കൂടുതല്‍ ഉള്ള ഒരു കാലം. അന്നത്തെ വൈകല്യങ്ങള്‍ ഉണ്ടാകുന്നത് ഇന്നത്തെ പോലെയുള്ള അപകടങ്ങളില്‍ ആയിരുന്നില്ല. മരത്തില്‍ നിന്നും വീണോ യുദ്ധം ചെയ്തോ ഇടയ്ക്കൊക്കെ കാലും കൈയും ഒടിഞ്ഞേക്കാം. പക്ഷെ ഇന്നു കാണുന്ന പോലെ നൂറു കിലോമീറ്റര്‍ സ്പീഡില്‍ ഓടുന്ന ബസും നൂറ്റിഅമ്പതില്‍ പോകുന്ന ബൈക്കും കൂട്ടി ഇടിച്ചുണ്ടാകുന്ന തരത്തിലുള്ള പ്രശ്നങ്ങള്‍ വിരളമായിരുന്നു. രോഗാണുക്കള്‍ ഉണ്ടാക്കുന്ന അസുഖങ്ങള്‍ ആയിരുന്നു അന്നത്തെ ചികിത്സകന്‍റെ പ്രധാന തലവേദന.
ഒരു കാലത്ത് പകര്‍ച്ചവ്യാധികള്‍ ഉളവാക്കിയിരുന്ന ഭീതി മനസ്സിലാക്കുവാന്‍ തന്നെ ഇന്ന് നമുക്ക് പ്രയാസമാണ്. എബോളയെ കുറിച്ചുള്ള വാര്‍ത്ത പത്രത്തിലും റ്റിവിയിലും വല്ലപ്പോഴുമൊക്കെ വരാറുണ്ടെങ്കിലും രോഗാണുവിന്‍റെ മരണതാണ്ഡവം നമ്മളാരും കണ്ടിട്ടില്ല. കോളറ ഏഴു മഹാമാരികള്‍ കൊണ്ടാടി. പതിനാലാം നൂറ്റാണ്ടില്‍ യൂറോപ്പിയന്‍ വന്‍കരയില്‍ നാശം വിതച്ചു, “കറുത്ത മരണം” എന്ന ഓമന പേരില്‍ അറിയപ്പെടുന്ന പ്ലേഗ്. ഒടുവില്‍ കളി നിര്‍ത്തി പിന്മാറുമ്പോള്‍ ഏഴര കോടി ആയിരുന്നു മരണസംഖ്യ
വസൂരിയുടെ വൈറസ് ചരിത്രാതീത കാലം മുതല്‍ ഗ്രാമങ്ങളെ കൂട്ടത്തോടെയാണ് കൊന്നൊടുക്കിയത്. ഐതിഹാസികമായ ഒരു സംഘട്ടനത്തിലൂടെ ഒടുവില്‍ രണ്ടു ലബോറട്ടറികളിലായി അതിനെ മണിചിത്രത്താഴിട്ടു പൂട്ടി കെട്ടി- ഒരു രോഗത്തെ നാം തുടച്ചു നീക്കിയ ഏക സംഭവം. ഇവയുടെ അത്രയൊന്നും നാശം വിതച്ചില്ലെങ്കിലും കുട്ടികളെ വളച്ചൊടിക്കാന്‍ എന്നും പോളിയോ ആയിരുന്നു മുന്നില്‍
പോളിയോ പലപ്പോഴും ഒരു പനിയുടെ വേഷം കെട്ടിയാണ് വരുന്നത്. ഒരു പകർച്ച പനി, വയറിളക്കം, തൊണ്ടവേദന അങ്ങനെയൊക്കെ വന്നു പോകാറുണ്ട്. ചിലപ്പോൾ മാത്രമാണ് വൈറസ് വിശ്വരൂപം പുറത്തെടുക്കുന്നത്. തലച്ചോറിനെ ബാധിച്ചേക്കും അപ്പോൾ. മറ്റു ചിലപ്പോൾ അത് നട്ടെല്ലിലെ നാഡീകോശങളിൽ കയറി അവയെ നശിപ്പിക്കും. ഈ ആക്രമണത്തിൽ മരണം വരെ സംഭവിക്കാം. അല്ലെങ്കിൽ തളർച്ച. ചിലപ്പോൾ നാഡികളുടെ പ്രവർത്തനം എന്നെന്നേക്കുമായി നഷ്ടപ്പെടുന്നു. അങ്ങനെ വന്നാൽ അവ നിയന്ത്രിക്കുന്ന മാംസപേശികൾ തളരുന്നു- ചിലതു മുഴുവനായും, മറ്റു ചിലത് ഭാഗികമായും. പ്രശ്നം അതല്ല. തളർച്ച ബാധിക്കാത്ത പേശികൾ സാധാരണ പോലെ തന്നെ പ്രവർത്തനം തുടരുന്നു. അവ സന്ധികളെ വലിച്ചു വികൃതമായ അവസ്ഥകളിൽ കൊണ്ടു നിർത്തുന്നു. ബാലൻസ് തെറ്റിയ സന്ധികള്‍ വളരെ പെട്ടെന്ന് ഈ അവസ്ഥയിൽ ഉറച്ചു പോകും. നട്ടെല്ല് വളയും, കാലും കൈയ്യും സാധാരണ രീതിയിൽ പ്രവർത്തിക്കാൻ കഴിയാതെയാകും. ഈ അവസ്ഥയെയാണ് പോസ്റ്റ് പോളിയോ റെസിട്വൽ പരാലിസിസ് (post polio residual paralysis [PPRP]) എന്ന പേരിൽ അസ്ഥിരോഗ വിദഗ്ധൻ കാണുന്നത്.
PPRPയുടെ ചികിത്സ അല്പം പ്രയാസമാണ്. പൊതുവെ ഓർത്തോ ഡോക്ടർമാർക്ക് ബുദ്ധി കുറവാണെന്ന ഒരു ആക്ഷേപം മറ്റു ഡോക്ടര്‍മാരുടെ ഇടയില്‍ തന്നെ ഉണ്ട്. എല്ലു വലിച്ചു നേരെ ആക്കുക, സ്ക്രൂ തിരിച്ചു എല്ലിൽ കയറ്റുക, പ്ലാസ്റ്റർ ഇടുക തുടങ്ങിയ പ്രാകൃത പരിപാടികള്‍ക്ക് എന്തിന് ബുദ്ധി എന്നു കാർഡിയോളജിസ്റ്റ് കരുതിയാല്‍ കുറ്റം പറയാൻ പറ്റില്ലല്ലോ. ഡോക്ടർമാർക്കു മാത്രമല്ല പൊതുജനത്തിനും അതാണ് ധാരണ എന്നു തോന്നുന്നു. ഓർത്തോ പഠിക്കാൻ പോകുന്നു എന്നു കേട്ടപ്പോൾ എന്‍റെ അച്ഛന്‍ പണ്ട് പറഞ്ഞു, “Put in plaster and hope for the best, അതല്ലേ നിങ്ങളുടെ മോട്ടോ?” അല്ല, life is movement, എന്ന് തിരുത്താന്‍ ഞാനും പോയില്ല.
പറഞ്ഞു വന്നത് പോളിയോയുടെ വൈകല്യങ്ങള്‍ ചികിൽസിക്കുന്ന കാര്യമാണ്. സാധാരണ ഓർത്തോ പോലെ അല്ല, ഇതിനു കുറച്ചു ബുദ്ധി കൂടി വേണം. കാരണം ഓരോ രോഗിക്കും വ്യത്യസ്തമായ രീതിയിലാണ് അസുഖം കാണുന്നത്. ചിലർക്ക് ഒരു കാലിൽ മാത്രമാവും പ്രശ്നം. മറ്റു ചിലരുടെ നട്ടെല്ലും കാലും കൈയ്യും ഒക്കെ വിക്രൃതമായി വളഞ്ഞിരിക്കും. എങ്കിലും ഈ രോഗികള്‍ പൊതുവേ അങനെ രോഗശയ്യയിൽ കിടക്കുന്നവരല്ല. മിക്കവാറും എല്ലാവരും ഇതുമായി കുറെയൊക്കെ പൊരുത്തപ്പെട്ടു ജീവിക്കുന്നവരാണ്. ചിന്തിച്ചു വേണം തീരുമാനം എടുത്തു ചികിൽസിക്കാൻ. നടന്നു വന്ന ആളെ വീൽച്ചെയറിൽ ആക്കി മാറ്റുവാൻ വളരെ എളുപ്പം.
എന്നാലും ഓര്‍ത്തോ ഡോക്ടര്‍മാരുടെ ഒരു ഇഡ്ഡലി- സാമ്പാര്‍ സര്‍ജറി ആയിരുന്നു പോളിയോ വൈകല്യങ്ങളുടെ ചികിത്സ. അസ്ഥിരോഗചികിത്സയുടെ ഭഗവത്ഗീത എന്ന് പറയാവുന്ന ക്യാമ്പ്ബെല്ലിന്‍റെ ഗ്രന്ഥങ്ങളില്‍ അന്നൊക്കെ ഒട്ടുമുക്കാലും ഇതിന്‍റെ വര്‍ണന ആയിരുന്നു. അപ്പോഴാണ് സാല്‍ക്കും സാബിനും ചേര്‍ന്ന് ഓര്‍ത്തോക്കാര്‍ക്ക് ഇരുട്ടടി നല്‍കിയത്. 1952ല്‍ ജോനാസ് സാള്‍ക്കും, 1961ല്‍ ആല്‍ബെര്‍ട്ട് സാബിനും കൂടി പോളിയോയ്ക്ക് എതിരെ രണ്ടു വാക്സീനുകള്‍ ഉണ്ടാക്കി. ആയിരകണക്കിന് വർഷങ്ങളായി മനുഷ്യനെ തളർത്തികൊണ്ടിരുന്ന വൈറസാണ്. ചരിത്രം തുടങ്ങുന്ന അന്നു മുതൽ നമ്മുടെ ഒപ്പം തന്നെ ഉണ്ട്. വെറും അൻപതു കൊല്ലം കൊണ്ട് ആധുനിക ശാസ്ത്രം ഇതിനെ ഏറെക്കുറെ തളച്ചു. ഓര്‍ത്തോക്കാരുടെ ഇഡ്ഡലി-സാമ്പാര്‍ മാറി കിട്ടി. ഇതിലും വലിയ പാര ഇനി ഉണ്ടാകാനില്ല
ഞാൻ പിജിക്കു പഠിക്കുമ്പോൾ തന്നെ, അതായത് ഏകദേശം ഇരുപതു കൊല്ലം മുൻപ്, പോളിയോ തീരെ കുറഞ്ഞു. പഠിക്കുന്ന സമയത്ത് ഇങ്ങനെയുള്ള വളരെ കുറച്ചു രോഗികളെ മാത്രമേ കാണാന്‍ കിട്ടിയിട്ടുള്ളൂ. മഹാരഥന്മാരായ ചെറിയാൻ തോമസും കെ.സി.ഗോപാലകൃഷ്ണനും പ്രൊഫസ്സര്‍മാരായി വാണരുളുന്ന കാലമായിരുന്നു. പരീക്ഷ ആവുമ്പോഴേക്കും അവര്‍ എവിടുന്നെങ്കിലും ഒന്നു രണ്ടു കേസുകളെ കണ്ടു പിടിച്ച് കൊണ്ടിരുത്തും. ഇതു കിട്ടുന്ന പരീക്ഷാര്‍ഥിയുടെ സ്ഥിതി വളരെ മോശമാകാറാണ് പതിവ്. പുതിയ എഡിഷന്‍ ഭഗവത്ഗീതയില്‍ പോളിയോയെ പറ്റി, ഏതോ മരണപ്പെട്ട വ്യക്തിയെ പറ്റി എന്ന പോലെ, വളരെ കുറച്ച് മാത്രമേ പറയുന്നുള്ളൂ. പഴയ എഡിഷന്‍ തപ്പി എടുത്താണ് പഠിച്ചത്. പഠിച്ചിറങ്ങിയതിനു ശേഷം വളരെ കുറച്ചു മാത്രമേ ഇതു ചികിൽസിക്കേണ്ടിയും വന്നിട്ടുള്ളൂ. ഇന്ന് പോളിയോ കേസ് പരീക്ഷയ്ക്ക് വച്ചാല്‍ വിദ്യാര്‍ഥി മാത്രമല്ല അധ്യാപകനും വലയും.
കാര്യങ്ങള്‍ പക്ഷെ ഭേദപ്പെടുന്ന ലക്ഷണം കാണുന്നുണ്ട് ഈയ്യിടെയായി. പ്രകൃതിചികിത്സാവാദികളും വാക്സീൻ വിരോധികളും ഹോമിയോക്കാരും കൂടി ഓർത്തോ ഡോക്ടർക്ക് പണി ഉണ്ടാക്കാന്‍ കാര്യമായി പ്രവര്‍ത്തിക്കുന്നുണ്ട്. ബ്രെഡ്‌ ആന്‍ഡ്‌ ബട്ടര്‍ സര്‍ജറികളായ താക്കോല്‍ദ്വാരവും മുട്ടുമാറ്റലും ഒക്കെ മാറ്റി വച്ച് അസ്ഥിരോഗവിദഗ്ദ്ധര്‍ക്ക് പഴയ ഇഡ്ഡലി-സാമ്പാറിന് കാത്തിരിക്കാം. പ്രതീക്ഷയ്ക്ക് വകയുണ്ട്.
original article
https://www.facebook.com/…/%E0%B4%92%E0%B…/10201632265406178